രു ധ്യാനവസന്തത്തില്‍, സ്വര്‍ഗ്ഗീയപുഷ്പങ്ങള്‍ വിരിഞ്ഞു നില്‍ക്കുന്ന ഉദ്യാനം. അവിടെ പൂക്കളാല്‍ നിര്‍മിതമായ മനോഹരമായ ഒരു സിംഹാസനത്തില്‍ രാജകീയ പ്രൗഢിയോടെ ഇരിയ്ക്കുകയാണ് അനുരാഗികളുടെ പ്രകാശതാരകമായ റാബിഅ ബസ്രി. 

ദിവ്യപ്രണയത്തിന്റെ ആനന്ദഹര്‍ഷം ഒരു വസന്തരുതനായി ഹൃദയങ്ങളില്‍ വര്‍ഷിച്ച പ്രണയരാഗമായ റാബിഅ, ആ സ്വര്‍ഗീയോദ്യാനത്തില്‍ ഒരു വര്‍ണ്ണച്ചിറകുള്ള ചിത്രശലഭം പോലെ ഉല്ലസിച്ചിരിക്കുന്നു.

പ്രൗഢമായ ആ വിശുദ്ധ സാമീപ്യത്തിലേക്ക് ഞാന്‍ മൗനിയായി നടന്നുചെന്നു. ഒരു മന്ദസ്മിതത്തോടെ എന്നെ നോക്കിയ ആ വിശുദ്ധമിഴികള്‍ വളരെ സ്‌നേഹാര്‍ദ്രതയോടെ തിളങ്ങി. എന്താണ് ചോദിക്കാനുള്ളത് എന്ന ഭാവത്തില്‍ തല ഉയര്‍ത്തി എന്നെ നോക്കിയപ്പോള്‍ ഞാന്‍ മെല്ലെ ചോദിച്ചു:

' ഞാന്‍ കേട്ടിട്ടുണ്ട്, ഒരു കൈയില്‍ അഗ്‌നിയും മറുകൈയില്‍ വെള്ളവുമായി ബസ്‌റയുടെ തെരുവിലൂടെ നടന്ന കഥ. അഗ്‌നികൊണ്ട് സ്വര്‍ഗത്തെ കത്തിക്കാനും വെള്ളം കൊണ്ട് നരകത്തെ കെടുത്താനുമാണെന്ന് പറഞ്ഞത്. സ്വര്‍ഗ്ഗകാമനയിലും നരകഭീതിയിലും നിപതിച്ചുപോയ
ഹൃദയങ്ങളെ ഉണര്‍ത്തിയത്. ആത്മപ്രകാശമായി ജീവിതവഴിയെ നയിക്കേണ്ട ദിവ്യപ്രണയം കൈമോശം വന്നവരെ വിളിച്ചുണര്‍ത്തിയ ആ സംഭവം ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറവും ഞങ്ങള്‍ക്ക് ശക്തിയും ഊര്‍ജ്ജവും  നല്‍കുന്നു.'

എന്നിലെ ചോദ്യത്തിനായി കാതോര്‍ത്തു, പറയുന്ന വാക്കുകളെ ഒരു മൗനമന്ദഹാസത്തോടെ കേള്‍ക്കുകയായിരുന്ന ആ വിശുദ്ധ മുഖത്തേക്ക് നോക്കി ഞാന്‍ ചോദ്യത്തിലേക്ക് കടന്നു:

' എങ്ങനെയാണ് ആ കാലഘട്ടത്തില്‍, അത്രമേല്‍ വ്യക്തതയോടെ പ്രാണനാഥനിലേക്ക് ഹൃദയമുണര്‍ത്താന്‍, സ്വര്‍ഗനരകങ്ങള്‍ക്കപ്പുറം മനുഷ്യബോധത്തെ ഉയര്‍ത്താന്‍  സാധിച്ചത്?'

സമാര്‍ദ്രമായ ഒരു ഗൂഢസ്മിതത്തോടെ എന്നെ നോക്കിയ ശേഷം ഹൃദയം തൊടുന്ന വാക്കുകളില്‍ അവര്‍  പറഞ്ഞുതുടങ്ങി:   

'അനശ്വരനായ പ്രണയഭാജനത്തിലേക്ക് മാത്രമാണ് ജീവിതം ഒരു പ്രണയപ്രയാണമായി ഗമിക്കേണ്ടതെന്നും, ബാക്കിയെല്ലാം വഴിയമ്പലങ്ങളോ  മരീചികകളോ മാത്രമാണെന്നും തന്നെയാണ് വിശുദ്ധ വേദഗ്രന്ഥങ്ങളും പരിശുദ്ധരായ പ്രവാചകപരമ്പരയും ഗുരുവഴികളും എക്കാലവും മനുഷ്യബോധത്തെ ഉണര്‍ത്തിയിട്ടുള്ളത്. 

സൂഫികളുടെ ജ്ഞാനകവാടമായ ഹസ്രത്ത് അലി ഈ കാര്യം പലവുരു സുവ്യക്തമാം വിധം  തന്റെ ശിഷ്യരോട് പറയുമായിരുന്നു. അവിടുന്ന് തുടര്‍ന്ന സൂഫീപരമ്പരയെല്ലാം പാകപ്പെട്ട ശിഷ്യഹൃദയങ്ങളെ ആ പ്രണയബോധത്തില്‍ തന്നെയാണ് വളര്‍ത്തിയിട്ടുള്ളത്. എന്നാല്‍, വേദഗ്രന്ഥങ്ങളുടെ സാമാന്യഭാഷ്യവും പ്രവാചക വചനങ്ങളുടെ സാമൂഹിക വര്‍ത്തമാനവും മാത്രം സംവദിക്കുന്ന അടിസ്ഥാന ജീവിത പരിസരത്ത് 
അത് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

അക്ഷരം പഠിക്കാന്‍ തുടങ്ങുന്ന ഇളംപ്രായത്തില്‍ ആശയം പഠിപ്പിക്കാന്‍ ആവില്ലല്ലോ. ആദ്യം അക്ഷരമാല ക്രമത്തില്‍ പഠിക്കേണ്ടതുണ്ട്. അത് ശരിക്കും പഠിച്ച ശേഷമാണ് വാക്കുകള്‍ ചേര്‍ത്തെഴുതാന്‍ പഠിപ്പിക്കുന്നത്. അപ്പോഴാണ് അര്‍ത്ഥവും പറഞ്ഞു നല്കുക. ഭാഷാപരമായി കാര്യങ്ങള്‍ തിരിച്ചറിയാന്‍ പാകപ്പെടുമ്പോള്‍ മാത്രമാണ് ആശയങ്ങളുടെ പൊരുളുകള്‍ തിരിച്ചറിവായി പകര്‍ന്നുനല്‍കുന്നത്.'

മൗനത്തിന്റെ ആഴങ്ങളില്‍ നിന്നും, പ്രകാശിക്കുന്ന മുത്തുമണികള്‍ പോലെ അവരുടെ വാക്കുകള്‍ ഹൃദയത്തിലേക്ക് ഉതിര്‍ന്നുവീണുകൊണ്ടിരുന്നു:

' ഇതുപോലെ തന്നെയാണ് വേദവചനങ്ങളും പ്രവാചകമൊഴികളും സംവദിക്കുന്നത്. ആശയവും അഗാതതയും അറിയിച്ചു കൊടുക്കാന്‍ ആദ്യം അക്ഷരം പഠിപ്പിക്കുകയാണ് ചെയ്യുക. ഏറ്റവും അടിസ്ഥാന ബോധത്തില്‍ നിലകൊള്ളുന്നവരോടാണ് സാമാന്യ ഭാഷയില്‍ പൊതുവായി പറയുന്നത്. എന്നാല്‍ ബോധവികാസത്തിനനുസരിച്ച് പൊരുളുകള്‍ വ്യക്തിഗതമായി വ്യക്തമാക്കുകയും ചെയ്യുന്നു. 

അതേവഴിയില്‍ നിന്നു തന്നെയാണ് ഗുരുപരമ്പര മുഴുവന്‍ ജ്ഞാനപ്രകാശത്തെ പകര്‍ന്നെടുക്കുന്നതും. അവരുടെ വഴിയേ വന്നെത്തുന്ന പാകപ്പെട്ട ഹൃദയങ്ങളോട് പൊരുളുകള്‍ പങ്കുവയ്ക്കുന്നു. അങ്ങനെ പാകപ്പെട്ടവരോട് എന്റെ  ജീവിതകാലത്ത് പങ്കുവെച്ച വാക്കുകളും പ്രവൃത്തികളുമാണ് ശിഷ്യപരമ്പര പറഞ്ഞു പറഞ്ഞു തലമുറകളിലൂടെ ഒഴുകുന്നത്. 

ഒഴുകേണ്ടവ മാത്രം ഒഴുകുകയും നിലയ്‌ക്കേണ്ടത് നിലച്ചുപോവുകയും ചെയ്യുന്നു. ഒഴുക്കിന്  അതിന്റേതായ സഞ്ചാരപഥവും ലക്ഷ്യവുമുണ്ട്. ആ പ്രവാഹത്തെ ഉള്‍വഹിക്കാന്‍ മാത്രം ഹൃദയത്തിനാഴങ്ങളില്‍ സാഗരമുറങ്ങുന്നവര്‍ ആ ദിവ്യോന്മാദത്തിന്റെ അലമാലകളില്‍ നൃത്തമാടിക്കൊണ്ടിരിക്കുന്നു. അതേസമയം പാകപ്പെടാത്തവര്‍ ഗ്രന്ഥവരികള്‍ ഉദ്ധരിച്ച്,  അനുഭവവേദ്യമാകുന്ന ദൈവികതയെയും പ്രണയവസന്തത്തെയും  നിഷേധിച്ച്  ഊഷരമായ മരുഭൂമിയില്‍ തപിച്ചിരിക്കുന്നു.

പ്രാഥമികതലത്തില്‍ അനിവാര്യമാംവിധം പഠിപ്പിച്ച അക്ഷരമാല പഠിക്കുക മാത്രമാണ് ജീവിതദൗത്യം എന്നും, അതുമാത്രമാണ് വേദവും പ്രവാചകരും പഠിപ്പിച്ചതെന്നും സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു. ബോധവികാസം സാധിക്കാത്ത സമൂഹത്തെ പൊരുളറിയാത്ത  പൗരോഹിത്യം അങ്ങനെയാണ് എക്കാലവും ആട്ടിന്‍പറ്റമായി തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് തെളിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍, അവരില്‍ കുറച്ചുപേര്‍ എക്കാലവും കൂട്ടംതെറ്റി വിളഞ്ഞു പാകപ്പെടും. അങ്ങനെ വിളഞ്ഞവര്‍ക്ക് മാത്രമേ വിള തിരിച്ചറിഞ്ഞ് കളയെ  വേര്‍തിരിച്ച് പിഴുതെറിയാനാവൂ. അല്ലാത്തവര്‍ പലപ്പോഴും വിളനിലത്തിലുള്ള കള തന്നെയും വിളയാണെന്ന് ധരിച്ചുവശാവുന്നു.'

ഇത്രയും പറഞ്ഞ് ആ സൗന്ദര്യപ്രകാശം വിദൂരതയിലേക്ക് നോക്കി കണ്ണടച്ചിരുന്നു. കുറച്ചു സമയത്തിനു ശേഷം ഒരു മൗനരാഗം പോലെ, ആ ചുണ്ടുകളില്‍ നിന്ന് സംഗീതാത്മകമായ ഒരു അറബി കവിത ആലപിയ്ക്കപ്പെട്ടു. ആ കവിതയുടെ ആശയം ഇങ്ങനെയായിരുന്നു:

' ഹൃദയാന്തരത്തില്‍ ദിവ്യപ്രണയത്തിന്റെ വിത്ത് വിതയ്ക്കപ്പെട്ടവരില്‍  മാത്രമേ പ്രണയത്തിന്റെ  പൂക്കള്‍ വിരിയൂ. വിത്തുള്ള ഹൃദയങ്ങള്‍ ഏത് മണ്ണിനാഴങ്ങളില്‍ നിന്നും പ്രണയസൂര്യനെത്തേടി പുറത്തുവരിക തന്നെ ചെയ്യും. സ്വര്‍ഗത്തിനുപോലും അന്യമായ ഈ അനുരാഗദ്യുതിയാണ് ദിവ്യപ്രണയം.'

ദിവ്യോന്മാദത്തിന്റെ ആനന്ദലഹരി പകരുന്ന അവരുടെ പ്രകാശവചസ്സ് എന്നെ ഏതോ അദൃശ്യലോകത്തേക്ക് കൊണ്ടുപോയി. പിന്നെ  ഒരു ഉന്മാദിയെപ്പോലെ ആ സാമീപ്യത്തില്‍ നിന്നും ഞാന്‍ മുന്നോട്ടു നടന്നുനീങ്ങി.

Content Highlights: heaven that lost love, Sufi Chinthakal