ഭാരതീയ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും പാരമ്പര്യവും ഇഴചേരുന്നു. ക്ഷതത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത്, മനസിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം.
ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ ദൈവങ്ങള്‍ക്കു പാര്‍ക്കാനുളള ഇടങ്ങളല്ല, സമൂഹപ്രാര്‍ഥനയ്ക്കുളള സ്ഥലവുമല്ല. അവ നിര്‍മിക്കപ്പെട്ടിട്ടുളളത് അതിശക്തമായ ഊര്‍ജകേന്ദ്രങ്ങളായിട്ടാണ്. ആര്‍ക്കും അവിടെ പോകാം, ആ ചൈതന്യത്തിന്റെ പങ്കുപറ്റാം. ഭൗതികതയുടെ സ്വാധീനം അങ്ങേയറ്റം കുറച്ചുകൊണ്ടുവരിക, അതൊരു ശാസ്ത്രമാണ്. അതുതന്നെയാണ് ക്ഷേത്രങ്ങളുടേയും പ്രതിഷ്ഠകളുടേയും പിന്നിലുള്ള ശാസ്ത്രം.
വളരെ വിപുലമായ രീതിയില്‍ വിഗ്രഹനിര്‍മാണം നടത്തുന്ന ഒരിടമാണ് ഭാരതം. മറ്റു പല സംസ്‌കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറയാറുണ്ട്. അത് തെറ്റായ ധാരണയാണ്.
അവ ദൈവത്തിന്റെ വെറും പ്രതിരൂപങ്ങളല്ല, ശാസ്ത്രീയമായി സൃഷ്ടിച്ച ശക്തമായ ഊര്‍ജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നു വച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തിനെ കാണുന്നു, അവന്‍ നിര്‍മിക്കുന്നത് അവന്റെ തന്നെ പ്രതിഛായയെയാണ്. അതു തന്നെയാണ് ഈശ്വരന്‍ എന്ന പൂര്‍ണമായ ബോധ്യം ആളുകള്‍ക്കുണ്ട്.
'ദേഹോ ദേവാലയ പ്രോക്തു
ജീവേ ദേവ സദാശിവ'
എന്നാണ് യോഗശാസ്ത്ര ഗ്രന്ഥമായ 'കുളാര്‍വതന്ത്രം' പറയുന്നത്. അതായത് ദേഹം ദേവാലയമായി ചിത്രീകരിച്ചാല്‍ ജീവന്‍ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിലെങ്ങനെയാണോ ജീവന്‍ അതുപോലെയാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം. ക്ഷേത്രാരാധനായുടെ പ്രാഥമ ലക്ഷ്യം അവനവനില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തുകയാണ്.
ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും. ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും. പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും. ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും. ചന്ദനം, ഭസ്മം,തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും. ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു.
കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്‌പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു. ഇതാണ് ക്ഷേത്ര സങ്കല്‍പത്തിന്റെ പ്രാധാന്യം.
ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഒരു നാടിന്റെ ജീവല്‍നാഡിയാണ്. ഷഡാധാരക്രിയയിലൂടെയാണ് ക്ഷേത്രനിര്‍മാണവും വിഗ്രഹപ്രതിഷ്ഠയും നിര്‍വഹിക്കുന്നത്. 'വിഗ്രഹ' മെന്നാല്‍ വിശേഷാല്‍ ഗ്രഹിക്കുന്നതെന്നാണര്‍ത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായി പാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ ദേവചൈതന്യം കുടിയേറും. പ്രതിഷ്ഠാ കര്‍മത്തില്‍ കൂടി വിഗ്രഹത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന ഊര്‍ജത്തെ സ്വീകരിക്കലാണ് ക്ഷേത്ര ദര്‍ശനത്തിന്റെ ഉദ്ദേശം. അനേക കാരണങ്ങളാല്‍ ദിനംപ്രതി കുറയുന്ന ദേവചൈതന്യത്തെ വര്‍ദ്ധിപ്പിക്കുകയാണ് പൂജാരികളുടെ ധര്‍മ്മം.
പ്രതിഷ്ഠയില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജത്തെ സ്വീകരിക്കാനും വിധികളുണ്ട്. കുളിച്ച് ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞ ക്ഷേത്രമതില്‍ക്കകത്ത് പ്രവേശിക്കാന്‍. കുളിയും വൃത്തിയുമുള്ള വസ്ത്രവും ക്ഷേത്രദര്‍ശനത്തിന്റെ പ്രഥമകാര്യമാണ്. പാദരക്ഷകള്‍ അഴിച്ച് പുറത്ത് വെച്ച്, കൂപ്പുകൈ നെഞ്ചോട് ചേര്‍ത്ത് അകത്തെത്തുന്ന ഭക്തര്‍ പ്രദക്ഷിണം നടത്തണം. പ്രദക്ഷിണത്തെക്കുറിച്ച് തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്.
'പ്ര' ഛിന്നത്തി ഭയം സര്‍വ്വ, 'ദ' കാരോ മോക്ഷസിദ്ധിദഃ, 'ക്ഷി' കാരോ ത് ക്ഷീയതേ രോഗോ,'ണ' കാരം ശ്രീപദായകം. അതായത് 'പ്ര' എന്ന അക്ഷരം സര്‍വ്വ ഭയനാശത്തേയും, 'ദ' കാരം മോക്ഷത്തേയും, 'ക്ഷി' കാരം രോഗം അപരാധം എന്നവയുടെ ശമനത്തേയും, 'ണ' കാരം ഐശ്വര്യത്തെയും കുറിക്കുന്നു.
ദേവനെ കേന്ദ്രബിന്ദുവായി സങ്കല്‍പ്പിച്ച് നടത്തുന്ന പ്രദക്ഷിണം ബലി കല്ലുകള്‍ക്ക് പുറത്തുകൂടി വേണം. ചുറ്റുമതിലിന് പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന് അന്തര്‍മണ്ഡലത്തിലേതിലും ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ദേവനില്‍ നിന്ന് എത്ര അകന്ന് വലംവെച്ചാല്‍ അത്രയും നല്ലതാണെന്നര്‍ത്ഥം.
പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ തലയില്‍ എണ്ണക്കുടവുമായി അടിവെച്ചടിവെച്ച് നടക്കും പോലെ വേണം പ്രദക്ഷിണം എന്ന് യോഗശാസ്ത്രങ്ങള്‍ പറയുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ചും നാമം ചൊല്ലിയും വേണം പ്രദക്ഷിണം നടത്താന്‍. ധൃതി കൂടാതെ പൂര്‍ണ്ണ മനസ്സോടെ നടത്തുന്ന പ്രദക്ഷിണത്തിന് ഫലം കൂടുമത്രേ.
ഓരോ ദേവനുമുണ്ട് പ്രദക്ഷിണകണക്കുകള്‍. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, ദേവി, വിഷ്ണു, ശാസ്താവ് നാല്, സുബ്രമണ്യന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് ചിട്ട. ഒരു പ്രദക്ഷിണത്തില്‍ ദേവാരാധനക്കര്‍ഹരാകും. മൂന്നാമതോടെ മുക്തിയും പ്രാപ്യമാകുമെന്നാണ് 'ബ്രഹ്മനാരദീയം' പറയുന്നത്.