തൃശ്ശൂർ: അത്യസാധാരണമായ ദൈവാനുഭവങ്ങൾ നിറഞ്ഞതായിരുന്നു മറിയം ത്രേസ്യയുടെ ജീവിതം. യുക്തിയുടെ അതിരുകൾക്കപ്പുറമുള്ള ആത്മീയാനുഭൂതികളും ദർശനങ്ങളും വെളിപാടുകളും നിറഞ്ഞതായിരുന്നു അത്. വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെയും വിശുദ്ധ പാദ്രെപിയോയെപ്പോലെയും മറിയം ത്രേസ്യയും ശരീരത്തിൽ ക്രിസ്തുവിനെ അനുഭവിച്ചു.

അവർക്കുണ്ടായ വെളിപാടുകൾക്കും പഞ്ചക്ഷതങ്ങൾക്കും സമാനമായ അനുഭവങ്ങൾ ത്രേസ്യക്കുമുണ്ടായി. ആവിലായിലെ വിശുദ്ധത്രേസ്യക്കും കുരിശിന്റെ വിശുദ്ധ യോഹന്നാനുമുണ്ടായതുപോലുള്ള ദർശനങ്ങൾ നിരവധിതവണ അവർക്കുണ്ടായി.

കുരിശുകൾക്കായി ദാഹിച്ച ത്രേസ്യക്ക് ദൈവം അത് സമർഥമായി നൽകി. അങ്ങനെ ക്രിസ്തുവിന്റെ പാടുപീഡകളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അവർ ആത്മനാ ആനന്ദിച്ചു.കുരിശുചുമക്കുന്ന ക്രിസ്തുവിന്റെയും തിരുകുടുംബത്തിന്റെയും ദർശനം തനിക്ക് ലഭിച്ചതായി മറിയം ത്രേസ്യ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സഹനങ്ങൾക്കായി ദാഹിച്ച മറിയം ത്രേസ്യയെ കുരിശുമരണം വഴി തനിക്ക് ലഭിച്ച പഞ്ചക്ഷതങ്ങൾ നൽകിയാണ് ക്രിസ്തു അനുഗ്രഹിച്ചത്. 1906 ഫെബ്രുവരി 10-ന് ഇതുസംബന്ധിച്ചുണ്ടായ ദർശനത്തെക്കുറിച്ച് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. കുരിശുചുമന്ന് നിൽക്കുന്ന ക്രിസ്തുവിനോട് ഇതിന് കാരണം തന്റെ പാപങ്ങളാണോ എന്ന് ത്രേസ്യ ചോദിച്ചപ്പോൾ ലോകത്തിൽ മനുഷ്യർ ചെയ്യുന്ന പാപങ്ങളാണ് ഇതിനു കാരണമെന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ ആ കുരിശ് താൻ ചുമന്നുകൊള്ളാമെന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് ത്രേസ്യ പറഞ്ഞു.’’ എന്നാൽ, നീ ചുമന്ന് എന്റെ ഭാരം കുറയ്ക്കുക’’ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പഞ്ചക്ഷതങ്ങൾ അവളുടെ ശരീരത്തിലേക്ക് പകർന്നത്. ഇതൊടൊപ്പം കുരിശിൽക്കിടക്കുന്ന തീവ്രവേദനയുടെ അനുഭവം അവൾ ശരീരത്തിൽ അനുഭവിച്ചു.

നെഞ്ചിലും കൈകാലുകളിലും മുറിവുകൾ ഉണ്ടാവുകയും രക്തത്താൽ ധരിച്ചിരുന്ന ചട്ട കുതിരുകയും ചെയ്തു. പിന്നീട് ആവർഷം ഒക്ടോബർ 23-ന് രണ്ട് മാലാഖമാർ വന്ന് തലയിൽ മുൾമുടി ധരിപ്പിക്കുന്ന അനുഭവവും അവൾക്കുണ്ടായി. ആ സമയം തലയിൽ വട്ടത്തിൽ രക്തം പൊടിഞ്ഞു. പിന്നീട് ഇത്തരം അനുഭവങ്ങൾ മറിയം ത്രേസ്യയുടെ ജീവിതത്തിൽ പതിവായി ഉണ്ടായി.

പലരും ഇത്തരം അനുഭവങ്ങളെ പരിഹസിച്ച് തള്ളി.ത്രേസ്യക്ക് ഭ്രാന്താണെന്ന് വരെ നാട്ടുകാർ അടക്കം പറഞ്ഞു.അവളിൽ പിശാച് ആവസിച്ചിരിക്കുകയാണെന്ന് മെത്രാനച്ചൻ വരെ ധരിച്ചു. ആത്മീയ പിതാവായിരുന്ന ജോസഫ് വിതയത്തിലച്ചൻ ത്രേസ്യ അനുഭവിച്ചിരുന്ന ആത്മീയാനുഭവങ്ങൾ തിരിച്ചറിഞ്ഞിരുന്നു.അവളുടെ പ്രാർഥനാനിർഭരമായ താപസജീവിതത്തെ പൂർണമായും ഉൾക്കൊണ്ട വിതയത്തിലച്ചന്റെ പിന്തുണ അവൾക്ക് ശക്തിയും സമാശ്വാസവുമായി.പിൽക്കാലത്ത് അധികാരികൾ ത്രേസ്യക്കുണ്ടായ ആത്മീയാനുഭവങ്ങൾ ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നെന്ന് തിരിച്ചറിഞ്ഞ് അംഗീകരിച്ചു.

Content Highlights: Sister Mariam Thresia, saint Canonisation