'ന്നെ ആരും കണ്ടിട്ടില്ലെന്ന് മനുഷ്യന്‍ കരുതുന്നുവോ? അവന് രണ്ടു കണ്ണുകള്‍ നാം നല്‍കിയില്ലേ? നാവ് നല്‍കിയില്ലേ? അധരങ്ങള്‍ നല്‍കിയില്ലേ? നന്മയുടെയും തിന്മയുടെയും മാര്‍ഗങ്ങളും കാണിച്ചുതന്നില്ലേ? എന്നിട്ടും എന്തുകൊണ്ടവന്‍  മലമ്പാത താണ്ടിയില്ല? അറിയുമോ ഈ മലമ്പാത? അത് അടിമത്തം ഇല്ലാതാക്കുന്നതാണ്. അല്ലെങ്കില്‍ ബന്ധപ്പെട്ട അനാഥര്‍ക്കും അഗതികള്‍ക്കും പട്ടിണിനാളില്‍ ഭക്ഷണമെത്തിച്ചുകൊടുക്കലാണ്.' -വി.ഖുര്‍ആന്‍ 90/ 716

അശരണരെ സംരക്ഷിക്കുകയെന്നത് ഒരു മഹാത്യാഗമാണെന്നും അത് നിര്‍വഹിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണെന്നുമാണ്  ഈ വചനങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. അബലരെ സംരക്ഷിക്കുകയെന്നത് ആരാധനയാണ്. പ്രാര്‍ഥന നിര്‍വഹിക്കുന്നതോടൊപ്പം സക്കാത്തുകൂടി നല്‍കണമെന്ന് മുപ്പതുതവണയെങ്കിലും ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു.  കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞ് പ്രാര്‍ഥിക്കുന്നതുകൊണ്ടുമാത്രം  പുണ്യം ലഭിക്കില്ല; മറിച്ച് സമ്പത്ത് ദൈവമാര്‍ഗത്തില് ചെലവഴിക്കുന്നതാണ് പുണ്യമെന്ന് ഖുര്‍ആന്‍. (2/177). 

ധനം ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുക എന്നാര്‍ പള്ളിയോ മന്ദിരങ്ങളോ നിര്‍മിക്കുകയോ ദൈവപ്രകീര്‍ത്തനങ്ങള്‍ക്കുവേണ്ടി പണമൊഴുക്കുകയോ അല്ല. ദൈവമാര്‍ഗം എന്നതുകൊണ്ട് അര്ഥമാക്കുന്നത് അടുത്തവര്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും പാവം പഥികര്‍ക്കും ആവശ്യക്കാര്‍ക്കും അടിമത്തനിര്‍മാര്‍ജനത്തിനും വേണ്ടി സമ്പത്ത് ചെലവഴിക്കുക എന്നതാണ്. കര്‍മത്തില്‍  നിസ്വാര്‍ഥത വരുത്തണമെങ്കില്‍ താന്‍ചെയ്യുന്ന എല്ലാ കര്‍മങ്ങളും ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് മാത്രമാണെന്നും മറ്റൊരു താത്പര്യത്തിനുമല്ലെന്നും വിശ്വാസിക്ക് ഉറപ്പുണ്ടാവണം. എങ്കിലേ കര്‍മത്തിന് ദൈവത്തിന്റെ സമ്മാനം ലഭിക്കൂ. 

മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയല്ല, മറിച്ച് ദൈവപ്രീതി ലക്ഷ്യമാക്കി സമൂഹത്തോടുള്ള ബാധ്യത നിറവേറ്റുക എന്നതാവണം വിശ്വാസിയുടെ ലക്ഷ്യം. സമ്പത്ത് ലഭിക്കുമ്പോള്‍ അതിന്റെ നിശ്ചിതവിഹിതം ദൈവമാര്‍ഗത്തില്‍ ചെലവാക്കണം. അതില്‍ അധ്വാനിച്ചവര്‍ക്കുമുണ്ട് ഒരുപങ്ക്. ഒരു തൊഴിലാളി അധ്വാനിക്കാന്‍ കഴിയാതെ രോഗിയോ ദുര്‍ബലനോ ആയാല്‍ പോലും ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് അവനെ സംരക്ഷിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. അതിന് സര്‍ക്കാറിന്റെയോ മറ്റേതെങ്കിലും  ഏജന്‍സിയുടെയോ കനിവിന് വിശ്വാസി കാത്തുനില്‍ക്കേണ്ടതില്ല.  

സമ്പത്തില്‍നിന്ന് മിച്ചം (അഫ്വ്) വരുന്നതെന്തോ അതൊക്കെ  ദൈവനിര്‍ദേശപ്രകാരം അതത് സമയത്തുതന്നെ ചെലവഴിക്കണം. ദൈവവിഹിതം ചെലവഴിക്കാതെ മരണംവരെ സൂക്ഷിച്ചുവെക്കരുത് (63/10). സമ്പത്തില്‍നിന്ന് നിര്‍ബന്ധമായി ചെലവഴിക്കുന്നതിന് പുറമേ, സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും വിശ്വാസി ബാധ്യസ്ഥനാണ്. സക്കാത്ത് നല്‍കാന്‍ വിസമ്മതിക്കുന്നവരോട് യുദ്ധം ചെയ്യണമെന്നാണ് നിര്‍ദേശം. 

പാവപ്പെട്ടവന്റെ ധനം പിടിച്ചുവെക്കുകയോ അപഹരിക്കുകയോ ചെയ്യുന്നവരെക്കുറിച്ചുള്ള വചനം: അനാഥരുടെ സ്വത്ത് അക്രമമായി ഭുജിക്കുന്നവന്‍ അവന്റെ വയറ്റില്‍ തീയാണ് നിറയ്ക്കുന്നത്. ആളിക്കത്തുന്ന അഗ്നിയില്‍ അവന്‍ കത്തിയെരിയുകതന്നെ ചെയ്യും (4/10). ആത്മാവിനെ ശരീരത്തില്‍നിന്ന് വേര്‍പെടുത്തുന്ന നേരത്ത് മുസ്ലിംകളില്‍ മൂന്നു വിഭാഗക്കാര്‍ ശക്തമായ വേദന അനുഭവിക്കും. ഒന്ന്: അനീതി ചെയ്യുന്ന ഭരണാധികാരികര്‍, രണ്ട്: അനാഥരുടെ ധനം കൈയടക്കിയവര്‍, മൂന്ന്: കള്ളസാക്ഷി പറയുന്നവന്‍ (നബിവചനം).

(2016 റംസാന്‍ പ്രത്യേക പേജില്‍ പ്രസിദ്ധീകരിച്ചത്‌)