' പേര്‍ഷ്യയിലെ ഒരു കുഗ്രാമത്തില്‍ മൂന്നു സുഹൃത്തുക്കള്‍ ജീവിച്ചിരുന്നു. ഒരാള്‍ കച്ചവടക്കാരനും രണ്ടാമന്‍ കര്‍ഷകനുമായിരുന്നു. മൂന്നാമന്‍ പുരോഹിത വിദ്യാര്‍ത്ഥിയും. ഒരു ദിവസം മൂന്നു പേരും ഒരു തീര്‍ത്ഥയാത്ര പോയി. യാത്രക്കിടയില്‍ വളരെ അപ്രതീക്ഷിതമായി ഒരു രത്‌നവ്യാപാരിയുമായി സന്ധിക്കാനിടയായി. ആ കണ്ടുമുട്ടല്‍ ഈ മൂന്നു സുഹൃത്തുക്കളുടെയും ജീവിതവീക്ഷണത്തെ ആകെ മാറ്റിത്തീര്‍ത്തു. 

അവര്‍ അദ്ദേഹത്തോടൊപ്പം ദിവസങ്ങളോളം ഒരുമിച്ചു കഴിഞ്ഞു. രത്‌നവ്യാപാരത്തിന്റെ ഉള്ളറകളെ സംബന്ധിച്ചും, അതിലൂടെ കൈവരുന്ന സമൃദ്ധമായ ലാഭത്തെക്കുറിച്ചും അദ്ദേഹം അവരോടു സംസാരിച്ചു. ആ സുഹൃത്തുക്കള്‍ രത്‌നങ്ങളുടെ മായികപ്രപഞ്ചത്തില്‍ വിസ്മയിച്ചുനിന്നു. തങ്ങളും അമൂല്യ രത്‌നങ്ങളുടെ ഉടമകളാണെന്ന് ഒരു വേള അവര്‍ സ്വയം വിശ്വസിച്ചു തുടങ്ങി. 

അങ്ങനെയിരിക്കെ ഒരു ദിനം പൊടുന്നനെ ആ രത്‌നവ്യാപാരി ഒരു സൂചനയും നല്‍കാതെ അപ്രത്യക്ഷനായി. അദ്ദേഹത്തിന്റെ സ്വദേശമോ മേല്‍വിലാസമോ ഒന്നും അവരോടു വെളിപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും കിട്ടാതെ ഈ യുവാക്കള്‍ തിരിച്ചുപോന്നു. 

എന്നാല്‍ തിരിച്ചെത്തിയ യുവാക്കള്‍, യാത്ര പുറപ്പെട്ട അതേ വ്യക്തികള്‍ ആയിരുന്നില്ല. അവരുടെ ജീവിതവീക്ഷണവും കാഴ്ചപ്പാടുകളും ആകെ മാറിയിരുന്നു. രത്‌നവ്യാപാരത്തിന്റെ അമൂല്യതയും അതിലൂടെ ആര്‍ജ്ജിതമാകുന്ന ധനസമൃദ്ധിയും അവരുടെ ഭാവനകളെ ഉണര്‍ത്തുകയും, അവര്‍ സ്വയം തന്നെ വലിയ ധനാഢ്യരും അമൂല്യ രത്‌നങ്ങളുടെ ഉടമകളുമാണെന്നും വിശ്വസിക്കുകയും ചെയ്തു.

ഒരു രത്‌നം പോലും നേരെ കണ്ടിട്ടില്ലാത്ത അവര്‍ വലിയ രത്‌നവ്യാപാരികളായി സ്വയം നടിച്ചു. ആ വിശ്വാസം ക്രമേണ മനസ്സില്‍ ഉറച്ചു. രത്‌നവ്യാപാരികളുടെ ഗരിമയും, ധനസമൃദ്ധിയുടെ അധികാരഭാവവും അവര്‍ പുറത്തു കാണിച്ചു. അതോടൊപ്പം മറ്റൊന്ന് കൂടി അവരുടെ സ്വഭാവത്തില്‍ പ്രകടമായിത്തുടങ്ങി. അവരുടെ നാട്ടില്‍ ജീവിച്ചിരുന്ന പാവപ്പെട്ട കച്ചവടക്കാരോടും, കൃഷിക്കാരോടും, അധ്യാപകരോടും മറ്റു തൊഴിലാളികളോടുമെല്ലാം ഇവര്‍ കഠിനമായ പുച്ഛം പ്രകടമാക്കി. വലിയ പ്രയത്‌നവും അദ്ധ്വാനവും മുടക്കിയിട്ടും അവര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തെ കുറിച്ച് പറഞ്ഞായിരുന്നു അവരുടെ പുച്ഛം. 

ഈ പാവം മനുഷ്യരെല്ലാം ഒന്നിനും കൊള്ളാത്ത വിഡ്ഢികളാണെന്നും അവര്‍ വിധിയെഴുതി. അങ്ങനെ, ഒരു രത്‌നം പോലും കാണാതെ, ഒരു ധനവും ആര്‍ജ്ജിക്കാതെ കേട്ടുകേള്‍വി മാത്രം കൈമുതലായി വലിയ ധനാഢ്യരെന്ന് ധരിച്ച് ആ യുവാക്കള്‍ സ്വയം കബളിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു.  നിഗൂഢവും അദൃശ്യവുമായ നിധി കൈവശമുണ്ടെന്ന് വേഷഭൂഷാദികളിലും ഭാവഹാവാദികളിലും പ്രകടിപ്പിച്ചു പാവപ്പെട്ട മനുഷ്യരെ കബളിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു.'

എല്ലാ മതങ്ങളും ഗ്രന്ഥങ്ങളും അബദ്ധങ്ങളാണെന്നും, ഒരു വിജ്ഞാനവും വഴി കാണിക്കില്ലെന്നും തന്റെ അനുഭവങ്ങള്‍ മാത്രമേ ശരിയായതുള്ളൂ എന്ന് പറയുന്ന ഒരു ആത്മീയവാദിയെ കുറിച്ച് മൗലായോട് ചോദിച്ചതായിരുന്നു ആത്മാന്വേഷി. അതിനു ഒരു ഉപമാ കഥയിലൂടെ മൗലാ നല്‍കിയ മറുപടിയാണിത്. വ്യക്തത വരുത്താനായി മൗലാ ഇങ്ങനെ വിശദീകരിച്ചു :

' ഈ യുവാക്കളുടെ അതേ അവസ്ഥയിലാണ് നമ്മുടെ ചുറ്റുമുള്ള പല ഗുരുവാദികളും. ഏതെങ്കിലും ഗുരുക്കന്മാരില്‍ നിന്നോ, ഗുരുവിന്റെ പ്രതിനിധികളില്‍ നിന്നോ കുറച്ചു കാലം സഹവസിച്ചു കേട്ടറിഞ്ഞ ആത്മജ്ഞാന വിവരങ്ങള്‍ വെച്ചു മുതലെടുക്കുന്ന അഭിനവ ഗുരുവാദികള്‍ ആണിവര്‍. ഇവര്‍ക്ക് ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും പരമ പുച്ഛമാണ്. ആരാധനകള്‍ അനുഷ്ഠിക്കുന്നവരും, വിജ്ഞാനം തേടുന്നവരുമെല്ലാം എന്തോ കുറഞ്ഞവരാണെന്ന് ഇവര്‍  ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ, അജ്ഞതയുടെയും അന്ധതയുടെയും ലോകത്ത് ആത്മാന്വേഷകരെ ഇവര്‍ വഴിതെറ്റിക്കുന്നു. 

പണ്ഡിതനും അധ്യാപകനും ഉപദേശിയും ആചാരവും അനുഷ്ഠാനവും  ഗ്രന്ഥവും സാഹിത്യവും സംഗീതവും കലയും എല്ലാം ഓരോരോ പടവുകളെന്നും, അവയ്ക്കെല്ലാം അതാതിന്റെ നിയോഗങ്ങളുണ്ടെന്നും തിരിച്ചറിയുന്നവനാണ് യഥാര്‍ത്ഥ ആധ്യാത്മികന്‍.'

മൗലാ അവസാനിപ്പിച്ചു:

' പ്രാഥമികമായ ആത്മജ്ഞാനമോ ആത്മപ്രകാശമോ കൈവരാതെ, കേട്ടറിഞ്ഞ ആത്മീയ അറിവുകള്‍ തന്റെ ആത്മീയ അനുഭവങ്ങളും വെളിപാടുകളും ആണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് ഇവര്‍ ആളുകളെ കൂട്ടുന്നത്. അതുകൊണ്ട് ആധ്യാത്മവഴിയില്‍ വളരെ ജാഗ്രതയോടെ ഗമിക്കുക.'