' ദൈവത്തിനും മനുഷ്യനുമിടയിലെ വന്മതിലാണ് അഹന്ത.' - ജലാലുദ്ദീന്‍ റൂമി 

ഹന്ത പൂര്‍ണമായും ഇല്ലാതാവുമ്പോള്‍ ആണ് ആത്മീയത നിറവുള്ളതാവുന്നത് എന്ന് അങ്ങ് പലപ്പോഴും പറയുന്നത് കേട്ടു. ഒരു സാമൂഹ്യജീവിയായ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ എങ്ങനെ ആണ് എന്റെ അഹന്തയെ ഞാന്‍ ഇല്ലായ്മ ചെയ്യേണ്ടത്? ഒരു തുടക്കക്കാരനായ അന്വേഷി മൗലായോട് ചോദിച്ചു. 

' അഹന്തയെ പൂര്‍ണമായും ഇല്ലായ്മ ചെയ്യുക എന്നതൊന്നും അത്ര എളുപ്പം സാധ്യമാകുന്നതല്ല.' മൗലാ പറഞ്ഞു തുടങ്ങി: 'പക്ഷേ,  സാധാരണയായി നമ്മില്‍ നിന്ന് പുറത്തു ചാടിപ്പോകുന്ന ചില അഹന്തകളുണ്ട്. അവയെ സൂക്ഷ്മ ശ്രദ്ധയോടെ കടിഞ്ഞാണിട്ട് അഹന്തയില്‍ നിന്നും രക്ഷപ്പെട്ടു തുടങ്ങിയാല്‍ പിന്നെ വഴികള്‍ പ്രകാശപൂര്‍ണ്ണമാവും. '

മൗലാ തുടര്‍ന്നു:' രണ്ടു തരം അഹന്തകളാണ് ഏറ്റവും അപകടകരമായി ഉള്ളത്. എളുപ്പത്തില്‍ ഗ്രഹിക്കാനായി ഒരു മനഃശാസ്ത്ര ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ആദ്യത്തെ അഹന്തയെ നമുക്ക് ഡോക്ടര്‍  ഈഗോ അഥവാ ഭിഷഗ്വര അഹന്ത എന്ന് വിളിക്കാം. രണ്ടാമത്തെ അഹന്തയാണ് പ്രീസ്റ്റ്  ഈഗോ  അഥവാ പുരോഹിത അഹന്ത.' 

മൗലാ ആദ്യം ഡോക്ടര്‍  ഈഗോ  വിശദീകരിച്ചു: ' വൈവിധ്യമാര്‍ന്ന നിരവധി അഹന്തകളുടെ മേല്‍  നിലകൊള്ളുന്നവനാണ് മനുഷ്യന്‍. ജന്മത്തിന്റെ പേരില്‍, മതത്തിന്റെയും ജാതിയുടെയും പേരില്‍, സമ്പത്തിന്റെയും സ്ഥാനത്തിന്റെയും പേരില്‍ തുടങ്ങി നൂറുകണക്കിന് കാരണങ്ങളാല്‍ അവന്‍  അഹന്ത പൊലിപ്പിയ്ക്കുന്നു. ഒരു ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച അഹന്തയുടെ തലയുമായാണ് നാമെല്ലാം നടക്കുന്നത്. ജ്ഞാനത്തിന്റെയും അവബോധത്തിന്റെയും കൂര്‍ത്ത കുത്തുകള്‍ക്ക് മാത്രമേ ആ വീര്‍ത്ത ബലൂണുകളുടെ കാറ്റഴിച്ചു വിടാനാവൂ.

ആ അഹന്തകളില്‍ ഏറ്റവും പ്രാഥമികവും പ്രബലവും പ്രത്യക്ഷവുമായ അഹന്തയാണ് ഡോക്ടര്‍ ഈഗോ. ആര്‍ജ്ജിച്ചെടുത്ത വിവരത്തിന്റെയും അറിവിന്റെയും പേരില്‍ ഉള്ളില്‍ നിറഞ്ഞു പൊടുന്നനെ പ്രകടമായിപ്പോകുന്ന അഹന്തയാണത്. ദുര്‍ബ്ബലനായ ഒരു രോഗി ചികിത്സ തേടി ഡോക്ടറെ ആശ്രയിക്കുമ്പോള്‍ പലപ്പോഴും ഈ അഹന്തക്ക് പാത്രമായിട്ടുണ്ടാകും. തന്റെ രോഗത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ ചോദിക്കുമ്പോഴോ, ചികിത്സാരീതിയിലോ മരുന്നുകളിലോ തന്റെ പരിമിതമായ അറിവ് വെച്ച് സംശയം ചോദിക്കുകയോ ചെയ്താല്‍ അഹന്ത മറച്ചു വെക്കാന്‍ കഴിയാതെ പ്രകടമായിപ്പോകുന്നവരാണ് വലിയൊരു വിഭാഗം ഡോക്ടര്‍മാര്‍. ദേഷ്യമായും പരിഹാസമായും അവഹേളനമായും ഡോക്ടര്‍ ഈഗോ പുറത്തു വരുമ്പോള്‍, ആ ദുര്‍ബ്ബലാവസ്ഥയില്‍ നിസ്സഹായമായി നോക്കി നില്‍ക്കാനെ രോഗികള്‍ക്ക് കഴിയാറുള്ളൂ.

ഇതുപോലെ, വിവരത്തിന്റെയും അറിവിന്റെയും പേരിലുള്ള അഹന്ത സാധാരണയായി എല്ലാ മനുഷ്യരിലും അവരുടെ വിതാനത്തിനനുസരിച്ച് നിലകൊള്ളുന്നുണ്ട്. ഡോക്ടര്‍മാരുടെ സാഹചര്യത്തില്‍ പ്രതികരണം കുറവാകുമെന്നതിനാല്‍, അവര്‍ പോലും പ്രതീക്ഷിക്കാത്ത വിധം പുറത്തു ചാടുന്നു എന്ന് മാത്രം. നിങ്ങള്‍ ആരായിരുന്നാലും ശരി, നിങ്ങള്‍ക്കുള്ളിലെ ഡോക്ടര്‍ ഈഗോ പുറത്തുവരുന്ന നിമിഷങ്ങളെ വളരെ കരുതലോടെ വീക്ഷിക്കുക. പ്രത്യേകിച്ചും നിങ്ങളേക്കാള്‍ ദുര്‍ബ്ബലരും ബലഹീനരും വിദ്യയും സമ്പത്തും കുറഞ്ഞവരുമായ ആളുകളുടെ മുന്നില്‍ നിങ്ങളിലെ ഈഗോ പ്രകടമാകുന്നതിനെ  സൂക്ഷിക്കുക. പതിയെ തിരിച്ചറിവിന്റെ പ്രകാശം നിറയുമ്പോള്‍ ഈ അഹന്ത കുറഞ്ഞു കുറഞ്ഞു ഇല്ലാതാവും.'

ഇത്രയും പറഞ്ഞ ശേഷം, ഏറെ ജാഗ്രത പുലര്‍ത്തേണ്ട  പ്രീസ്റ്റ്  ഈഗോ  അഥവാ പുരോഹിത അഹന്തയെ കുറിച്ച് മൗലാ വിശദീകരിച്ചു:

' ഒരു വലിയ വിഭാഗം പുരോഹിതന്മാരില്‍ എപ്പോഴും പ്രകടമായി, ഭാവത്തില്‍ തന്നെ സ്ഥായിയായി നില്‍ക്കുന്ന അഹന്തയാണിത്. വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും പേരിലുള്ള ഈ അഹന്ത എല്ലാ തലത്തിലുള്ള മനുഷ്യരിലും ചെറിയ രീതിയിലെങ്കിലും ഇല്ലാതിരിക്കില്ല. വിശ്വാസികളും സമര്‍പ്പിതരുമായ ജനത്തിനു മുന്നില്‍ പുരോഹിതന്മാര്‍ അധികാരത്തോടെ ഈ അഹന്ത പ്രകടിപ്പിക്കുന്നു എന്ന് മാത്രം. പലപ്പോഴും വേഷഭൂഷാദികളും ഭാവഹാവാദികളും കൃത്രിമമായി സൃഷ്ടിച്ച് ആ അഹന്തയുടെ മൂര്‍ത്ത രൂപമായി നിലകൊള്ളല്‍ പൗരോഹിത്യ പാരമ്പര്യം തന്നെയായി കരുതുന്നവരും ഉണ്ട്.

അതുപോലെ തന്നെ, വിശ്വാസികളായ വിജ്ഞാനികളായ എല്ലാ മനുഷ്യരിലും അന്തസ്ഥമായുള്ള അഹന്തയാണ് പുരോഹിത അഹന്ത. തന്റെ വിശ്വാസവും വിജ്ഞാനവും സവിശേഷമാണെന്ന ചിന്തയില്‍ തുടങ്ങുന്നു ആ  അഹന്തയുടെ വ്യാപനം. സാധാരണയായി പുരോഹിതന്മാര്‍ പൗരോഹിത്യ പഠനം പൂര്‍ത്തിയാക്കി, ആ തൊഴില്‍ ചെയ്യുന്നവരല്ലാത്ത എല്ലാ മനുഷ്യരെയും സാധാരണക്കാരായി തന്നെയാണ് അടയാളപ്പെടുത്തുക. അവര്‍ മാത്രമാണ് സവിശേഷതയുള്ള മനുഷ്യര്‍ എന്ന് പുരോഹിതര്‍ കരുതുന്നു. 

ബഹുമാന്യത സൃഷ്ടിക്കുന്ന ബിരുദ നാമങ്ങളും, മറ്റു സവിശേഷ പേരുകളും  ചേര്‍ത്തു മാത്രമേ പുരോഹിതന്മാര്‍ സ്വയം പരിചയപ്പെടുത്തുകയുള്ളൂ. ഇത് ഡോക്ടര്‍മാരിലും കാണാവുന്നതാണ്. ഇതിനെല്ലാം പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഈ അഹന്തകളുടെ സൂക്ഷ്മമായ സ്ഥാപനവും, സവിശേഷമായ പ്രകടനവും തന്നെയാണ്. 

ഈ അഹന്തയും അതിന്റെ പ്രകടനവും ഏറിയും കുറഞ്ഞും എല്ലാ മനുഷ്യരിലുമുണ്ട്. തന്റെ വിശ്വാസത്തിന്റെ പേരില്‍, മറ്റു വിശ്വാസി സമൂഹത്തെ മുഴുവന്‍ നിസ്സാരമായി കാണുമ്പോഴും ഇതേ അഹന്ത തന്നെയാണ് മുഴച്ചു നില്‍ക്കുന്നത്. സ്വയം അസാധാരണത്വം സൃഷ്ടിച്ച് മറ്റുള്ളവരെ മുഴുവന്‍ സാധാരണത്വം കല്പ്പിച്ചു നിസ്സാരപ്പെടുത്തുന്ന അഹന്ത അപകടകരം തന്നെയാണ്. ശരിയായ സാധാരണത്വത്തില്‍ എത്തുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ അസാധാരണത്വം പുല്‍കുന്നത്. അത് ബോധ്യപ്പെടുത്താനാണ് മുഹമ്മദ് നബിയോട് ഇങ്ങനെ പറയാന്‍ ദൈവം പറഞ്ഞത്:'വെളിപാടുകള്‍ ലഭിക്കുന്നവനെങ്കിലും ഞാനും നിങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യന്‍ മാത്രം. '

മാഹാത്മ്യത്തിന്റെ ഏത് പര്‍വ്വതമുകളില്‍ നില്‍ക്കുമ്പോഴും, ജ്ഞാനബോധത്തിന്റെ  പ്രകാശം ലഭിച്ചില്ലെങ്കില്‍ അഹന്തയുടെ കെട്ടുപാടുകളില്‍ നിന്ന്  മുക്തി നേടാന്‍ ഒരിക്കലും കഴിയാതെ വരും. '

മൗലാ ഇങ്ങനെ ഉപസംഹരിക്കാന്‍ ശ്രമിച്ചു: ' ആയതിനാല്‍, നമ്മിലെല്ലാം നിറഞ്ഞിരിക്കുന്ന ഡോക്ടര്‍ ഈഗോയെയും പ്രീസ്റ്റ് ഈഗോയെയും അതീവ ജാഗ്രതയോടെ വീക്ഷിക്കുകയും, സ്വയം വിശുദ്ധീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അഹന്തയുടെ ഏറ്റവും ഉപരിതലത്തിലുള്ള പ്രകടമായ  ഈ വലിയ വലയങ്ങള്‍ നിഷ്‌കാസിതമായാല്‍ മാത്രമേ അകമേയുള്ള നൂറുകണക്കിന് സൂക്ഷ്മ വലയങ്ങളെ തിരിച്ചറിയാന്‍ പോലും നമുക്ക് കഴിയുകയുള്ളൂ. '

ഒടുവില്‍, പ്രവാചക വചനത്തിന്റെ കാവ്യഭാഷ്യമായി റൂമി മൊഴിഞ്ഞതിനെ മൗലാ ആവര്‍ത്തിച്ചു ചൊല്ലി:  

' ശത്രുനിരയെ തകര്‍ത്തെറിയുന്നവനല്ല ശക്തന്‍; മറിച്ച്, സ്വന്തം അഹന്തക്കെതിരേ പോരാടി വിജയിച്ചവനാണ് യഥാര്‍ത്ഥ ശക്തന്‍. '

Content Highlights: Sufi Chinthakal, Sufism, Ego in life