ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാടായി നേരുന്നു ഒരേയൊരു ക്ഷേത്രമാണ് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ ഉറി വഴിപാടായി നേര്‍ന്നുകൊണ്ട് ക്ഷേത്രത്തില്‍ എല്ലാ രോഹിണിനാളിലും നടക്കുന്ന മഹാ സുദര്‍ശന ലക്ഷ്യ പ്രാപ്തി പൂജയില്‍ തങ്ങളുടെ പേരിലും നാളിലും പൂജ നടത്തിയാല്‍ ആഗ്രഹിക്കുന്നത് സാധിക്കുമെന്നാണ് വിശ്വാസം. വര്‍ഷങ്ങള്‍ക്ക് മുന്നേ  ഭഗവാന്റെ പ്രതിഷ്ഠാ സമയത്ത്  കൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളില്‍ വട്ടമിട്ടു പറന്നു എന്നാണു ഐതീഹ്യം. 

പത്തനംതിട്ട ജില്ലയില്‍ പന്തളത്തിനടുത്ത്  ഉളനാട് എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. ബാലരൂപത്തില്‍ പ്രതിഷ്ഠ ഉള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പതിമൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള ബാലഗോപാലനാണ് ഇവിടുത്തെ പ്രതിഷ്ഠ. എല്ലാ മലയാള മാസത്തിലേയും രോഹിണി നാളില്‍ മഹാസുദര്‍ശന ലക്ഷ്യപ്രാപ്തി പൂജ നടത്തി വരുന്നു. അനേകം ഭക്തര്‍ ആഗ്രഹ പൂര്‍ത്തീകരണ ശേഷം ഭഗവാന്റെ ഇഷ്ട വഴിപാടായ ഉറി  സമര്‍പ്പിക്കാറുണ്ട്.    

ഉദ്ധിഷ്ടകാര്യസിദ്ധിക്കു മാത്രമല്ല ഇവിടം പ്രസിദ്ധമായിട്ടുള്ളത്, സാധനങ്ങള്‍ കളഞ്ഞുപോയല്‍ പാല്‍പ്പായസം വഴിപാട് നേര്‍ന്നു ഭഗവാനെ വന്നു പ്രാര്‍ഥിച്ചാല്‍   സാധനം തിരികെ കിട്ടും എന്ന വിശ്വാസവുമുണ്ട്. എല്ലാ രോഹിണി നാളിലും നടത്തിവരുന്ന മഹാസുദര്‍ശന  ലക്ഷ്യ പ്രാപ്തി പൂജയില്‍ പങ്കെടുത്താല്‍  വിവാഹതടസം, ജോലിതടസം, സന്താന തടസം  ഇവ നീങ്ങുമെന്നാണ് വിശ്വാസം. കൂടാതെ എല്ലാ രോഹിണി നാളിലും 'രോഹിണിയൂട്ട് ' എന്ന ചടങ്ങും നടത്തിവരുന്നു.

ചിങ്ങമാസത്തിലെ ആണ്ടുപിറപ്പ് , ഉത്രാടം( ഉത്രടകാഴ്ച), തിരുവോണം, വിനായക ചതുര്‍ഥി , അഷ്ടമിരോഹിണി , കന്നിയിലെ പൂജവയ്പ്പ് ,വിദ്യാരംഭം , തുലാത്തിലെ ആയില്യം , വൃശ്ചികം ഒന്നുമുതല്‍ പന്ത്രണ്ടു വരെ നടക്കുന്ന  12 കളഭം അവതരചര്‍ത്ത് , മകരവിളക്ക്, കുംഭത്തിലെ കാര്‍ത്തിക  പൊങ്കാല, മീനത്തിലെ പ്രതിഷ്ഠാ രോഹിണി മഹോത്സവം, വിഷു എന്നിവ ഈ ക്ഷേത്രത്തില്‍ പ്രധാനമാണ്.

ക്ഷേത്രത്തില്‍ വരുവാന്‍ ചെങ്ങന്നൂര്‍ അടൂര്‍ എം.സി റോഡില്‍ കുളനട ജംഗ്ഷനില്‍ ഇറങ്ങി ഉളനാട് വഴി പോകുന്ന ബസ്സില്‍ കയറിയാല്‍ ക്ഷേത്രത്തില്‍ എത്താം. അനേഷണങ്ങള്‍ക്ക്-7902269122

Content Highlights: Ulanadu SriKrishnaswami Temple