' കൊറോണാ വൈറസ് ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുകയും ആയിരങ്ങള്‍ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. ഈ അത്യാഹിതഘട്ടത്തില്‍ കേട്ടുകൊണ്ടിരിക്കുന്ന പല തരത്തിലുള്ള നിഗമനങ്ങളും വിശ്വാസങ്ങളുമെല്ലാം എന്നില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ചൈനയിലെ ഭരണകൂടം അവിടുത്തെ മുസ്ലിംകളെ ദ്രോഹിച്ചതുകൊണ്ട് അവര്‍ക്ക് ലഭിച്ച ശിക്ഷയാണെന്ന് ഒരു മുസ്ലിം പുരോഹിതന് വലിയ ആവേശത്തോടെ പ്രസംഗിക്കുന്നത് കേട്ടു. അത് ഈ രോഗവ്യാപനത്തിന്റെ തുടക്കത്തിലായിരുന്നു.
പിന്നെ ലോകം മൊത്തം വ്യാപിച്ചപ്പോള്‍ ആ പുരോഹിതന് മാളത്തിലേക്ക് വലിഞ്ഞു. മാംസഭക്ഷണം കഴിക്കുന്നവര്‍ക്കുള്ള ശിക്ഷയായി ഇറങ്ങിയതാണ് ഈ രോഗമെന്ന് ഒരു ഹിന്ദുത്വ പുരോഹിതന് പ്രസ്താവനയിറക്കി. തിന്മയിലും ദുര്‍മാര്‍ഗ്ഗത്തിലും ജീവിക്കുന്ന മനുഷ്യര്‍ക്കുള്ള ശിക്ഷയായി ഇറങ്ങിയതാണ് ഈ കോവിഡ് പത്തൊന്‍പത് എന്ന് ഒരു ക്രിസ്ത്യന്‍ പുരോഹിതന് പറയുന്നു. അതേസമയം, ദേവാലയങ്ങളും ആത്മീയ കേന്ദ്രങ്ങളും അടച്ചു മതനേതൃത്വവും ആത്മീയ നേതാക്കളും പിന്‍വലിഞ്ഞതോടെ യുക്തിവാദികള്‍ വലിയ ആവേശത്തിലാണ്.
സര്‍വ്വ മതങ്ങളും ആത്മീയ ദര്‍ശനങ്ങളും പരാജയപ്പെട്ടിരിക്കുന്നു. യുക്തിയും ശാസ്ത്രവും മാത്രമാണ് മനുഷ്യരാശിയുടെ ഏക പ്രതീക്ഷ എന്ന് അവര്‍ വളരെ ആധികാരികമായി പ്രചരിപ്പിക്കുന്നു. സര്‍വ്വവിധ വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യനെ അന്ധതയിലേക്ക് മാത്രമേ നയിച്ചിട്ടുള്ളുവെന്ന് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അതീവജാഗ്രത പുലര്‍ത്തേണ്ട ഈ അത്യാഹിത ഘട്ടത്തില്‍ ഇത്തരത്തിലുള്ള നിരവധി ചര്‍ച്ചകള്‍ ചുറ്റും നടന്നുകൊണ്ടിരിക്കുന്നു. പാരമ്പര്യവാദികളുടെയും മതവാദികളുടെയും യുക്തിവാദികളുടെയും പലവിധത്തിലുള്ള ന്യായീകരണങ്ങള്‍ കേട്ടു കേട്ടു മടുത്തിരിക്കുകയാണ് ഞാന്‍.
ആര് പറയുന്നതാണ് ശരി, ഏത് വിഭാഗത്തിന്റെ പക്ഷത്താണ് സത്യമിരിക്കുന്നത് എന്ന ആശങ്കയും എന്നെ വല്ലാതെ വലയ്ക്കുന്നു. '
ആശയക്കുഴപ്പം തീര്‍ത്ത അസ്വസ്ഥ മനസ്സുമായി വന്നെത്തിയ അന്വേഷി മൗലായോട് പ്രതിവചനം തേടി. വളരെ കൗതുകത്തോടെ ചോദ്യം കേട്ട മൗലാ ഇങ്ങനെ മറുപടി പറഞ്ഞു:
' മനുഷ്യസമൂഹത്തില്‍ സംഭവിക്കുന്ന ഓരോ അത്യാഹിത ഘട്ടങ്ങളിലും ഇതേ കാര്യം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതായത്, മനുഷ്യരില്‍ ദുരിതം വിതയ്ക്കുന്ന ഏത് സാഹചര്യത്തെയും ഓരോ വിശ്വാസവിഭാഗങ്ങളും, അവിശ്വാസവിഭാഗങ്ങളും അവര്‍ക്ക് അനുകൂലമായ ന്യായീകരണങ്ങള്‍ കണ്ടെത്തി സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും.
ചരിത്രത്തില്‍ നടന്ന പ്രകൃതി ദുരന്തങ്ങള്‍, മഹാവ്യാധികള്‍, മറ്റു അപകട ഘട്ടങ്ങള്‍ തുടങ്ങിയ സമയത്തെല്ലാം ഇരുവിഭാഗവും ഇതേ കളി തുടര്ന്നുകൊണ്ടിരുന്നത് കാണാനാവും. ഓരോ കാരണങ്ങളും ന്യായങ്ങളും നിര്‍മ്മിച്ചുകൊണ്ട് ഏത് ദുരിതാവസ്ഥയെയും തങ്ങള്‍ക്കു അനുകൂലമാക്കുക എന്നത് എല്ലാ വിഭാഗം വിശ്വാസികളുടെയും എക്കാലത്തെയും ആശ്വാസമാണ്. പൗരോഹിത്യ മനസ്സുള്ളവരുടെ (യുക്തിവാദ പൗരോഹിത്യമടക്കം) ഒരു ധൈഷണിക വ്യായാമവും വിശ്വാസവിനോദവും കൂടിയാണിത്.'
മൗലാ തുടര്‍ന്നു:
' തങ്ങളുടെ വിശ്വാസം മാത്രമാണ് പരമമായതെന്നും, മറ്റെല്ലാ വിശ്വാസങ്ങളും വഴിതെറ്റിയതാണെന്നും തെളിയിക്കാനുള്ള പൗരോഹിത്യ ശ്രമങ്ങളുടെ ബലിയാടുകളാണ് പലപ്പോഴും ഇതില്‍ പെട്ടുപോകുന്നത്. വിശ്വാസികളും അവിശ്വാസികളും യുക്തിവാദികളുമെല്ലാം എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ് തങ്ങളുടെ ആശയങ്ങളെ അനുയായികള്‍ക്ക് മുന്നില്‍ വേരുറപ്പിച്ചത്.'
മൗലാ വിശദീകരിച്ചു:
' യഥാര്‍ത്ഥത്തില്‍, പ്രകൃതി ദുരന്തങ്ങള്‍ക്കോ, മഹാമാരികള്ക്കോ യാതൊരുവിധ തിരഞ്ഞെടുപ്പുമില്ല. ഈ മതക്കാരനെന്നോ ആ മതക്കാരനെന്നോ യുക്തിവാദിയെന്നോ യാതൊരു വ്യത്യാസവുമില്ല. ഏത് രാജ്യത്തുള്ളവനായാലും, സമൂഹത്തില്‍ എത്ര ഉയര്‍ന്നവനായാലും ഇവക്കു യാതൊരു ഭേദവുമില്ല.
ആര്‍ക്കും എവിടെയും എപ്പോഴും സംഭവിക്കാം. ഭൗതികമായ സൂക്ഷ്മതയും, ശാസ്ത്രീയമായ പ്രതിരോധ മാര്‍ഗ്ഗങ്ങളും തന്നെയാണ് അത്തരം സന്ദര്‍ഭങ്ങളിലെ യഥാര്‍ത്ഥ ദൈവികരീതി എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
അതാതു സമയത്തെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞു ശരിയായ കര്‍മ്മം ചെയ്യുക എന്നതാണ് അവിടെ പുലര്‍ത്തേണ്ട ആത്മീയത. അപകടത്തില്‍പ്പെട്ടു മുറിവേറ്റു കിടക്കുന്നയാളെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയാണ് ഏറ്റവും പുണ്യമായ ആത്മീയ കര്‍മ്മം. അല്ലാതെ അവിടെ ഒരു കര്‍മ്മവും ചെയ്യാതെ പ്രാര്ത്ഥിച്ചിരിയ്ക്കലല്ല. ഈ കൊറോണാ കാലം ചന്തിക്കുന്നവര്‍ക്ക് നല്കിയ ഏറ്റവും വലിയ തിരിച്ചറിവ് കൂടിയാണിത്. സര്‍വ്വ രോഗങ്ങളും മാറ്റാനും, സര്‍വ്വ പ്രശ്നങ്ങളും തീര്‍ക്കാനും തങ്ങളുടെ കൈയില്‍ അത്ഭുതവിദ്യകള്‍ ഉണ്ടെന്ന് പ്രഘോഷിച്ചു നടന്ന സിദ്ധന്മാരും ആള്‍ദൈവങ്ങളും പൗരോഹിത്യ ശുശ്രൂഷകരുമെല്ലാം യഥാര്‍ത്ഥ പ്രശ്നങ്ങളുടെ മുന്നില്‍ എത്ര നിസ്സഹായരാണെന്ന് ഈ കൊറോണാ കാലം നമ്മെ ഉല്‍ബുദ്ധരാക്കി.
അതുപോലെ, ഏത് വിശ്വാസവിഭാഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാനുഷ്യകത്തിന്റെ അതിജീവനത്തിനും നന്മക്കും വേണ്ടി മാറ്റിവെക്കാവുന്നതേ ഉള്ളൂവെന്നും ഈ സവിശേഷഘട്ടം നമ്മെ ഉണര്‍ത്തി. ഭൗതികമായി നാം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ ഭൗതികവും ശാസ്ത്രീയവുമായ പ്രതിവിധികളിലൂടെ തന്നെ പ്രതിരോധിക്കലാണ് ദൈവികവ്യവസ്ഥിതി എന്ന് നമ്മെ പ്രബുദ്ധമാക്കുന്നു ഈ കൊറോണാ കാലം. '
മൗലാ ഇങ്ങനെ അവസാനിപ്പിച്ചു:
' മതങ്ങളും ആത്മീയദര്ശനങ്ങളുമെല്ലാം മനുഷ്യനിലെ ധാര്‍മ്മികമായ നിലനില്‍പ്പിനും, ആത്മസംസ്കരണത്തിനും വേണ്ടി ഗുരുപരമ്പരയിലൂടെ ദൈവം
മനുഷ്യസമൂഹത്തിന് സമ്മാനിച്ചതാണ്. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യകളുമെല്ലാം ഭൗതിക ശാസ്ത്രത്തിന്റെ വഴികളിലൂടെ അതേ ദൈവികത തന്നെ നല്കിയ വരദാനമാണ്. ഇവിടെ മതവും ശാസ്ത്രവും മാത്രമല്ല; യുക്തിയും അവിശ്വാസവും നിരീശ്വരത്വവും വരെ അതേ ദൈവികതയുടെ ഭാഗവും ഭാവവും മാത്രമെന്ന് തിരിച്ചറിയുക നാം. '
Content Highlights: Corona and Enlightenment Sufi Chinthakal