നിത്യയൗവനയുക്തനാണ്‌ മാർക്കണ്ഡേയൻ. ജരാനരകളില്ലാതെ യുഗങ്ങളെയും പ്രളയങ്ങളെയും അതിജീവിക്കാനുള്ള ശക്തി മാർക്കണ്ഡേയനുണ്ട്‌. പ്രജാരക്ഷകാംക്ഷിക്കുന്ന രാജാവിന്റെ ധർമമെന്ത്‌ എന്ന്‌ മാർക്കണ്ഡേയനോട്‌ ധർമപുത്രൻ ചോദിക്കുന്ന ഒരു സന്ദർഭം മഹാഭാരതം വനപർവത്തിലുണ്ട്‌. ചൂതിൽ തോറ്റ്‌ സർവതും നഷ്ടമായ പാണ്ഡവരുടെ കാനനവാസത്തിന്റെ അവസാനത്തിൽ അവർ കാമ്യകവനത്തിൽ തിരിച്ചെത്തി. ഇതിനിടയിൽ അർജുനൻ തപസ്സുചെയ്ത്‌ ദേവൻമാരെ പ്രീതിപ്പെടുത്തി ദിവ്യായുധങ്ങൾ ഏറെ നേടിയിരുന്നു. ഇന്ദ്രലോകത്ത്‌ പിതൃസന്നിധിയിൽ ജീവിച്ച്‌ രാജ്യം തിരിച്ചുനേടുന്നതിനുള്ള തന്ത്രങ്ങളും അഭ്യസിച്ചിരുന്നു. മറ്റുപാണ്ഡവരും ദ്രൗപദിയും അവരെ അനുഗമിച്ചിരുന്ന ബ്രാഹ്മണരും ധൗമ്യന്റെ നേതൃത്വത്തിൽ തീർഥാടനം നടത്തി പാപവിമുക്തരായി. ആയുധബലവും ആത്മശക്തിയും നേടിയ പാണ്ഡവർക്ക്‌ ദുര്യോധനനോടുള്ള പക പോയിരുന്നില്ല.

പകയൊടുങ്ങാത്ത മനസ്സുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന അജ്ഞാതവാസത്തിന്‌ തയ്യാറെടുത്തുകൊണ്ടിരിക്കെയാണ്‌ സത്യഭാമാസമേതനായി ശ്രീകൃഷ്ണൻ കാമ്യകവനത്തിലെത്തിയത്‌. ഈ സന്ദർഭത്തിലാണ്‌ മാർക്കണ്ഡേയനും പാണ്ഡവരെ സന്ദർശിച്ചത്‌. യുഗാരംഭങ്ങൾക്കും അവസാനങ്ങൾക്കും സാക്ഷിയാണ്‌ മാർക്കണ്ഡേയൻ. യുഗാവസാനം പ്രപഞ്ചത്തെയാകെ പ്രളയം വിഴുങ്ങുമ്പോഴും ആ പ്രളയജലത്തിൽ ഒഴുകിനടക്കുന്നവനാണ്‌ മാർക്കണ്ഡേയൻ. അങ്ങനെയാണ്‌ ദ്വാപരയുഗാവസാനത്തിൽ പ്രളയജലത്തിൽ നീന്തിത്തളർന്ന മാർക്കണ്ഡേയൻ ആലിലയിൽ ഒഴുകിനടക്കുന്ന ആലിലക്കണ്ണനെ കണ്ടത്‌. താൻ നീന്തിത്തളർന്നിരിക്കുന്നു എന്നും തനിക്ക്‌ വിശ്രമം ആവശ്യമാണെന്നും കായാമ്പൂവർണനായ ആ ഉണ്ണിക്കണ്ണൻ പറഞ്ഞു. തന്നോട്‌ അവന്റെ ഉദരത്തിൽ കയറി വിശ്രമിക്കാനും ആജ്ഞാപിച്ചു. ആ ഉണ്ണി ഇപ്രകാരം പറഞ്ഞപ്പോൾ തന്റെ ദീർഘായുസ്സിലും മനുഷ്യത്വത്തിലും തനിക്ക്‌ ലജ്ജതോന്നി എന്നും മാർക്കണ്ഡേയൻ ഓർത്തുപറഞ്ഞു.

ആ ഉണ്ണിക്കണ്ണന്റെ ഉദരത്തിൽ പ്രവേശിച്ച മാർക്കണ്ഡേയൻ സർവനദികളെയും സർവസാഗരങ്ങളെയും സർവശൈലങ്ങളെയും കാലാകാലങ്ങളിൽ മനുഷ്യൻ സ്ഥാപിച്ച സാമ്രാജ്യങ്ങളെയും കണ്ടു. അവന്റെ ഉദരത്തിൽ അനന്തമായ സ്ഥലകാലങ്ങളെക്കണ്ട്‌ താൻ വിസ്മയിച്ചതായും ഒടുവിൽ അതിൽനിന്നു പുറത്തുവന്നപ്പോൾ ആൽമരക്കൊമ്പിൽ സർവജഗത്തിനെയും ഉള്ളിലാക്കി അവൻ ഇരിക്കുന്നതും താൻ കണ്ടതായി മാർക്കണ്ഡേയൻ നിർവൃതിയോടെ പറഞ്ഞു. അകത്തും പുറത്തും സ്ഥൂലരൂപത്തിലും സൂക്ഷ്മകാരണരൂപങ്ങളിലും അഭിന്നമായ പ്രപഞ്ചം വിലസുന്നു എന്നാണ്‌ ഇക്കഥ വ്യക്തമാക്കുന്ന കാര്യങ്ങളിൽ ഒന്ന്‌. ഇതുതന്നെയാണ്‌ അദ്വൈതസാരം. പുറത്ത്‌ പ്രപഞ്ചത്തിൽ കാണുന്നതെല്ലാം അകത്തും അതേഭാവത്തിൽ സ്ഥിതിചെയ്യുന്നു. അതായത്‌ പ്രപഞ്ചവും മനുഷ്യനും അഭിന്നനാണെന്ന അനുഭൂതിയാണ്‌ മാർക്കണ്ഡേയനുണ്ടായത്‌. പ്രപഞ്ചത്തിൽ കാണുന്ന വൈവിധ്യങ്ങളെല്ലാം ജാഗ്രദ്‌, സ്വപ്നസുഷുപ്തിയിൽ സൂക്ഷ്മരൂപത്തിൽ വ്യക്തിയിലും ഉണ്ട്‌. പ്രപഞ്ചത്തിൽ കണ്ടതെല്ലാം മനുഷ്യനിലുണ്ട്‌. മനുഷ്യനിൽ കാണാത്തതൊന്നും പ്രപഞ്ചത്തിലുമില്ലതാനും.

ഈ അദ്വൈതാനുഭൂതി അനുഭവിച്ച താൻ മുക്തനായെന്നും മാർക്കണ്ഡേയൻ പറഞ്ഞു. പ്രപഞ്ചത്തിലുള്ളതെല്ലാം തന്നിലും തന്നിലുള്ളതെല്ലാം പ്രപഞ്ചത്തിലുമുണ്ട്‌ എന്ന്‌ ബോധ്യമായാൽ പിന്നെ രാഗദ്വേഷങ്ങൾ അർഥശൂന്യമായിമാറും. അങ്ങനെയാണ്‌ രാഗദ്വേഷവിമുക്തി ഉണ്ടാകുന്നത്‌. രാഗദ്വേഷവിമുക്തന്റെ പ്രത്യക്ഷലക്ഷണമാണ്‌ ക്രോധമില്ലായ്മ. ക്രോധമില്ലാത്തവന്റെ മനസ്സിൽ പകയുണ്ടാകുകയില്ല. പ്രസിദ്ധങ്ങളായ എല്ലാ തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചിട്ടും പാണ്ഡവമനസ്സിൽനിന്ന്‌ പക മാഞ്ഞുപോയിരുന്നില്ല. അവർ ശത്രുമിത്രഭാവദ്വന്ദ്വത്തിൽ അഭിരമിച്ചിരുന്നു എന്നതും മറക്കരുത്‌. അവരാണ്‌ യുഗലക്ഷ്യങ്ങളും ലക്ഷണങ്ങളും മാർക്കണ്ഡേയനോട്‌ ചോദിച്ചറിഞ്ഞത്‌. കൃതയുഗത്തിൽ ധർമം നാലുകാലിൽ ഉറച്ചുനിന്നിരുന്നു. സുതാര്യമായ സുധർമവ്യവസ്ഥയായിരുന്നു കൃതയുഗലക്ഷണം. ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ധർമത്തിന്‌ ഗ്ലാനിസംഭവിച്ചു. ധർമവ്യവസ്ഥ ദുർബലമായി. ദ്വാപരയുഗത്തിൽ ബലംക്ഷയിച്ച്‌ രണ്ടുകാലിൽനിന്ന ധർമവ്യവസ്ഥ കലിയുഗത്തിൽ ഒറ്റക്കാലിലായി നിൽപ്പ്‌.

മാർക്കണ്ഡേയൻ യുഗവിവരണം നടത്തുന്നത്‌ ദ്വാപര-കലിയുഗസന്ധിയിലാണ്‌. അക്കാലത്ത്‌ മനുഷ്യരിൽ ലോഭം മൂക്കുകയും പരസ്പരശത്രുത ജീവിതരീതിയാകുകയും ചെയ്യും. പാത്രമറിഞ്ഞ്‌ ദാനം നൽകാൻ മനുഷ്യർ വിസമ്മതിക്കും. അന്നദാനം ചെയ്യുമ്പോൾ അത്‌ സ്വീകരിക്കാനെത്തുന്ന അർഹരായവർ ദാനം സ്വീകരിക്കുന്നതിലൂടെ ദാനം നൽകുന്നവരെ അനുഗ്രഹിക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ ദാതാവ്‌ ദാനം സ്വീകരിക്കുന്നവനോട്‌ കടപ്പെട്ടിരിക്കുന്നു. പക്ഷേ, കലിയുഗാരംഭത്തിൽ ദാനം യാന്ത്രികമായിമാറും. അച്ഛൻ മകനും മകൻ അച്ഛനും പരസ്പരം ദാനം നൽകി പുണ്യംനേടാൻ ശ്രമിക്കും. ഒന്നും നഷ്ടപ്പെടാതെ ദാനത്തെപ്പോലും ലാഭകരമായ മാറ്റക്കച്ചവടമാക്കിമാറ്റും. അച്ഛന്റെ ദാനം മകനും മകന്റെ ദാനം അച്ഛനും സ്വീകരിച്ചുകൊണ്ട്‌ പരസ്പരം ദാനമഹത്ത്വം പാടിപ്പുകഴ്ത്തും. അതായത്‌ കാപട്യം ജീവിതരീതിയായി മാറുമെന്നുസാരം.

കാപട്യം ജീവിതരീതിയായിമാറുമ്പോൾ മനുഷ്യകർമം അർഥശൂന്യവും പൊള്ളയുമായിമാറും. നിരന്തരമായ കാപട്യത്തിലൂടെ മനുഷ്യജന്മത്തെത്തന്നെ അക്കൂട്ടർ പൊള്ളയാക്കിത്തീർക്കും. അത്തരമൊരു ജീവിതവ്യവസ്ഥ എവിടെ കാണുന്നുവോ അവിടെ കലിയുഗം ആരംഭിച്ചു എന്നും കരുതാവുന്നതാണ്‌. പൊള്ളയായ മനുഷ്യരുടെ ശബ്ദംപോലും തകരച്ചെണ്ടയുടെ കലമ്പൽ മാത്രമായിമാറും. അത്തരമൊരവസ്ഥയിൽ ലോഭികളായ മനുഷ്യർ ദരിദ്രന്റെയും വിധവയുടെയും ദുർബലന്റെയും ബന്ധുവിന്റെയും ധനത്തെ കരുത്തും കൗശലവും ഉപയോഗിച്ച്‌ കവർന്നെടുക്കും. അതോടെ കൈയൂക്കുള്ളവൻ കാര്യക്കാരനാകും. ആ അവസ്ഥയിൽ മനുഷ്യർ പരദ്രവ്യരതന്മാർ ആയിരിക്കും. അന്യന്റെ മുതൽ ചതിയിൽ സംഭരിക്കുന്നതിൽ അവർ ഒരു തെറ്റും കാണില്ല. ഇത്തരം അവസ്ഥയിൽ ഇടംകൈ വലംകൈയെയും വലംകൈ ഇടംകൈയെയും ചതിക്കും എന്നാണ്‌ മാർക്കണ്ഡേയനിലൂടെ വ്യാസൻ പറയുന്നത്‌.

പരസ്പരവിശ്വാസമറ്റ ജനത പരസ്പര ശത്രുതയോടെ വെട്ടിമരിക്കും. നടക്കാൻപോകുന്ന കുരുക്ഷേത്രയുദ്ധത്തന്റെയും സർവനാശത്തിന്റെയും പ്രവചനം ഈ മാർക്കണ്ഡേയവാക്യത്തിൽ കാണാനാകും. കലിയുഗാരംഭത്തിൽ സത്യം ചുരുങ്ങിവരും. മദ്യപാനം, വ്യഭിചാരം, ചൂതാട്ടം, നായാട്ട്‌ എന്നിവയെല്ലാം വർധിക്കുകയും ചെയ്യും. അതായത്‌ എവിടെയാണോ സത്യം ചുരുങ്ങുകയും കരബലവും കൗശലവും ചതിയും കൊലയും നടത്തുന്നത്‌, എവിടെയാണോ അബലനും ദരിദ്രനും വിധവയും ചൂഷണം ചെയ്യപ്പെടുകയും ചതിക്കപ്പെടുകയും ചെയ്യുന്നത്‌, എവിടെയാണോ വിശ്വാസമറ്റ മനുഷ്യർ പരസ്പരം കൊന്നൊടുക്കുന്നത്‌ അവിടെയാണ്‌ കലിയുഗം എന്ന്‌ കരുതുന്നതാണ്‌ യുക്തിസഹമായ കാര്യം. ഇത്തരക്കാരായ ഒരു ന്യൂനപക്ഷം ഒരുപക്ഷേ, മനുഷ്യരാശിയുടെ ആരംഭംമുതലേ ഉണ്ടായിരുന്നിരിക്കാം. കൃതയുഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന സർവധർമ സമഭാവനയുള്ള ഒരു ജീവിതവ്യവസ്ഥ ഒരുപക്ഷേ, ഒരിക്കലും പ്രാവർത്തികമാക്കപ്പെടാത്ത സ്വപ്നവുമായിരിക്കാം. എന്നാൽ, ഒരു സമൂഹത്തിലെ മഹാഭൂരിപക്ഷം പേരും കരബലവും കൗശലവും ഉപയോഗിച്ച്‌ പരസ്പരം ചതിക്കുകയും പരസ്പര ശത്രുതയോടെ കൊല്ലുകയും ചെയ്യുന്നത്‌ എന്ന അവസ്ഥ എന്നുവന്നാലും അത്‌ കലിയുഗമായിരിക്കും എന്നകാര്യത്തിൽ സംശയമേ വേണ്ട.

mahabharatham logoഅത്തരമൊരവസ്ഥയിൽ രാജ്യം ഭരിക്കുന്ന രാജാക്കന്മാർ എന്താണ്‌ ചെയ്യുക എന്ന്‌ യുധിഷ്ഠിരൻ ചോദിക്കുന്നുണ്ട്‌. അവർ അമിതമായി നികുതിപിരിച്ച്‌ ജനങ്ങളെ പിഴിഞ്ഞ്‌ ദുർഭരണം നടത്തും എന്നാണ്‌ മാർക്കണ്ഡേയന്റെ മറുപടി. രാജാവിന്‌ പിരിക്കാവുന്ന വിഹിതമായ നികുതിവിഭവം ആറിലൊന്നുമാത്രമാണ്‌. അതായത്‌ നൂറുരൂപ വരുമാനമുള്ള ഒരാളിൽനിന്ന്‌ പരമാവധി പിരിക്കാവുന്നത്‌ 16.7 രൂപ മാത്രമാണ്‌. അമിതമായ നികുതിപിരിവ്‌ പിടിച്ചുപറിക്ക്‌ തുല്യമാണെന്നും കലിയുഗത്തിൽ രാജാക്കന്മാർ പിടിച്ചുപറിക്കാരെപ്പോലെ ജനങ്ങളെ ദ്രോഹിക്കുമെന്നുമാണ്‌ മാർക്കണ്ഡേയൻ പറയുന്നത്‌. 

ദ്വാപരയുഗ സന്ധ്യയ്ക്കുശേഷം കലിയുഗാരംഭത്തിൽ രാജ്യം ഭരിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന നിയുക്ത ചക്രവർത്തിയാണ്‌ യുധിഷ്ഠിരൻ. ആ യുധിഷ്ഠിരനാണ്‌ പ്രജാരക്ഷ ലക്ഷ്യമാക്കുന്ന രാജധർമം തനിക്കറിയണമെന്ന്‌ മാർക്കണ്ഡേയനോട്‌ ചോദിക്കുന്നത്‌. ‘എല്ലാത്തിലും കനിവുള്ളവനാകുക’ എന്ന മറുപടിയാണ്‌ മാർക്കണ്ഡേയൻ ആദ്യമേ പറയുന്നത്‌. കാരുണ്യം വറ്റിവരണ്ട ഊഷരമായ മനുഷ്യമനസ്സുകളിലാണ്‌ ചതിയും ശത്രുതയും തഴച്ചുവളരുന്നത്‌; മരുഭൂമിയിൽ കള്ളിമുള്ളുകൾ വളരുന്നതുപോലെ. രാജാവ്‌ ജനഹിതം നിറവേറ്റുന്നവനാകണം. ജനങ്ങൾക്ക്‌ ഇഷ്ടം ചെയ്യുന്നവനല്ല രാജാവ്‌. ഹിതം ചെയ്യുന്നവൻ, എന്നാൽ ജനങ്ങൾക്ക്‌ ശ്രേയസ്സുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നവൻ എന്നാണ്‌ വിവക്ഷ. ജനങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഹിതകരമാകണമെന്നുമില്ല. രാജാവ്‌ സത്യം ഗ്രഹിക്കുകയും ക്ഷമ അനുശീലിക്കുകയും വേണം. രാജാവ്‌ ധർമശീലനും മൃദുവാക്ക്‌ പറയുന്നവനുമാകണം. ഇങ്ങനെയൊക്കെ ആകണമെങ്കിൽ ഏതൊരു രാജാവിലും കാരുണ്യം ഉണ്ടായിരിക്കണം. 

ഇക്കാര്യം വിശദീകരിക്കുന്നതിനുവേണ്ടിയാണ്‌ തവളകളെ കൂട്ടക്കൊല നടത്തിയ ഒരു രാജാവിന്റെയും അദ്ദേഹത്തിന്റെ പിടിച്ചുപറിക്കാരനായ മകന്റെയും കഥ മാർക്കണ്ഡേയൻ പറഞ്ഞത്‌. അയോധ്യയിൽ ഇക്ഷാകുവംശത്തിൽ പരീക്ഷിത്ത്‌ എന്നുപേരായ ഒരു രാജാവുണ്ടായിരുന്നു. ഒരിക്കൽ രാജാവ്‌ നായാട്ടിനുപോയി. കാട്ടിൽവെച്ച്‌ രാജാവ്‌ ഒരു അതിസുന്ദരിയെ കാണുകയും അവളിൽ അനുരക്തനാകുകയും ചെയ്തു. രാജാവുമായി രമിക്കാൻ ഒരു വ്യവസ്ഥയോടെ അവൾ തയ്യാറായി. ഒരു കാരണവശാലും അവളെ വെള്ളം കാണിക്കരുത്‌ എന്നായിരുന്നു വ്യവസ്ഥ. കാമവിവശനായതുകൊണ്ട്‌ രാജാവ്‌ അത്‌ അംഗീകരിച്ചു. കാട്ടിലെ ഒരു ശുദ്ധസ്ഥലത്ത്‌ അവളുമൊത്ത്‌ രാജാവ്‌ രമിച്ചുതാമസിച്ചു. 

നായാട്ടിനുപോയ രാജാവിനെ കാണാതായതിൽ വിവശരായ സൈനികർ നാട്ടിലും കാട്ടിലും അന്വേഷിച്ച്‌ ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തുകയും കൊട്ടാരത്തിൽ എത്തിക്കുകയും ചെയ്തു. കൊട്ടാരത്തിലെത്തിയിട്ടും അവളുമായി രമിച്ചുതാമസിച്ച രാജാവ്‌ രാജ്യഭരണത്തെ വിസ്മരിച്ചു. രാജാവിന്റെ നിഗൂഢവാസം അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യം അനാഥമാകും എന്ന്‌ കണ്ടറിഞ്ഞ മന്ത്രി ഒരു കൃത്രിമ ഉദ്യാനം ഉണ്ടാക്കുകയും അതിൽ കമനീയമായ ഒരു കുളം നിർമിക്കുകയും ചെയ്തു. എന്നാൽ, ഒറ്റനോട്ടത്തിൽ അത്‌ കുളമാണെന്ന്‌ ആർക്കും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ രാജാവ്‌ തന്റെ ഭാര്യയുമായി ഉദ്യാനത്തിൽ വിശ്രമിച്ചുകൊണ്ടിരിക്കെ കുളമെന്ന്‌ തിരിച്ചറിയാതെ ഭാര്യാസമേതം ജലസ്പർശമുണ്ടാവുകയും​െ​ചയ്തു. വെള്ളം തൊട്ടതോടെ ഭാര്യയെ കുളത്തിൽ കാണാതായി. കുളം വറ്റിച്ചുനോക്കിയപ്പോൾ അതിൽ ഒരു വലിയ തവളയെ മാത്രം കണ്ടു. ക്ഷുഭിതനായ രാജാവ്‌ തവളയെ തല്ലിക്കൊന്നു. തന്നെക്കൊണ്ട്‌ പ്രജകൾക്ക്‌ എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ ഒരു ചാക്ക്‌ നിറയെ തവളകളെ കൊന്നുകാണിക്കണമെന്ന വ്യവസ്ഥയും വെച്ചു. 

തവളകളുടെ ദുർവിധിയിൽ ഖിന്നനായ മണ്ഡൂകരാജാവ്‌ ബ്രാഹ്മണവേഷത്തിൽ രാജാവിനെ സമീപിച്ച്‌ തവളകളെ കൊല്ലരുതെന്ന്‌ അപേക്ഷിച്ചു. എന്നാൽ, രാജാവ്‌ വഴങ്ങിയില്ല. തന്റെ കാമിനിയെ നഷ്ടപ്പെടാൻ കാരണം തവളകളാണെന്നും അതുകൊണ്ട്‌ തവളകളിൽ കനിവ്‌ കാണിക്കില്ല എന്നും രാജാവ്‌ പറഞ്ഞു. താൻ ആയുസ്സ്‌ എന്നുപേരായ മണ്ഡൂകരാജാവാണെന്നും തന്റെ മകൾ സുശോഭനയെയാണ്‌ രാജാവ്‌ കാമിക്കുന്നതെന്നും കാമമോഹിതരായ രാജാക്കന്മാരെ ശപിക്കുക അവളുടെ ശീലമാണെന്നും ആയുസ്സ്‌ പറഞ്ഞു. തന്റെ മകൾ ചെയ്ത തെറ്റിന്‌ നിരപരാധികളായ തവളകളെ ശിക്ഷിക്കരുതെന്നും ആയുസ്സ്‌ അപേക്ഷിച്ചു. തന്റെ മകൾ ശാപഗ്രസ്ഥയാണെന്നും അബ്രാഹ്മണ്യങ്ങളായ സന്താനങ്ങളേ അവൾക്ക്‌ ജനിക്കുകയുള്ളൂവെന്നും മണ്ഡൂകരാജാവ്‌ പരീക്ഷിത്തിനെ ഓർമിപ്പിച്ചു. എന്നിട്ടും പരീക്ഷിത്ത്‌ പിന്മാറിയില്ല. തനിക്ക്‌ അവളെ കിട്ടിയേ കഴിയൂ എന്നായി പരീക്ഷിത്ത്‌.

ഒടുവിൽ ആയുസ്സ്‌ മകളെ പരീക്ഷിത്തിനു നൽകി. സുശോഭനയിൽ രാജാവിന്‌ മൂന്നു മക്കൾ ജനിച്ചു. മുറപ്രകാരം മൂത്തമകനായ ശലൻ രാജാവായി. ശലനും വേട്ടയ്ക്കുപോയി. വേട്ടമൃഗത്തിനൊപ്പം ശലന്റെ തേര്‌ ഓടിയെത്തിയില്ല. തേരിന്റെ വേഗംകൂട്ടാൻ രാജാവ്‌ തേരാളിയോട്‌ ആജ്ഞാപിച്ചു. വാമദേവന്റെ കുതിരകളായ വാമ്യങ്ങളെ പൂട്ടിയാലും വേട്ടമൃഗത്തിനൊപ്പം ഓടിയെത്തില്ല എന്ന്‌ തേരാളി പറഞ്ഞു. മനോവേഗത്തിൽ ഓടാൻ കഴിയുന്ന വാമദേവ കുതിരകൾ എവിടെയെന്നായി രാജാവ്‌. അവ വാമദേവാശ്രമത്തിലാണ്‌ വളരുന്നത്‌ എന്ന്‌ തിരുവായ്ക്ക്‌ എതിർവാ പറഞ്ഞാൽ കഴുത്തുപോകുമെന്ന്‌ ഉറപ്പുള്ളതുകൊണ്ട്‌ തേരാളി പറഞ്ഞു. വാമദേവാശ്രമത്തിലെത്തിയ രാജാവ്‌ തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ വാമ്യങ്ങളെ നേടി. വിശിഷ്ടമായവയെല്ലാം രാജാവിന്‌ അർഹതപ്പെട്ടതാണെന്നും അതുകൊണ്ട്‌ വാമ്യങ്ങളെ തിരിച്ചുചോദിക്കരുത്‌ എന്ന്‌ വാമദേവനെ താക്കീതും ചെയ്തു. താക്കീതു ലംഘിച്ചാൽ ശിക്ഷ മരണമായിരിക്കുമെന്നും രാജാവ്‌ കല്പിച്ചു.

വാഗ്ദാനലംഘനം അനാര്യമാണ്‌. തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ കൈയിലാക്കിയവ തിരിച്ചുനൽകുക എന്നതാണ്‌ ഉത്തമമായ കാര്യം. അതുകൊണ്ട്‌ രാജാവ്‌ ചതിചെയ്യരുതെന്നും വാമദേവൻ പറഞ്ഞു. എന്നിട്ടും വഴങ്ങാതെവന്നപ്പോൾ വാമദേവമുനി തന്റെ തപശ്ശക്തിയാൽ സൃഷ്ടിച്ച രാക്ഷസരെവിട്ടു. അപ്പോൾ രാജാവ്‌ വിഷം പുരട്ടിയ അമ്പെയ്ത്‌ മുനിയെ കൊല്ലാൻ ശ്രമിച്ചു. മുനി ശപിച്ചു. മുനിശാപംമൂലം രാജാവ്‌ സ്തംഭിച്ചുപോയി. രക്ഷയില്ലാതെ രാജാവ്‌ ശാപവിമുക്തിക്കായി പ്രാർഥിച്ചു. മുനിഹത്യാശാപത്തിൽനിന്നു രക്ഷനേടാനായി രാജപത്നിയെ അമ്പെയ്തുകൊല്ലാൻ മുനി ആജ്ഞാപിച്ചു. അമ്പേറ്റ രാജപത്നി ശാപവിമുക്തിക്കായി പ്രാർഥിച്ചു. മുനി രണ്ടുപേരെയും ശാപവിമുക്തരാക്കി.

Mahabharatha vicharangalഅനുകമ്പയറ്റ രാജാക്കന്മാരുടെ അധർമചരിതമാണ്‌ മാർക്കണ്ഡേയൻ ധർമപുത്രരെ പറഞ്ഞുകേൾപ്പിച്ചത്‌. പ്രജാഹിതത്തെ വിസ്മരിച്ചുകൊണ്ട്‌ സ്വന്തം ഇഷ്ടത്തെ രാജധർമമാക്കിമാറ്റിയ രാജാവ്‌. അതിന്റെ ഫലമായി വംശഹത്യ നടത്തിയ അച്ഛൻ രാജാവ്‌. പ്രജകളുടെ സ്വത്ത്‌ കൈയൂക്കുകൊണ്ട്‌ കൈവശപ്പെടുത്തി സൂക്ഷിക്കുകയും അത്‌ തിരികെ ചോദിച്ചപ്പോൾ കൊല്ലുകയും ചെയ്യുന്ന മകൻ രാജാവ്‌. രാജാവിന്റെ ഇഷ്ടാനിഷ്ടസംരക്ഷണമല്ല പ്രജാഹിത പരിരക്ഷയാണ്‌ രാജധർമം. പരീക്ഷിത്തും അവന്റെ പുത്രനായ ശലനും സ്വന്തം കാമപൂർത്തിക്കായി എന്തും ചെയ്യാൻ ഒരു മടിയും ഇല്ലാത്തവരാണ്‌. പരീക്ഷിത്ത്‌ കാമാതുരനാകുകയും തന്റെ ഭാര്യയെ കാണാൻ കഴിയാത്തതുകൊണ്ട്‌ ക്രോധാവിഷ്ടനാകുകയും തവളകളെ വംശഹത്യ നടത്താൻ ഉത്തരവിടുകയും ചെയ്തു. കൈയൂക്കിന്റെ സമഗ്രാധിപത്യം സ്ഥാപിക്കുന്ന കിരാതവാഴ്ചയാണിത്‌. പരീക്ഷിത്തിന്റെ മകനായ ശലനാകട്ടെ രാജധർമത്തെ കൊള്ളയടിക്കലുമാക്കിത്തീർത്തു.

പരീക്ഷിത്തും ശലനും നിയമവാഴ്ച ഇല്ലാതാക്കി. ദുർബലരെ അടിച്ചമർത്തി കൊല്ലുകയും ചൂഷണംചെയ്ത്‌ അവരുടെ ധനത്തെ അപഹരിക്കുകയും ചെയ്തു. അക്ഷരാർഥത്തിൽതന്നെ പരീക്ഷിത്തിന്റെയും മകന്റെയും പ്രവൃത്തി ക്രമവും സമാധാനവും തകർത്തു. അതോടെ രാജ്യത്ത്‌ അരക്ഷിതാവസ്ഥ നടമാടി. ശലനെപ്പോലെ പിടിച്ചുപറിക്കാരനായ ഒരു രാജാവ്‌ ഭരിക്കുന്ന ഒരു രാജ്യത്തും ജനതയുടെ ജീവനും സ്വത്തിനും പരിരക്ഷയുണ്ടാകില്ല. കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന ഏകാധിപത്യവ്യവസ്ഥ എങ്ങനെയാണ്‌ അരാജകത്വം സൃഷ്ടിക്കുന്നത്‌ എന്നതിനുകൂടി തെളിവാണ്‌ ഇക്കഥ. എവിടെയൊക്കെയാണോ രാജ്യഭാരം നടത്തുന്നവർതന്നെ അരാജകത്വം സൃഷ്ടിക്കുന്നത്‌ അവിടെയൊക്കെ കലിയുഗം ആരംഭിച്ചുകഴിഞ്ഞു എന്നു വ്യംഗ്യം.

ഏതു രാജാവും ആദ്യം ധരിക്കേണ്ടകാര്യം താൻ രാജ്യത്തിന്റെ ഉടമയല്ല എന്നതാണ്‌. പ്രജാധർമപരിപാലനം എന്ന കർമം അനുഷ്ഠിക്കാൻ നിയുക്തനാക്കപ്പെട്ടവനാണ്‌ രാജാവ്‌. രാജാവും ധർമിഷ്ഠനായിരിക്കണം. ദരിദ്രൻ, അബലൻ, വിധവ എന്നിവർക്കെല്ലാം സംരക്ഷണം നൽകുകയും അവരുടെ അവകാശങ്ങളെ സംരക്ഷിക്കുകയും വേണം. പ്രബലനോടൊപ്പം അബലന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന വ്യവസ്ഥയാണ്‌ രാജധർമം. അതുകൊണ്ടാണ്‌ രാജാവ്‌ ഒരു വ്യക്തിയല്ല എന്നു പറയുന്നത്‌. അതായത്‌, വ്യക്തിപരമായ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ അതീതമായി രാജധർമം പരിപാലിച്ച്‌ പ്രജാസംരക്ഷണം നടത്തുന്നവനാണ്‌ രാജാവ്‌. എന്നാൽ, പരീക്ഷിത്ത്‌ തന്റെ കാമിനിയോടുള്ള അതികാമംമൂലം തവളകളുടെ വംശഹത്യ നടത്തി. പരീക്ഷിത്തിന്റെ ഭാര്യയെ ആരെങ്കിലും കൊന്നാൽ കൊലക്കുറ്റത്തിന്‌ കൊലയാളിയെ ശിക്ഷിക്കാമെന്നല്ലാതെ അയാളുടെ വംശത്തെയാകെ കൊല്ലുന്നത്‌ അതിക്രിയയാണ്‌, ഇവിടെയാകട്ടെ രാജപത്നിയെ കാണാതായതിന്‌ ഉത്തരവാദി തവളകളാണ്‌ എന്നതിന്‌ യാതൊരു തെളിവുമില്ല എന്നും ഓർക്കണം.

സംശയത്തിന്റെപേരിൽ വംശഹത്യ നടത്തിയ രാജാവിന്റെ മകൻ പിടിച്ചുപറിക്കാരനായതിലും അദ്‌ഭുതമില്ല. സ്വാർഥതവന്നാൽ കനിവില്ലാതാകുകയും അതോടെ എവ്വിധം രാജധർമം തന്നെ ഇല്ലാതാകും എന്നതിനുകൂടി ഇക്കഥ തെളിവാണ്‌. അധികാരശക്തിയുടെ അടിത്തറ കനിവിന്റെ ആർദ്രതയായിരിക്കണമെന്നും രാജാവ്‌ ക്രോധാവിഷ്ടനാകരുതെന്നുമാണ്‌ മാർക്കണ്ഡേയൻ ധർമപുത്രരെ ഉപദേശിച്ചത്‌. രാജമനസ്സിൽനിന്ന്‌ കനിവ്‌ വറ്റിപ്പോകുകയും ക്രോധം കീഴടക്കുകയും ചെയ്യുമ്പോൾ കലിയുഗം ആരംഭിച്ചുകഴിഞ്ഞിരിക്കും; എവിടെയും. 

Content Highlights: Hypocrisy can be a way of life in Kaliyuga