വര്‍ഷത്തെ നവരാത്രി പുണ്യകാലം ആരംഭിച്ചത് കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ ദിനമാണ്. ശൈലജ അഥവാ ശൈലപുത്രി എന്ന ഭാവത്തിലാണ് ദേവിയെ ഉപാസിക്കുക. രാവിലെ കുളിച്ചുവന്ന് ലളിതാസഹസ്രനാമജപത്തിനുശേഷം കൈയില്‍ വ്രതച്ചരട് ബന്ധിക്കുക എന്നതാണ് പ്രധാന ക്രിയ. ഒമ്പത് ദിവസങ്ങളിലേക്കുള്ള നവരാത്രി വ്രതമാണിത്.

ലളിതമായ നിഷ്ഠകളേ ഇതിനുള്ളൂ: രാവിലെ സ്‌നാനത്തിനും ജപത്തിനും ശേഷം മാത്രമേ ജലപാനം പാടുള്ളൂ, അരിയാഹാരം ഒരുനേരം മാത്രം, പകലുറങ്ങായ്ക, രാത്രി ഉറക്കമിളക്കായ്ക, കൊഴുപ്പും മസാലകളും പഞ്ചസാരയും നിയന്ത്രിക്കുക, വൈകുന്നേരം സഹസ്രനാമം ജപിക്കുക, അതതുദിവസത്തെ ദേവീഭാവത്തെ സ്മരിച്ച് പുഷ്പം സമര്‍പ്പിച്ച് നമസ്‌കരിക്കുക ഇത്രമാത്രം.

പൂജ വിസ്തരിച്ചാണ് ചെയ്യുന്നതെങ്കില്‍ അതിന്റെ ഫലം ആസ്തമ, പ്രമേഹം ഇത്യാദി സ്ഥായീരോഗങ്ങളുടെ ശമനമാണ്. ഇന്ന് വ്യാഴാഴ്ചയായതുകൊണ്ട് ബൃഹസ്പതിഗ്രഹ ഹോമവും പൂജയും വിശേഷാല്‍ നടത്താറുണ്ട്.

ദേവിയുടെ ശൈലപുത്രീഭാവം ഗുരുവിന്റെ ഭാവമാണ്. പ്രാചീനകാലത്ത് ഹിമാലയ സാമ്രാജ്യങ്ങള്‍ രണ്ടെണ്ണമായിരുന്നു- ഹരിദ്വാറിനുസമീപമുള്ള 'കന്‍ഖല്‍' ആസ്ഥാനമായിരുന്ന ഒന്നും കേദാരനാഥം ആസ്ഥാനമായിരുന്ന മറ്റൊന്നും. ആദ്യത്തേതിന്റെ ഒരു കാലഘട്ടത്തിലെ അധിപതിയായിരുന്നു ദക്ഷന്‍. രണ്ടാമത്തേതിന്റേത് ഹിമവാനും. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ മത്സരങ്ങളുണ്ടായിരുന്നു. അതാണ് ദക്ഷയാഗസംഭവങ്ങളിലേക്ക് പരിണമിക്കുന്നത്. ഇതില്‍ ഹിമവാന്റെയും ഭാര്യയായ മേനയുടെയും മകളായിരുന്നു ശ്രീപാര്‍വതീദേവി. ഹിമവാന്റെ മകളായതുകൊണ്ട് ദേവീ ശൈല-ജ, ശൈല-പുത്രി എന്നൊക്കെ അറിയപ്പെട്ടു. ഇത് ശ്രീകൃഷ്ണാദികളെപ്പോലെയുള്ള അവതാരയോഗിനിയാണ്.

ശ്രീമദ്ദേവീമഹാഭാഗവതം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗുരുവിനെ ഈശ്വരതുല്യമായി ഉപാസിക്കുന്നതുകൊണ്ട് ആദിയോഗിനിയായ ദേവിയെയും പരബ്രഹ്മത്തെയും രണ്ടായി കാണേണ്ടതില്ല-മൂന്നായിത്തന്നെ കാണുകയും വേണം. മഹായോഗിനിയായ ദേവിയുടെ ഈ ജഗന്മാതൃഭാവമാണ് ശൈലപുത്രി. പ്രേമത്തിനും കാരുണ്യത്തിനും പുകള്‍പെറ്റ രൂപമാണിത്. ശിരസ്സില്‍ അര്‍ധചന്ദ്രനെ ധരിച്ചവളും ധര്‍മമാകുന്ന കാളമേല്‍ ഇരിപ്പവളും ദുഃഖശമനമാകുന്ന ത്രിശ്ശൂലം ധരിച്ചവളും (ത്രി-ശൂലം: മൂന്നുതരം ദുഃഖങ്ങളെയും ശമിപ്പിക്കുന്നത്), യശസ്വിനിയുമായാണ് ശൈലജാദേവിയെ ധ്യാനിക്കാറുള്ളത്. സയാഹ്നങ്ങളിലാണ് ശൈലപുത്രീപൂജ വിപുലമായി നിര്‍വഹിക്കാറുള്ളത്.

ദേവിയുടെ ബ്രഹ്മചാരിണീഭാവം

പ്രപഞ്ചത്തെ സൃഷ്ടിച്ച് നിലനിര്‍ത്തി ഉപസംഹരിക്കുന്ന സര്‍വവ്യാപിയും സര്‍വശക്തനുമായ ഈശ്വരനാണ് പരബ്രഹ്മം. 'ഓം' എന്ന ശബ്ദം കൊണ്ടറിയുന്നത് അതിനെയാണ്. അതിനെ സങ്കല്പിക്കാന്‍ സാധാരണക്കാരനു ബുദ്ധിമുട്ടായപ്പോഴാണ് ഋഷിമാര്‍ പ്രതീകങ്ങളെ ആരാധിക്കാന്‍ അനുവദിച്ചത്. ഈശ്വരന് ഒട്ടേറെ ഭാവങ്ങളുണ്ട്. രക്ഷിക്കുന്ന ഭാവം, കര്‍മഫലം തരുന്ന ഭാവം, പിതാവിന്റെ ഭാവം, മാതാവിന്റെ ഭാവം, സഖാവിന്റെ ഭാവം, ഉണ്ണിയുടെ ഭാവം, കാന്തനാം നാഥന്റെ ഭാവം അങ്ങനെ എണ്ണിയാല്‍ത്തീരാത്ത ഭാവങ്ങള്‍. നമുക്കു രുചിക്കുന്ന ഓരോ ഭാവത്തിനും ഋഷിമാര്‍ രൂപം നല്‍കി. അച്ഛന്റെയും ഗുരുവിന്റെയും ഭാവത്തില്‍ 'ശിവന്‍', അമ്മയുടെ വിവിധ ഭാവങ്ങളില്‍ ദേവി, കാന്തന്റെയും സഖിയുടെയും ഉണ്ണിയുടെയും ബാലന്റെയും ഗുരുവിന്റെയും ശിക്ഷകന്റെയും രക്ഷകന്റെയുമൊക്കെയായി എണ്ണമറ്റ ഭാവങ്ങളില്‍ പ്രേമകൃഷ്ണനും. ഇതിലെ അമ്മയുടെ വിവിധഭാവങ്ങളാണ് ഒമ്പതു ദുര്‍ഗാ ഭാവങ്ങളെന്ന് തിരിച്ചറിയുന്നതാണ് നവരാത്രിയിലെ പ്രധാന ഭാഗം.

ശ്രീമദ്ദേവി മഹാഭാഗവതം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

അമ്മയുടെ 'ബ്രഹ്മചാരിണി' എന്ന ഭാവമാണ് രണ്ടാം രാത്രി ഭാവം. പരമേശ്വര പ്രാപ്തിക്കായി തപസ്സുചെയ്ത പാര്‍വതീദേവിയുടെ ബ്രഹ്മചര്യകാലത്തെ സുന്ദരരൂപമാണിത്. കരങ്ങളില്‍ ജപമാലയും കമണ്ഡലുവും പിടിച്ച സൗമ്യരൂപം. ഈ രൂപത്തെ ആരാധിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ക്ഷേമമുണ്ടാക്കും. എത്രയെഴുതിയാലും മാര്‍ക്കു കിട്ടായ്ക. ഏകാഗ്രതവരായ്ക, പരീക്ഷപ്പേടി, പരിഭ്രമം ഇത്യാദി വിദ്യാര്‍ഥിപ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ്  ഈ രണ്ടാം ദിവസത്തെ ദേവീ ഉപാസനം. വെള്ളിയാഴ്ചയായതുകൊണ്ട് ഇന്ന് ശുക്രഗ്രഹ ഹോമവും പൂജയും ശ്രേഷ്ഠമായി കരുതിവരുന്നു.ബ്രഹ്മചാരിണീ ഭാവത്തിലുള്ള വിശദപൂജയ്ക്ക് കടങ്ങളില്‍നിന്നുള്ള മോചനവും ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതിലുള്ള സാമര്‍ഥ്യവുമാണ് ഫലം.

ചന്ദ്രഖണ്ഡ/ചന്ദ്രഘണ്ട

ദേവിയുടെ മൂന്നാംഭാവമാണ് 'ചന്ദ്രഖണ്ഡ' എന്നത്. ഈ പേര് എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. 'ഖണ്ഡം' എന്നതിന് കഷ്ണം എന്നര്‍ഥമുണ്ടല്ലോ. ചന്ദ്രക്കല ശിരസ്സിലുള്ളതുകൊണ്ടാണ് ചന്ദ്രഖണ്ഡ എന്നു പേരുവന്നത് എന്നൊരു വാദമുണ്ട്. 'ഘണ്ട' എന്നത് 'മണി' ക്കു പറയുന്ന പേരായതിനാല്‍ ചന്ദ്രാകൃതിയിലുള്ള മണിയുടെ രൂപത്തിലാണ് കിരീടമെന്നും ഒരു വ്യാഖ്യാനമുണ്ട്. ചന്ദ്രന്‍ തന്ത്രശാസ്ത്രത്തില്‍ മനസ്സിന്റെ പ്രതീകമാണ്. ജീവജാലങ്ങളുടെ മനസ്സിന്റെ അധിപതിയാണ് ദേവിയുടെ ഈ ഭാവത്തിന്റെ അധിഷ്ഠാനം. ഇത് പൊതുവേ എല്ലാവരും അംഗീകരിക്കുന്നുണ്ട്.
ചന്ദ്രഘണ്ട സിംഹത്തിന്റെമേല്‍ ഇരിക്കുന്ന ദേവീരൂപമാണ്. 

അക്രമത്തോട് കോപംകാട്ടുന്ന ഭാവമുള്ളവളും അസ്ത്രാദികള്‍  ധരിച്ചവളുമാണ് ഈ ദേവീസങ്കല്പം. പത്തുകൈകളിലായി ത്രിശൂലം (മൂന്നുതരം ദുഃഖങ്ങളെ ഹനിക്കുന്നത് -ത്രി- ശൂലം), ഗദ (ഗദത്തെ (രോഗങ്ങളെ) അമര്‍ത്തുന്നത്), വാള്‍(ബന്ധമറുക്കുന്നത്), ചിന്മുദ്ര(ജ്ഞാനം-ചിത് - നല്‍കുന്നത്)താമര (വികസിക്കുന്ന ബോധം), അസ്ത്രങ്ങള്‍ (പഞ്ചഭൂതങ്ങള്‍), വില്ല് (മനസ്സ്) അഭയം, വരദം, കമണ്ഡലു എന്നിവ പിടിച്ചിരിക്കുന്ന രൂപമാണ് ചന്ദ്രഘണ്ടാദേവിയുടേത്. 

കമണ്ഡലു അധ്യാത്മവഴിയിലെ പുരോഗതിയെ സൂചിപ്പിക്കുന്നു. ഇന്ന് ശനിയാഴ്ചയാകയാല്‍ ബന്ധപ്പെട്ടവര്‍ ശനീശ്വരഹോമവും പൂജയും നിര്‍വഹിക്കുന്നത് നന്നായിരിക്കും. മൂന്നാംദിനപൂജയുടെ ഫലം ഉദരരോഗശമനമാണ്. ഉദരരോഗങ്ങളെ നിവാരണം ചെയ്യാനും ഈ പൂജ ശ്രേഷ്ഠമാകുന്നു. ദേവീമാഹാത്മ്യത്തിന്റെ പാരായണം ഈ ഫലത്തെ വര്‍ധിപ്പിക്കും.

കൂശ്മാണ്ഡാ ഭാവം

ജഗന്മാതാവിന്റെ നാലാം ഭാവമാണ് കൂശ്മാണ്ഡാ സങ്കല്‍പ്പം. കൂശ്മാണ്ഡയെന്ന വാക്കിന് ദുര്‍ഗയെന്നുമാത്രമല്ല, കുമ്പളമെന്നും ഒരു അര്‍ഥമുണ്ട്. ആഗ്‌നേയം (ചൂടുള്ളത്) എന്നാണ് ആ വാക്കിന്റെ താത്പര്യം. പ്രാണ ഊര്‍ജം വര്‍ധിച്ചത് എന്നു സാരം. ഈ സൂക്ഷ്മമായ പ്രാണ ഊര്‍ജത്തെ വര്‍ധിപ്പിക്കുന്ന വേദമന്ത്രമാണ് കൂശ്മാണ്ഡാമന്ത്രം. ഈ മന്ത്രത്തിന് പ്രാധാന്യമുള്ള ഹോമം കൂശ്മാണ്ഡാഹവനം എന്നറിയപ്പെടുന്നു. ഇത് പഞ്ചഭൂതങ്ങളെയും പ്രാണോര്‍ജത്തെയും ശുദ്ധീകരിക്കാനുള്ളതാണ്. പങ്കെടുക്കുന്നവരുടെ പ്രാണപ്രവാഹത്തെ ശക്തിപ്പെടുത്തുകയും ക്രമീകരിക്കുകയും ചെയ്യും. ഈ ക്രിയയ്ക്ക് അധിപതിയായ ദേവീയുടെ ഭാവമാണ് കൂശ്മാണ്ഡാഭാവം. എട്ടു കൈകളിലായി താമര (മനസ്സും ബോധവും) അസ്ത്രം, വില്ല്, കമണ്ഡലു, കലശം (പ്രാണോര്‍ജശേഖരം), ചക്രം (ജ്ഞാനം), ഗദ, അക്ഷമാല (തപശ്ശക്തി) എന്നിവ ധരിച്ചിരിക്കുന്നു. നാലാം ദിനത്തിലെ നവരാത്രിപൂജയുടെ ഫലം വിവാഹലബ്ധിയാണ്. വ്രതനിഷ്ഠയോടെ പൂജയില്‍ പങ്കെടുക്കണം.

ഇന്ന് ഞായറാഴ്ച ആകയാല്‍ സൂര്യഹോമവും പൂജയും ഹിതകരമാണ്. ആദിത്യദശയിലുള്ളവര്‍ ഇത് നടത്തുന്നത് അതീവ ശ്രേയസ്‌കരമായി കരുതപ്പെടുന്നു. അവതാരമൂര്‍ത്തികളായ ഗുരുക്കന്മാര്‍ ശിഷ്യന്മാര്‍ക്ക് മന്ത്രോപദേശം ചെയ്യുമ്പോള്‍ സൂക്ഷ്മമായ ഒരു ശക്തിയും ഒപ്പം പ്രവഹിപ്പിക്കുന്നു. ഇതിനെ 'ശക്തിപാതം' എന്നുവിളിക്കുന്നു. ആദിമയോഗിനിയായിരുന്ന ശ്രീ പാര്‍വതീദേവി ഭക്തരിലേക്ക് പകര്‍ന്ന ശക്തിപാതം സൂചിപ്പിക്കുന്ന സങ്കല്പമാണ് കൂശ്മാണ്ഡാസങ്കല്പം. ഗുരുവിന്റെ അനുഗ്രഹിച്ചുനില്‍ക്കുന്ന ചിത്രത്തില്‍നിന്ന് ഈ ശക്തി നമ്മിലേക്ക് ഒഴുകാം. ആ ചിത്രത്തിനുമുന്നില്‍ കുനിഞ്ഞുനിന്ന് നമ്മിലേക്ക് ഊര്‍ജമൊഴുകുന്നതായി സങ്കല്പിക്കയേ വേണ്ടൂ. ഈ മഹാക്രിയ ഒരു ദിവസത്തേക്ക് നമ്മുടെ ക്ഷീണത്തെ അകറ്റുകയും അസാധാരണശക്തി നല്‍കുകയും ചെയ്യും.

സ്‌കന്ദമാതാപ്രഭാവം

നവരാത്രിയിലെ അഞ്ചാംദിനമാകുന്ന തിങ്കളാഴ്ച പൂജിക്കപ്പെടുന്ന ദേവീഭാവമാണ് 'സ്‌കന്ദമാതാ'. സുബ്രഹ്മണ്യസ്വാമിയെ മടിയില്‍വെച്ചുകൊണ്ടുള്ള മാതൃപ്രേമസൗന്ദര്യമാണ് ഇവിടെ പ്രധാനം. മുരുകന്‍ അഥവാ സുബ്രഹ്മണ്യന്‍ പ്രാചീനകാലത്തെ ദക്ഷിണഭാരതത്തിലെ മഹാവതാരമൂര്‍ത്തിയായ ഗുരുസ്വരൂപമായിരുന്നു. തമിഴ്ഭാഷയുടെയും സംസ്‌കാരത്തിന്റെയും പിതാവായി മുരുകന്‍ ഗണിക്കപ്പെട്ടുവരുന്നു. ജന്മനാ യോഗിയും ദിവ്യനുമായിരുന്ന അവിടുന്ന് ഗൃഹസ്ഥാശ്രമത്തിനുശേഷമാണ് സന്ന്യാസം സ്വീകരിക്കുന്നത്. ചെറുപ്പത്തില്‍ സ്വന്തം പിതാവിന് പ്രണവം ഉപദേശിക്കാന്‍ തക്കവണ്ണം അവിടുന്ന് ഉന്നത ബോധനിലയിലായിരുന്നു. 

യുവാവസ്ഥയില്‍ രണശൂരനായി നന്മനിറഞ്ഞവരെ രക്ഷിക്കയും രാക്ഷസീയ അക്രമങ്ങളെ തുരത്തുകയും ചെയ്തു. പിന്നീട് സന്ന്യസിച്ച് അവധൂതനായി സമാധിയായി. നമ്മുടെ പാരമ്പര്യം ഗുരുക്കന്മാരെ ഈശ്വരതുല്യമായിത്തന്നെ പരിഗണിക്കുന്നതാണ്. മുരുകന്‍ അഥവാ സ്‌കന്ദന്‍ ഉപാസനചെയ്തിരുന്നത് ശിവപാര്‍വതീയുഗ്മത്തെ ആയിരുന്നതുകൊണ്ട് ദേവിയെ 'സ്‌കന്ദമാതാ' എന്നും 'മുരുകസമ്പ്രദായ'ക്കാര്‍ വിളിച്ചുവന്നു. സുബ്രഹ്മണ്യ സമ്പ്രദായത്തില്‍ ഉപാസിച്ചുവന്നിരുന്ന ദേവിയുടെ രൂപമാണ് 'സ്‌കന്ദമാതാ' എന്നറിയപ്പെടുന്നത്. ഈ ഭാവത്തെ ആരാധിക്കുന്നത് ക്ഷേമങ്ങള്‍ക്ക് വിശേഷമായി പരിഗണിക്കപ്പെടുന്നു.

ഈ ഭാവത്തിലുള്ള പൂജ ദാമ്പത്യപരമായ അഭീഷ്ടസിദ്ധികള്‍ക്ക്, വിശേഷിച്ചും ദീര്‍ഘദാമ്പത്യത്തിന്, വളരെ വിശേഷമാണ്. ഇന്ന് തിങ്കളാഴ്ചയായതുകൊണ്ട് ചന്ദ്രഗ്രഹഹോമവും പൂജയും നിര്‍വഹിക്കുന്നത് അതിശ്രേഷ്ഠമായി കരുതിവരുന്നുണ്ട്.

'കാത്യായനീ'കാരുണ്യം

ആറാം ദിവസം ഉപാസിച്ചുവരുന്ന ദേവീഭാവമാണ് 'കാത്യായനി'. പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന ദേവ്യുപാസനാ സമ്പ്രദായങ്ങളില്‍ മുഖ്യമാണ് കാത്യായനന്‍ എന്ന ഋഷി ആരംഭിച്ച ഉപാസനാപഥം. സ്‌കന്ദമാതാ എന്നത് സുബ്രഹ്മണ്യസ്വാമിക്കു ശേഷം ഉണ്ടായ ദേവ്യുപാസനാ സമ്പ്രദായമായതുപോലെ, കാത്യായനി ഋഷി ആരംഭിച്ച സമ്പ്രദായമാണ് കാത്യായനീ ഭാവത്തില്‍ ആരാധന നടത്തുകയെന്നത്. നാലു കൈകളുള്ള സിംഹാരൂഢയായ സൗമ്യസുന്ദരരൂപമാണ് കാത്യായനീരൂപം. ഇടതുകൈകളില്‍ വാളും (ബന്ധനമറുത്ത് മോക്ഷം നല്‍കുന്ന പ്രതീകം) താമരയും (ജീവജാലങ്ങളുടെ മനസ്സ്, ബോധനില) ധരിച്ച, മറ്റുരണ്ട് കൈകളും അഭയമുദ്രയാര്‍ന്ന രൂപമാണിത്. അക്രമാധര്‍മങ്ങളെ എതിര്‍ക്കുന്ന പ്രാണോര്‍ജശക്തിയാണ് സിംഹം. ഈ ഭാവത്തിന് പ്രേമവും കാരുണ്യവും വളരെ പ്രധാനമാണ്.

പലതരത്തിലുമുള്ള വിഷാംശങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരമായി കാത്യായനീപൂജ നിര്‍വഹിക്കാറുണ്ട് (ആറാം നവരാത്രിപൂജ). ഇന്ന് ചൊവ്വാഴ്ചയായതിനാല്‍ കുജഗ്രഹ ഹോമവും കുജപൂജയും വേണമെങ്കില്‍ ചെയ്യാം. ചൊവ്വാദശയിലുള്ളവര്‍, ചൊവ്വാദേഷമുള്ളവര്‍, ചൊവ്വയുടെ അപഹാരമുള്ളവര്‍ ഇവരെല്ലാം ഈ ഹോമവും പൂജയും നിര്‍വഹിക്കുന്നത് ദോഷങ്ങളെ ശമിപ്പിക്കാനുതകും. കാത്യായന സമ്പ്രദായത്തില്‍ ലളിതാസഹ്രസനാമജപവും വളരെ പ്രധാനമാണ്. സാധാരണ ദിനങ്ങളില്‍ രണ്ടുതവണ ജപിക്കണമെന്നും വ്രതദിനങ്ങളില്‍ മൂന്നുതവണ ജപിക്കണമെന്നും നിര്‍ദേശിക്കാറുണ്ട്. ചേര്‍ത്തല ദേവീക്ഷേത്രം കാത്യായന മാര്‍ഗത്തിലെ ഉപാസനയുടെ ഒരു കേന്ദ്രമായിരുന്നെന്ന് വിശ്വാസമുണ്ട്.

കാലരാത്രീ വിധാനം

ഏഴാംനാളില്‍ ദേവിയുടെ കാലരാത്രീഭാവമാണ് പൂജയ്‌ക്കെടുക്കുന്നത്. പരബ്രഹ്മമാകുന്ന സര്‍വേശ്വരന്റെ 'ഉപസംഹാര' രൂപമാണിത്. പ്രപഞ്ചമെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേയൊരു മൂലപദാര്‍ഥത്തില്‍നിന്നാണ്-'മൂലപ്രകൃതി' എന്ന് വിളിക്കുന്ന 'ുൃശാീൃറശമഹ ാമേേലൃ' ആണിത്. നാം അറിയുന്ന എല്ലാ ജീവജാലങ്ങളും അല്ലാത്ത രൂപങ്ങളും ഇതില്‍നിന്ന് സൃഷ്ടിക്കപ്പെടുന്നു, കുറേക്കാലം നിലനിന്നശേഷം അവ പഴയ മൂലപദാര്‍ഥമായി തിരിച്ചുപോകുന്നു. ഇതാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും. ഇവിടെ 'സംഹാരം' ഇല്ലാതെയാക്കലല്ല, വിഘടിപ്പിക്കലാണ്.  ഈ വിഘടിപ്പിക്കല്‍ സൂചിപ്പിക്കുന്ന ദേവീരൂപമാണ് 'കാലരാത്രി'. 

കാലമാണല്ലോ ഓരോന്നിനെയും വിഘടിപ്പിക്കുന്നതിന്റെ പിന്നിലുള്ളത്. കാലരാത്രി എന്ന പേര് അതിന്റെ പ്രതീകമാകുന്നു. രൂപവും അങ്ങനെത്തന്നെ-ആന്തരരഹസ്യങ്ങള്‍  മനസ്സിലാകാത്ത ക്രിയകളാണ് ഗര്‍ദഭകര്‍മങ്ങള്‍ (ഗര്‍ദഭം-കഴുത); കഴുതയാണ് ഈ ദേവീഭാവത്തിലെ വാഹനം. ആഭരണങ്ങള്‍ വിദ്യുത്തുകൊണ്ട് (വിദ്യുത്ശക്തി) ഉണ്ടാക്കപ്പെട്ടതാണ് (പ്രാണോര്‍ജംതന്നെ). അഴിഞ്ഞു ചിതറിയ മുടി തടയാനാകാത്ത ശക്തിവിലാസമാണ്. നാന്ദകം വാള്‍ തിരഞ്ഞെടുത്ത സംഹാരത്തെ സൂചിപ്പിക്കുന്നു.

കാലരാത്രിയുടെ മുടിയുടെ അഴിച്ചിട്ട അവസ്ഥ സംഹാരത്തെ സൂചിപ്പിക്കുന്നതുകൊണ്ടാകാം, സ്ത്രീകള്‍ മുടിയഴിച്ച് വിലസുന്നത് അശുഭമായി കരുതുന്നുണ്ട്. കാലരാത്രീപൂജ നേത്രരോഗ ശമനത്തിനുശ്രേഷ്ഠമാണ്.ഇന്ന് ബുധനാകയാല്‍ ബുധഗ്രഹഹോമവും പൂജയും നിര്‍വഹിക്കുന്നത് ബുധദശയിലുള്ളവര്‍ക്കും ബുധന്റെ അപഹാരത്തിലുള്ളവര്‍ക്കും കുഞ്ഞുങ്ങളുടെ വിദ്യാവൃദ്ധിക്കും വളരെ നന്നാണ്.

പ്രേമകാരുണ്യങ്ങളുടെ മഹാഗൗരി

എട്ടാം തിഥിയായ ഇന്ന് ദുര്‍ഗാഷ്ടമിയാണ്. 'മഹാഗൗരി' എന്ന ഭാവത്തിലുള്ള പൂജയാണ് ഇന്നു നടത്തുക. ശ്രീ പാര്‍വതീദേവി, ശിവനെ പ്രാപിച്ചശേഷമുള്ള രൂപമാണ് മഹാഗൗരി. ഗൗരവര്‍ണം തെളിഞ്ഞ സ്വര്‍ണവും വെള്ളയും ചേര്‍ന്ന നിറമാണ്. വെളുത്തപൂക്കള്‍കൊണ്ടുള്ള മാലയും വെള്ളവസ്ത്രങ്ങളും അണിഞ്ഞ് വെളുത്തനിറമുള്ള കാളമേല്‍ സ്ഥിതിചെയ്യുന്ന ഭാവം. നാലു കൈകള്‍, ഒന്നില്‍ ത്രിശൂലം, ഒന്നില്‍ കടുന്തുടി, ഒന്ന് അഭയമുദ്രയില്‍, മറ്റത്. വരദമുദ്രയിലും. അതിപ്രസന്നമായ രൂപവും ഭാവവും.

'വൃഷം' വൈദികസംസ്‌കൃതത്തില്‍ 'ധര്‍മ'മാണ്. ലൗകികസംസ്‌കൃതത്തില്‍ 'കാള'യും. വെളുത്ത കാളയുടെ രൂപം 'സ്വധര്‍മ' (ആത്മധര്‍മം) ത്തെ സൂചിപ്പിക്കുന്നു. വെളുത്ത അലങ്കാരങ്ങള്‍ ജ്ഞാനവും സാത്വികതയുമാണ്. കടുന്തുടി ശബ്ദമുണ്ടായതിന്റെ പ്രതീകമാണ് (ശിവന്റെ കടുന്തുടിയില്‍ നിന്നാണല്ലോ സംസ്‌കൃതത്തിന്റെ അക്ഷരമാലയായ 'മാഹേശ്വരസൂത്രങ്ങള്‍' ഉണ്ടായത്). പ്രേമകാരുണ്യങ്ങളുടെ ശക്തിയാണ് ശുഭ്രവര്‍ണം. ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന ദുഃഖങ്ങളായ 'ആധിഭൗതികം', സ്വന്തം ശരീരത്തിലും മനസ്സിലുമായി അനുഭവിക്കുന്ന ദുഃഖങ്ങളായ 'ആധി ആത്മികം' കാരണം സ്പഷ്ടമല്ലാത്ത ദുഃഖങ്ങളായ 'ആധി ദൈവികം' എന്നീ മൂന്നിനെയും സംഹരിക്കുന്ന 'ത്രി-ശൂല'മാണ് മഹാഗൗരിയുടെ ഒരു ൈകയില്‍.

ഈ രൂപത്തെ ആരാധിക്കുന്നതുകൊണ്ടുള്ള ഫലം 'യുവത്വ'മാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടു വരുന്നു. രാഹുഗ്രഹപൂജയും ഹോമവും വേണമെങ്കില്‍ ഇന്നു ചെയ്യാവുന്നതാണ്.കേരളത്തില്‍ ഇന്നു വൈകിട്ട് പൂജവയ്ക്കുന്ന രീതിയുണ്ട്. അതിനുശേഷം വിജയദശമിവരെ അക്ഷരം നോക്കാതിരിക്കുക എന്ന ശീലവുമുണ്ട്. ഇതുരണ്ടും മറ്റെങ്ങുമില്ല എന്നത് രസകരമാണ്.