''കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കലല്ല പുണ്യം. പ്രത്യുത അല്ലാഹുവിലും അന്ത്യനാളിലും  മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകരിലും വിശ്വസിക്കുകയും ധനത്തോടു പ്രതിപത്തിയുണ്ടായിരിക്കെത്തന്നെ ബന്ധുക്കള്‍, അനാഥര്‍, ദരിദ്രര്‍, യാത്രക്കാര്‍, യാചകര്‍ എന്നിവര്‍ക്കും  അടിമവിമോചനത്തിനും അതു നല്‍കുകയും നമസ്‌കാരം യഥാവിധി നിര്‍വഹിക്കുകയും സകാത്ത് കൊടുക്കുകയും ഏര്‍പ്പെട്ട കരാറുകള്‍ പൂര്‍ത്തീകരിക്കുകയും വിഷമതകളും കഷ്ടപ്പാടുകളും വന്നെത്തുമ്പോഴും യുദ്ധരംഗത്താകുമ്പോഴും ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നവര്‍ ആരോ അവരാണ് പുണ്യവാന്മാര്‍. സത്യസന്ധത പാലിച്ചവരും ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവരും അവര്‍തന്നെ'' വി. ഖുര്‍ആന്‍ (2.177)

ഏതുകാര്യങ്ങളുടെയും മര്‍മം വിശ്വാസത്തിലാണ്. പ്രകടമായ വേഷഭൂഷാദികള്‍കൊണ്ടോ വാക്ചാരുത കൊണ്ടോ ആരെയും വിലയിരുത്താനാകില്ല.   യഥാര്‍ഥവിശ്വാസിയുടെ മുഴുവന്‍ വിശേഷണങ്ങളും മുകളിലെ സൂക്തത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തിരുനബിയുടെ സമീപത്തെത്തി ഒരാള്‍ വിശ്വാസത്തിന്റെ വിവക്ഷ തേടിയപ്പോള്‍ പ്രസ്തുതവചനമാണ് ഓതിക്കൊടുത്തതെന്ന് പ്രമുഖ സഹാബിവര്യനായ അബൂദര്‍ പറയുന്നു.

അല്ലാഹുവിലും അന്ത്യനാളിലും വേദങ്ങളിലും പ്രവാചകരിലുമുള്ള വിശ്വാസമാണ് അതിപ്രധാനം. പിന്നെ ധനവ്യയവും. ധനസമ്പാദനത്തിനായി രക്തബന്ധങ്ങള്‍ക്കുപോലും വിലനല്‍കാതിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ധനത്തോടുള്ള സ്നേഹവും ആര്‍ത്തിയും ചിലരുടെ ഹൃദയത്തില്‍ എപ്പോഴുമുണ്ടായിരിക്കും. എന്നാല്‍, ആ ധനപ്രതിപത്തി നിലനില്‍ക്കെത്തന്നെ അനാഥര്‍ക്കും ദരിദ്രര്‍ക്കും യാത്രക്കാര്‍ക്കും യാചകര്‍ക്കും  അതുപോലുള്ള പുണ്യകര്‍മങ്ങള്‍ക്കും സദ്പ്രവൃത്തികള്‍ക്കുമൊക്കെവേണ്ടി ധനം വിനിയോഗിക്കണം. അതിലാണ് പുണ്യം കുടികൊള്ളുന്നത്.

പുരാതന അടിമത്തസമ്പ്രദായം അവസാനിച്ചിട്ടുണ്ടെങ്കിലും അതിനെക്കാള് ഹീനമായി ആയിരങ്ങള്‍ ഇന്നും അനൗദ്യോഗിക അടിമകളായി കഴിഞ്ഞുകൂടുന്നുണ്ട്. നമസ്‌കാരമാണ് മറ്റൊരു പ്രധാനകര്‍മം. അത് കൃത്യമായി നിലനിര്‍ത്താന് വിശ്വാസി ബാധ്യസ്ഥനാണ്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസം നമസ്‌കാരത്തിലാണെന്നാണ് തിരുവചനം.

നമസ്‌കാരത്തെ പരാമര്‍ശിക്കുന്ന മിക്ക സ്ഥലങ്ങളിലും നിലനിര്‍ത്തുക (ഇഖാമത്ത്) എന്ന പദസഹിതമാണുള്ളത്. മനുഷ്യന് ശാരീരികസംസ്‌കരണം നമസ്‌കാരത്തിലൂടെയും സാമ്പത്തികസംസ്‌കരണം സക്കാത്ത്  എന്ന നിര്‍ബന്ധദാനത്തിലൂടെയും  സാധ്യമാകും. പിന്നെ കരാര്‍ പൂര്‍ത്തീകരണമാണ്. മാന്യതയും സംസ്‌കാരവുമുള്ളവരുടെ മുഖമുദ്രയും ലക്ഷണവും എല്ലാ സമൂഹത്തിലും കരാര്‍ പാലിക്കലാണ്. ഇസ്ലാം അതിന് മികച്ചപ്രാധാന്യമാണ് നല്കിയത്. 

കരാര്‍ലംഘനം കപടവിശ്വാസിയുടെ ലക്ഷണമായിട്ടാണ് പ്രവാചകന് എണ്ണിയത്. സഹനമാകട്ടെ, ജീവിതവിജയത്തിന് ഒഴിച്ചുകൂടാനാവാത്ത വിശേഷണവും. എത് പ്രതിസന്ധിഘട്ടത്തിലും അതിനു സാധിക്കുന്നവന് സൗഭാഗ്യവാനും മോക്ഷം പ്രാപിച്ചവനുമായിരിക്കും. അതുകൊണ്ടാണ് ദരിദ്രാവസ്ഥയിലും രോഗാവസ്ഥയിലും യുദ്ധസന്ദര്‍ഭങ്ങളിലുമൊക്കെ ക്ഷമകൊള്ളാന്‍ ഇസ്ലാം പഠിപ്പിക്കുന്നത്. ഇതെല്ലാം ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരും ദോഷബാധയെ സൂക്ഷിക്കുന്ന ഭക്തഹൃദയരുമായിരിക്കും അവര്‍.