''അന്ത്യനാളില്‍ അല്ലാഹുവിന്റെ പക്കല്‍ സമ്പത്തോ സന്താനങ്ങളോ ഉപകരിക്കില്ല. ആര് കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയോ അവര്‍ക്ക് സ്വര്‍ഗം വളരെ അടുത്തായിരിക്കും'' -വി.ഖുര്‍ആന്‍26/8890.

വിശ്വാസം സ്വത്വവുമായി ബന്ധപ്പെട്ടതാണ്. എല്ലാ മനഃശാസ്ത്രപ്രതിഭാസങ്ങളും സ്വത്വത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. സ്വത്വത്തെ ഖുര്‍ആന്‍ ഹൃദയം എന്നര്‍ഥംവരുന്ന ഖല്‍ബ് എന്നാണ് വിളിക്കുന്നത്. ശരീരത്തിന്റെ രക്തസഞ്ചാരകേന്ദ്രമായ ഹൃദയം എന്ന മാംസപിണ്ഡത്തെയല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യന്റെ ശാരീരിക-മാനസിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ആത്മീയാസ്തിത്വമാണത്. ഇമാം ഗസ്സാലി നാല് അറബിപദങ്ങളിലൂടെ സ്വത്വത്തെ വ്യക്തമാക്കുന്നു. ഖല്‍ബ് (ഹൃദയം), റൂഹ്(ആത്മാവ്), നഫ്സ്(സ്വത്വം), അഖ്ല്(ബുദ്ധി) എന്നിങ്ങനെ. ഈ പദങ്ങളെല്ലാം ആത്മീയയാഥാര്‍ഥ്യങ്ങളെ സൂചിപ്പിക്കുന്നു. 

ആന്തരികമായ ഇന്ദ്രിയങ്ങളുടെ ആസ്ഥാനമാണ് ഖല്‍ബ്. എന്നാല്, പഞ്ചേന്ദ്രിയംപോലെ ആന്തരികഹൃദയങ്ങള്‍ക്ക് പ്രത്യേകമായ അവയവങ്ങളില്ല. തലച്ചോറിന്റെ വിവിധഭാഗങ്ങളിലാണ് അതിന്റെ സ്ഥാനം. ബാഹ്യേന്ദ്രിയങ്ങള്‍ നല്‍കുന്ന ജ്ഞാനത്തെ ആന്തരികേന്ദ്രിയങ്ങള്‍ വിശകലനംചെയ്യുകയും ഗുണ-ദോഷ വശങ്ങള്‍ വേര്‍തിരിച്ചുകൊടുക്കുകയും ചെയ്യുന്നു. ദൈവികമായ ജ്ഞാനമാണ് ഹൃദയത്തിന് ഈ കഴിവ് നല്‍കുന്നത്. ഹൃദയത്തിന്റെ നിര്‍ദേശമനുസരിച്ച് ബാഹ്യേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ബാഹ്യേന്ദ്രിയങ്ങളെ കഠിനപരിശ്രമങ്ങളിലൂടെ ഇതിന് പാകമാക്കിയെടുക്കണം. ഈ പരിശീലനമാണ് വ്രതം നല്‍കുന്നത്. ബാഹ്യ, ആന്തരിക ഇന്ദ്രിയങ്ങള്‍ പരസ്പരം അറിഞ്ഞുപ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യന് സമാധാനചിത്തനായിത്തീരുന്നു. കാരണം, മനസ്സിനെ മഥിക്കുന്ന മോഹങ്ങളോട് അവന് വിടപറയുകയായി. ഈ പ്രക്രിയയെയാണ് ഖുര്‍ആന്‍ സ്വത്വസംസ്‌കരണം(തസ്‌കിയ്യതുന്നഫ്സ്) എന്ന് പറയുന്നത്.

അല്ലാഹുവിന്റെ ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടിയാണ് മനുഷ്യന്‍. ശരീരവും മനസ്സും ഉള്‍പ്പെട്ടതാണ് മനുഷ്യന്റെ വ്യക്തിത്വം. മനസ്സ് ആന്തരികഹൃദയ(മനസ്സ്)ത്തെയും ശരീരം ബാഹ്യഹൃദയത്തെയും സൂചിപ്പിക്കുന്നു. രണ്ടുഹൃദയങ്ങളുടെയും സന്തുലിതാവസ്ഥയാണ് മനുഷ്യന് മാനവികത സൃഷ്ടിച്ചുകൊടുക്കുന്നത്. ശാരീരികമായുള്ള മനുഷ്യന്റെ സൃഷ്ടിപ്പ്(ഖല്ഖ്) മറ്റുജീവികളുടേതുപോലെത്തന്നെയാണ്. എന്നാല്‍, മനുഷ്യനെ ഇതരജീവികളില്‍നിന്ന് വേര്‍തിരിക്കുന്നത് മനസ്സിന്റെ വിശകലനത്തിലൂടെ മനുഷ്യന് ലഭ്യമാകുന്ന വ്യക്തിത്വഗുണ(ഖുലുഖ്)ങ്ങളാണ്. മനുഷ്യന് തന്റെ ഉത്കൃഷ്ടത വെളിപ്പെടുത്തുന്നത് ശരീരസൗന്ദര്യത്തിലൂടെയല്ല, ആന്തരികസൗന്ദര്യത്തിലൂടെയാണ്. ശരീരത്തെ മനസ്സിന് കീഴ്പ്പെടുത്തുമ്പോഴേ ആന്തരികസൗന്ദര്യവും അതുവഴി ഉത്കൃഷ്ടതയും പ്രകടമാവൂ.  ''അല്ലാഹു നോക്കുന്നത് നിങ്ങളുടെ ശരീരങ്ങളിലേക്കല്ല, ഹൃദയങ്ങളിലേക്കാണ്.''

വിശ്വാസമാണ് ഖല്‍ബിനെ നിലനിര്‍ത്തുന്നത്. ഉത്കൃഷ്ടഗുണങ്ങളുടെ കേദാരമായ അല്ലാഹുവില്‍ വിശ്വസിക്കുമ്പോള്‍ ആ ഗുണങ്ങള്‍ ഖല്‍ബ് വഴി മനുഷ്യനിലെത്തും. വിശ്വാസി തന്റെ ഹൃദയത്തെ അല്ലാഹുവിന് സമര്‍പ്പിക്കുമ്പോള്‍ അല്ലാഹു തന്റെ ഗുണങ്ങള്‍കൊണ്ട് അവനെ ശുദ്ധീകരിച്ചുകൊണ്ടിരിക്കും. ''ആരു ദൈവത്തില്‍ വിശ്വസിക്കുന്നുവോ ദൈവം അവന്റെ ഹൃദയത്തിന് വഴികാട്ടിയാവും. അവന് സര്‍വജ്ഞനാണല്ലോ'' (64/11).