വിശ്രമത്തെക്കുറിച്ചോർക്കുമ്പോൾ ഹിമാലയയാത്രയാണ്‌ ഓർമയിൽ നിറയുന്നത്‌. അപകടകരവും ചെങ്കുത്തായതുമായ മലനിരകൾ കയറിയിറങ്ങി മുകളിലെത്തിയാൽ ദീർഘനിശ്വാസം വിട്ട് പാറയ്ക്കുമുകളിൽ ഒരിരിപ്പുണ്ട്‌. ചുറ്റും ആകാശത്തേക്കുയർന്നുനില്ക്കുന്ന ഹിമാവൃതമലനിരകൾ. എങ്ങുന്നോ വന്ന്‌ എങ്ങോട്ടോ കടന്നുപോകുന്ന തൂമഞ്ഞിൻകാറ്റിന്റെ കുളിർസ്പർശം. മലകയറിവന്ന്‌ അടുത്തിരിക്കുന്നവരുടെ സ്നേഹാർദ്രമായ നോട്ടം. ജീവിതത്തിന്റെ നിസ്സാരതയിലേക്കും മഹത്ത്വത്തിലേക്കും ബോധത്തെ ഉണർത്തുന്ന ആ ഇരിപ്പ് മെല്ലെ പാറയിലേക്കു മലരും. എന്തിനെന്നില്ലാതെ ആകാശത്തേക്കു നോക്കി വെറുതെ അങ്ങനെ മലർന്നു കിടക്കും. ശരീരം മുഴുവൻ ഒരു വിശ്രാന്തിയിലേക്കു പ്രവേശിക്കും. പ്രാണനും കുറഞ്ഞുകുറഞ്ഞുവന്ന്‌ മൗനത്തിലടങ്ങും.

മണിക്കൂറുകളോളം നീണ്ട യാത്ര കഴിഞ്ഞെത്തിയതാണെന്ന അനുഭവം എങ്ങോ പോയ്‌മറയും. വല്ലാത്തൊരു ശാന്തി, ഊർജസ്വലത, പ്രസന്നത ആകെ പ്രസരിക്കും. ശരീരവും മനസ്സും ആത്മാവും കടന്ന്‌ അത്‌ ഉണർന്നുയരും. കണ്ണടച്ചുള്ള ആ കിടപ്പിൽനിന്നും ഉണരാനേ തോന്നുകയില്ല. എവിടേക്കും പോകാനില്ല. ഒന്നും കാണണമെന്നില്ല. ഈ വിശ്രാന്തിയിൽ ഇങ്ങനെ വിശ്രമിച്ചാൽമതിയെന്ന നിശ്വാസം മാത്രം. എത്ര ആനന്ദകരമായ ഒരവസ്ഥയാണത്‌. ജീവൻ എന്നും തേടുന്ന ലക്ഷ്യസ്ഥാനം ഇതുതന്നെയെന്ന് സ്വയം പറഞ്ഞുപോകുന്ന അനുഗ്രഹം. ആ പ്രശാന്തിയുടെ ഓളത്തിലാണ് പിന്നെയുള്ള കാഴ്ചകളത്രയും. കേൾവികളത്രയും. മൂല്യവത്തായ എല്ലാ യാത്രയും അതിന്റെ ലക്ഷ്യമായ വിശ്രമത്തിൽ വിലയിക്കുമെന്ന് യാത്രകളായ യാത്രകളെല്ലാം പറഞ്ഞുതന്നുകൊണ്ടേയിരുന്നു.

ചെയ്യാനുള്ള കർമങ്ങളെല്ലാം അതിന്റെ ശുദ്ധിയിലും നന്മയിലും ചെയ്തുതീർക്കുന്നവരിൽ വന്നുഭവിക്കുന്ന അനുഗ്രഹമാണ് വിശ്രമം. വിശ്രമം ലഭിക്കാവുന്ന അന്തരീക്ഷം ജീവിതത്തിൽ ഒരുക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. അല്ലാതെ വിശ്രമിക്കാൻ ശ്രമിച്ചാൽ വിശ്രമം സംഭവിക്കുകയേയില്ല. ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ ശുദ്ധമായ അന്നം വേണ്ടവണ്ണം കൊടുക്കാൻ തയ്യാറായാൽ ആത്മശാന്തിയെന്ന വിശ്രമാവസ്ഥയിലേക്ക്‌ നമുക്കുണരാൻ കഴിയുമെന്നാണ് ഗുരുക്കന്മാരായ ഗുരുക്കന്മാരെല്ലാം കാലാകാലങ്ങളായി പല ഭാഷയിൽ പലരീതിയിൽ നമ്മോടും പറഞ്ഞുകൊണ്ടേയിരിക്കുന്നത്‌.

അനുഗൃഹീതമായി ലഭിച്ച ഒരു ജീവിതം! എല്ലാം കഴിഞ്ഞിട്ടുവേണം ഒന്നൊഴിഞ്ഞിരിക്കാനെന്ന്‌ പറഞ്ഞുപറഞ്ഞ് പഴഞ്ചനാകുന്നത് നാം അറിയുന്നേയില്ല. അറിഞ്ഞു വരുമ്പോഴേക്കും ആയുസ്സറ്റു തുടങ്ങിയിരിക്കും. വാരിക്കൂട്ടിയ ഭാണ്ഡക്കെട്ടിൽ അസ്വസ്ഥതയുടെ നിക്ഷേപങ്ങൾമാത്രം ബാക്കി. ജീവിതംകൊടുത്തവർക്കെല്ലാം നാം ഭാരമായിത്തുടങ്ങുമ്പോഴാണ് പിന്നിലേക്കു തിരിഞ്ഞുനോക്കുക. അവനവനുവേണ്ടി ജീവിച്ചില്ലല്ലോ എന്നു കരഞ്ഞുവിളിച്ചാൽ കേൾക്കാൻ ആരുമുണ്ടാകില്ല. പ്രസന്നമായ ഭൂതകാലം ഉണ്ടെങ്കിലേ പ്രകാശപൂർണമായ വർത്തമാനകാലവും ശാന്തമായ ഭാവിയും ഭവിക്കുകയുള്ളൂ. ലക്ഷ്യംപോലെ വഴിയും ഭാവനാസമ്പന്നമാകണം. അല്ലെങ്കിൽ എല്ലാം തകിടംമറിയും. അതു മനസ്സിലാക്കാൻ വലിയ വിവരമൊന്നും വേണ്ട.

നാം ഇപ്പോൾ ചെയ്തുകൂട്ടുന്നത്‌, ചെയ്തുകൂട്ടിത്തളർന്നവരുടെ വാർധക്യത്തിലേക്ക്‌ ഒന്നു നോക്കിയാൽ മതി. അവരിൽ നമുക്ക് നമ്മുടെ ഭാവിമുഖംകാണാം. ഉണ്ടാക്കിയുണ്ടാക്കി ഇല്ലാതായ മുഖം. ഈ ആവർത്തനമല്ല ഉദ്ദേശിക്കുന്നതെങ്കിൽ നാം ഉണർന്നേ മതിയാവൂ. ജീവിതത്തെക്കുറിച്ച് നാം ധരിച്ചുവെച്ചിട്ടുള്ള അബദ്ധജടിലങ്ങളായ സങ്കല്പങ്ങളിൽനിന്നും മോചിതരായേ മതിയാകൂ. വാർധക്യത്തിന്റെ ദൈന്യതയിൽ വെളിച്ചമറ്റവരായി വിലപിക്കുന്നവരുടെ ജീവിതസങ്കല്പങ്ങൾതന്നെ മതിയെങ്കിൽ അങ്ങനെയാകട്ടെ. അല്ലായെന്നാണെങ്കിൽ നാം ജീവിതത്തെ ഒന്നു പുതുക്കിപ്പണിയേണ്ടതുണ്ട്. പണ്ട് നമ്മുടെ സെയ്‌ന്റ് ഫ്രാൻസിസ് പുതുക്കിപ്പണിത പള്ളിപോലെ..

പണ്ടെന്നോട് ഒരു സൂഫി ഗുരു പറയുകയുണ്ടായി; ‘നീ ദൈവത്തെ വിട്ട് നിന്നെപ്പിടിക്കെടാ എന്ന്’‌. അന്നെനിക്കതു മനസ്സിലായില്ല. ദൈവത്തിന്റെയും മോക്ഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയുമെല്ലാം പിന്നാലെ അലഞ്ഞുതിരിഞ്ഞിരുന്ന ഞാൻ അല്പംപോലും എന്നെ ശ്രദ്ധിച്ചിരുന്നില്ല. ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും ക്ഷീണിപ്പിച്ചു ക്ഷീണിപ്പിച്ചുള്ള യാത്രകളായിരുന്നു. അതിലെല്ലാം എന്തോ മഹത്ത്വമുണ്ടെന്നുള്ള മൂഢമായ വിശ്വാസവും അതിനു എണ്ണപകരുന്ന ദർശനങ്ങളും ആവശ്യത്തിലധികം കൂട്ടുമുണ്ടായിരുന്നു. ഉള്ളുണർന്ന മനുഷ്യരുടെ സന്നിധിയിലിരുന്നപ്പോഴാണ്‌ ആദ്യമായി എന്നെ അനുഭവിക്കാൻ തുടങ്ങിയത്‌. അതോടെ മെല്ലെമെല്ലെ. പേറിക്കൊണ്ടുനടന്നിരുന്ന ഭാരങ്ങളുടെ കെട്ടഴിഞ്ഞുതുടങ്ങി. വിഷാദം ബാധിച്ച നേത്രങ്ങളിൽ പ്രത്യാശയുണർന്നു. ആദ്യമായി ഞാനെന്നെ സ്നേഹത്തോടെ നോക്കാൻ തുടങ്ങി.

പിന്നീടാണ് ഗുരു നിത്യയുടെ അടുത്തെത്തുന്നത്‌. ജീവിതത്തിന്റെ പൂമുഖത്തേക്കാണ് അദ്ദേഹം കൂട്ടിക്കൊണ്ടുപോയത്‌. വലിയ വലിയ ദർശനങ്ങളുടെ ഭാരങ്ങളിൽനിന്നും പാതവക്കിൽ ആരുടേയും ശ്രദ്ധയേൽക്കാതെ വിരിഞ്ഞുനില്ക്കുന്ന കുഞ്ഞുപൂവിലേക്കു വിരൽചൂണ്ടി ജീവിതത്തിന്റെ സൗന്ദര്യം ഒളിമിന്നി നില്ക്കുന്നത്‌ ഇവിടെയൊക്കെയാണെന്ന് ഓർമിപ്പിച്ചു. ആകാശഭൂമികളെ പുണർന്നുനില്ക്കുന്ന ജീവിതമൂല്യങ്ങളിലേക്ക് വിരൽചൂണ്ടി. ന്യൂനതകളെ ധീരതയോടെ കാണാനുള്ള കണ്ണുതന്നു. പരിവർത്തനത്തിനു ശ്രമിക്കാതെ ഉള്ളത്‌ വൃത്തിയായി ജീവിച്ചാൽമതിയെന്ന്‌ ലക്ഷ്യം പകർന്നു. അതോടെ ആധികളുടെ വ്യാധിയ്ക്ക് ശമനം കിട്ടി. എനിക്ക്‌ ഞാനായി ജീവിക്കാനുള്ള സ്നേഹം പകർന്ന ആ മനുഷ്യനാണ്‌ മോക്ഷത്തിൽനിന്ന് എന്നെ മോചിപ്പിച്ചത്‌. ആ

ജീവിതവഴിയിലൂടെയാണ് എന്നിലേക്കു നടക്കേണ്ടതെന്ന് ബോധ്യമായതോടെ ഇന്ദ്രിയങ്ങളെയും മനസ്സിനെയുമെല്ലാം സ്നേഹിക്കാൻ തുടങ്ങി. ആ വഴികളിലാണ്‌ വിശ്രമത്തിന്റെ നാദം ശ്രുതിമീട്ടുന്നതെന്ന് അറിയാനായി.

ശരീരത്തിനു വിശപ്പുണ്ടാകുമ്പോൾ ആരോഗ്യകരമായ ഭക്ഷണം കൊടുത്താൽ നല്ല വിശ്രമമുണ്ടാകും. എന്നാൽ വാരിവലിച്ചുതിന്നാൽ ക്ഷീണമായിരിക്കും ഫലം. വിഷലിപ്തമായ ഭക്ഷണശൈലിയിൽനിന്ന്‌ ഗുണമേന്മയുള്ള ഭക്ഷണശൈലിയിലേക്ക്‌ തിരിച്ചു നടക്കാത്തിടത്തോളം നാം രോഗാതുരമായ ശരീരവുംപേറി അലഞ്ഞുകൊണ്ടേയിരിക്കും. വിശ്രാന്തിയറിയാത്ത ശരീരത്തിൽ ജീവിതം മയങ്ങിക്കിടക്കും. ഉണർവിന്റെ ലാഞ്ചനപോലും ആ ശരീരത്തിലേക്കു പ്രവേശിക്കില്ല. ഉറക്കംതൂങ്ങിയ കണ്ണുകളും വിഷാദം ബാധിച്ച മുഖവുമാകും ഫലം. രോഗാതുരമായ ശരീരവുംപേറി ആശുപത്രികളായ ആശുപത്രികളെല്ലാം കയറിയിറങ്ങുന്ന നാം രോഗത്തിനുള്ള ശമനം തേടേണ്ടത്‌ ഡോക്ടർ കുറിച്ചുതരുന്ന മരുന്നുകളില്ല. മറിച്ച് നാം അന്നന്ന്‌

കഴിക്കുന്ന ആഹാരത്തിലാണ്‌. ആഹാരത്തിലെ അശുദ്ധികളെ ഇല്ലായ്മ ചെയ്യാനായാൽ ശരീരത്തിലെ രോഗങ്ങൾക്കു ശമനം ലഭിച്ചുതുടങ്ങും. ഭാരമായനുഭവിക്കുന്ന ശരീരം സൗമ്യവും ശാന്തവുമായി അനുഭവിച്ചുതുടങ്ങും. അതിന്‌ ശരീരത്തെ അകവും പുറവും ശുദ്ധമാക്കണം. പരിസരവും അന്തരീക്ഷവും ശുദ്ധമാകണം. വായുവും ജലവും ശുദ്ധമാകണം. മണ്ണിനെ സ്നേഹിക്കുന്ന മനസ്സുണ്ടാകണം. എങ്കിലേ വിണ്ണിലേക്കുണരുന്ന ജീവിതമുണ്ടാകൂ എന്നറിയണം.

മനസ്സിനും അന്നം വേണം. മനസ്സിന്റെ അന്നം ഉണർവ്‌ നല്കുന്ന മൂല്യങ്ങളാണ്‌. കുനുട്ടും കുശുമ്പും കുന്നായ്മയുംകൊണ്ട്‌ കലുഷമായ മനസ്സിന് ഒരിക്കലും വിശ്രമമനുഭവിക്കാനാവില്ല. പേടിസ്വപ്നങ്ങളാൽ ഇരുൾനിറഞ്ഞ നിദ്രാവിഹീനമായ രാത്രികളേ അതു സമ്മാനിക്കൂ. സ്നേഹവും ക്ഷമയും സഹാനുഭൂതിയും നിറഞ്ഞ ജീവിതമാണ് മനസ്സിന്റെ ആരോഗ്യകരമായ അന്നം. ആ അന്നം വേണ്ടയളവിൽ കൊടുക്കാൻ തയ്യാറായാൽ മനസ്സിന്‌ വിശ്രമമുണ്ടാകും. അയൽക്കാരന്റെ ദുരിതം സ്വപ്നംകാണുന്ന മനസ്സിൽ എവിടെനിന്നാണ് വെളിച്ചം വന്നു നിറയുക. തന്നെപ്പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കാൻ ആദ്യം തന്നെത്തന്നെ സ്നേഹിച്ചു തുടങ്ങണം. അന്യന്റെ നരകത്തെ സ്വപ്നംകാണുന്ന നമുക്ക് നമ്മെ സ്നേഹിക്കാൻ നേരമെവിടെ? അവനവനെ ഹൃദയപൂർവം സ്നേഹിക്കുന്നവർക്ക്‌ പരൻ അപരനായി മാറും. തന്നെപ്പോലെതന്നെ ജീവിതത്തിന്റെ പ്രശാന്തിയനുഭവിക്കാൻ അവകാശമുള്ളവരാണ് ഏവരുമെന്ന ബോധ്യമുണ്ടാകും. എല്ലാവരും ആത്മസോദരരാണെന്നുള്ള വെളിവുണ്ടാകും. സഹായിക്കാനായില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള വിവേകമുണ്ടാകും.

പലതരത്തിലുള്ള ആശയങ്ങളാലും വിശ്വാസപ്രമാണങ്ങളാലും തത്ത്വചിന്തയാലും വൈവിധ്യമാർന്നതാണ് മനുഷ്യന്റെ ബൗദ്ധികലോകം. എന്നാൽ ഓരോരുത്തരും കരുതുന്നത്‌ അവരവരുടെ ആശയങ്ങളാണ് ശരിയെന്നാണ്. തനിക്കു ശരിയെന്നു തോന്നുന്ന ശരിയിൽ ജീവിക്കുന്നതിനേക്കാൾ അപ്പുറത്തിരിക്കുന്നവന്റെ ആശയത്തിലെ തെറ്റ് കണ്ടെത്താനാണ് അവൻ ബുദ്ധിയെ കൂടുതലും ഉപയോഗിക്കുന്നത്‌. അത്‌ വാദത്തിലേക്കും തർക്കത്തിലേക്കും നയിച്ച് ബുദ്ധിയെ കലുഷമാക്കുകയും ഒരിക്കലും വിശ്രമമറിയാത്ത ബുദ്ധിഭ്രമത്തിനു കാരണമാകുകയും ചെയ്യും. എല്ലാവരും ആത്മസുഖത്തിനായാണ് എല്ലാ പ്രയത്നങ്ങളും ചെയ്യുന്നതെന്നും ദർശനങ്ങളായ ദർശനങ്ങളെല്ലാം മനുഷ്യബോധത്തെ ഉണർവിലേക്കു നയിക്കാൻ സംഭവിച്ചതാണെന്നും അറിയുകയും കാലദേശഭേദമനുസരിച്ചുള്ള അവതരണവ്യത്യാസം മാത്രമാണ്‌ ആകെയുള്ളതെന്നു മനസ്സിലാക്കുകയും ചെയ്താൽ വൈവിധ്യങ്ങളിലെ ഏകത്വത്തിലേക്ക്‌ ബോധമുണരും. അതോടെ ബുദ്ധിക്ക്‌ വിശ്രമം ലഭിച്ചുതുടങ്ങും. അതറിയാവുന്ന ലോകത്തിൽ സമാധാനത്തോടെ കഴിയാൻ നമ്മെ പ്രേരിപ്പിക്കും. ലാളിത്യത്തിലെ സൗന്ദര്യത്തിലേക്ക് നമ്മെ ആനയിക്കും. ചെറുതാണ്‌ മനോഹരമെന്ന്‌ നമ്മോടു പറഞ്ഞുതരും. ഒരു പൂന്തോട്ടത്തിൽ വിരിഞ്ഞുനില്ക്കുന്ന വിവിധയിനം പുഷ്പങ്ങളുടെ ഭംഗി ആദ്യമായി നാം ആശയങ്ങളുടെ വൈവിധ്യങ്ങളിൽ അനുഭവിച്ചുതുടങ്ങും. വാദവും തർക്കവും ഒഴിഞ്ഞ്‌ അറിവിനെ ആദരിക്കുന്ന ഒരു ബുദ്ധി ഉദയംചെയ്യും.

മൗനമാണ്‌ ആത്മീയാന്നം. ശബ്ദത്തിന്റെ ലോകങ്ങളിൽനിന്നും വല്ലപ്പോഴുമെങ്കിലും ഒന്നു നിവർത്തിച്ച് ഇത്തിരിനേരം മൗനമായിരിക്കാൻ തയ്യാറായാൽ മെല്ലെ മെല്ലെ നമ്മെ വന്നുപുല്കുന്ന വിശ്രാന്തിയുടെ തെന്നൽ അനുഭവിക്കാനാകും. ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയുമെല്ലാം തഴുകിത്തലോടി ആ മൗനം പടരുമ്പോൾ ആത്മശാന്തിയുടെ അന്നമായ മൗനത്തിന്റെ അനിർവചനീയത നാം അറിഞ്ഞുതുടങ്ങും. ഒരിക്കലെങ്കിലും മൗനത്തിന്റെ ശാന്തിഭൂമികയിൽ സ്പർശിക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ നാം വിശ്രാന്തിയ്ക്കായുള്ള മന്ത്രങ്ങളന്വേഷിച്ച് അലയുകയില്ല. അത്രമാത്രം ആഴമേറിയ ശാന്തിയിലേക്കു നമ്മെ നയിച്ചുകൊണ്ടുപോകുന്ന താന്ത്രികതയാണ്‌ മൗനത്തിൽ നിറഞ്ഞിരിക്കുന്നത്‌.

മൗനത്തെക്കുറിച്ച് പറയുമ്പോഴും ഹിമാലയംതന്നെയാണ് കൺമുന്നിൽ വിരിയുന്നത്‌. അമരനാഥത്തിലേക്കുള്ള യാത്രാവഴിയിൽ സോനാമാർഗ്്‌ താഴ്വരയിൽ നിലാവുപരന്ന ഒരു പൗർണമിരാത്രിയിൽ ടെന്റിൽനിന്നും ഇറങ്ങി നടന്നു. തണുത്തുറഞ്ഞ ആ വിശാലതാഴ്വരയിൽ ആ രാത്രിയിൽ വെണ്മയിൽ കുതിർന്നുനില്ക്കുന്ന ഹിമമലകളുടെ ഘനീഭവിച്ച മൗനവും ഞാനും അങ്ങിങ്ങായി തലകുനിച്ചുനില്ക്കുന്ന പോണികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടെന്റുകളിൽ മിന്നുന്ന വിളക്കിന്റെ നേരിയ പ്രഭ നിലാവിൽ കലർന്നുനിന്നു. കമ്പിളിയും പുതച്ച് എവിടേക്കെന്നില്ലാതെ ഞാൻ നടന്നു. കണ്ണുകൾ ധാരധാരയായി കണ്ണുനീർ പൊഴിച്ചുകൊണ്ടേയിരുന്നു. ശരീരം മുഴുവൻ ഏതോ മൗനം വന്നുപൊതിഞ്ഞ് ഒഴുക്കിക്കൊണ്ടുപോകുന്നതുപോലെയാണ് തോന്നിയത്‌. ജീവിതം എത്ര അനുഗൃഹീതമാണെന്ന്‌ അനുഭവിപ്പിച്ച നിമിഷങ്ങളായിരുന്നു അത്‌. മൗനത്തിന്‌ ഇത്രയും ആഴമുണ്ടെന്നറിഞ്ഞത് അപ്പോഴായിരുന്നു. ഗുരുക്കന്മാരുടെ സന്നിധിയിൽ അനുഭവിച്ചിട്ടുള്ള മൗനം അതിന്റെ എല്ലാ ഉണർവോടും അനുഭൂതിയോടുംകൂടി വന്നുപൊതിഞ്ഞതുപോലെ... ദൈവദശകം എന്ന പ്രാർഥനയിൽ നാരായണഗുരു പാടിയ നാലു വരികളാണ്‌ ഇതെഴുതുമ്പോൾ നിറയുന്നത്‌. ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം.

ഒന്നിൽനിന്നും മറ്റൊന്നിലേക്കു മാറിമാറിച്ചാടുന്ന മനസ്സിന്റെ സ്വാഭാവിക ചാഞ്ചല്യത്തെ അനുനയത്തോടെ വശത്താക്കി സ്നേഹപൂർവം സമീകരിക്കാനായാൽ തെളിഞ്ഞുകിട്ടുന്ന ഒരു വെളിച്ചമുണ്ട്‌. പണ്ട്‌ യാത്രയ്ക്കിടയിൽ ബുദ്ധൻ തന്റെ ശിഷ്യനോട് തോട്ടിൽനിന്നും കുടിക്കാനായി വെള്ളമെടുത്തുവരാൻ പറഞ്ഞ കഥ നാം കേട്ടിട്ടുണ്ട്‌. കലങ്ങിയ വെള്ളമെടുക്കാതെ നിരാശനായിവന്ന ശിഷ്യനെ പലപ്രാവശ്യം അദ്ദേഹം തോടിനടുത്തേക്കു വിടുകയാണുണ്ടായത്‌. അവസാനം ചളിയെല്ലാം ഊറി വെള്ളം തെളിഞ്ഞതുകണ്ട് ശിഷ്യന്‌ ബുദ്ധനു കുടിക്കാനുള്ള വെള്ളം മാത്രമല്ല അന്നു ലഭിച്ചത്‌. ഒരു ജീവിതകാലമത്രയും കൂടെക്കൂട്ടാവുന്ന ആത്മമിത്രത്തെക്കൂടെയാണ്‌; കാത്തിരിക്കാനുള്ള ക്ഷമ. ആർത്തിക്കുപിന്നാലെ പായുന്ന മനസ്സിനോട് മെല്ലെ... ഇത്തിരി മെല്ലെ... എന്ന്‌ നമുക്കു പറയാനായാൽ വിശ്രമത്തിലേക്കുള്ള വഴികൾ തെളിഞ്ഞുവരികതന്നെ ചെയ്യും.

Content Highlights:  how to get relaxation and relief