കേരളത്തിൽ കാടുകളില്ലാത്ത ജില്ല ഏതാണെന്ന്‌ ചോദിച്ചാൽ അത്‌ ആലപ്പുഴയാണ്‌. എന്നാൽ, പൂർവകാല വനപ്രദേശത്തിന്റെ ബാക്കിപത്രമായി നിലകൊള്ളുന്ന ഒരു കാവുണ്ടിവിടെ. നാഗാരാധനയ്ക്ക്‌ പ്രസിദ്ധമായ മണ്ണാറശാല. കാവുകളുടെയും കുളങ്ങളുടെയും ജീവജാലങ്ങളുടെയും സംരക്ഷണത്തിന്‌ മാതൃകയായ ആരാധനാസ്ഥലം. 687 തരം മരങ്ങൾ, ഇതിൽ സഹ്യപർവത സാനുക്കളിൽ മാത്രം കാണപ്പെടുന്ന 27 ഇനം സസ്യങ്ങൾ. കമ്പകം, പൊങ്ങ്‌, മലമാവ്‌, ഈട്ടി, അശോകം തുടങ്ങിയ മരങ്ങൾ. പിന്നെ കിൻസ്റ്റലേറിയ, കേരളൻസിസ്‌ തുടങ്ങിയ അപൂർവയിനം വള്ളിച്ചെടികൾ എന്നിങ്ങനെ ജൈവവൈവിധ്യസമ്പന്നമാണീ കാവ്‌. പ്രകൃതിക്കൊപ്പം വിശ്വാസത്തിന്റെയും ശക്തമായ ഒരു അടിത്തറയുണ്ട്‌ ഈ കാവിന്‌. ഐശ്വര്യങ്ങൾക്കായി നാഗപ്രീതി നേടുക എന്ന പുരാതനകാലം മുതലുള്ള വിശ്വാസത്തിന്റെ തുടർച്ചയാണിവിടെ.

കാവുകളിലൂടെ പ്രകൃതിദേവിയും ഉരഗങ്ങളും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കപ്പെടുമ്പോൾ ഈ വിശ്വാസസങ്കേതത്തിന്റെ മാനം വ്യത്യസ്തമാവുന്നു. സമ്പൽസമൃദ്ധിക്ക്‌ സ്വർണംനിറച്ച കുടം, വിദ്യയ്ക്കും സൽകീർത്തിക്കും പട്ട്‌ധാന്യം, ദിവ്യാഭരണങ്ങൾ, സന്താനസൗഭാഗ്യത്തിന്‌ ഉരുളി കമിഴ്‌ത്തൽ, ആരോഗ്യം വീണ്ടുകിട്ടാൻ ഉപ്പ്‌, വിഷനാശത്തിന്‌ മഞ്ഞൾ എന്നിങ്ങനെ ഇവിടത്തെ വഴിപാടുകളും അതിലുള്ള വിശ്വാസവും രൂഢമൂലമാണ്‌. നാഗരാജാവിന്‌ കൂവളമാല സമർപ്പിക്കുന്നതിനും പ്രധാനമാണ്‌. ആയില്യം പൂജയുടെ കളമെഴുത്തിനും അന്നേദിവസത്തെ ചടങ്ങുകൾക്കും ധാരാളം ഭക്തജനങ്ങൾ എത്താറുണ്ട്‌. എല്ലാ ആയില്യം നാളിലും പ്രത്യേക പൂജകളുണ്ടാവുമെങ്കിലും കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യത്തിന്‌ എഴുന്നെള്ളത്ത്‌ ഉണ്ടാവും. ശിവരാത്രി നാളിലും പ്രത്യേക പൂജകളുണ്ടിവിടെ. തുലാമാസത്തിലെ ആയില്യമാണ്‌ മണ്ണാറശാല ആയില്യം എന്ന പേരിൽ പ്രസിദ്ധമായത്‌.

ഈ ക്ഷേത്രത്തിലെ മുഖ്യപൂജകൾ നടത്തുന്നത്‌ അന്തർജനമാണെന്ന പ്രത്യേകതയുമുണ്ട്‌. ഇല്ലത്തെ മൂത്തയാളിന്റെ വേളിക്കാണ്‌ ഈ അവകാശം. മണ്ണാറശാല വലിയമ്മ എന്നറിയപ്പെടുന്ന ഉമാദേവി അന്തർജനമാണ്‌ ഇപ്പോൾ പൂജകൾ ചെയ്യുന്നത്‌. പൂജകൾക്കുശേഷം അവർ ഭക്തജനങ്ങൾക്ക്‌ ദർശനവും നൽകുന്നു. നാഗപൂജയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വലിയമ്മയ്ക്കിപ്പോൾ 85 വയസ്സായി. ക്ഷേത്രപൂജാരിണികളിൽ ഏറ്റവും കൂടുതൽ കാലം നാഗപൂജ അനുഷ്ഠിച്ചതിന്റെ സൗഭാഗ്യവും ഉമാദേവിക്കാണ്‌. അമ്മയ്ക്ക്‌ പൂജ ചെയ്യാൻ എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ പൂജ ചെയ്യേണ്ടതില്ലെന്നതും മണ്ണാറശാലയിലെ വിശ്വാസമാണ്‌. ഭക്തജനങ്ങളുടെ സങ്കടങ്ങൾക്ക്‌ കാതോർക്കുകയും സാന്ത്വനവാക്കുകൾകൊണ്ട്‌ സമാശ്വസിപ്പിക്കുകയും ചെയ്യുന്ന വലിയമ്മ ഈ നാടിന്റെ പുണ്യമാണ്‌.

മണ്ണാറശാലയുടെ ആദ്യകാല നാമം മന്ദാരശാല എന്നായിരുന്നു. ദർശനപുണ്യം കൊണ്ടും പ്രകൃതിചൈതന്യം കൊണ്ടും മനസ്സിൽ മന്ദാരപ്പൂക്കൾ വിരിയുന്ന ഈ സ്ഥലത്തിന്‌ മന്ദാരശാല എന്ന പേര്‌ അന്വർഥമാണ്‌. കാവും കുളവും കൊണ്ട്‌ മണ്ണ്‌ ആറാത്ത ഇടവുമാകുന്നു ഇവിടെ. ദേശീയപാതയിൽനിന്ന്‌ ഹരിപ്പാട്‌ എത്തുന്നതിനുമുമ്പ്‌ ഡാണാപ്പടിയിൽനിന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ പോകണം. ഹരിപ്പാട്‌ റെയിൽവേസ്റ്റേഷനിൽ ഇറങ്ങിയാൽ മൂന്നുകിലോമീറ്റർ ദൂരം.  ഏറനാട്‌ എക്സ്‌പ്രസ്സ്‌, നേത്രാവതി എക്സ്‌പ്രസ്സ്‌ എന്നിവയ്ക്ക്‌ ഹരിപ്പാട്‌ സ്റ്റോപ്പുണ്ട്‌. കോട്ടയം വഴിപോവുന്ന ട്രെയിനുകൾക്കാണെങ്കിൽ മാവേലിക്കരയോ കായംകുളത്തോ ഇറങ്ങി ബസ്സിന്‌ പോവാം. കായംകുളത്ത്‌ നിന്ന്‌ 17 കിലോമീറ്ററും മാവേലിക്കരയിൽ നിന്ന്‌ 15 കിലോമീറ്ററുമാണ്‌ ദൂരം. സൂപ്പർഫാസ്റ്റ്‌ ട്രെയിനുകൾക്ക്‌ കായംകുളത്താണ്‌ സ്റ്റോപ്പ്‌. താമസിക്കാൻ ക്ഷേത്രത്തിന്റെ തന്നെ ഗസ്റ്റ്‌ഹൗസുണ്ട്‌. 0479 2417662, 2417663 ആണ്‌ നമ്പർ. ക്ഷേത്രത്തിലെ ഫോൺ നമ്പർ: 0479 2413214, 2160300.