ജീവിതത്തിന്റെ ജീവന്‍ ജീവിച്ചറിയുന്നതിനെയാണ് ജ്ഞാനികള്‍ ജീവനം എന്ന് പറയുന്നത്. ജീവിതത്തില്‍ മറഞ്ഞിരിക്കുന്ന ആ നിധി ജീവല്‍പ്രഭയായ് ജ്വലിക്കുന്നതാണ് ജീവനം. പദാര്‍ത്ഥത്തില്‍ നിന്ന് പ്രകാശത്തിലേക്കുള്ള മനുഷ്യജീവിതത്തിന്റെ പരിണാമമാണത്. ബാക്കിയെല്ലാം ഉപജീവനവും അതിജീവനവും മാത്രം.
പ്രകാശം ദൈവികമാണ്. പദാര്‍ത്ഥം പ്രാപഞ്ചികവും. ഈ പ്രാപഞ്ചികതയില്‍ നിന്ന് അഥവാ ഭൗതികതയുടെ അടരുകളില്‍ നിന്ന് ദൈവികതയുടെ പ്രകാശപൂര്‍ണ്ണതയിലേക്കുള്ള പ്രയാണമാണ് ജീവനം. ജീവിതത്തിന്റെ സത്തയായ ജീവനം ഒരു ബോധപ്രകാശമായ് ഉള്ളില്‍ ഉദിയ്ക്കണം. അപ്പോള്‍ മാത്രമേ അതിജീവനത്തിനും ഉപജീവനത്തിനുമപ്പുറം ഒരു ജീവിതം ഉണ്ടെന്നുപോലും അറിയാനാവൂ. ജീവനം അറിഞ്ഞവര്‍ മാത്രമാണ് ജീവിതത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കുന്നത്. അവര്‍ മാത്രമാണ് പദാര്‍ത്ഥ തലത്തില്‍ നിന്ന് പ്രകാശതലത്തിലേക്കുള്ള വിശുദ്ധപ്രയാണത്തില്‍ ഒരു പ്രകാശാംശമായി, പ്രകാശത്തിന്റെ പ്രകാശമായി പരിണമിക്കുകയും ചെയ്യുന്നത്.
ഒരിക്കല്‍ ഒരു രാജാവ് ഒരു സൂഫിയെ സന്ദര്‍ശിച്ചു. വളരെ നിസ്വനായി ജീവിക്കുന്ന സൂഫിയോട് ആദരവും സ്‌നേഹവും തോന്നിയ രാജാവ് അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ഒപ്പം കൂട്ടി. രാജകീയമായ എല്ലാ സുഖസൗകര്യങ്ങളും സൂഫിക്ക് നല്‍കാന്‍ രാജാവ് കല്പന പുറപ്പെടുവിച്ചു. അതേസമയം തന്നെ സൂഫിയെ നിരീക്ഷിക്കാന്‍ ഒരു മന്ത്രിയെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.
ഒരു മാസത്തിന് ശേഷം മന്ത്രി നല്‍കിയ റിപ്പോര്‍ട്ട് ഇങ്ങനെ ആയിരുന്നു: സൂഫി എല്ലാ ആഢംബര സുഖങ്ങളും അനുഭവിച്ചു കൊട്ടാരത്തില്‍ ജീവിക്കുകയാണ്. ഒരു സൂഫിയുടേതായ ഒരു ലാളിത്യവും ഗുണവും അദ്ദേഹത്തില്‍ കാണാന്‍ കഴിയുന്നില്ല.
പിറ്റേദിവസം രാജാവ് സൂഫിയെ വിളിച്ചു വരുത്തി ചോദിച്ചു: ' താങ്കള്‍ എന്നെപ്പോലെ തന്നെ വളരെ രാജകീയമായി ഇവിടെ ജീവിക്കുന്നു. വളരെ ആഢംബരത്തില്‍ എല്ലാവരെയും പോലെ കഴിയുന്നു. എന്നിട്ടും താങ്കള്‍ ദൈവത്തോട് അടുത്ത സാത്വികനാണെന്ന് എല്ലാവരും പറയുന്നു. യഥാര്‍ത്ഥത്തില്‍ നമ്മള്‍ തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? '
രാജാവിന്റെ ചോദ്യം കേട്ട സൂഫി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ' നമുക്ക് ഒരിടം വരെ പോകാം. അവിടെ വെച്ചു ഞാന്‍ മറുപടി തരാം.' അങ്ങനെ അവര്‍ ഒരുമിച്ചു യാത്ര പുറപ്പെട്ടു. ആ യാത്ര രാജ്യത്തിന്റെ അതിര്‍ത്തി വരെ എത്തി. ആ അതിര്‍ത്തി കഴിഞ്ഞും സൂഫി നടക്കാന്‍ തുടങ്ങിയപ്പോള്‍ രാജാവ് പറഞ്ഞു: ' ഇതാണ് നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി. ഇതിനപ്പുറം എനിക്ക് യാതൊരു അധികാരവുമില്ല. അതുകൊണ്ട് നമുക്ക് തിരിച്ചുപോകാം.'
അപ്പോള്‍ സൂഫി പറഞ്ഞു: ' എനിക്ക് അതിര്‍ത്തി കടന്നുപോകാന്‍ ഒന്നിനെയും നോക്കേണ്ടതില്ല. അതിര്‍ത്തിയ്ക്കപ്പുറത്തെ മരുഭൂമിയില്‍ വസിക്കുന്നതും, അങ്ങയുടെ കൊട്ടാരത്തില്‍ താമസിക്കുന്നതും തമ്മില്‍ എനിക്ക് ഒരു വ്യത്യാസവുമില്ല. അതെന്നില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ചക്രവര്‍ത്തിയുടെ ചെങ്കോലും യാചകന്റെ ഭിക്ഷാപാത്രവും എനിക്ക് തുല്യം. ഒരു വസ്തുവും എന്റെ സ്വത്വത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല എന്ന് ഞാന്‍ അറിയുന്നു. ആയതിനാല്‍ വളരെ ചെറിയ അധികാരവും, അതിനു വേണ്ടി ജീവിതം മുഴുവന്‍ അടിമത്തവും പേറുന്ന അങ്ങേയ്ക്ക് തിരിച്ചു പോകാം. അധികാരത്തിന് അതിര്‍ത്തികളില്ലാത്ത എന്റെ പ്രാണനാഥനൊപ്പം ഞാന്‍ യാത്ര തുടരുന്നു. ഇത്രയും പറഞ്ഞ സൂഫി അതിര്‍ത്തിയ്ക്ക് അപ്പുറത്തേക്ക് നടന്നു മറഞ്ഞു. അതിര്‍ത്തിയുടെ ഇപ്പുറത്ത്, ഒന്നും മിണ്ടാനാവാതെ, നിശ്ശബ്ദനായി നോക്കി നില്‍ക്കാനേ രാജാവിന് കഴിഞ്ഞുള്ളൂ.
ജീവിതത്തിന്റെ പൊരുളായ ജീവനമറിഞ്ഞവര്‍ അതിര്‍ത്തികളില്ലാത്ത ആകാശത്തിന്റെ അനന്തതയില്‍ സ്വസ്ഥരാവുന്നു. അതറിയാത്തവര്‍ പിന്നെയും പിന്നെയും അതിര്‍ത്തികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. അവര്‍ ജീവിതത്തെ സാകല്യത്തില്‍ അനുഭവിക്കുന്നതിന് പകരം പദാര്‍ത്ഥ തലത്തില്‍ വിഭജിച്ചുകൊണ്ടേയിരിക്കുന്നു.

പദാര്‍ത്ഥ തലത്തില്‍ മാത്രം ജീവിക്കുന്നവര്‍ ജീവനമറിയാതെ, പ്രകാശവഴി കാണാതെ ഇരുളിലൂടെ അലയുന്നു. അങ്ങനെ വഴിയില്‍ എത്താനാവാതെ അലയുന്നവരെ പ്രകാശത്തിനും പദാര്‍ത്ഥത്തിനുമിടയിലെ മധ്യമാവസ്ഥയില്‍ മാനുഷികതയും സാമൂഹ്യബോധവും ധാര്‍മ്മികതയുമുള്ള മനുഷ്യരാക്കി നിലനിര്‍ത്താനാണ് മതങ്ങള്‍ പഠിപ്പിച്ചത്. ആ ധര്‍മ്മവ്യവസ്ഥയില്‍ മുന്നോട്ടു നയിക്കാനാണ് പ്രവാചകന്മാരും ഗുരുക്കന്മാരും അവതരിച്ചുകൊണ്ടിരുന്നത്.
എന്നാല്‍, ആ പ്രകാശധ്രുവത്തിന്റെ വിപരീതദിശയില്‍ ദൂരമേറുമ്പോള്‍ ചെന്നെത്തുന്ന പദാര്‍ത്ഥധ്രുവത്തിലാണ് രാഷ്ട്രീയവും അധികാരവും അതിര്‍ത്തികളും ആക്രമണങ്ങളും യുദ്ധങ്ങളും വെട്ടിപ്പിടിക്കലുമെല്ലാം നിലകൊള്ളുന്നത്. വിഭജിച്ചുകൊണ്ടല്ലാതെ ആ തലത്തില്‍ മുന്നോട്ടു നീങ്ങാന്‍ കഴിയില്ല. അതിര്‍ത്തി നിര്‍ണ്ണയിച്ചുകൊണ്ട് മാത്രമേ അധികാരസ്ഥാപനം സാധ്യമാവുകയുള്ളൂ. അവിടെ അതിര്‍ത്തിക്ക് പുറത്തുള്ളവര്‍ അന്യരാവുന്നു. പലപ്പോഴും അസ്പൃശ്യരും ശത്രുക്കളുമാകുന്നു.
ഈ അതിര്‍ത്തികളാണ് ഇന്നത്തെ ലോകത്തെ സമ്പത്തിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ട ആയുധപ്പുരകളാക്കി മാറ്റിയത്. ഓരോ രാജ്യവും ഓരോ ആയുധപ്പുരകളാണ്. പ്രാകൃത ഗോത്രമനസ്സില്‍ നിന്ന് മുന്നേറാന്‍ കഴിയാത്ത വിധം ശത്രുഭയത്താല്‍ എന്നും ആയുധശേഖരങ്ങള്‍ക്കകത്ത് അന്തിയുറങ്ങേണ്ടി വരുന്നു. രാഷ്ട്രങ്ങളും മതങ്ങളും പലവിധത്തിലുള്ള അതിര്‍ത്തികള്‍ തീര്‍ക്കുമ്പോള്‍, അതിരുകവിഞ്ഞ രാജ്യസ്‌നേഹവും മതസ്‌നേഹവും വിശ്വാസമാക്കി മുതലെടുക്കുന്നു ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വവും പുരോഹിത വിഭാഗവും.
അവരുടെ മതത്തിലോ രാജ്യത്തിലോ പെടാത്ത സര്‍വ്വ മനുഷ്യരെയും ശത്രുക്കളാക്കി, അനുയായികളെ അടിമകളെപ്പോലെ മാനസിക വിധേയത്വത്തില്‍ നിലനിര്‍ത്തി ലാഭം കൊയ്യുന്ന മാഫിയകളായി മാറി ഈ രണ്ടു വിഭാഗവും. പ്രകാശവഴിയുടെ വിരുദ്ധ ധ്രുവമായ പദാര്‍ത്ഥ തലത്തിന്റെ കെണിവലകളുടെ അറ്റത്തേക്ക് കൊണ്ടുപോകാന്‍ ഭൗതിക മോഹികളായി തീര്‍ന്ന പൗരോഹിത്യവും, അധികാരപ്രമത്തരായ രാഷ്ട്രീയക്കാരും സദാ പണിയെടുത്തുകൊണ്ടിരിക്കുന്നു.
എന്നാല്‍, പ്രകാശതലത്തിലേക്ക് തിരിച്ചുനടക്കുമ്പോഴാണ് ഓരോ ശത്രുവും യഥാര്‍ത്ഥത്തില്‍ മിത്രമാണെന്ന് തിരിച്ചറിയുന്നത്. ശത്രുവെന്ന് കരുതുന്ന അപരനും ഇതരനുമെല്ലാം അനിവാര്യമായ സാമൂഹ്യഘടനയിലെ സമുചിതമായ ചാലകശക്തികള്‍ മാത്രമെന്നറിയുന്നു. ഓരോരുത്തരും ഓരോ തലത്തില്‍ പരസ്പരം സഹായിക്കുകയാണെന്ന പൊരുളറിയുന്നു. ഈ ബോധത്തിലാണ് സ്‌നേഹവും സാഹോദര്യവും സഹിഷ്ണുതയും ഉറവയെടുക്കുന്നത്.
ഇവര്‍ സത്യത്തോടൊപ്പം നിറവിലും തൃപ്തിയിലും ജീവിക്കുന്നു.
എന്നാല്‍, പദാര്‍ത്ഥവഴിയില്‍ മാത്രം ചരിച്ച് ഹൃദയം വരണ്ടുപോകുന്ന മനുഷ്യര്‍ പുതിയ ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇതര മതസ്ഥര്‍, മറ്റു രാജ്യക്കാര്‍, അയല്‍ സംസ്ഥാനക്കാര്‍, വേറെ ജാതിയില്‍ പിറന്നവര്‍, സാമൂഹിക സാമ്പത്തിക മേഖലകളില്‍ വ്യത്യസ്ത തട്ടുകളിലുള്ളവര്‍ തുടങ്ങിയവരെയെല്ലാം ശത്രുവായിക്കാണുന്നു.
ഒരു വിഭാഗം ആളുകള്‍ മാത്രമുള്ള ഒരു രാജ്യം രൂപപ്പെട്ടാല്‍ പിന്നെ, അതേ വിഭാഗത്തിന് അകത്തുള്ള രാഷ്ട്രീയ - ആശയ വൈരുധ്യങ്ങള്‍ ശത്രുവാകുന്നു. ഒരേ മതക്കാര്‍ മാത്രമായാല്‍ അതിനകത്തെ അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത തീര്‍ക്കുന്നു. പദാര്‍ത്ഥ തലത്തില്‍ ജീവിക്കുന്നവര്‍ നിരന്തരം ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടിരിക്കും. ശത്രുവില്ലാതെ അവര്‍ക്ക് നിലനില്‍ക്കാനാവില്ല.
മിക്ക മതഭാഷണങ്ങളും രാഷ്ട്രീയ പ്രസംഗങ്ങളും എപ്പോഴും ശത്രുവിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. ആദ്യം ആശയ യുദ്ധങ്ങളിലും അവസരം ഒത്താല്‍ ആയുധ യുദ്ധങ്ങളിലും അവന്‍ ലഹരി കണ്ടെത്തുന്നു. ആ ലഹരി അവന്റെ അകമേ ഇരുട്ട് നിറച്ചുകൊണ്ടേയിരിക്കും.
സഹജീവിയെ ഏത് വിഷയത്തില്‍ ശത്രുവായി കാണുന്നവന്‍ തന്റെ തന്നെ ശത്രുവാണ്. അവന്‍ തന്റെ തന്നെ പ്രകാശവഴിയിലേക്കുള്ള ദൂരം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നവന്‍. ഇരുട്ടിന്റെ ഗൂഢവഴികളില്‍ സ്വയം നഷ്ടമാകുന്നവന്‍.
സമസ്ത ലോകത്തെയും ഒന്നായിക്കാണുന്ന ദൈവികബോധത്തിന്റെ പ്രകാശഹൃദയങ്ങളാണ് എക്കാലവും ഈ പ്രാപഞ്ചികതയെ പ്രകാശപൂരിതമാക്കിയത്. ആ ഹൃദയബോധമാണ് 'ലോകാസമസ്താ സുഖിനോ ഭവന്തു' എന്ന് പ്രാര്‍ഥിച്ചത്. സകല ജീവജാലങ്ങള്‍ക്കുമായി, സര്‍വ്വ മനുഷ്യര്‍ക്കുമായി സ്‌നേഹവും കാരുണ്യവും അര്‍ത്ഥിക്കുന്ന ഹൃദയാവസ്ഥയാണ് യഥാര്‍ത്ഥ ആധ്യാത്മികത. ഇതാണ് എല്ലാ മതദര്‍ശനങ്ങളുടെയും ആത്മസത്ത. വസുധൈവകുടുംബകം എന്ന ആശയത്തിന്റെ കാതല്‍ ആ ബോധധാര തന്നെയാണ്.
ഹൃദയഗുരു റൂമി പാടുന്നു:
' നന്മതിന്മകളുടെ
സാമാന്യ ലോകത്തിനപ്പുറം
ഒരു ചക്രവാളമുണ്ട്.
ഒരു ദിനം നാമവിടെ
സന്ധിക്കുക തന്നെ ചെയ്യും.
ആത്മാവ് വിശ്രാന്തമാവുന്ന
ആ ഹരിതഭൂമിയില്‍
നമുക്ക് പറയാന്‍ ബാക്കി
എന്താണുണ്ടാവുക?'
ആ ബോധപ്രകാശം ആത്മാവില്‍ അനുഭവിച്ചവര്‍ മൊഴിയുന്ന ദിവ്യവചസ്സ് എന്തെന്ന് വിശുദ്ധ ഖുര്‍ആന്‍ (17:81)ഇങ്ങനെ പറയുന്നു: ' ആത്മബോധത്തില്‍ പരമപ്രകാശം തെളിഞ്ഞെത്തിയാല്‍ പറയുക: പരമസത്യം സൂര്യനായുദിച്ചു. (പ്രാപഞ്ചികതയുടെ) സകലവിധ ഇരുട്ടും വെളിച്ചത്തിന് വഴിമാറി. നിശ്ചയം, (അന്ധത തീര്‍ത്ത പദാര്‍ത്ഥതലത്തിന്റെ) സര്‍വ്വമിഥ്യകളും ആദ്യമേ നിഷ്പ്രഭം തന്നെയാണ്.'
Content Highlights: Life in life: from matter to light- Sufi Chinthakal