നശ്വരതയുടെ പ്രണയപ്രവാഹമാണ് സൂഫിസം. ആ പ്രവാഹത്തിന്റെ ഉറവയെ അറിഞ്ഞവര്‍ അതിന്റെ കൈവഴികള്‍ കണ്ടെത്തി, ജ്ഞാനനദിയില്‍ സ്‌നാനം ചെയ്തു പ്രണയസാഗരത്തില്‍ അലിയുന്നു. ഈ ബോധപ്രവാഹത്തില്‍ യാത്രികന്‍ സര്‍വ്വ പ്രപഞ്ചത്തെയുമറിയുന്നു, മനുഷ്യനെ അറിയുന്നു, 
സൃഷ്ടിജാലമായ ഈ പ്രാപഞ്ചികത ഒരു മഹാലീലയെന്നറിയുന്നു. ആ വലിയ കളിയുടെ പൊരുളറിഞ്ഞു സാക്ഷിയായവന്‍ സൂഫി. 

' ഈ പ്രാപഞ്ചികത ഒരു മഹാലീല! ആനന്ദകരവും വിസ്മയജനകവുമായ ഒരു കളി മാത്രമാണ് ഈ ലോകം എന്നറിയുക. വസന്തത്തില്‍ വിരിഞ്ഞു നൃത്തമാടി ഉല്ലാസം പകരുന്ന പൂക്കള്‍, കുറച്ചു കഴിയുമ്പോള്‍ വാടിക്കൊഴിഞ്ഞുവീണ് കരിഞ്ഞുണങ്ങുങ്ങുന്നു. അത്രമേല്‍ ക്ഷണികവും നിസ്സാരവുമായ ഈ ലോകത്ത് സമ്പത്തിന്റെയും സന്തതികളുടെയും പേരില്‍ അഹന്ത നടിക്കുകയെന്നത് എത്രവലിയ മൂഢതയാണ്. ആന്തരികലോകത്തെ വെളിച്ചത്തിലേക്കുള്ള ശിക്ഷണവഴികള്‍ രക്ഷയിലേക്കും മോക്ഷത്തിലേക്കും നയിക്കുന്നു. 

മായയും മരീചികയുമല്ലാതെ മറ്റൊന്നുമല്ല ഈ ലോകം.'വിശുദ്ധ ഖുര്‍ആന്‍ 57:20 ന്റെ സൂഫിഭാഷ്യമാണ് ഈ വരികള്‍. 

ആത്മസ്വത്വത്തെ അവബോധമായ് അറിഞ്ഞവനാണ് പ്രാപഞ്ചികതയെയും ദൈവികതയെയും അറിയുന്നത്. കാരണം, 'പരമബോധം പ്രാണഞരമ്പിനേക്കാള്‍ സമീപസ്ഥമാണ്'(വി. ഖുര്‍ആന്‍ 50:16). 

ഹൃദയനാഥനെ ആത്മാവിലറിഞ്ഞ സൂഫിയുടെ പ്രാരംഭസൂക്തമായ 'ബിസ്മി' അതിനാലാണ് ഇങ്ങനെ ആയത്:
' കൃപാനിധിയായ നാഥാ, കൃപാസാഗരമേ, എന്റെ ഓരോ ശ്വാസനിശ്വാസവും നിന്റെ നാമം. ' (വി. ഖുര്‍ആന്‍ 1:1)

ആ പരമപ്രണയത്തിന്റെ നാമമല്ലാതെ ഒരു സ്പന്ദനവും, യാതൊരു ചലനഗതിയും ഈ പ്രപഞ്ചത്തില്‍ കാണാനോ കേള്‍ക്കാനോ മണക്കാനോ രുചിക്കാനോ സ്പര്‍ശിക്കാനോ കഴിയാതെ വരുന്ന നിമിഷപ്രകാശത്തിലാണ് ഒരു സൂഫി ജനിക്കുന്നത്. ഓരോ നിമിഷാര്‍ധവും അവന്റെ ഹൃദയം ഇങ്ങനെ സ്പന്ദിക്കുന്നു:

' പ്രപഞ്ചങ്ങളുടെ നാഥാ, എന്റെ ഓരോ ഹൃദയമിടിപ്പും നിനക്കായ് സ്തുതിമീട്ടുന്നു.' (വി. ഖുര്‍ആന്‍ 1:2)
ഹൃദയസ്തുതിയായ്, ആത്മലയമായ് ഓരോ ജീവതാളവും തുടിക്കുമ്പോള്‍, അവന്റെ ഓരോ അടക്കവും അനക്കവും ഒരു വചനധാരയായ് സ്വയം ഉരുവിടുന്നു:

' കൃപാനിധിയേ, കൃപാസാഗരമേ, സംഗമനിമിഷത്തിന്റെ പ്രണയനാഥാ! എന്‍ ആത്മരാഗം നിന്നോട് മാത്രം, എന്നിലെ ഓരോ മനോഗതവും മിഴിയനക്കവും നിന്നിലേക്ക് മാത്രം. '(വി. ഖുര്‍ആന്‍ 1:3, 4, 5)

sufiസൂഫിയുടെ പ്രണയവഴികളില്‍ പ്രാണനാഥന്റെ വദനമല്ലാതെ മറ്റൊന്നും വിരുന്നെത്തുകയില്ല. വേറെ യാതൊന്നും വേണ്ടതില്ലാത്ത ഹൃദയബോധ്യത്തില്‍ അവന്‍  സ്വസ്ഥനാവുന്നു. സമ്പൂര്‍ണമായ തൃപ്തിയിലും നിറവിലും ഒരു ഗാനമായ്, നൃത്തമായ് മൗനധ്യാനമായ് ഇങ്ങനെ ആത്മാര്‍പ്പണം ചെയ്യുന്നു:

' നീ മാത്രം ലക്ഷ്യമായ്, നിന്നെ മാത്രം ആശിക്കുന്ന പ്രണയഹൃദയത്താല്‍ അനുഗ്രഹീതരായവരുടെ വഴിയെ എന്നെയും നയിക്കേണമേ. 
ഭൗതികഭ്രമത്താല്‍ നിന്നില്‍ നിന്ന് പ്രണയം വഴിമാറിപ്പോയവന്റെ യോ, ദിവ്യതയില്‍ നിന്നകന്ന് വസ്തുക്കളുടെ പ്രലോഭനത്താല്‍ 
വഴിതെറ്റി അലയുന്നവന്റെയോ മാര്‍ഗ്ഗത്തിലല്ല. ആമീന്‍. '(വി. ഖുര്‍ആന്‍ 1:6, 7)

ദൈവികതയുടെ പ്രതിവചനം ആത്മാവില്‍ ശ്രവിക്കുന്ന അര്‍ത്ഥനയായ്, ഹൃദയാതിരേകമായ് സൂഫി ആത്മാലാപനം തുടരുന്നു. അവിടെ ആത്മപ്രകാശത്തിന്റെ അനശ്വര ചൈതന്യം തെളിഞ്ഞു തുടങ്ങുകയായി. പിന്നെ, സുബോധ്യമായ ആ ഹൃദയം  പരമപ്രണയത്തില്‍ നിറഞ്ഞുതെളിയുന്നു.  വിശുദ്ധ വേദഗ്രന്ഥം ഹൃദയബോധ്യം വന്നവരുടെ ( മുഅമിന്‍) സവിശേഷത സുവ്യക്തമായി വര്‍ണ്ണിക്കുന്നത് നോക്കൂ:

' ദൈവികത ഹൃദയബോധ്യമായ് പൂവിരിഞ്ഞവര്‍ രാഗതീവ്രമായി ദൈവത്തെ പ്രണയിക്കുന്നു. ' (വി. ഖുര്‍ആന്‍ 2:165)

ദൈവത്തെ അത്യഗാധമായി പ്രണയിക്കുന്നവര്‍ ദൈവികത പ്രകാശിതമായ സകലപ്രപഞ്ചത്തെയും സ്‌നേഹിക്കുന്നു. ഓരോ മണ്‍തരിയും തന്റെ പ്രണയഭാജനത്തിലേക്ക് വഴിവെളിച്ചമേകുന്ന  പ്രതീകങ്ങള്‍. സര്‍വ്വം ആത്മനാഥന്റെ അടയാളമുദ്രകള്‍ മാത്രം.

'പ്രണയദര്‍ശനത്തിന്റെ ആത്മനിര്‍വൃതിയില്‍ അനുരാഗികള്‍ ഇങ്ങനെ ആത്മഗതം ചെയ്യുന്നു: 

നിന്റെ പ്രണയദൂത് അല്ലാതെ മറ്റൊരു സൃഷ്ടിയെയും ഈ പ്രപഞ്ചത്തില്‍ കണ്ടതില്ല. പരമപരിശുദ്ധമായ ആത്മചൈതന്യമേ, നിന്റെ വിസ്മൃതിയുടെ വിരഹാഗ്‌നിയില്‍ നിന്ന് നീ തന്നെ കാവലാവണേ' (വി. ഖുര്‍ആന്‍ 3:191)

ഓരോ നിമിഷവും പ്രാണനാഥനോടുള്ള പ്രണയഹര്‍ഷത്താല്‍, ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും ആകാശങ്ങളെ സ്പര്‍ശിച്ച്, ഒരു നക്ഷത്രപ്രകാശമായി സഹഗാമികള്‍ക്ക് വെളിച്ചം പകരുന്നവനാണ് സൂഫി. അവന്റെ ശബ്ദവും മൗനവും പ്രണയം. അനുരാഗവഴികളില്‍ പൂക്കള്‍ വര്‍ഷിക്കുന്ന വസന്തോദ്യാനത്തില്‍ ഒരു ഇളംകാറ്റ് പോല്‍ സൂഫി കടന്നുപോകുന്നു  

' ദിവ്യാനുരാഗികള്‍ സദാ ദൈവധ്യാനത്തിലാണ്. അവര്‍ പ്രപഞ്ചരഹസ്യങ്ങള്‍ ആത്മാലാപനം ചെയ്യുന്നു' (വി. ഖുര്‍ആന്‍ 3:191)

ധ്യാനാത്മകമായ ഹൃദയം സദാ ആത്മനാഥനില്‍ ആയിരിക്കുകയും, സകലതിലും പ്രാണനാഥനെ മാത്രം ദര്‍ശിക്കുകയും ചെയ്യുന്നു. ആ സമ്പൂര്‍ണ സമര്‍പ്പണത്തില്‍ ജീവിതം ഒരു പ്രണയഗീതമായ് ആലപിച്ച് ആ ഗാനധാരയില്‍ ദൈവികതയെ ഈണമുതിര്‍ക്കുന്നവരാണ് സൂഫികള്‍. 

' പ്രണയനാഥന്‍ പ്രാണസ്പന്ദനമായ് മിടിക്കുമ്പോള്‍ മാത്രമാണ് ഹൃദയങ്ങള്‍ വിശ്രാന്തമാകുന്നതെന്ന് അനുഭവിച്ചറിയുക നീ' (വി. ഖുര്‍ആന്‍ 13:28)

പ്രാണസ്പന്ദനമായ്, ഓരോ ഹൃദയമിടിപ്പിലും ശ്വാസനിശ്വാസത്തിലും ആത്മനാഥന്‍ നിറഞ്ഞു പരിലസിക്കുമ്പോള്‍ ധന്യമാകുന്നു സൂഫിയുടെ ജീവിതവഴി.  ഈ വഴിത്താരയിലേക്ക് വിശുദ്ധവചനം യാത്രികര്‍ക്ക് വഴിവെളിച്ചമാകുന്നത് ഇങ്ങനെ:

' ധ്യാനമായ് നീ എന്നിലണയുമ്പോള്‍, ധന്യനായ് നിന്നിലണയുന്നു നാം.' (വി. ഖുര്‍ആന്‍ 2:152)

പ്രണയവസന്തത്തില്‍ ധ്യാനലീനനായ സൂഫി ശില്പഭദ്രമാകുന്ന ദൈവികവഴിയെ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ ഉണര്‍ത്തുന്നു:

' അവനെ നാം ശില്പഭദ്രമാക്കുകയും, എന്റെ ആത്മാവില്‍ നിന്നുള്ള പ്രാണനം അവനില്‍ നാം ഊതുകയും ചെയ്തിരിക്കുന്നു' ( വി. ഖുര്‍ആന്‍ 38:72)

Sufi Chinthakalശിലയിലെ ശില്പമല്ലാത്തതെല്ലാം അപവദിയ്ക്കപ്പെട്ട് ശില്പമായിത്തീര്‍ന്ന പ്രണയസ്വരൂപമാണ് സൂഫിയുടെ സമ്പൂര്‍ണത. ധ്യാനവിശുദ്ധിയില്‍ നിന്ന് ദിവ്യസാരൂപ്യത്തിലേക്ക് പ്രകാശിതമാകുന്നവന്‍. മഹാശില്പിയുടെ ശിലകളത്രയും ശില്പമായി രൂപാന്തരപ്പെടുന്നതിന്റെ വൈവിധ്യ ഘട്ടങ്ങളിലെന്നു സുബോധ്യമായവന്‍ സര്‍വ്വ സൃഷ്ടികളെയും സ്‌നേഹിക്കുന്നു. സഹിഷ്ണുതയും മാനവികതയും ഹൃദയകാരുണ്യവും അവന്റെ മുഖമുദ്രയാവുന്നു. 

അവന്റെ പ്രണയവും പ്രണാമവും പരമമായ പ്രണയസ്വരൂപത്തിന്. ആ മോഹനവര്‍ണ്ണങ്ങളിലേക്ക് അനുരാഗികളുടെ ഹൃദയരാഗങ്ങളെ ആദ്യമേ പാടിയുണര്‍ത്തിയതും അവന്‍. 

' ആത്മചൈതന്യമായ പരമപ്രണയത്തിന്റെ പ്രകാശവര്‍ണ്ണമണിയുക.  ആ പ്രണയവര്‍ണ്ണത്തേക്കാള്‍ മോഹനമായ വര്‍ണ്ണം വേറെയില്ല. 
ഞങ്ങളുടെ പ്രണാമമത്രയും ആ പ്രണയസ്വരൂപത്തിന്' (വി. ഖുര്‍ആന്‍ 2:138)

ദൈവരാഗങ്ങള്‍ ഹൃദയത്തില്‍ നിന്ന് സ്വരമുതിര്‍ത്ത് പ്രണാമമായി പ്രയാണം തുടരുന്നവന്‍ സൂഫി. ആത്മസ്വരൂപത്തില്‍ നിന്ന് രൂപമണിഞ്ഞു വന്നവന്‍. പ്രതിരൂപമായ് പിന്നെ അരൂപിയായ് പ്രണയചക്രം പൂര്‍ത്തിയാക്കുന്നവന്‍. ദൈവരാഗങ്ങള്‍ പാടിപ്പാടി പാട്ടായിത്തീരുന്നവന്‍. ദിവ്യനൃത്തത്തില്‍ ആടിയാടി നൃത്തമായിത്തീര്‍ന്നവന്‍. 

Content Highlights: Sufi Chinthakal, Devine Love to god