സ്വര്‍ഗ്ഗത്തെ കുറിച്ച് സന്ദേഹിയായ ഒരു ആത്മാന്വേഷി മൗലായോട് ചോദിച്ചു: 'അങ്ങ് പരമസാക്ഷാത്ക്കാരത്തെ കുറിച്ചും ദിവ്യസംഗമത്തിന്റെ പരമാനന്ദത്തെ കുറിച്ചുമെല്ലാം പ്രണയപൂര്‍വ്വം പറയുന്നു. പ്രണയഭാജനവുമായി ഒന്നായലിയുന്ന അനുരാഗിയുടെ അനശ്വര സ്വര്‍ഗ്ഗത്തെ കുറിച്ച് അങ്ങ് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഗുരുപരമ്പരയുടെ മൊഴികളില്‍ നിന്നെല്ലാം ഇത് കേള്‍ക്കുന്നു. എന്നാല്‍, പ്രവാചകപരമ്പരയുടെ വചനധാരയില്‍ സ്വര്‍ഗ്ഗമെന്നത് സുഖാഡംബരങ്ങളുടെ പരകോടിയാണ്. എന്തുകൊണ്ടാണ് ഈ വ്യത്യാസം എന്നത് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. ദയവായി വിശദീകരിച്ചാലും.'

ചോദ്യം സൂക്ഷ്മമായി കേട്ട മൗലാ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു: 'നിരവധി ആത്മാനേഷികള്‍ക്ക് തുടക്കത്തില്‍ ഉണ്ടാവുന്ന ഒരു സംശയമാണിത്. സാമാന്യ ചിന്താതലത്തില്‍ ഇത് ഗ്രഹിക്കുക എളുപ്പവുമല്ല. ആയതിനാല്‍, സാധാരണ വിശ്വാസികള്‍ ഇതിന്റെ  ബാഹ്യതലം മാത്രം മനസ്സിലാക്കി ദിവ്യദര്‍ശനത്തെയും ദൈവസാക്ഷാത്കാരത്തെയും ഉള്‍ക്കൊള്ളാനാവാതെ സുഖസ്വര്‍ഗ്ഗത്തില്‍ മാത്രം അഭിരമിച്ചിരിക്കുന്നു. അതേസമയം, ആധ്യാത്മ മനസ്സുള്ളവര്‍ക്ക് ആ സ്വര്‍ഗ്ഗവിവരണങ്ങളില്‍ എന്തോ കുറവുള്ളതായി അനുഭവപ്പെടുകയും ചെയ്യുന്നു. 

എന്നാല്‍, യഥാര്‍ത്ഥ സാധകര്‍ ഇത് രണ്ടിന്റെയും അനിവാര്യതയും പൊരുളും വിവേചിച്ചറിയുന്നു. പ്രവാചകപരമ്പര സംവദിച്ച സാമാന്യ സാമൂഹ്യതലത്തെയും,ഗുരുപരമ്പര വഴിനയിക്കുന്ന ആത്മാന്വേഷികളെയും സവിശേഷമായി തിരിച്ചറിഞ്ഞു ഈ വചനധാരയുടെ വഴിയും ലക്ഷ്യവും ആത്മാവിലറിയുന്നു. ഈ വിഷയം എളുപ്പം സുബോധ്യമാക്കിത്തരുന്ന ഒരു കുഞ്ഞുകഥ പറയാം. പിന്നെ സന്ദേഹമില്ലാതെ യാത്ര തുടരാം. '

മൗലാ ആ ഉപമാ കഥ പറഞ്ഞു തുടങ്ങി:

'ഒരിക്കല്‍ ഒരു കുഞ്ഞുപെണ്‍കുട്ടി തന്റെ പിതാവിനോട് വിവാഹം എന്താണെന്ന് ചോദിച്ചു. വിവാഹത്തെ കുറിച്ചോ , സ്ത്രീ പുരുഷ സംസര്‍ഗ്ഗത്തെ കുറിച്ചോ ഒന്നും മനസ്സിലാക്കാന്‍ പ്രായമായിട്ടില്ലാത്ത ആ കുട്ടിയോട് അവള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ എങ്ങനെ മറുപടി പറയുമെന്നറിയാതെ കുറച്ചു സമയം ആ പിതാവ് മിണ്ടാതിരുന്നു. പിന്നെ, ആ കുഞ്ഞിനു മനസ്സിലാവുംവിധം ഇങ്ങനെ പറഞ്ഞു കൊടുത്തു:

വിവാഹമെന്നാല്‍ വലിയ ഹാളില്‍, നിറയെ തോരണങ്ങളും വര്‍ണ്ണവിളക്കുകളും പൂക്കളും അലങ്കാരങ്ങളും നിറഞ്ഞ ഒരു വേദിയാണ്. അവിടെ ബന്ധുക്കളും സുഹൃത്തുക്കളും വേണ്ടപ്പെട്ടവരുമെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞു ഒത്തുകൂടും. പാട്ടും ഡാന്‍സും ആഘോഷവുമായിരിക്കും എല്ലായിടത്തും. പല തരത്തിലുള്ള ആഹാരങ്ങള്‍ വേണ്ടുവോളം വിളമ്പും. ഐസ്‌ക്രീമും ചോക്ലേറ്റും മിഠായികളുമെല്ലാം നിറയെ ഉണ്ടാവും..

ഇത്രയും കേട്ടപ്പോള്‍ തന്നെ ആ കുഞ്ഞുകുട്ടിയുടെ കണ്ണുകള്‍ വിടര്‍ന്നു. എന്ത് രസമാണല്ലേ കല്യാണം എന്ന് പറഞ്ഞു ആഹ്ലാദത്തോടെ ഓടിപ്പോയി. വരനെ കുറിച്ചോ വധുവിനെ കുറിച്ചോ കേള്‍ക്കാന്‍ നില്‍ക്കാതെ, ഇത്രയും കേട്ട ആവേശത്തില്‍ ഇതുതന്നെ വിവാഹം എന്നുറപ്പിച്ചു കുട്ടി കളിക്കാന്‍ പോയി.'

മൗലാ തുടര്‍ന്നു പറഞ്ഞു: 'ഈ കുഞ്ഞിനെപ്പോലെ, പാകതയെത്താത്ത മനസ്സുകള്‍ പൊരുളറിയാതെ പറഞ്ഞുനടക്കുന്ന സങ്കല്പങ്ങളാണ് പലപ്പോഴും വിശ്വാസമായി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. അവിടെയാണ് ആത്മജ്ഞാനികളായ ഗുരുപരമ്പര ഹൃദയങ്ങളെ പാകപ്പെടുത്തി പൊരുളിലേക്ക് വഴിനയിക്കുന്നത്. ആ വഴിയണഞ്ഞവര്‍ വേദവചസ്സുകളുടെയും, പ്രവാചകവചനങ്ങളുടെയും ആഴമറിഞ്ഞു ആത്മാവില്‍ പ്രകാശപൂര്‍ണ്ണരാവുന്നു.'

മൗലാ ഇങ്ങനെ പറഞ്ഞു പൂര്‍ത്തിയാക്കി:

' വേര്‍പെട്ടു നിന്ന അനന്തകാലത്തിന്റെ തപ്തമായ വിരഹനോവില്‍ നിന്ന് വന്നെത്തി ദിവ്യസംഗമത്തിന്റെ സ്വര്‍ഗ്ഗീയനിമിഷങ്ങള്‍ അനുഭവിക്കുമ്പോള്‍, പരമാനന്ദത്തിന്റെയും ദിവ്യോന്മാദത്തിന്റെയും നദികള്‍ അവര്‍ക്കകമേ പ്രവഹിക്കുന്നു. സൗന്ദര്യപൂര്‍ണ്ണതയുടെ അതിമോഹനമായ ദിവ്യദര്‍ശനത്തിന്‍ ലയലഹരിയില്‍ അവര്‍  സ്വയമില്ലാതാവുന്നു. സംഗമത്തിന്റെ ആനന്ദമൂര്‍ച്ഛയില്‍ ഓരോ നിമിഷവും അവര്‍ സ്വര്‍ഗ്ഗമനുഭവിക്കുന്നു.'

മൗലായുടെ മൊഴിമുത്തുകള്‍ ഹൃദയം കൊണ്ട് കേട്ടുകൊണ്ടിരുന്ന ആത്മാന്വേഷിയുടെ മിഴികള്‍ നിറഞ്ഞൊഴുകി. നിറവാര്‍ന്ന തൃപ്തിയില്‍ ഒന്നും പറയാനാവാതെ അന്വേഷി മൗലായുടെ കണ്ണുകളിലേക്ക് തന്നെ  നോക്കി നിന്നു. 

Content Highlights: Heaven and life faith