ശിവതത്ത്വത്തെക്കുറിച്ച് നമുക്ക് കുറച്ചുകാര്യങ്ങൾ മനസ്സിലാക്കാം;  നമ്മുടെ ബുദ്ധിശക്തി സംതൃപ്തമാകേണ്ടിയിരിക്കുന്നു. ഏറ്റവും സൂക്ഷ്മമായഭാവങ്ങൾ നമ്മിൽ ഉണരണം. പൂർണവും പവിത്രവുമായ സംതൃപ്തി നമ്മിൽ കൊണ്ടുവരണമെന്നുണ്ടെങ്കിൽ ശാസ്ത്രീയമായ അറിവുകളും ആധ്യാത്മികമായ വിവേകവും അത്യാവശ്യമാണ്.

ഈശ്വരനെ കണ്ടെത്താനായി ഒരു നീണ്ട തീർഥയാത്രയുടെ ആവശ്യമില്ല. നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ ഈശ്വരനെ കണ്ടെത്താനായില്ലെങ്കിൽ നിങ്ങൾ എവിടെപ്പോയാലും അവിടെ ഈശ്വരനെ കണ്ടെത്താനാവില്ല. എവിടെ മനസ്സ് ലയിച്ചില്ലാതാകുന്നുവോ അവിടെ ശിവൻ ഉണ്ട്‌. നിങ്ങൾ എവിടെയാണോ അവിടെ ‘നിങ്ങളെ’ സ്ഥാപിക്കുക. ഏത് നിമിഷത്തിൽ നിങ്ങളെ സ്വയം പ്രതിഷ്ഠിക്കുന്നുവോ, നിങ്ങൾ എപ്പോൾ സ്വയം കേന്ദ്രീകൃതമാകുന്നുവോ അപ്പോൾ നിങ്ങൾക്കറിയാനാകുന്നു, ഈശ്വരൻ എല്ലായിടത്തും നിറഞ്ഞുനിൽക്കുകയാണെന്ന്. ഇതാണ് ധ്യാനം! ഭഗവാൻ ശിവന്റെ പല പേരുകളിൽ ഒന്നാണ് വിരൂപാക്ഷൻ. അതായത്, വിരൂപന്മാരിൽ പോലും കൃപാദൃഷ്ടിയുള്ളവൻ. ഏതൊന്നിനെ കണ്ടാലും അതിൽ രൂപം ദർശിക്കാത്തവൻ. രൂപങ്ങൾക്കതീതൻ. രൂപങ്ങൾക്കതീതമായത് എപ്പോഴും നിലനിൽക്കുന്നു. അതാണ് വിരൂപാക്ഷൻ.

നമുക്കറിയാം, നമുക്കുചുറ്റും വായുവുണ്ടെന്ന്. നമുക്ക് വായുവിനെ അനുഭവിച്ചറിയാനും കഴിയുന്നു. എന്നാൽ വായുവിന് നിങ്ങളെ അനുഭവിച്ചറിയാൻ കഴിയുന്നുണ്ടോ? നമുക്കുചുറ്റും ആകാശമുണ്ട്‌. നമുക്ക് ആകാശത്തെ തിരിച്ചറിയാനും കഴിയുന്നു. എന്നാൽ, ആകാശത്തിന് നിങ്ങളുടെ സാന്നിധ്യം തിരിച്ചറിയാനും അനുഭവിക്കാനും കഴിയുന്നുണ്ടോ? എന്നാൽ, ഇതൊക്കെ സംഭവിക്കുകയാണ്. നമുക്കറിയില്ല എന്നുമാത്രം. അതേസമയം ശാസ്ത്രജ്ഞന്മാർക്ക് ഇതിനെക്കുറിച്ചറിയാം. അവർ ഇതിനെക്കുറിച്ച് പറയുന്നത് ആപേക്ഷികസിദ്ധാന്തം എന്നാണ്.  കാണുന്നയാളും  കാണുന്ന കാഴ്ചയും കാണൽ എന്ന പ്രക്രിയയെ പ്രവർത്തിപ്പിക്കുന്നു.

ഈശ്വരന് രൂപമൊന്നുമില്ല. അരൂപിയായ അകക്കാമ്പായി ഈശ്വരൻ എങ്ങും നിലകൊള്ളുകയാണ്. എല്ലാത്തിന്റെയും ലക്ഷ്യവും ഉദ്ദേശ്യവുമായി അവൻ നിലകൊള്ളുന്നു. അവൻ തന്നെയാണ് കാണുന്നയാൾ. കാഴ്ചയും അവൻ തന്നെ. കാണൽ എന്ന പ്രക്രിയയും അവൻ തന്നെ. അരൂപിയായ ഈ ദിവ്യതയാണ് ശിവൻ. നിങ്ങൾ കേവലം ഉണർന്ന് ശിവതത്ത്വത്തെ അനുഭവിച്ചറിയുന്നതിനെയാണ് ‘ശിവരാത്രി’ എന്നുപറയുന്നത്.

സാധാരണരീതിയിൽ ആഘോഷങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ജാഗരൂകത നഷ്ടപ്പെടാറുണ്ട്‌. എന്നാൽ, ആഘോഷങ്ങളിൽ അഗാധമായ വിശ്രമവും ഒപ്പം, ജാഗരൂകതയും ഉണ്ടാകുമ്പോൾ അത് ശിവരാത്രിയാകുന്നു. ചില പ്രശ്നങ്ങളെ നിങ്ങൾ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾക്ക് ജാഗരൂകതയുണ്ടാകുന്നു; നിങ്ങൾ ജാഗ്രതയുള്ളവരായി മാറുന്നു. എന്നാൽ, കാര്യങ്ങൾ എല്ലാം ശരിയായി നടക്കുമ്പോൾ, പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ നിങ്ങൾ വിശ്രമാവസ്ഥയിലുമാകുന്നു. അതേസമയം, ശിവരാത്രിയിൽ നിങ്ങൾ ജാഗരൂകതയോടൊപ്പം വിശ്രാന്തി അനുഭവിക്കുന്നു. പൊതുവേ നാം പറയാറുണ്ട്‌, ഒരു യോഗി ഉണർന്നിരിക്കുമ്പോൾ മറ്റുള്ളവരെല്ലാം ഉറങ്ങുന്നുവെന്ന്. ഒരു യോഗിയെ സംബന്ധിച്ചിടത്തോളം ഓരോ ദിവസവും അയാൾക്ക് ശിവരാത്രിയാകുന്നു.

തപോ യോഗ ഗമ്യ

തപസ്സിലൂടെയും യോഗയിലൂടെയും ഒരാൾക്ക് അറിയാൻ കഴിയുന്നതിനെയാണ് ‘തപോ യോഗ ഗമ്യ’ എന്ന് പറയുന്നത്. വേദത്തിൽ പറയുന്ന അറിവിലൂടെ ശിവതത്ത്വത്തെ അനുഭവിച്ചറിയാനാകുന്നു. ‘ശിവോഹം’ (ഞാൻ ശിവൻ തന്നെയാണ് എന്ന അറിവ്) എന്ന സ്ഥിതിയിൽ എത്തിച്ചേരുന്നു. ‘ശിവകേവലോഹം’ (ശിവൻ മാത്രമേയുള്ളൂ) എന്ന അവസ്ഥയെ നാം ആർജിക്കുന്നു. ശിവരാത്രിദിവസം ആനന്ദത്തിന്റെ തരംഗങ്ങളെയും സമ്പൂർണമായ സംതൃപ്തിയെയും നാം അനുഭവിച്ചറിയുന്നു.

യോഗ കൂടാതെ ശിവനെ അനുഭവിച്ചറിയാനാകില്ല.  ശിവതത്ത്വത്തെ അനുഭവിച്ചറിയുന്നതാണ് യോഗ.‘ശംഭോ’ എന്ന വാക്ക് ഇതേ ഉത്ഭവസ്ഥാനത്തുനിന്ന് വന്നുഭവിക്കുന്നതാണ്. എത്ര സുന്ദരമാണ് ഈശ്വരൻ എന്ന് സാക്ഷാത്കരിക്കുകയാണിവിടെ. സൃഷ്ടിയും ആത്മസ്വരൂപവും എത്ര സുന്ദരമാണ്! ഒരേബോധം തന്നെയാണ് എല്ലാ സൃഷ്ടികളിലും എന്നറിയുന്നത് എന്തൊരദ്ഭുതമാണ്! യോഗയും ധ്യാനവും ഇവിടെ ആവശ്യമാണ്. ധ്യാനം കൂടാതെ മനസ്സ് ശാന്തമാകില്ല. 

പഞ്ചമുഖ-പഞ്ചതത്ത്വം

ശിവന് അഞ്ച് മുഖങ്ങളുണ്ട്‌ : ജലം, വായു, ഭൂമി, അഗ്നി, ആകാശം. ഈ പഞ്ചഭൂതങ്ങളെ മനസ്സിലാക്കുന്നതിനെയാണ് തത്ത്വജ്ഞാനം എന്നുപറയുന്നത്. ശിവനെ അഷ്ടമൂർത്തിയായും ആരാധിക്കുന്നു. അഷ്ടമൂർത്തിയുടെ എട്ട് രൂപങ്ങൾ ഏതൊക്കെയാണ്: മനസ്സ്, ഓർമ, അഹം ഇവ മൂന്നും പിന്നെ പഞ്ചഭൂതങ്ങളും ചേർന്നതാണ് അഷ്ടരൂപങ്ങൾ-രൂപമുള്ളതും രൂപമില്ലാത്തതുമായ ശിവന്റെ ഭാവങ്ങൾ!
ശിവനെ ആരാധിക്കുക എന്നാൽ, ശിവതത്ത്വത്തിൽ ലയിച്ചുചേരുക എന്നാണ്. എന്നിട്ട് എല്ലാ നന്മകൾക്കുംവേണ്ടി നാം പ്രാർഥിക്കുന്നു. എന്താണ് പ്രാർഥിക്കുന്നത്? മുക്തമായ ഹൃദയത്തോടെ ലോകനന്മയ്ക്കുവേണ്ടി പ്രാർഥിക്കുന്നു.  ഈ ലോകത്ത് എല്ലാവരും സന്തുഷ്ടരായിരിക്കണം എന്നാണ് പ്രാർഥന: ‘സർവ്വേ ജനഃ സുഖിനോ ഭവന്തു.’ 

സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വക്രതയില്ലാത്ത മനസ്സോടെ, നൈപുണ്യത്തോടെ പ്രവർത്തിക്കുമ്പോൾ നിഷേധവികാരങ്ങളായ ദേഷ്യവും അസ്വസ്ഥതകളും ദുഃഖവുമെല്ലാം മനസ്സിലേക്ക് കടന്നുവരാനുള്ള പ്രവണത ഇല്ലാതാകുന്നു. നിങ്ങളുടെ പിരിമുറുക്കങ്ങളും അസ്വസ്ഥതകളും വിഷമങ്ങളും ദക്ഷിണയായി നൽകാൻ ഞാൻ പറയുന്നു. എങ്ങനെ അത് സംഭവിക്കും? സാധനയിലൂടെയും സേവയിലൂടെയും സത്‌സംഗിലൂടെയും അത് സംഭവിക്കുന്നു. സൂക്ഷ്മഭാവങ്ങളുടെയും ശ്രദ്ധയുടെയും സമുദ്രത്തിലലിഞ്ഞുചേരാനായി നിങ്ങളുടെ ബുദ്ധിശക്തിയാകുന്ന വഞ്ചിയിൽ സഞ്ചരിക്കുക!

(2017 ശിവരാത്രി ദിനത്തില്‍ പ്രസിദ്ധീകരിച്ചത്. )