വിവാഹത്തിന് താലി ചാര്‍ത്തുക എന്നത് ഹൈന്ദവ വിവാഹ ചടങ്ങുകളില്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ വിവാഹത്തില്‍ താലി ചാര്‍ത്തുന്നത് ഒരു ചടങ്ങ് എന്നതില്‍ കവിഞ്ഞ് ആര്‍ക്കും ഇതിന്റെ പ്രാധാന്യം അറിയില്ല. താലി എന്നതു വെറുമൊരു സ്വര്‍ണാഭരണമല്ല. ആലിലയുടെ രൂപത്തിലാണ് മിക്ക താലിയും തയ്യാറാക്കുന്നത്. ചില സ്ഥലങ്ങളില്‍ ഇതിന് രൂപ വ്യത്യാസം ഉണ്ടായേക്കാം. 

എന്നാല്‍ കേരളത്തില്‍ ആലിലയുടെ ആകൃതിയിലുള്ള താലിയാണ് കൂടുതലും ഉപയോഗിക്കുന്നത്. ആലിലയാകുന്ന പ്രകൃതിയില്‍ ഓംകാരമാകുന്ന പരമാത്മാവ് അന്തര്‍ലീനമായിരിക്കുന്നു എന്നു സങ്കല്‍പം.  ഇതിന്റെ സൂചനയായാണ് താലിയില്‍ ഓംകാരം കൊത്തിവയ്ക്കുന്നത്. ഈ പ്രകൃതിയും പരമാത്മാവും തമ്മിലുള്ള സംഗമമാണു താലി കൊണ്ടു സൂചിപ്പിക്കുന്നത്. 

പ്രപഞ്ചത്തിന്റെ നിലനില്‍പു തന്നെ പ്രകൃതിപുരുഷ സംഗമത്തിലാണ്. പ്രകൃതിയാകുന്ന സ്ത്രീയില്ലെങ്കില്‍ പുരുഷന്‍ അശക്തനാണെന്നു ശങ്കരാചാര്യര്‍ പോലും പറയുന്നു. സ്ത്രീപുരുഷലയത്തിന്റെ ഒന്നാന്തരം പ്രതീകമാണ് താലി.