Lord Krishnaകൃഷ്ണനെ അറിയുക

കൃഷ്ണന്റെ ഉപദേശങ്ങൾ ഇന്നും പ്രസക്തമാണ്‌. നിങ്ങൾ തികഞ്ഞ ആത്മീയവാദിയായാലും തികഞ്ഞ ഭൗതികവാദിയായാലും ശ്രീകൃഷ്ണനെ കേൾക്കുന്നതും അറിയുന്നതും പ്രയോജനകരമാണ്‌. അത്‌ നിങ്ങളുടെ ജീവിതത്തെ കൂടുതൽ ജ്വലിപ്പിക്കും. ഉത്തേജിപ്പിക്കും. ജന്മാഷ്ടമി ആഘോഷിക്കുന്നതിന്റെ ഏറ്റവും ആധികാരികമായ മാർഗം നിങ്ങൾക്കൊരു ദ്വന്ദ്വജീവിതം എങ്ങനെ നയിക്കാനാവുമെന്ന്‌ തിരിച്ചറിയുകയാണ്‌. അതായത്‌ നിങ്ങൾ ഈ ഭൂമുഖത്തെ ഉത്തരവാദിത്വമുള്ളൊരു മനുഷ്യനാണെന്നും അതോടൊപ്പം തന്നെ നിങ്ങൾ എല്ലാ സംഭവങ്ങൾക്കും ഉപരിയാണെന്നും അഥവാ സ്പർശസാധ്യമല്ലാത്ത ബ്രഹ്മം തന്നെയാണെന്നും തിരിച്ചറിയുക.

കൃഷ്ണ എന്നാൽ ഏറ്റവും ആകർഷണീയം. ഏറ്റവും ആകർഷണീയമായത്‌ ദിവ്യത്വമാണ്‌. എല്ലാറ്റിനെയും തന്നിലേക്ക്‌ ആകർഷിക്കുന്ന ഊർജം. എല്ലായിടവുമുള്ള രൂപരഹിതകേന്ദ്രമാണ്‌ കൃഷ്ണൻ.സാധാരണക്കാരന്‌ ഈ ആകർഷണത്തിന്റെ പുറംതോടു മാത്രമേ കാണാനാകുന്നുള്ളൂ.

അതിന്റെ പിന്നിലുള്ള ഊർജം അവൻ തിരിച്ചറിയുന്നില്ല. ഈ പുറംതോടിനെ സ്വന്തമാക്കാൻ വെമ്പുമ്പോൾ കൃഷ്ണൻ അവന്റെ കുസൃതികാണിക്കുന്നത്‌ കാണാം. ശൂന്യമായ പുറംതോട്‌ മാത്രമാണ്‌ നിങ്ങളുടെ കൈകളിൽ കിട്ടുക.

നിങ്ങൾ രാധയെപ്പോലെ ബുദ്ധിയുള്ളവരാവുക. രാധയെ തന്റെ കൗശലത്തിൽ പെടുത്താൻ കൃഷ്ണനുകഴിഞ്ഞില്ല. കാരണം രാധയുടെ ലോകം മുഴുവൻ കൃഷ്ണൻ നിറഞ്ഞുനിന്നിരുന്നു. രാധയാകാനുള്ള, ശ്രീകൃഷ്ണനിലടുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്‌ ജന്മാഷ്ടമി: അത്‌ എന്തെന്നും എങ്ങനെയെന്നുമറിഞ്ഞ്‌ അത്‌ ആഘോഷിക്കുക.

ജന്മാഷ്ടമിയെന്ന തുലനാവസ്ഥ

യാഥാർഥ്യത്തിന്റെ ഗോചരവും അഗോചരവുമായ ഘടകങ്ങളുടെ സന്തുലിതാവസ്ഥയെയാണ്‌ അഷ്ടമി സൂചിപ്പിക്കുന്നത്‌. അതായത്‌ നമ്മുടെ കാഴ്ചയിൽപ്പെടുന്ന ഭൗതികലോകവും കാഴ്ചയ്ക്കപ്പുറമുള്ള ആത്മീയതലവും തമ്മിൽ ചേരുന്ന തുലനാവസ്ഥ.

ശ്രീകൃഷ്ണൻ ഒരേസമയം ഒരു ആധ്യാത്മികാചാര്യനും ഭൗതികതലത്തിൽ തികഞ്ഞൊരു  കൗശലക്കാരനുമാണ്‌. വ്യത്യസ്ത ധ്രുവങ്ങളുടെ കൃത്യമായ സംതുലനമാണ്‌ അദ്ദേഹത്തിന്റെ വ്യക്തിത്വം. ഒരുപക്ഷേ, അതിനാലാവണം അതിന്റെ ആഴമളക്കാൻ ആർക്കും സാധിക്കാത്തതും.

lord krishna by artist madananപ്രാണനെ സൂചിപ്പിക്കുന്ന വസുദേവരും ശരീരത്തെ പ്രതിനിധീകരിക്കുന്ന ദേവകിയും സംയോജിച്ച്‌ പരമാനന്ദസ്വരൂപമായ ശ്രീകൃഷ്ണൻ പിറവിയെടുത്തു. അഗാധമായ ജ്ഞാനവും തീവ്രമായ പ്രണയവും കൃഷ്ണനിലൂടെ നാം അറിയുന്നു. ഇന്ന്‌ ലഭ്യമായിട്ടുള്ള സകല ശ്രീകൃഷ്ണ ചിത്രങ്ങളിലും നീലഗാത്രനായിട്ടാണ്‌ കാണപ്പെടുന്നത്‌. അത്‌ ഭൗതിക ശരീരത്തിന്റെ നിറമല്ല. അനന്തതയുടെയും അപാരതയുടെയും പ്രതീകമാണ്‌. 

കംസൻ അഹംബോധത്തിന്റെ പ്രതീകമാണ്‌. അനന്തതയെ ദർശിക്കാൻ തടസ്സമാവുന്നത്‌ അഹംഭാവമാണ്‌. പരമാനന്ദത്തിന്റെ ഇനിയും തുറക്കപ്പെടാത്ത വാതിലുകൾ തുറക്കാൻ പ്രതിബിംബമായി എപ്പോഴും നിൽക്കുന്നത്‌ ഈ ബോധമാണ്‌. കാവൽക്കാർ ഉറങ്ങിയ സമയത്ത്‌ വസുദേവർ കൃഷ്ണനെ അമ്പാടിയിലെത്തിച്ചു എന്ന്‌ നാം കേട്ടിരിക്കുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങളാണ്‌ ഈ കാവൽക്കാർ.

പഞ്ചേന്ദ്രിയങ്ങളുടെ വികൃതികളാൽ നാം മായികക്കാഴ്ചകളാൽ കുടുങ്ങിപ്പോകുന്നു. ഇവ കൗശലക്കാരാണ്‌. എപ്പോഴും നമ്മെ പുറത്തേക്ക്‌ വലിച്ചുകൊണ്ടുപോകും. ഇന്ദ്രിയങ്ങളെ നിയന്ത്രണ വിധേയമാക്കി പുറംകാഴ്ചകളിൽ നിന്ന്‌ പിന്തിരിഞ്ഞ്‌ മിഴികൾ പൂട്ടി ഉള്ളിലേക്ക്‌ നോക്കാൻ നമുക്ക്‌ എപ്പോൾ സാധിക്കുന്നുവോ അപ്പോൾ നാം ഉള്ളിലെ അനന്തത അനുഭവിച്ചറിയുന്നു. ധ്യാനാവസ്ഥയിൽ നാം അനുഭവിക്കുന്ന ഈ ചൈതന്യമാണ്‌ ഈശ്വരൻ അഥവാ ഗുരു.