തമിഴ്‌നാട്ടിലെ ദേവീക്ഷേത്രങ്ങളിലാണ് പൊങ്കാല പതിവുള്ളത്. പൊങ്ങുക എന്ന തമിഴ് പദത്തില്‍ നിന്നാണ് പൊങ്കാല രൂപപ്പെടുന്നത്. ദൈവത്തിനുമുന്നില്‍ തല വണങ്ങുമ്പോഴും ആത്മാവിന്റെ ഉയര്‍ച്ചയാണ് പൊങ്കാലയിലൂടെ ഉദ്ദേശിക്കുന്നത്. അത് ദൈവത്തിന് മുന്നിലെ ആത്മസമര്‍പ്പണവുമാണ്. 

ദേവീപ്രീതിക്ക് മാത്രമല്ല, പ്രകൃതിയെ വണങ്ങാനും തമിഴര്‍ പൊങ്കാല അര്‍പ്പിച്ചിരുന്നു. തൈപ്പൊങ്കലും മാട്ടുപ്പൊങ്കലും ഇത്തരത്തിലുള്ള ആചാരമാണ്. സൂര്യനെ സാക്ഷിനിര്‍ത്തിയായിരുന്നു ഈ പൊങ്കാലകള്‍. മണ്‍കലങ്ങളില്‍ തയ്യാറാക്കുന്ന പൊങ്കല്‍ തിളച്ചുമറിയുന്നതാണ് ആചാരരീതി. പഞ്ചഭൂതങ്ങളുടെ സമ്മേളനവും പൊങ്കാല അര്‍പ്പണത്തിന് പിന്നിലുണ്ട്. 
കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളിലാണ് മുന്‍പ് പൊങ്കാലയിട്ടിരുന്നത്. കാര്‍ഷിക സംസ്‌കൃതിയുടെ ചരിത്രവും ഭൂമിപൂജയുടെ പാരമ്പര്യവും പൊങ്കാലയുടെ നാള്‍വഴികളിലുണ്ട്. 

മറ്റൊരര്‍ഥത്തില്‍ സ്ത്രീശക്തിയുടെ വിജയവും ആഘോഷവുമാണ് പൊങ്കാല. കണ്ണകിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട ആറ്റുകാലിലും പൊങ്കാല അത്തരം പാരമ്പര്യമായിരുന്നു. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയുടെ തല്‍സ്വരൂപമാണ് ഭക്തര്‍ക്ക് ആറ്റുകാലമ്മ. കലിയുഗത്തില്‍ ദുഷ്ടനിഗ്രഹത്തിനുള്ള അവതാരമായും ഭഗവതിയെ ഭക്തര്‍ കാണുന്നു. കോപിഷ്ഠയായ ഭഗവതിയെ  പൊങ്കാല അര്‍പ്പിച്ച് പ്രീതിപ്പെടുത്തുന്നതായ വിശ്വാസവും ഇതിനുപിന്നിലുണ്ട്. 

കന്യാകുമാരി ജില്ലയില്‍ നിന്നാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കുവേണ്ട മണ്‍കലങ്ങള്‍ എത്തുന്നത്. തക്കലയ്ക്കുസമീപം മുട്ടയ്ക്കാട്, തലക്കുളം, നാഗര്‍കോവിലിനുസമീപം ചുങ്കാന്‍കട, താഴക്കുടി എന്നിവിടങ്ങളില്‍ പാരമ്പര്യമായി മണ്‍പാത്രനിര്‍മാണവ്യവസായം നടത്തുന്ന സമൂഹമുണ്ട്. 

ആറ്റുകാല്‍ ഉത്സവത്തിന് മുന്നോടിയായി ഇവിടങ്ങളില്‍ വന്‍തോതില്‍ മണ്‍കലങ്ങള്‍ നിര്‍മിക്കാറുണ്ട്. 
വില്‍പ്പനയ്ക്കപ്പുറം ആറ്റുകാലെന്ന സങ്കല്‍പ്പത്തിനുവേണ്ടിയും ഇവര്‍ ആചാരപരമായി മണ്‍പാത്രം നിര്‍മിക്കുന്നു.


കുംഭത്തിലെ പൗര്‍ണമിയായി

11unni27.jpgകുംഭത്തിലെ പൂരം നാളും പൗര്‍ണമിയും ചേരുന്ന ദിവസമാണ് ആറ്റുകാല്‍ പൊങ്കാല. ഇതിന് ഒന്‍പതുനാള്‍ മുന്‍പ് കാര്‍ത്തിക നാളിലാണ് ആറ്റുകാലില്‍ ഉത്സവം ആരംഭിക്കുന്നത്. 

ക്ഷേത്രത്തിന് മുന്നിലെ പന്തലില്‍ കണ്ണകീചരിതം പ്രകീര്‍ത്തിച്ച് തോറ്റംപാട്ട് പാടി ദേവിയെ കുടിയിരുത്തുന്നു. തുടര്‍ന്നുള്ള പത്തുദിവസം കണ്ണകീചരിതത്തിന്റെ കഥയാണ് പാടുന്നത്. പൊങ്കാലദിവസം പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുമ്പോള്‍ മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിക്കും. 

അതേ ദീപം സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും കത്തിക്കുന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി.  പിന്നീട് ക്ഷേത്രത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ നഗരം ആഴിക്ക് സമാനമാകും. അഗ്നിക്കൊപ്പം ആത്മാവും അമ്മയ്ക്ക് സമര്‍പ്പിക്കുന്ന സമഭാവന.

ontent Highlights: Ponkala Beliefs and Myth Attukal Ponkala