ദൈവം! ഒരിടത്ത്‌ സൗന്ദര്യത്തിന്റെയും അനിർവചനീയതയുടെയും ആശ്ചര്യപരതയെ ആവിഷ്കരിക്കാൻ സഹൃദയനായ മനുഷ്യൻ ഉപയോഗിച്ച വ്യാക്ഷേപകപദം. മറ്റൊരിടത്തോ അക്രമത്തിന്റെയും ചൂഷണത്തിന്റെയും ലോകത്തിന് മന്ത്രമായിത്തീർന്ന പദം.

തികച്ചും വിരുദ്ധമായ രണ്ടുതലങ്ങളായാണ് ആ വാക്ക് മനുഷ്യജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നത്. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം തള്ളേണ്ടതോ കൊേള്ളണ്ടതോ ആയ ഒന്നല്ല ദൈവം. മറിച്ച് മനുഷ്യനൊപ്പം പരിണമിച്ചുവന്ന ഒരു ആശയമായാണ് ആ വാക്ക് മുന്നിലുള്ളത്.

ദൈവം ഒരു വാക്കാണ്. മനുഷ്യൻ അവന്റെ ബുദ്ധി വഴിമുട്ടിപ്പോകുന്ന ഇടങ്ങൾക്ക്‌ കൊടുത്ത ഒരു പേര്. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ഒരു സുഹൃെത്തന്നോട്‌ ചോദിച്ചു. ദൈവമാണ്‌ ഈ ലോകം സൃഷ്ടിച്ചതെന്ന്‌ വിശ്വസിക്കുന്നുണ്ടോ എന്നും കൂട്ടിച്ചേർത്തു.

മുമ്പിലിരിക്കുന്ന മേശയിലേക്കു വിരൽ ചൂണ്ടി ആരാണ്‌ അത്‌ സൃഷ്ടിച്ചതെന്ന്‌ ചോദിച്ചു? ആശാരിയെന്ന് അദ്ദേഹം മറുപടിപറഞ്ഞു. അദ്ദേഹത്തിന്റെ കാറ് ആരാണ് സൃഷ്ടിച്ചതെന്ന്‌ ചോദിച്ചപ്പോൾ ഹ്യുണ്ടായ് കമ്പനി എന്നുപറഞ്ഞു. നിങ്ങളെ ആരാണ് സൃഷ്ടിച്ചതെന്ന്‌ ചോദിച്ചപ്പോൾ അച്ഛന്റെയും അമ്മയുടെയും പേരുപറഞ്ഞു. ആകാശത്തേക്കുചൂണ്ടി സൂര്യനെ ആരാണ് സൃഷ്ടിച്ചതെന്ന്‌ ചോദിച്ചപ്പോൾ അദ്ദേഹം കുറച്ചുനേരം മൗനമായി. പിന്നെ ദൈവമെന്ന്‌ പറഞ്ഞു.

ആ മൗനം ഒരു ചിന്തയായിരുന്നു. അദ്ദേഹം ആലോചിക്കുകയായിരുന്നു. ആരായിരിക്കും സൃഷ്ടിച്ചത്‌. കൃത്യമായ ഒരു മറുപടി ബുദ്ധിക്ക്‌ കിട്ടാതായപ്പോൾ കൊടുത്ത വാക്കാണ് ദൈവം. ബുദ്ധി ദൈവത്തെ സൃഷ്ടിച്ചിട്ട് ആ ദൈവത്തെക്കൊണ്ട്‌ സൂര്യനെ സൃഷ്ടിപ്പിക്കുകയായിരുന്നു.

വസൂരിക്ക് മരുന്ന്‌ കണ്ടുപിടിച്ചിട്ടില്ലാതിരുന്ന കാലത്ത്‌ അത്‌ ദേവീകോപമായിരുന്നു. വൈദ്യുതി വരുന്നതുവരെ പ്രേതങ്ങളെക്കൊണ്ട്‌ ഇരിക്കപ്പൊറുതിയില്ലായിരുന്നു. വെളിച്ചം വന്നതോടെ പ്രേതങ്ങളെല്ലാം അപ്രത്യക്ഷരായി. ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കണം. എവിടെ അറിവുണ്ടോ അവിടെയൊന്നും ദൈവത്തിനും പ്രേതത്തിനും അസ്തിത്വമില്ല, പ്രസക്തിയില്ല. എവിടെ അറിവില്ലായ്മയുണ്ടോ ഇരുട്ടുണ്ടോ നിസ്സഹായതയുണ്ടോ അവിടെയെല്ലാം ദൈവവും പ്രേതവും സന്നിഹിതരാകും.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ അറിവില്ലായ്മയുടെ, നിസ്സഹായതയുടെ ആകത്തുകയെയാണ് നാം ദൈവമെന്ന്‌ പൊതുവേ പറയുന്നത്‌. നമുക്ക് അറിവുള്ള ഇടത്തേക്കൊന്നും നാം ദൈവത്തെ കൊണ്ടുവരാറില്ല. അവിടെ നമ്മളും നമ്മുടെ ബുദ്ധിയും മാത്രമേ പ്രസക്തമായിരിക്കുന്നുള്ളൂ. അറിവില്ലായ്മയുടെ ലോകം തുടരുന്നിടത്തോളം ദൈവത്തിന്‌ പ്രസക്തിയുണ്ട്. മനുഷ്യൻ ഈ പ്രപഞ്ചത്തിലെ ഒരു അണുമാത്രമായതിനാൽ പ്രപഞ്ചത്തെപ്രതിയുള്ള അവന്റെ അജ്ഞത എന്നും തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ ദൈവവും എന്നും നമ്മോടൊപ്പമുണ്ടാകും; ചെകുത്താനും.

ഹിമാലയത്തിന്റെ അത്യാശ്ചര്യകരമായ ദർശനത്തിനുമുന്നിൽ കണ്ണുമിഴിച്ചുനിൽക്കുമ്പോൾ ദൈവമേ എന്ന്‌ വിളിച്ചുപോയിട്ടുണ്ട്. അകമേനിന്ന് ഞാൻപോലുമറിയാതെ ഉണർന്നുവന്ന ഒരാശ്ചര്യപരതയായിരുന്നു ആ വാക്ക്. അത് മതവിശ്വാസികൾ പറയുന്ന പ്രലോഭിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പുരുഷദൈവമല്ല. മറിച്ച് ഇനിയും നമുക്കറിയാനാവാത്ത ലോകങ്ങളിലേക്ക് കണ്ണുണർന്നുപോകുമ്പോൾ അനുഭവിക്കുന്ന അനുഭൂതിയെ ആവിഷ്കരിക്കാനുപയോഗിക്കുന്ന വ്യാക്ഷേപകശബ്ദമാണ്.

ഭക്തി എന്നാൽ എന്തെന്ന ചോദ്യത്തിന് ഗുരു നിത്യ പറഞ്ഞ മറുപടിയാണ് ദൈവം എന്ന വാക്കുകേൾക്കുമ്പോഴും എന്നിൽ തെളിയുന്നത്: ‘ഭക്തി ഒരു അനുഭവമാണ്. ഒരുറുമ്പിനെപ്പോലും നോവിക്കാനാവാത്തവിധം ആഴമേറിയ അനുകമ്പയാൽ ഹൃദയം നിറയുമ്പോൾ, സൗന്ദര്യബോധത്താൽ ഹൃദയം നിർഭരമാകുമ്പോൾ, ആത്യാശ്ചര്യകരമായ ഭാവത്താൽ ഹൃദയം നിറഞ്ഞുതുളുമ്പുമ്പോൾ, നമ്മുടെ സഹജമായ ഉണ്മയായി തിരിച്ചറിയാൻകഴിയുന്ന ഒരു കേന്ദ്രത്തിലേക്കോ സ്രോതസ്സിലേക്കോ അപ്രതിരോധ്യമായ ഒരു പ്രവാഹമുണ്ടാകുന്നതായി അനുഭവപ്പെടുമ്പോൾ നമ്മുടെ കണ്ണുനിറയുകയും അറിയാതെ കൈകൂപ്പിപ്പോവുകയും ചെയ്യുന്നു. ഈ ദിവ്യാനുഭവത്തെ പേരിട്ടുവിളിക്കണമെന്ന്‌ നിർബന്ധമുണ്ടെങ്കിൽ ഭക്തിയെന്ന്‌ വിളിക്കാം’.

ഇവിടെ ഗുരു നിത്യ, ഭക്തി എന്നുപറയുന്നിടത്ത് ദൈവം എന്നും കൂട്ടിച്ചേർക്കാം. അതേ, പേരിട്ടുവിളിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ ആ ആശ്ചര്യപരതയെ, സൗന്ദര്യാനുഭൂതിയെ ദൈവമെന്ന്‌ വിളിക്കാം. അത്രമാത്രം.

ദൈവാനുഭവം

തികച്ചും യുക്തിയുക്തമായ ഇടം ജീവിതത്തിലുണ്ട്. അയുക്തികമെന്ന്‌ തോന്നുന്ന അനുഭവങ്ങളുമുണ്ട്. ജീവപരിണാമത്തിന്റെ പ്രവാഹത്തിലേക്ക് നോക്കുമ്പോൾ കൃത്യമായി രൂപപ്പെട്ടുവന്ന ജീവലോകങ്ങളുടെ സ്വഭാവസവിശേഷതകൾ കാണാൻകഴിയും. അതോടൊപ്പം തികച്ചും യാദൃച്ഛികമെന്നോ ആകസ്മികമെന്നോ ഒക്കെപ്പറയാവുന്ന നിഗൂഢതയെക്കൂടി ഓരോ ജീവിയും പ്രതിനിധാനം ചെയ്യുന്നതായും തോന്നിപ്പോകും.

ഒരു ഭാഗത്തുനിന്ന്‌ നോക്കുമ്പോൾ വളരെ കൃത്യമായിരിക്കുന്നത് മറ്റൊരു വീക്ഷണകോണിലൂടെ നോക്കുമ്പോൾ നിഗൂഢമായി അനുഭവപ്പെടും. ഇങ്ങനെ യുക്തിയുടെയും അയുക്തികതയുടെയും യാദൃച്ഛികതയുടെയും കൃത്യതയുടെയും ഒക്കെ സമ്മിശ്രഭാവമായാണ് ജീവിതമെന്ന പ്രതിഭാസത്തെ അനുഭവിക്കുന്നത്. യുക്തിഭദ്രമായ ഇടങ്ങളിൽ യുക്തിയെതന്നെ പ്രയോഗിച്ചും അല്ലാത്ത ഇടങ്ങളെ ആശ്ചര്യത്തോടെ അനുഭവിച്ചും കഴിഞ്ഞുപോകുന്ന ഒരു മനോഭാവമാണ് ജീവിതത്തെ പ്രകാശപൂർണമാക്കുന്നത്.

ഹിമാലയം കാണുമ്പോൾ ഹൃദയത്തിലൊരു അനുഭൂതി നിറയും. നമ്മളോരോരുത്തരും ഈ പ്രപഞ്ചത്തിന്റെ ഏകകമാണ്, നമ്മൾ തന്നെയാണ് ഈ പ്രപഞ്ചമായി വിരിഞ്ഞുനിൽക്കുന്നത് എന്നൊരു അനുഭവത്തിലേക്ക് ആ സൗന്ദര്യാനുഭവം നമ്മെ ഉണർത്തും. ഈ പ്രപഞ്ചത്തിന്റെ ഒരു മിനിയേച്ചർഫോമാണ് നമ്മളൊക്കെയെന്ന് തോന്നും.

‘ഞാൻ കടലിനുള്ളിലെ ഒരു തുള്ളി ജലമല്ല. ഞാൻ ഒരു തുള്ളി ജലത്തിലെ കടലാണ്’ എന്ന് റൂമി പറയുന്ന ഈ ഫീൽ നമ്മൾ പലയിടത്തും അനുഭവിക്കാറുണ്ട്. ഉദാത്തമായ സംഗീതം കേൾക്കുമ്പോൾ, നവജാതശിശുവിന്റെ കണ്ണിലേക്ക് നിർന്നിമേഷരായി നോക്കിയിരിക്കുമ്പോൾ, ഹൃദ്യമായൊരു ദൃശ്യത്തിനുമുന്നിൽ നിശ്ചലരായിപ്പോകുമ്പോൾ, നിലാവിനുമുന്നിൽ കുളിരണിയുമ്പോൾ, നമ്മളറിയാതെ നെഞ്ചിൽ കൈവെച്ചുപോകും.

ഒന്നും അവിടെ സാക്ഷാത്കരിക്കണമെന്നില്ല. സാക്ഷാത്കരിച്ച അനുഭവത്തിൽനിന്നുണ്ടാകുന്ന ഒരു പ്രാർഥനപോലെയാണത്. സാക്ഷാത്കരിക്കാൻവേണ്ടിയുള്ള പ്രാർഥനയല്ല. സമർപ്പണത്തിൽനിന്നുണ്ടാകുന്ന പ്രാർഥന. നമ്മൾതന്നെ ഭക്തിയായി മാറുന്ന അനുഭവം. ഭക്തിയും യുക്തിയുമൊക്കെ നമ്മളിൽനിന്ന്‌ വിട്ടുപോകുന്ന ഒരു നില.

അതൊരു സൗന്ദര്യാനുഭൂതിയുടെ ലോകമാണ്. യുക്തിയെ അതിലംഘിച്ച്‌ നിൽക്കുന്ന ഒരിടം. അത് മതവുമായി ബന്ധപ്പെട്ടതല്ല. അത് തികച്ചും പ്രകൃതിയുമായി, പ്രപഞ്ചവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു അനുഭൂതിക ലോകമാണ്.

ആത്മാനുഭൂതിയെന്നൊക്കെ പറയാവുന്ന ആ സൗന്ദര്യാനുഭൂതിയിൽ അധിഷ്ഠിതമായ ഒരു ആത്മീയത മനുഷ്യബോധത്തിന്റെ വികാസപരിണാമത്തിന് അത്യാവശ്യമാണെന്നുതന്നെയാണ് വിശ്വാസവും അനുഭവവും. അതുകൊണ്ടുതന്നെ വിഭാഗീയതയുടെ വിഷം വമിക്കാത്ത മിസ്റ്റികധാരകളുടെ സാന്നിധ്യം സമൂഹത്തിൽ അത്യാവശ്യമാണ്. ആ ഒരു ഇടത്താണ് അങ്ങുസൂചിപ്പിച്ച റാബിയ ബസ്റ്ററി, റൂമി, സെയ്‌ന്റ് ഫ്രാൻസിസ്, പൂന്താനം, മീര തുടങ്ങിയവരിൽനിന്നൊക്കെ ഉത്ഭുതമായ ദൈവസങ്കല്പത്തിന്റെ പ്രസക്തി. അതിൽ ജീവിതത്തെ ഉണർത്താൻ സഹായിക്കുന്ന സംഗീതവും സുഗന്ധവും വിപ്ലവാത്മകമായ ദർശനങ്ങളും ഏറെയുണ്ട്. അത്തരം ധാരകളെ സജീവമാക്കുന്നതിലൂടെയേ മതനിർജീവതയെ അതിജീവിക്കാനാവൂ എന്നുതന്നെയാണ് കരുതുന്നത്.

മതവും മതദൈവവും

മതം പ്രത്യക്ഷമായും പരോക്ഷമായും അന്യരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അകറ്റിനിർത്തേണ്ടവരെ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. അടുപ്പത്തേക്കാൾ അവിടെ അകലങ്ങളാണ് കൂടുതൽ. മതം ഞങ്ങളെന്നും നിങ്ങളെന്നും മനുഷ്യരെ വിഭജിക്കുന്നു. ഇത് മതത്തിന്റെ മാത്രം പ്രശ്നമല്ല, മനുഷ്യനിലൂടെയുണ്ടായ എല്ലാ ചിന്തകളുടെയും പ്രസ്ഥാനങ്ങളുടെയും പരിമിതിയാണ്. മതവും ആ പരിമിതിയിൽ ഉൾപ്പെടുന്നു എന്നുമാത്രം.

മതവും മതദൈവവും എന്നെ ഭയപ്പെടുത്തുന്നേയുള്ളൂ. യാതൊരു പ്രതീക്ഷയും നൽകുന്നില്ല. ആകാശത്തേക്കുയർന്നു നിൽക്കുന്ന ആരാധനാലയങ്ങൾ ആരെയോ തോൽപ്പിക്കാനുള്ള മത്സരത്തിലാണ്. സ്നേഹവും സാഹോദര്യവും ലാളിത്യവും എന്നേ മതദൈവങ്ങളിൽനിന്ന് പടിയിറങ്ങിപ്പോയി. പടിയിറങ്ങിപ്പോകാൻ അവിടെ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും ചോദിക്കാതെ വയ്യ.

പൗരോഹിത്യം ചൂഷണത്തിന്റെയും ധാർഷ്ട്യത്തിന്റെയും പര്യായമാണ്. ഞാൻ ശരി, നിങ്ങളെല്ലാം തെറ്റ് എന്നത് ആക്രോശിക്കുന്നു. ചിലരത് വൈകാരികമായി പ്രകടിപ്പിക്കുമ്പോൾ ചിലരോ തന്ത്രപരമായി ഉപയോഗിക്കുന്നു. ആത്യന്തികമായി മതത്തിനും മതദൈവത്തിനും മനുഷ്യബോധത്തെ ചൂഷണം ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന ചരിത്രമാണുള്ളത്. അത്യപൂർവമായി മാത്രമാണ് അവിടെ സുഗന്ധവാഹിയായ ഒരു പുഷ്പത്തെ അനുഭവിക്കാനാവുക.

ഇങ്ങനെയൊക്കെ പറയുമ്പോഴും പലമതസാരവുമേകം എന്ന നാരായണഗുരുവിന്റെ ദർശനത്തെ കാണാതെ പോകാനുമാവുന്നില്ല. വ്യത്യസ്തവും വിരുദ്ധവുമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടങ്ങളുണ്ടാവുകയെന്നത് ഒരു ജീവിയെന്ന നിലയിൽ മനുഷ്യസഹജമാണ്. എന്നാൽ, കൂട്ടങ്ങളും അവ അടിസ്ഥാനമാക്കുന്ന ദർശനങ്ങളും ലക്ഷ്യമാക്കുന്നത് സമാധാനമാണ് എന്നറിഞ്ഞ് പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു പാത വെട്ടിത്തെളിക്കാൻ മതങ്ങൾക്ക് കഴിയുമെന്ന പ്രതീക്ഷയും പ്രാർഥനയുമാണ് ആ ദർശനത്തിലുള്ളത്.

Content Highlights: Explain  who is God ? Religion belives and faith