ഹൈന്ദവ ആചാരപ്രകാരം സ്ഥല, ദൃഷ്ടി, പ്രേതബാധ, ശത്രുമാരണങ്ങള്‍ എന്നിവ ഒഴിപ്പിച്ച് ഐശ്വര്യം നല്‍കുന്ന പൂജയാണു സുദര്‍ശന ഹോമം. വിഷ്ണുദേവ സങ്കല്‍പത്തില്‍ അധിഷ്ഠിതമാണിത്. സുദര്‍ശനമന്ത്രം ആയിരം, പതിനായിരം തവണകള്‍ വീതം ആവര്‍ത്തിക്കും. ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദര്‍ശന ഹോമം രാവിലെയോ വൈകിട്ടോ ചെയ്യാം. മഹാസുദര്‍ശന മുര്‍ത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ്.
സുദര്‍ശന ധ്യാന ശ്ലോകം
കല്‍പ്പാന്തര്‍ക്കപ്രകാശം ത്രിഭുവനമഖിലംതേജസാ പൂരയന്തം
രക്താക്ഷം പിംഗകേശം രിപുകുലഭയദംഭീമദംഷ്ട്രാട്ടഹാസം
ചക്രം ശംഖം ഗദാബ്ജേ പുഥുതരമുസലംചാപപാശാങ്കുശാന്‍ സൈ്വര്‍-
ബിഭ്രാണം ദോര്‍ഭിരാദ്യം മനസി മുരരിപുംഭവനയേച്ചക്രസംജ്ഞം.
കല്‍പ്പാന്തസൂര്യനെപ്പോലെ അതിപ്രകാശമാനനും സ്വതേജസ്സുകൊണ്ടു മൂന്നു ലോകത്തേയും പ്രകാശിപ്പിയ്ക്കുന്നുവെന്നും ചുവന്ന നേത്രങ്ങളോടുകൂടിവനും, പിംഗളവര്‍ണ്ണമായ കേശഭാരമുളളവനും, ശത്രുക്കള്‍ക്കു ഭയങ്കരനും ഭയങ്കരമായ ദംഷ്ട്രങ്ങളോടും അട്ടഹാസത്തോടും കൂടിയവനും, ചക്രവും ശംഖും ഗദയും താമരപ്പൂവും വലിയ ഇരുമ്പുലയ്ക്കയും വില്ലും കയറും തോട്ടിയും കൈകളില്‍ ധരിച്ചവനും ആദിമൂര്‍ത്തിയും ചക്രസ്വരൂപിയുമായ മഹാവിഷ്ണുവിനെ മനസ്സില്‍ ധ്യാനിയ്ക്കുന്നു.
അങ്ങനെയുള്ള സുദര്‍ശനമൂര്‍ത്തിയെയാണ് സുദര്‍ശന ഹോമത്തില്‍ സ്മരിച്ച് മന്ത്രം ജപിച്ച് ഹോമത്തിലൂടെ സംപ്രീതനാക്കുന്നത്.
മഹാസുദര്‍ശന മന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ യന്ത്രതന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്‌ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ
ബ്രഹ്മണേപരം ജ്യോതിഷേ ഹും ഫട്
സുദര്‍ശനചക്രത്തിന്റെ കളം വരച്ച് അതില്‍ ഹോമകുണ്ഡം തീര്‍ത്താണു പൂജ നടത്തുന്നത്. ഹോമകുണ്ഡത്തില്‍ അഗ്‌നി ജ്വലിപ്പിച്ച് എള്ളും പൂവും നവധാന്യങ്ങളും മറ്റു പൂജാവിധിപ്രകാരമുള്ള വസ്തുക്കളും സമര്‍പ്പിക്കും. എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന യന്ത്രധാരണവും നടത്താറുണ്ട്. മൂന്നു വരെ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹോമത്തിനൊടുവില്‍ കളത്തിനു പുറത്തായി കുമ്പളങ്ങ മുറിച്ച് ഗുരുതി തര്‍പ്പണം ചെയ്യും. തുടര്‍ന്ന് ആവാഹിച്ച ശക്തികളെ വെള്ളത്തില്‍ ഒഴുക്കിക്കളയുന്നതോടെ പൂജ അവസാനിക്കും.
ചിലപ്പോള്‍ നാം തന്നെ നമ്മുടെ ശത്രുവാകാം. നമ്മുടെ തന്നെ ചില തീരുമാനങ്ങള്‍ തെറ്റായി വരികയും തന്മൂലം അവയുടെ ദോഷഫലങ്ങള്‍ നമ്മില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നമ്മുടെ വാക്കുകളോ പ്രവര്‍ത്തികളോ തന്നെ നമുക്ക് പ്രതികൂലമായി ഭവിക്കാം.
നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത ദുഷ്‌കര്‍മങ്ങള്‍ നമ്മുടെ ശത്രുവാകാം. ജാതകവശാലോ ചാരവശാലോ നമ്മുടെ പ്രതികൂല ഗ്രഹങ്ങള്‍ നമ്മുടെ ശത്രുവാകാം. എപ്രകാരമുള്ള അനിഷ്ടാനുഭവങ്ങള്‍ക്കും സുദര്‍ശന ഹോമം പരിഹാരാനുഭവം നല്‍കും എന്നത് നിശ്ചയമാണ്.