ന്തുകൊണ്ടാണ് വിശ്വാസികള്‍ അസഹിഷ്ണുക്കളും  അഹങ്കാരികളും അക്രമാസക്തരുമാകുന്നത് എന്ന ചോദ്യവുമായി ഒരു യുക്തിവാദി മൗലായെ സമീപിച്ചു. അദ്ദേഹം വിശദമായി ചോദിച്ചു: 'എല്ലാ വിഭാഗം വിശ്വാസികളും അവരുടെ വിശ്വാസങ്ങളില്‍ അന്ധരായിത്തീരുകയും, അതിന്റെ പേരില്‍ അഹങ്കരിക്കുകയും, അതല്ലാത്തതിനെയെല്ലാം തന്റെ ശത്രുവായി കാണുകയും ചെയ്യുന്നു.  എന്തുകൊണ്ടാണ് സ്‌നേഹവും ദയയും കാരുണ്യവും പ്രസംഗിച്ചു കൊണ്ടിരിക്കുന്ന 

എല്ലാവിധ വിശ്വാസികളും അവരുടെ വിശ്വാസപരമായ വിഷയം വരുമ്പോള്‍ മറ്റുള്ളവരോട് അസഹിഷ്ണുക്കളും അക്രമാസക്തരുമാകുന്നത് ?'

' താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്. ' അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മൗലാ പറഞ്ഞു തുടങ്ങി: ' ശരിയാണ്, വിശ്വാസികളില്‍ ഒരു വിഭാഗം ആളുകള്‍ അവരുടെ വിശ്വാസം വ്രണപ്പെടുമെന്നു തോന്നുന്ന നിമിഷത്തില്‍ തന്നെ പ്രകോപിതരാകുന്നവരും അക്രമം കാണിക്കാന്‍ മടിക്കാത്തവരുമാണ്. അക്രമോത്സുകമായ ഒരു ഗോത്രമനസ്സ് ഉള്ളില്‍ കൊണ്ടുനടക്കുന്ന ഇവര്‍ തന്നെയാണ് നൂറ്റാണ്ടുകളായി ലോകത്ത് കലഹങ്ങളും കലാപങ്ങളും യുദ്ധങ്ങളും സൃഷ്ടിച്ചത്.
അത് ഇന്നും തുടരുന്നു. 

അവര്‍ വിശ്വസിക്കുന്ന ദൈവത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ബാധ്യതയും അവര്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും, അല്ലാത്ത പക്ഷം അവരുടെ ദൈവം പരാജയപ്പെട്ടു പോകുമെന്നും, അത് അവരുടെ  മേല്‍  ദൈവകോപം ഉണ്ടാവാന്‍ കാരണമാകുമെന്നും അവര്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവരുടെ ദൈവത്തിന്റെ കാവല്‍ക്കാരനും ഒരുവേള ഗുണ്ടയുമായി വിശ്വാസി അധ:പതിക്കുന്നു. അല്ലെങ്കില്‍, അവരുടെ വിശ്വാസ സംഹിത തന്നെ തകര്‍ന്നുപോകുമെന്ന ദുര്‍ബ്ബല വിശ്വാസത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നു. '

മൗലാ തുടര്‍ന്നു: 'വിശ്വാസികള്‍ മൂന്നു വിഭാഗമുണ്ട്. തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്നും, മറ്റെല്ലാം തെറ്റാണെന്നും അവയെല്ലാം ഇല്ലായ്മ ചെയ്തു തങ്ങളുടെ വിശ്വാസം മാത്രം സ്ഥാപിതമാകണമെന്നും വിശ്വസിക്കുന്നവരാണ് ഒന്നാം വിഭാഗം. വിശ്വാസങ്ങളില്‍ ഏറ്റവും അധമമാണിത്. കാരണം, എല്ലാ വിഭാഗത്തിലെയും ഈ വിശ്വാസികളാണ് ലോകത്ത് എക്കാലവും രക്തച്ചൊരിച്ചില്‍ സൃഷ്ടിച്ചത്.

ഈ വിഭാഗം വിശ്വാസികള്‍ ധിഷണാപരമായും ജ്ഞാനപരമായും വളരെ പിന്നാക്കം നില്‍ക്കുന്നവരാണ്. തങ്ങളുടെ വിഭാഗത്തില്‍ പെട്ടവരല്ലാത്ത  സര്‍വ്വ മനുഷ്യരിലും ഒരു ശത്രുവിനെ കാണുന്ന അപരിഷ്‌കൃത ഗോത്രമനസ്സിന്റെ ഉടമകളാണിവര്‍. ഒരേ വിശ്വാസത്തില്‍ നിന്ന് വേര്‍പിരിഞ്ഞു വന്ന സങ്കുചിത സംഘങ്ങള്‍ വരെ, അതേ വിശ്വാസത്തിലെ മറ്റു ധാരയിലുള്ളവരോട് പുലര്‍ത്തുന്നതും ഇതേ കഠിന വിരോധം തന്നെയാണ്. അസഹിഷ്ണുതയും വൈരവും വിരോധവും ശത്രുതയും അക്രമണോത്സുകതയും ഇവരുടെ മുഖമുദ്രയാണ്. 

ഈ വിശ്വാസവിഭാഗങ്ങള്‍ക്ക് എക്കാലവും നേതൃത്വം നല്‍കുന്നത് പൗരോഹിത്യം തന്നെയായിരിക്കും. മതനിയമത്തെയും  ആചാരത്തെയും  സംഘടനയെയും പുരോഹിതനെയും ദൈവമാക്കിയവരാണിവര്‍. 

രണ്ടാമത്തെ വിഭാഗം വിശ്വാസികള്‍ കുറച്ചു കൂടി പരിഷ്‌കൃത മനസ്സുള്ളവരാണ്. തങ്ങളുടെ വിശ്വാസമാണ് ശരിയെന്ന് വിശ്വസിക്കുമ്പോഴും, മറ്റു വിശ്വാസങ്ങളെ അവര്‍ അനുതാപത്തോടെ സമീപിക്കുകയും അവരോട് സ്‌നേഹപൂര്‍വ്വം സഹവസിക്കുകയും ചെയ്യുന്നു. അനുഷ്ഠാനങ്ങളും ആചാരങ്ങളും സാധാരണ രീതിയില്‍  പിന്തുടരുന്ന ഇവര്‍  മറ്റു വിശ്വാസങ്ങള്‍ക്കോ വ്യക്തികള്‍ക്കോ വിഷമകരമായി ഒന്നും ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ഈ വിഭാഗം വിശ്വാസികള്‍ ചെറിയ രീതിയില്‍ സ്വതന്ത്രചിന്ത ഉള്ളവരും പൗരോഹിത്യത്തിന്റെ പിടിയില്‍ നിന്ന് മുക്തരായിക്കൊണ്ടിരിക്കുന്നവരുമാണ്. വിശ്വാസത്തിന്റെ അധമതലത്തില്‍ നിന്ന് സംസ്‌കൃതരായിക്കൊണ്ടിരിക്കുന്നവരാണ് ഇവര്‍. 

എന്നാല്‍, അന്ധമായ മത നിയമ ആചാര വിശ്വാസങ്ങള്‍ക്കപ്പുറം ദൈവികത ഹൃദയത്തില്‍ നിറഞ്ഞവരും ആത്മപ്രകാശത്തിന്റെ  വഴിയെ ചരിക്കുന്നവരുമാണ് മൂന്നാം വിഭാഗം. താന്‍ ജനിച്ചു വളര്‍ന്ന മതത്തിലോ, സംഘത്തിലോ വിശ്വാസത്തിലോ മാത്രമല്ല; സര്‍വ്വ സൃഷ്ടിജാലത്തിലും ഇവര്‍ ദൈവികത ദര്‍ശിക്കുന്നു. യഥാര്‍ത്ഥ ആത്മീയതയുടെ പ്രണേതാക്കളായ ഇവരാണ് എക്കാലവും മാനുഷ്യകത്തെ നന്മയിലേക്കും സ്‌നേഹത്തിലേക്കും കാരുണ്യത്തിലേക്കും വഴിനടത്തിയത്.

ഇവരാണ് പ്രവാചകന്മാരുടെയും ഗുരുപരമ്പരയുടെയും യഥാര്‍ത്ഥ പിന്‍ഗാമികള്‍. പൗരോഹിത്യത്തിന് ഒരിക്കലും ഒരുമിച്ചു പോകാന്‍ കഴിയാത്ത യഥാര്‍ത്ഥ ദൈവികത ഹൃദയത്തില്‍ വഹിക്കുന്നവര്‍. വിശ്വാസങ്ങളിലെ വൈവിധ്യങ്ങള്‍ വൈരുധ്യമല്ലെന്ന തിരിച്ചറിവില്‍ മറ്റുള്ള വിശ്വാസങ്ങളെ വിനയപൂര്‍വം സമീപിക്കുകയും, അതിനകത്തെ ആന്തരിക സൗന്ദര്യത്തെ ഹൃദയപൂര്‍വം ആശ്ലേഷിക്കുകയും ചെയ്യുന്നവരാണിവര്‍.

സൂചനകളിലൂടെ വിശ്വാസത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശിയ മൗലാ വിഷയം സംഗ്രഹിച്ചു കൊണ്ട് വിശദമാക്കി: ' ആയതിനാല്‍ അന്വേഷികള്‍ വിശ്വാസത്തെയും വിശ്വാസികളെയും അവബോധത്തോടെയും അവധാനതയോടെയും തിരിച്ചറിയേണ്ടതുണ്ട്. കാരണം, വിശ്വാസത്തിന്റെ അഹന്തയാണ് അഹങ്കാരങ്ങളില്‍ ഏറ്റവും വിഷലിപ്തമായത്. 

തന്റെ ധാരണയിലെ വിശ്വാസവും അതിന്റെ ആചാരങ്ങളും സാധൂകരിക്കാനും സത്യപ്പെടുത്താനും വേണ്ടി മറ്റുള്ള വിശ്വാസവഴികളെയെല്ലാം ഇകഴ്ത്തിയും അധമമായും കാണുന്നിടത്ത് വിത്തിടുന്നു അഹന്തയുടെ വിഷബീജങ്ങള്‍. 
ഇവ വളരുന്തോറും മറ്റു വിശ്വാസങ്ങളോടുള്ള വിരോധവും വിദ്വേഷവും വര്‍ധിക്കുന്നു. അത് പിന്നീട് വിഭാഗീയതയും വര്‍ഗ്ഗീയതയുമായി വികാസം പ്രാപിക്കുന്നു. 

അതുകൊണ്ട് വിശ്വാസങ്ങള്‍ ജ്ഞാനപ്രകാശം കൊണ്ട് വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതാതിന്റെ ഘട്ടങ്ങളിലൂടെ  കടന്ന് സംസ്‌കൃതരായിത്തീര്‍ന്നവര്‍ക്ക് മാത്രമേ സംശുദ്ധമായ ദൈവികത പ്രസാദിപ്പിക്കാന്‍ സാധ്യമാവൂ. '

മൗലാ വിശ്വാസത്തിന്റെ സത്തയെ സ്പര്‍ശിച്ചുകൊണ്ട് ഇങ്ങനെ അവസാനിപ്പിച്ചു: 'പൗരോഹിത്യ അന്ധവിശ്വാസങ്ങളുടെയും, പാരമ്പര്യ ആചാരങ്ങളുടെയും തടവറയിലുള്ള വിശ്വാസം അവിദ്യയും അസഹിഷ്ണുതയും അക്രമണോത്സുകതയുമാണ്.  അത് ഹൃദയങ്ങളെ വിഷലിപ്തമാക്കുന്നു. എന്നാല്‍, സര്‍വ്വലോകവും സകല ജീവജാലങ്ങളും  മനുഷ്യസമൂഹമാകെയും, തന്നിലെ ദൈവികതയുടെ പൂവിരിയലായി ഹൃദയത്തിലറിയുന്ന വിശ്വാസം പിയൂഷമാണ്; അമൃതാണ്. 

ജീവിതം തന്നെ കരുണയും സ്‌നേഹവുമായിത്തീരുന്ന വിശ്വാസ സംസ്‌കരണത്തിന്റെ ആ മഹാബോധ്യത്തിലിരുന്ന് റൂമി പാടുന്നു:

' എന്റെ ഹൃദയത്തിന്റെ 
അഗാധതയില്‍ 
അവന്‍ വസിക്കുന്നു. 
ഓരോ ഹൃദയസ്പന്ദനത്തിലും 
അവന്‍. 
എന്റെ ഞരമ്പിലും 
രക്തത്തിലും 
ദേഹമാകെയും അവന്‍. 
പിന്നെങ്ങനെ 
എന്റെ ഹൃദയത്തില്‍ 
വിശ്വാസിക്കും 
അവിശ്വാസിക്കും 
വേറെ വേറെ 
ഇടങ്ങളുണ്ടാവും ?
എന്റെ അസ്തിത്വമാകെ 
അവനിലാകുമ്പോള്‍. '

Content Highlights: belief  and faith, Sufi Chinthakal