രു മൗനധ്യാനത്തിന്റെ അതീതാനുഭവത്തില്‍, ജ്ഞാനപ്രഭയുടെ മഹാലോകത്ത്   പ്രിയങ്കരനായ ഓഷോയെ ഞാന്‍ തിരഞ്ഞുകണ്ടെത്തി. ആനന്ദവും ആഘോഷവും പ്രഭചൊരിയുന്ന ഒരു  പ്രകാശോദ്യാനത്തില്‍, ആ അദ്വിതീയഗുരു എന്നെ ആശ്ലേഷിച്ചു സ്വീകരിച്ചു. അവിടെ വെച്ച്   ഓഷോയോട് ഞാന്‍ ചോദിച്ചു:

' ബോധോദയം എന്ന പ്രലോഭനത്തില്‍ കുടുക്കി എത്രയെത്ര മനുഷ്യരെയാണു അങ്ങ് ഓടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് കിട്ടും, നാളെ കിട്ടും എന്നു കരുതി അവര്‍ നിരന്തരപരിശ്രമത്തിലാണ്. ഭൗതികലോകത്തിന്റെ ആസക്തികളില്‍ നിന്നും സാമാന്യമനുഷ്യരെ രക്ഷപ്പെടുത്താനായി, പാരത്രികതയും സ്വര്‍ഗ്ഗവും പറഞ്ഞു മനുഷ്യരെ നന്മയിലേക്ക് നയിച്ച ഗുരുക്കന്മാരുടെ രീതിയില്‍ നിന്നും എന്തു വ്യത്യാസമാണു അങ്ങ് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ബോധോദയത്തിനുള്ളത്?'

ദീപ്തമായ മിഴികളുയര്‍ത്തി ഒരു കുസൃതിച്ചിരിയോടെ ഓഷോ സംസാരിച്ചുതുടങ്ങി. എപ്പോഴത്തെയും പോലെ മുല്ലാ നസ്റുദ്ദീന്റെ പേരില്‍ ഒരു കഥ പറഞ്ഞുകൊണ്ട് മൗനം പറയുംപോലെ വാക്കുകള്‍ മുത്തുകളായ് ചിതറിവീണു:

' ഒരിയ്ക്കല്‍ ആയുര്‍വേദ  ചികിത്സ നടത്തുകയായിരുന്നു മുല്ലാ നസ്രുദ്ദീന്‍. പല രോഗങ്ങള്‍ക്കും ശമനൗഷധമായി നല്ല ഫലമുള്ള കഷായങ്ങള്‍ ആണ് മുല്ല നല്‍കിയിരുന്നത്. എന്നാല്‍, കഷായങ്ങള്‍ക്കെല്ലാം  ഭയങ്കര കൈപ്പായതിനാല്‍ ആളുകള്‍ വരാതായി. ഒടുവില്‍ മുല്ല ഒരു തന്ത്രം പ്രയോഗിച്ചു. കഷായം കഴിച്ച ഉടനെ കൈപ്പ് മാറാന്‍ വേണ്ടി  ഒരു വലിയ കഷണം ശര്‍ക്കരയും മരുന്നിന്റെ കൂടെ കൊടുത്തു. ആദ്യത്തില്‍ ആളുകള്‍ ശര്‍ക്കരയും മരുന്നിന്റെ കൂടെ ശ്രദ്ധയോടെ കഴിച്ചുകൊണ്ടിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് ആളുകള്‍ മരുന്നായി  ശര്‍ക്കര മാത്രം എടുക്കുകയും കഷായം ഉപേക്ഷിക്കുകയും ചെയ്തു.'

കഥ പറഞ്ഞശേഷം ഓഷോ തുടര്‍ന്നു: 'മുല്ലായുടെ അവസ്ഥയില്‍ തന്നെയാണ് ഇന്ന് ഞാനും. ആത്മവിദ്യയും ആത്മസാക്ഷാല്‍ക്കാരവും ബോധോദയവുമെല്ലാം സാമാന്യമനസ്സിന് മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടായതിനാല്‍ കുറച്ചു ലൈംഗിക വിഷയങ്ങളും, നര്‍മ്മ കഥകളും, ധ്യാനപരിശീലന  മുറകളുമെല്ലാം ചേര്‍ത്തു ഞാന്‍ പറയുകയും പരിശീലിപ്പിക്കുകയും ചെയ്തു.  എന്തിനെന്നാല്‍, ലൈംഗികതയെ അതിജയിച്ചു അതിനപ്പുറത്തെ ദിവ്യതാഴ്വരകള്‍ അനുഭവിച്ചറിയാനും, നര്‍മ്മത്തിലൂടെ അതിനപ്പുറമുള്ള പൊരുളറിയാനും, ധ്യാനമുറകളിലൂടെ എല്ലാ മുറകള്‍ക്കുമപ്പുറത്തെ വിശ്രാന്തി സാക്ഷാല്‍ക്കരിക്കാനുമാണ് ഇതെല്ലാം അനുയായികള്‍ക്ക് നല്കിയത്. 

എന്നാല്‍, ഭൂരിഭാഗം പേരും ദിവ്യതാഴ്വരകളിലേക്ക് എത്തിനോക്കുക പോലും ചെയ്യാതെ ലൈംഗിക കഥകള്‍ മാത്രമെടുത്തു. പൊരുളിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ നര്‍മ്മം മാത്രമാണ് ചിലരെടുത്തത്. വിശ്രാന്തിയോ സ്വസ്ഥിയോ ഉള്ളിലറിയാതെ നിരന്തരം ധ്യാനപരിശീലനം മാത്രമായ് എന്റെ വഴികളെ മുഴുവന്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് മുറിച്ചുമാറ്റുകയാണ് അവര്‍ ചെയ്തത്. '

ഇത്രയും പറഞ്ഞു സ്വല്‍പ്പനേരം മൗനിയായിരുന്ന ശേഷം മെല്ലെ വാക്കുകള്‍ തുടര്‍ന്നു: ' യഥാര്‍ത്ഥത്തില്‍ ഒരിയ്ക്കലും ഒരു പ്രലോഭനമായല്ല ഞാന്‍ ബോധോദയത്തെ കുറിച്ച് പറഞ്ഞത്. മറിച്ച്, ഒരു തിരിച്ചറിവായാണ്. സഹജമായ ഒരു പൂവിരിയലായാണ്. സൂര്യനെ നോക്കി വിടര്‍ന്നു പരിലസിക്കാനുള്ള സാധ്യത ഓരോ പൂവിത്തിനുമുണ്ട്. അനുയോജ്യമായ മണ്ണില്‍ വിതയ്ക്കപ്പെട്ടാല്‍, അനുയോജ്യമാം വിധം വെള്ളവും വളവും നല്‍കപ്പെട്ടാല്‍ പൂവിരിയുക തന്നെ ചെയ്യും. ഇതു പറഞ്ഞതില്‍ എവിടെയാണു പ്രലോഭനം? 

എന്നാല്‍, ബോധോദയം എന്താണെന്നു തിരിച്ചറിയാനാവാത്ത ഒരു വിഭാഗം ആളുകള്‍ക്ക് ഇതൊരു പ്രലോഭനം ആയിത്തീര്‍ന്നിട്ടുണ്ട് എന്നത് ഞാന്‍ നിഷേധിക്കുന്നില്ല. നിധി കിട്ടുന്നതുപോലെ എന്തോ ആണു ബോധോദയം എന്നു വിശ്വസിച്ചു, അതിനായി കഠിനമായി പണിയെടുത്തുകൊണ്ടിരിക്കുന്ന വിഡ്ഡികളാണിവര്‍. 

ആത്മജ്ഞാനമോ ദിവ്യപ്രണയമോ ഹൃദയത്തില്‍ അനുഭവിക്കാതെ, ധ്യാനപരിശീലനമാണു ധ്യാനമെന്നു കരുതി സ്വയം ഹനിക്കുന്നവരാണിവര്‍. ഈ വിഭാഗം ആളുകള്‍ക്ക് ഞാന്‍ പറഞ്ഞതോ , ലക്ഷ്യമാക്കിയതോ അല്ല ആവശ്യം. മറിച്ച്, അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ സാധൂകരിച്ച്, സ്വയം ശരിയാണെന്ന ധാരണയിലിരിക്കാന്‍ അവര്‍ എന്റെ വാക്കുകളെ ഉപയോഗിക്കുന്നു എന്നു മാത്രം.'

ഗുരു തുടര്‍ന്നു: ' അതേസമയം, ബോധോദയത്തിന്റെ പൊരുളറിഞ്ഞ്, അതൊരു ദിശാസൂചകമാണെന്നു തിരിച്ചറിഞ്ഞ് വഴിയില്‍ പ്രവേശിച്ചവര്‍, ഈ നിമിഷത്തില്‍ സുബോധ്യരായ്, ദൈവികതയുടെ ഉദയപ്രകാശം ആത്മാവിലറിഞ്ഞ് അനന്തതയുടെ ആനന്ദത്തില്‍ അനശ്വരരാവുന്നു.' പിന്നെ, ഒരു ഉറഞ്ഞ മൗനം പോലെ എന്റെ കണ്ണുകളിലേക്ക് തന്നെ കുറേ സമയം നോക്കിനിന്ന്, മെല്ലെ മിഴികളടച്ചു.

ഞാന്‍ വീണ്ടും ചില പ്രിയപ്പെട്ടവരെ തേടി നടത്തംതുടര്‍ന്നു. മന്‍സൂര്‍ ഹല്ലാജ്, ജലലുദ്ദിന്‍ റൂമി, ഇബ്നു അറബി, അല്‍ ഗസ്സാലി എന്നിവരുടെ സമീപത്തേക്ക് നടന്നുനീങ്ങി.

Content Highlights: Sufi Chinthakal Enlightenment