താനും മാസങ്ങളായി സമൂഹം വലിയതോതിൽ ഇപയോഗിച്ച വാക്കാണ് ‘ആർത്തവം’. ആശുദ്ധിയുടെയും അറപ്പിന്റെയും മറുവാക്കായി ആർത്തവത്തെ മാറ്റിനിർത്തുകയാണ് പലരും. സ്ത്രീകളുടെ ശബരിമല ക്ഷേത്രപ്രവേശവും ആർത്തവവുമായി ബന്ധപ്പെടുത്തിനടന്ന ചർച്ച വലിയ അശാന്തിയാണ് കേരള  സമൂഹത്തിൽ സൃഷ്ടിച്ചത്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിൽ  ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ വടക്കുകിഴക്കൻ മൂലയിൽ നൂറ്റാണ്ടുകളായി ആർത്തവം ആഘോഷമാക്കുന്ന ഒരു ക്ഷേത്രമുണ്ട് എന്നറിയുന്നത് കൗതുകകരമാണ്. അസമിലെ, ഗുവാഹാട്ടിയിലെ കാമരൂപി കാമാഖ്യ ക്ഷേത്രമാണ് ഇത്തരത്തിൽ ശ്രദ്ധനേടുന്നത്.

‘ലിംഗപൂജ’ നമ്മുടെ രാജ്യത്ത് സർവസാധാരണമാണ്. ശിവക്ഷേത്രങ്ങളിലെല്ലാം ‘ലിംഗം’ പൂജിക്കപ്പെടുന്നു. ഒരുപക്ഷേ, യോനീപൂജ നടക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമായിരിക്കും  കാമാഖ്യക്ഷേത്രം. ഗുവാഹാട്ടി നഗരത്തിൽനിന്ന്  മൂന്നു കിലോമീറ്റർ അകലെ നീലാച്ചൽ എന്ന മലയിലാണ്  ക്ഷേത്രം. ക്ഷേത്രത്തിനകത്തുള്ള ചെറിയ ഗുഹയിലാണ് ഇത്തരത്തിൽ പൂജ നടക്കുന്നത്. യോനീപൂജയ്ക്കുശേഷം ലഭിക്കുന്ന തീർഥം കൈക്കുമ്പിളിൽ ഏറ്റുവാങ്ങി കുടിക്കുന്ന ഭക്തരുടെ നീണ്ട നിര ഇവിടെ ഏപ്പോഴും കാണാം. മലമുകളിൽ സമുദ്രനിരപ്പിൽനിന്ന് 800 അടി ഉയരത്തിലുള്ള ക്ഷേത്രത്തിനടുത്തേക്ക്  ടാക്സിയും ജീപ്പും ലഭ്യമാണ്.

ആകൃതികൊണ്ടും ശില്പഭംഗികൊണ്ടും ഏറക്കുറെ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുടെ ശൈലിയിലാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നത്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ഏഴാം നൂറ്റാണ്ടിലാണ് നിർമിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടുവരെ പലപ്പോഴായി ക്ഷേത്രം പുനരുദ്ധരിക്കപ്പെട്ടിട്ടുണ്ടത്രേ.

ക്ഷേത്രം കാമരൂപിയിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കഥകൾ ഏറെയുണ്ട്. അതിൽ ഏറ്റവും പ്രചാരമുള്ളത് ഇതാണ്: ശ്രീപാർവതിയുടെ പിതാവ് ദക്ഷൻ ഒരു വലിയ യാഗം നടത്തി. യാഗത്തിന് മകൾ പാർവതിയെയും മരുമകൻ ശിവനെയും ദക്ഷൻ ക്ഷണിച്ചില്ല.

ക്ഷണിച്ചില്ലെങ്കിലും പാർവതി പോകാനൊരുങ്ങുന്നു. എന്നാൽ, ശിവൻ പാർവതിയെ തടഞ്ഞു. പാർവതി പോകാൻ വാശിപിടിച്ചപ്പോൾ ശിവൻ മനമില്ലാമനസ്സോടെ അനുവാദം നൽകി. യാഗസ്ഥലത്തുവെച്ച് ദക്ഷൻ പാർവതിയെ അവഗണിക്കുകയും നിറഞ്ഞ സദസ്സിനുമുന്നിൽ  ശിവനെ അപമാനിക്കുകയും ചെയ്യുന്നു. ഇതിൽ കോപിച്ച പാർവതി യാഗാഗ്നിയിൽ ചാടി ആത്മാഹുതിചെയ്യുന്നു. ഇതറിഞ്ഞ ശിവൻ രൗദ്രരൂപംപൂണ്ട്‌ യാഗസ്ഥലത്തെത്തുകയും  ദക്ഷന്റെ തലയറക്കുകയും ചെയ്യുന്നു.

 ദക്ഷന്റെ ഭാര്യ ശിവന്റെ കാലിൽവീണ്‌ ഭർത്താവിന്റെ ജീവനുവേണ്ടി യാചിക്കുന്നു. ആട്ടിൻതല കഴുത്തിനോട്‌ വെച്ചുചേർത്ത്‌ ദക്ഷനെ ജീവിപ്പിക്കുന്നുണ്ടെങ്കിലും, തുടർന്ന് ശിവൻ പാർവതിയുടെ ജഡവും തോളിലേന്തി മൂന്നുലോകങ്ങളിലും സംഹാരതാണ്ടവമാടുന്നു. വിവരമറിഞ്ഞ് മഹാവിഷ്ണു തന്റെ ആയുധമായ സുദർശന ചക്രമെറിഞ്ഞ്‌ പാർവതിയുടെ ജഡത്തെ ചിന്നഭിന്നമാക്കുന്നു.  പാർവതിയുടെ ശരീരഭാഗങ്ങൾ രാജ്യത്തിന്റെ 108 ഇടങ്ങളിൽ  ചെന്നുപതിക്കുന്നു. ഇവിടെയെല്ലാം സ്ഥാപിക്കപ്പെട്ട ക്ഷേത്രങ്ങൾ ശക്തിപീഠങ്ങൾ എന്നറിയപ്പെടുന്നു. പാർവതിയുടെ യോനീഭാഗം ചെന്നുപതിച്ച സ്ഥലമത്രെ കാമാരൂപിയിലെ കമഖ്യാ ക്ഷേത്രം.

ക്ഷേത്രഭിത്തികളിൽ അതിമനോഹരമായ രതിശില്പങ്ങൾ ധാരാളം കാണാം. ശിവപാർവതിമാർ തങ്ങളുടെ കാമകേളികൾക്കായി സ്ഥിരമായി സന്ധിച്ചിരുന്ന നീലച്ചാൽ മലയിലെ രഹസ്യസങ്കേതമാണ്  പിന്നീട് കാമഖ്യക്ഷേത്രമായി മാറിയതെന്ൻ മറ്റൊരു ഐതിഹ്യം കൂടിയുണ്ട്.

Kamakhya Templeസന്താനസൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനയിരിക്കുന്നവർ നിരവധിയത്രേ. കാമാഖ്യയിൽ യോനീവിഗ്രഹത്തെ കൂടാതെ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ചിന്നമസ്ത, ത്രിപുരസുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി), ആദിശക്തി (ദുർഗ)  എന്നീ ദേവതമാരെയും കുടിയിരുത്തിയിട്ടുണ്ട്. ഇന്ത്യയിലെതന്നെ താന്ത്രികാരാധനയുടെ കേന്ദ്രസ്ഥാനങ്ങളിലോന്നായി കാമാഖ്യക്ഷേത്രം കണക്കാക്കപ്പെടുന്നു. താന്ത്രികാരാധന അഭ്യസിക്കാൻ ഇവിടെ ധാരാളം സംന്യാസിമാർ എത്താറുണ്ടത്രേ. ആഘോരികൾ എന്നറിയപ്പെടുന്ന കഠിനമായ ആരാധനാ മുറകൾ ആചരിക്കുന്ന സംന്യാസി വിഭാഗത്തിന്റെ പ്രധാന ആരാധനാകേന്ദ്രം കൂടിയാണ് കാമാരൂപിയിലെ കാമാഖ്യക്ഷേത്രം.

ഈ ക്ഷേത്രം നീലാച്ചൽ വനമേഖലകളിൽ ജീവിച്ചിരുന്ന ആദിവാസികൾ ഏഴാം നൂറ്റാണ്ടിൽ നിർമിച്ചതായിരുന്നുവെന്നും ഇവിടത്തെ പൂജാരിമാർ അക്കാലത്ത് ആദിവാസികൾ ആയിരുന്നുവെന്നും പിൽക്കാലത്ത്‌ ബ്രാഹ്മണർ ബലം പ്രയോഗിച്ചു അധീനപ്പെടുത്തിയതാണെന്നുമുള്ള മറ്റൊരു കേട്ടുകേൾവികൂടി കാമാഖ്യക്ഷേത്രത്തെക്കുറിച്ചുണ്ട്. ഇവിടത്തെ മൃഗബലിയടക്കമുള്ള പല ആചാരങ്ങളും ഈ കേട്ടുകേൾവിയെ ശരിവെക്കുന്നതാണ്.

കമാഖ്യക്ഷേത്രത്തിലെ സമ്പ്രദായങ്ങളും ആചാരങ്ങളും ഏറെ വിചിത്രമാണ്. വർഷത്തിലൊരിക്കൽ ജൂൺ മാസത്തിൽ ക്ഷേത്രവാതിൽ മൂന്നുദിവസത്തേക്ക് അടച്ചിടും. പാർവതീദേവി രജസ്വലയാകുന്ന ദിനങ്ങളാണിവ. ഈ മൂന്നു ദിവസവും ക്ഷേത്രത്തിൽ പൂജയില്ല. ദേവി രജസ്വലയാകുന്ന ഈ മൂന്നു ദിനങ്ങൾ കാമാഖ്യ ക്ഷേത്രത്തിലെ ‘അമ്പു ബാച്ചി’ എന്നറിയപ്പെടുന്ന ഉത്സവകാലമത്രേ. ശ്രീകോവിലിനു പുറത്ത്‌ ക്ഷേത്രാങ്കണത്തിൽ  പൂജാരികളും,  ഉത്സവത്തിൽ പങ്കെടുക്കാനായി  ദേവീഭക്തരും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സംന്യാസികളും,  താന്ത്രികന്മാരും സമ്മേളിക്കുന്നു. ജൂൺ മാസത്തിൽ നടക്കുന്ന ‘അമ്പുബാച്ചി മേള’യിൽ, ചുരുങ്ങിയത് ആറുലക്ഷം ഭക്തരും, താന്ത്രികരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പങ്കെടുക്കുമത്രേ.

നാലാംദിവസം ക്ഷേത്രകവാടങ്ങൾ തുറക്കപ്പെടുന്നു. പതിവ് പൂജകൾ പുനരാരംഭിക്കുന്നു. പൂജാരി നൽകുന്ന ദേവിയുടെ ആർത്തവരക്തംപുരണ്ട ചുവന്ന തുണിക്കഷ്ണം പ്രസാദമായി ഏറ്റുവാങ്ങി തീർഥാടകർ മലയിറങ്ങുന്നു.  മാത്രമല്ല മൂന്നു ദിവസത്തിനുശേഷം ക്ഷേത്രനട തുറക്കുമ്പോൾ ദേവിയുടെ ആർത്തവരക്തം കട്ടപിടിച്ച പ്രസിദ്ധമായ കമാഖ്യ സിന്ദൂരം ലഭ്യമാകുമെന്ന് വഴികാട്ടിയായ ഡ്രൈവർ ഗോബിന്ദ് ബറുവ പറയുന്നു. അപൂർവ ശക്തിയുള്ളതാണത്രെ കമാഖ്യ സിന്ദൂർ. പ്രത്യേകിച്ചും സന്താനഭാഗ്യമില്ലാത്ത സ്ത്രീകൾ ഈ സിന്ദൂരമണിഞ്ഞാൽ ഗർഭം ധരിക്കുമെന്നാണ് വിശ്വാസം.
കമാഖ്യ സിന്ദൂരമെന്നു  പറഞ്ഞ്‌ പലരും സമീപിക്കുമെന്നും അതെല്ലാം വ്യാജ സിന്ദൂരമാണെന്നും വേണമെങ്കിൽ ഒറിജിനൽ സംഘടിപ്പിച്ചുതരാമെന്നും 5000 രൂപയാകുമെന്നും ഗോബിന്ദ് കൂട്ടിച്ചേർത്തു. ഇക്കാലത്ത് പ്രസിദ്ധമായ ബ്രഹ്മപുത്ര നദി കാമാഖ്യയുടെ സമീപത്ത്‌ ഒഴുകിയെത്തുമ്പോൾ രക്തവർണം പ്രാപിക്കുമെന്നും ബറുവ പറയുന്നു.

Aghori Kamakhya templeആർത്തവകാലം അശുദ്ധിയുടെയും അവഗണനയുടെയും അറപ്പിന്റെയും കാലമായി ചിത്രീകരിക്കുന്ന, മത, സവർണ, പുരുഷ വീക്ഷണങ്ങളെ കാമാഖ്യ ക്ഷേത്രത്തിലെ ആചാരങ്ങൾ നൂറ്റാണ്ടുകളായി വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു.

കമാഖ്യക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത മൃഗബലിയാണ്. കോഴി, ആട് എന്നിവ മാത്രമല്ല പോത്ത്, കാള, പശു  തുടങ്ങിയവയും ഇവിടെ ബലിയർപ്പിക്കപ്പെടുന്നു. (കഴിഞ്ഞ ഒരു വർഷമായി പശുക്കളെ ഇവിടെ ബലിയർപ്പിക്കാറില്ലെന്നും ഗോബിന്ദ് ബറുവ പറഞ്ഞു.)  ഇവിടെയുള്ള പൂണൂൽധാരികളായ ബ്രാഹ്മണർ പാണ്ടകൾ എന്നാണറിയപ്പെടുന്നത്. അവരുടെ നേതൃത്വത്തിലാണ് ബലി നടക്കുന്നത്. ബലിക്കുശേഷം ഇറച്ചി പ്രസാദമായി ഭക്തർക്കിടയിൽ വിതരണം ചെയ്യപ്പെടുന്നു. താന്ത്രികവിദ്യകൾക്കും ദുർമന്ത്രവാദങ്ങൾക്കും ഏറെ പ്രസിദ്ധമാണ് കമാഖ്യക്ഷേത്രം. അതിന്റെ ഭാഗമായാണ് മൃഗബലി കാമരൂപിയിൽ അരങ്ങേറുന്നത്. ഏറ്റവും കൂടുതൽ മൃഗബലി നടക്കുന്നത് ജൂൺ മാസത്തിൽ  ‘അമ്പു ബാച്ചി’ എന്ന ഉത്സവകാലത്താണ്. ആയിരക്കണക്കിന് ആടുകളെയും പോത്തുകളെയും ഈ മൂന്നു ദിവസത്തെ ഉത്സവകാലത്ത് ഇവിടെ ബലിനടത്തുന്നു.

ഇവിടത്തെ വശീകരണ തന്ത്രവിദ്യ ഏറെ പ്രസിദ്ധമത്രേ. ഈ വിദ്യയിലൂടെ ആരെയും ആകർഷിക്കുകയും വശീകരിക്കുകയും ചെയ്തു തങ്ങളുടെ ഇംഗിതത്തിനു വഴങ്ങുന്നവരാക്കി മാറ്റാമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്തരം പൂജകളും ബലികളും  ദുർമന്ത്രവാദങ്ങളും താന്ത്രികവിദ്യകളും   നിർവഹിക്കുന്നതിന് പ്രത്യേക പരിശീലനം  ലഭിച്ച സംന്യാസികളും ആഘോരികളും ക്ഷേത്രത്തിനകത്തുതന്നെ താമസിക്കുന്നു.ഗുവാഹാട്ടി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും, ഗുവാഹാട്ടി എയർപോർട്ടിൽനിന്ന് 10 കിലോമീറ്ററും സഞ്ചരിച്ചാൽ കാമാരൂപിയിലെ കാമാഖ്യക്ഷേത്രത്തിലെത്താം.

Content Highlights: Menstruation celebrating Temple Kamakhya