• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Spirituality
More
  • Feature
  • Amrutha Vachanam
  • Photos
  • Astrology
  • News
  • Beliefs
  • Rituals
  • Jaggi Vasudev

സ്വർഗത്തെ നിരസിച്ച മുദ്‌ഗലൻ

K S Radhakrishnan
Feb 10, 2019, 10:23 PM IST
A A A

ഭഗവദ്‌ഗീതയിൽ മാത്രമല്ല മഹാഭാരതം നിഷ്കാമകർമത്തെ ഘോഷിപ്പിക്കുന്നത്‌. കഥയുടെ വളവുതിരിവുകളിലെല്ലാം വ്യാസൻ കർമജീവിതത്തിന്റെയും ധർമജീവിതത്തിന്റെയും കഥകൾ കാത്തുെവച്ചിരിക്കുന്നു. അടഞ്ഞ കണ്ണുകൾ തുറപ്പിക്കാൻ; അസംഖ്യം തലമുറകളെ ഉണർത്താൻ

# കെ.എസ്‌. രാധാകൃഷ്ണൻ
mahabharatham
X

കാനനവാസത്തിന്റെ പന്ത്രണ്ടാം വർഷാരംഭത്തിൽ പാണ്ഡവർ ദ്വൈതവനത്തിൽനിന്ന്‌ കാമ്യകവനത്തിലേക്ക്‌ താമസംമാറ്റി. പാണ്ഡവരും പരിവാരങ്ങളും ആഹരിച്ചതിന്റെ ഫലമായി ദ്വൈതവനത്തിൽ മൃഗസഞ്ചയങ്ങൾ ഒടുങ്ങിത്തീരാറായിരുന്നു. വംശപരമ്പര നിലർത്താനാവശ്യമായവ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇനിയും അവിടെ തുടർന്നാൽ പശുപക്ഷിമൃഗാദികൾ മുഴുവൻ മുടിയും. അതുകൊണ്ടാണ്‌ കാമ്യകവനത്തിലേക്ക്‌ താമസംമാറ്റിയത്‌. കഷ്ടപ്പാടുകൾ നിറഞ്ഞ വനവാസത്തിന്റെ പതിനൊന്നുവർഷം പൂർത്തിയായി. ഇനി ഒരു വർഷത്തെ വനവാസംകൂടി കഴിഞ്ഞ്‌ ഒരുവർഷം നീണ്ടുനിൽക്കുന്നു അജ്ഞാതവാസം. അജ്ഞാതവാസം കഴിഞ്ഞാലും രാജ്യം തിരിച്ചുകിട്ടുമെന്ന്‌ ഒരു ഉറപ്പുമില്ല.

ഈ അനിശ്ചിതാവസ്ഥ കഠിനശോകമായി യുധിഷ്ഠിരനെ ആവേശിച്ചു. തന്റെ ഒരാളുടെ ചൂതാട്ടമോഹം മൂലമാണ്‌ രാജ്യം നഷ്ടമായതും പാഞ്ചാലിയും തന്റെ സഹോദരങ്ങളും കഷ്ടപ്പെടുന്നതും. അതോർക്കുമ്പോഴെല്ലാം കരളിൽ ശൂലംകുത്തിയിറക്കുന്നതുപോലുള്ള വേദന യുധിഷ്ഠിരൻ അനുഭവിച്ചിരുന്നു. പാണ്ഡവർ ദ്വൈതവനത്തിൽ താമസിച്ചു കൊണ്ടിരിക്കുമ്പോൾ ദുര്യോധനാദികൾ ദ്വൈതവനത്തിലേക്ക്‌ ഒരുഘോഷയാത്ര നടത്തി. ഗോശാല പരിശോധന എന്നാണ്‌ പുറത്തുപറഞ്ഞകാര്യം. എന്നാൽ, യഥാർഥ കാരണം തങ്ങളുടെ ശത്രുക്കളായ പാണ്ഡവരുടെ കഷ്ടപ്പാടുകൾ നേരിൽ കാണുക എന്നതായിരുന്നു. കർണനും ശകുനിയുമാണ്‌ ഇവ്വിധം ഒരുപദേശം ദുര്യോധനന്‌ നൽകിയത്‌. കാട്ടിൽ കഷ്ടപ്പെടുന്ന ശത്രുക്കളുടെ ദൈന്യം നേരിൽക്കാണുന്നത്‌ അത്യന്തം ആനന്ദകരമായിരിക്കും എന്ന്‌ വിശദീകരിച്ചു പറഞ്ഞത്‌ കർണനാണ്‌. മാത്രമല്ല ദ്രൗപദിയെയും ഭീമനെയുമെല്ലാം തങ്ങളുടെ ഐശ്വര്യം കാണിച്ച്‌ അപമാനിക്കുകയും ചെയ്യാം. ഭീമനോടുള്ള പകയും ഭയവും ഒരിക്കലും ദുര്യോധനമനസ്സിൽനിന്ന്‌ അകന്നിരുന്നില്ല.

എന്നാൽ ദ്വൈതവനത്തിലെ ഗോശാലപരിശോധനയാത്ര അപ്രതീക്ഷിതമായ തോൽവിയും ജാള്യതയുമാണ്‌ ദുര്യോധനന്‌ സമ്മാനിച്ചത്‌. അഹങ്കാരം മൂത്ത ദുര്യോധനാദികൾ ദ്വൈതവനത്തിൽ കണ്ടുമുട്ടിയ ഗന്ധർവന്മാരുമായി ഏറ്റുമുട്ടി. കർണനും ദുര്യോധനനും സൈന്യവും യുദ്ധത്തിൽ തോറ്റ്‌ പിൻതിരിഞ്ഞ്‌ ഓടിരക്ഷപ്പെട്ടു. ദുര്യോധനനെയും കുരുവംശ സ്ത്രീകളെയും ഗന്ധർവന്മാർ പിടിച്ചുകെട്ടി ബന്ദികളാക്കി. ഗത്യന്തരമില്ലാതെ ദുര്യോധനസൈന്യത്തിന്‌ പാണ്ഡവരുടെ സഹായം തേടേണ്ടിവന്നു. ഈ വിവരം അറിഞ്ഞപ്പോൾ ഭീമൻ അവരെ സഹായിക്കരുത്‌ എന്നാണ്‌ അഭിപ്രായപ്പെട്ടത്‌. പക്ഷേ, ധർമപുത്രർ പറഞ്ഞു: ‘‘അവർ ബന്ധുക്കളാണ്‌. അവരെ രക്ഷിക്കുകയും കുരുവംശസ്ത്രീകളുടെ മാനം കാക്കുകയും വേണം.’’

കർണൻ പറഞ്ഞു  അടിമയ്ക്ക്‌  മനുഷ്യാവകാശങ്ങളില്ല
കർണൻ പറഞ്ഞു അടിമയ്ക്ക്‌ മനുഷ്യാവകാശങ്ങളില്ല
‘രാജാക്കന്മാരെല്ലാം നരകം കാണേണ്ടവരാണ്‌’- മഹാഭാരത വിചാരങ്ങൾ
‘രാജാക്കന്മാരെല്ലാം നരകം കാണേണ്ടവരാണ്‌’- മഹാഭാരത വിചാരങ്ങൾ

ഭീമാർജുനന്മാർ ഗന്ധർവന്മാരുമായി യുദ്ധം ചെയ്ത്‌ അവരെ പരാജയപ്പെടുത്തി. ബന്ധനസ്ഥനാക്കപ്പെട്ട നിലയിലാണ്‌ ദുര്യോധനനെ ധർമപുത്രരുടെ മുന്നിൽ ഹാജരാക്കിയത്‌. പാണ്ഡവരുടെ മുന്നിൽ ഗർവ്‌ കാണിക്കുക എന്നതായിരുന്നു ഗോശാല പരിശോധനയുടെ യഥാർഥലക്ഷ്യമെന്ന്‌ ഗന്ധർവന്മാർ ദുര്യോധനാദികളുടെ സാന്നിധ്യത്തിൽ വെളിവാക്കുകയും ചെയ്തു. ശത്രുക്കളെ അപമാനിക്കാനായി പോവുകയും സ്വയം പരാജിതനും അവഹേളിതനുമായി തിരിച്ചുവരുകയും വേണ്ടിവന്നപ്പോഴുണ്ടായ ജാള്യത കാരണം ദുര്യോധനൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. കർണനും ശകുനിയും പലവിധ ന്യായങ്ങൾ നിരത്തി ദുര്യോധനനെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാണക്കേട്‌ മറക്കാൻ ദുര്യോധനന്‌ കഴിഞ്ഞില്ല. അതിനുപരിഹാരമായിട്ടാണ്‌ യുധിഷ്ഠിരൻ നടത്തിയ രാജസൂയത്തെക്കാൾ കേമമായ ഒരു രാജസൂയം നടത്താമെന്ന്‌ കർണനും ശകുനിയും കൂടി നിർദേശിച്ചത്‌. ഒരു പരാജയത്തെ ഉന്നതമായ മറ്റൊരു വിജയം കൊണ്ടു നേരിടുക എന്ന തന്ത്രം ദുര്യോധനനും സമ്മതമായി.

mahabharatham logoരാജസൂയത്തിന്‌ മുന്നോടിയായി ദ്വിഗ്വിജയം നടത്താമെന്ന്‌ കർണൻ ഏറ്റു. നാല്‌ പാണ്ഡവന്മാർ നാല്‌ ദിക്കിലേക്ക്‌ ഓരോരുത്തരായി പാഞ്ഞുപോയിട്ടാണ്‌ ധർമപുത്രരുടെ ദ്വിഗ്വിജയം പൂർത്തിയാക്കിയത്‌. നാല്‌ പാണ്ഡവർ ചെയ്തത്‌ താൻ ഒറ്റയ്ക്ക്‌ ചെയ്യാമെന്നായി കർണൻ. കർണൻ എന്നും സ്വയം താരതമ്യം ചെയ്യുന്നത്‌ പാണ്ഡവരുമായിട്ടാണ്‌. പാണ്ഡവരെക്കാൾ താൻ എന്തുകൊണ്ടും മിടുക്കനാണെന്നു സ്ഥാപിക്കുക എന്നത്‌ കർണന്റെ ശീലമായിരുന്നു. ആയുധപരിശീലനത്തിനുശേഷം നടന്ന അഭ്യാസക്കാഴ്ചയിലും അർജുനൻ ചെയ്തതെല്ലാം അയാൾ ചെയ്തതിനെക്കാൾ മികവോടെ താൻ ചെയ്യാമെന്നാണ്‌ കർണൻ പറഞ്ഞത്‌. താൻ എന്തു ചെയ്യുമെന്നല്ല മറ്റവൻ ചെയ്തതെല്ലാം താനും ചെയ്യുമെന്നാണ്‌ കർണൻ എപ്പോഴും പറയുന്നത്‌. ഈ മനോനില അപകർഷബോധത്തെയാണ്‌ ഉദാഹരിക്കുന്നത്‌. അപകർഷബോധമുള്ളവർ എപ്പോഴും എന്തിനോടാണോ / ആരോടാണോ അപകർഷം തോന്നുന്നത്‌ അതെല്ലാം അതിനെക്കാൾ / അവരെക്കാൾ മികവുറ്റ രീതിയിൽ താൻ ചെയ്യുമെന്ന്‌ സ്ഥാപിക്കാനാകും ശ്രമിക്കുക.

തനിക്ക്‌ തന്റേതായ രീതിയിൽ എന്തു ചെയ്യാനാകുമെന്ന്‌ അയാൾ ഒരിക്കലും ചിന്തിക്കില്ല. താൻ മറ്റവരെക്കാൾ മിടുക്കനാണ്‌ എന്നുവരുത്തിത്തീർക്കാനാകും ശ്രമിക്കുക. ഈ മനോനിലയെയാണ്‌ അപകർഷബോധത്തിൽനിന്നും സ്വാഭാവികമായി ഉടലെടുക്കുന്ന ഉത്‌കർഷബോധം എന്നുപറയുന്നത്‌. അങ്ങനെയാണ്‌ അപകർഷബോധം മറച്ചുവെക്കുന്നതിനായി ഉത്‌കർഷബോധം ഇത്തരക്കാർ എപ്പോഴും പ്രകടിപ്പിക്കുന്നത്‌. അവർ അപഹാസ്യരാകുകയും ചെയ്യും. ഗോശാലാ പരിശോധനയിൽ തിരിഞ്ഞോടി അപഹാസ്യനായപ്പോഴാണ്‌ അവർ നാലുപേർ ചെയ്തത്‌ താനൊറ്റയ്ക്ക്‌ ചെയ്യാമെന്നു പറയുന്നത്‌.

അതുകൊണ്ട്‌ കർണൻ എന്നും പാണ്ഡവരാകാനാണ്‌ ശ്രമിച്ചത്‌. ഒരുവൻ മറ്റൊരുവനാകാൻ ശ്രമിക്കുന്നത്‌ അനുകരണമാണ്‌. അനുകർത്താവിന്‌ എന്നും പരാജയം ഏറ്റുവാങ്ങേണ്ടിവരും. പാണ്ഡവരോടുള്ള പക കർണന്റെ ചോരയിലുണ്ടായിരുന്നു. ആ പക തീർക്കാനായി ഏത്‌ ഹീനമാർഗം സ്വീകരിക്കാനും കർണന്‌ മടിയുണ്ടായില്ല. പാമ്പിനെക്കൊണ്ട്‌ കൊത്തിച്ചുകൊല്ലിക്കാനും വിഷം കൊടുത്തു കൊല്ലിക്കാനും മുക്കിക്കൊല്ലിക്കാനും ചുട്ടുകൊല്ലിക്കാനുമെല്ലാം കർണൻ പ്രേരണ നൽകിയതും പാഞ്ചാലിയുടെ തുണിയുരിയിച്ചതും അതുകൊണ്ടാണ്‌. എന്നിട്ടും പക തീരാതെയാണ്‌ താൻ അർജുനനെ കൊല്ലുമെന്നും അതിനുവേണ്ടി മാംസവും മദ്യവും ഉപേക്ഷിക്കുമെന്നും ആര്‌ എന്തു ചോദിച്ചാലും കൊടുക്കുമെന്നുമെല്ലാം ശപഥം ചെയ്തത്‌.

കർണശപഥവാർത്തയറിഞ്ഞ്‌ യുധിഷ്ഠിരൻ വ്യാകുലചിത്തനായി. കർണഭയം യുധിഷ്ഠിരനെ ഒരിക്കലും വിട്ടുമാറിയിരുന്നില്ല. ദുര്യോധനന്റെ രാജസൂയവൃത്താന്തവും ധർമപുത്രർ അറിഞ്ഞിരുന്നു. തങ്ങളെ ചിതിയിൽ വീഴ്‌ത്തുകയും തങ്ങൾ അനുഭവിക്കേണ്ട ഐശ്വര്യത്തെ അനധികൃതമായി അനുഭവിക്കുകയും ചെയ്യുന്ന ശത്രുക്കൾക്ക്‌ ശ്രീ വർധിക്കുന്നത്‌ അറിഞ്ഞ്‌ അദ്ദേഹം അസ്വസ്ഥനായി. താൻ കാരണം തന്റെ ഭാര്യയും അമ്മയും സഹോദരങ്ങളും ദുഃഖിക്കുന്നത്‌ ഓർത്തപ്പോൾ യുധിഷ്ഠിരശോകം വർധിച്ചു. പതിനൊന്നു വർഷക്കാലത്തെ വനവാസദുരനുഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ കിടന്നു. ഇനി രണ്ടുവർഷം കഴിഞ്ഞാലും രാജ്യം തിരിച്ചു കിട്ടുമെന്നതിൽ ഒരുറപ്പും ഉണ്ടായിരുന്നില്ല. ഈ സന്ദേശം അദ്ദേഹത്തിന്റെ ശോകത്തെ വളർത്തി.

യുധിഷ്ഠിരൻ ഇവ്വിധം വിഷാദമഗ്‌നനായിരിക്കുമ്പോഴാണ്‌ വ്യാസൻ എത്തിയത്‌. ക്ലേശിക്കുന്നവരെ സമാശ്വസിപ്പിക്കുകയും അവരിൽ ആത്മവിശ്വാസം ഉദ്ദീപ്തമാക്കി അവരെ കർമനിരതരാക്കുകയും ചെയ്യുക എന്നത്‌ വ്യാസധർമമായിരുന്നു. ധർമനിഷ്ഠനായ യുധിഷ്ഠിരന്‌ വിജയം സുനിശ്ചിതമാണ്‌. നഷ്ടസൗഭാഗ്യങ്ങളെല്ലാം വീണ്ടെടുത്തു ഐശ്വര്യശ്രീമാനായി വാഴുകയും ചെയ്യുമെന്നും വ്യാസൻ പറഞ്ഞു. അതിനുശേഷവും തത്ത്വബോധ ഉപദേശം കൊണ്ട്‌ യുധിഷ്ഠിരന്റെ വിവേകശക്തിയെ സൂക്ഷ്മവും നിശിതവുമാക്കി. അതിന്റെ ഭാഗമായിട്ടാണ്‌ തപിക്കാത്തവന്‌ മഹത്തായതൊന്നും നേടാനാകില്ലെന്ന്‌ ഉദ്‌ബോധിപ്പിച്ചത്‌. തപസ്സിൽ തപിക്കുന്നവൻ സുഖദുഃഖവിമുക്തനാകും. അവൻ ഇന്ദ്രിയസംയമനത്തിലൂടെ സത്യവ്രതനും അഹിംസാനിഷ്ഠനുമാകും. അവൻ എന്നും ലോകവിജയം നേടുമെന്നും വ്യാസൻ ഉപദേശിച്ചു.

അത്തരക്കാരെ പ്രത്യക്ഷത്തിൽ എങ്ങനെ അറിയാൻ കഴിയുമെന്ന്‌ യുധിഷ്ഠിരൻ ചോദിച്ചപ്പോഴാണ്‌ കുരുക്ഷേത്രത്തിൽ താമസിച്ചിരുന്ന മുദ്‌ഗലൻ എന്ന മഹാബ്രാഹ്മണന്റെ കഥ വ്യാസൻ പറഞ്ഞത്‌. വയലുകളിൽ ഉതിർന്നുവീഴുന്ന നെന്മണികൾ മാത്രം പെറുക്കിയെടുത്തു സംഭരിച്ച്‌ മാസത്തിൽ അമാവാസിയിലും പൗർണമിയിലും മാത്രം ആഹരിക്കുക എന്നതായിരുന്നു മുദ്‌ഗലന്റെ രീതി; അതും വിശപ്പുതീർക്കാൻ വേണ്ടിമാത്രം. വയലുകളിൽ സമൃദ്ധമായി വിളഞ്ഞു കിടക്കുന്ന കതിർക്കുലകളിൽ ഒന്നുപോലും മുദ്‌ഗലൻ അറത്തുസൂക്ഷിച്ചിരുന്നില്ല. വയലുകളിൽ ഉതിർന്നു വീഴുന്ന നെന്മണികളെ പെറുക്കിയെടുക്കുക ശ്രമകരമാണ്‌. ഇങ്ങനെ ക്ലേശം സഹിച്ചു നേടുന്ന നെന്മണികളിൽനിന്നുള്ള ധാന്യം പാചകം ചെയ്തതിനുശേഷം ദേവകൾക്കും അപരിചിതർക്കും പശുപക്ഷിമൃഗാദികൾക്കും ആനന്ദത്തോടെ ദാനം ചെയ്തതിനുശേഷം മാത്രം അവശേഷിക്കുന്നത്‌ ഭക്ഷിക്കുക എന്നതായിരുന്നു മുദ്‌ഗലൻ അവലംബിച്ച വിഹിതമാർഗം.

ക്ലേശിച്ചുനേടുന്നത്‌ ദാനം ചെയ്യേണ്ടിവരുമ്പോൾ ദുഃഖമുണ്ടാകുക എന്നത്‌ മനുഷ്യന്റെ സഹജസ്വഭാവമാണ്‌. ദുഃഖമില്ലാതിരിക്കുകയും സന്തോഷത്തോടെ ദാനംചെയ്യുകയും ചെയ്താൽ താൻ അവ്വിധം ദാനംചെയ്യുന്നവനാണെന്ന അഹംബോധം മനസ്സിൽനിന്നും മായുന്നവരുടെ എണ്ണം തുലോം വിരളമാണ്‌. താൻ മഹാദാനിയാണെന്ന സന്തോഷത്തെകൂടി ത്യജിച്ചുകൊണ്ടും അവ്വിധം ത്യജിച്ചവനാണ്‌ താനെന്ന മഹിമയെ മറന്നുകൊണ്ടും ദാനം ചെയ്യുന്നവനാണ്‌ ആനന്ദം അനുഭവിക്കുന്നത്‌. ക്ലേശത്തോടെ നേടിയവ ദാനം ചെയ്തുകൊണ്ട്‌ മുദ്‌ഗലൻ ആനന്ദിച്ചിരുന്നു. മുദ്‌ഗലൻ ഇവ്വിധം ജീവിച്ചുകൊണ്ടിരിക്കെയാണ്‌ അദ്ദേഹത്തിന്റെ ദാനനിഷ്ഠപരീക്ഷിക്കാൻ ദുർവാസാവ്‌ തീരുമാനിച്ചത്‌. ഉന്മാദിയും ക്രോധാവിഷ്ടനുമാണ്‌ ദുർവാസാവ്‌. കോപം വന്നാൽ തന്റെ മുഴുവൻ തപഃശക്തിയും ഉപയോഗിച്ച്‌ ആരെയും ശപിക്കും.

മുദ്‌ഗലൻ ഒരുദിവസം അന്നം പാകം ചെയ്തുകൊണ്ടിരിക്കെയാണ്‌ ദുർവാസാവ്‌ എത്തിയത്‌. എത്തിയ ഉടനെ ആഹാരം വേണമെന്നായി ദുർവാസാവ്‌. പാകം ചെയ്ത അന്നം മുദ്‌ഗലൻ ഒരു ഭാവഭേദവും ഇല്ലാതെ ദുർവാസാവിന്‌ നൽകി. ദുർവാസാവ്‌ ഉണ്ടു കഴിഞ്ഞപ്പോൾ പിന്നെ ബാക്കിയൊന്നും അവശേഷിച്ചിരുന്നില്ല. മുദ്‌ഗലനാകട്ടെ കനത്ത വിശപ്പുണ്ടായിരുന്നു. വിശപ്പ്‌ ഏതൊരുവന്റെയും സമനില തെറ്റിക്കും. സമനില തെറ്റിയാൽ ക്രോധാവേശം മൂക്കുകയും ധർമബോധം നശിക്കുകയും ചെയ്യും. മുദ്‌ഗലൻ ഈ അവസ്ഥയെയും നിർമമതയോടെ നേരിട്ടു എന്നു മാത്രമല്ല നാവിലെ രസവാസനകളെ നിയന്ത്രിച്ചുകൊണ്ട്‌ ആഹരിക്കാനുള്ള ആശയെ നിയന്ത്രിക്കുകയും ചെയ്തു.
മുദ്‌ഗലൻ ആഹാരം പാചകംചെയ്യുന്ന അമാവാസിയിലും പൗർണമിയിലും ദുർവാസാവ്‌ സ്ഥിരസന്ദർശനാകുകയും താൻ പാചകം ചെയ്ത ആഹാരം മുഴുവനും നിർമമനായി ആനന്ദത്തോടെ മുദ്‌ഗലൻ ദുർവാസാവിന്‌ ദാനം ചെയ്യുകയും ചെയ്തു. പ്രാണനെ നിലനിർത്തുന്ന ആഹാരത്തെപ്പോലും നിർമമതയോടെ ദാനം ചെയ്തുകൊണ്ട്‌ ആനന്ദിക്കുന്ന മുദ്‌ഗലന്റെ യശസ്സ്‌ ലോകമെങ്ങും പരന്നു.

vyasanസ്വർഗവാസികളും ഇതറിഞ്ഞു. മുദ്‌ഗലൻ സ്വർഗലോകത്തിന്‌ അവകാശിയുമായി. മുദ്‌ഗലനെ സ്വർഗലോകത്തിലേക്ക്‌ ക്ഷണിക്കാൻ ദേവദൂതർ എത്തി. ഭൂലോകവാസികളെല്ലാം കൊതിക്കുന്ന സ്വർഗലോകവാസത്തെക്കുറിച്ച്‌ മുദ്‌ഗലനോട്‌ പറഞ്ഞപ്പോൾ സ്വർഗത്തിന്റെ ഗുണദോഷങ്ങൾ എന്തൊക്കെ എന്ന മറുചോദ്യമാണ്‌ മുദ്‌ഗലൻ ചോദിച്ചത്‌. എല്ലാ ഇന്ദ്രിയങ്ങൾക്കും പ്രീതി നൽകുന്ന അനുഭവം. ജരാനരക്ലേശങ്ങൾ ഇല്ല. ശോകവിമുക്തമാണ്‌ സ്വർഗം - ഇങ്ങനെ സ്വർഗലോകഗുണങ്ങൾ ആവേശപൂർവം സ്വർഗദൂതർ വിശദീകരിച്ചു. സ്വർഗലോകത്തിന്റെ ദോഷം അത്‌ കർമഭൂമിയല്ല എന്നതാണ്‌. ഭൂമിയിൽ ചെയ്ത സദ്‌കർമഫലം അനുഭവിക്കാനുള്ള സ്ഥലമാണ്‌ സ്വർഗം. ആ കർമഫലം തീരുമ്പോൾ തിരിച്ചുഭൂമിയിലേക്ക്‌ പോരേണ്ടിയും വരും. ഭൂമിയിലെത്തി വീണ്ടും സദ്‌കർമം ചെയ്താൽ വീണ്ടും സ്വർഗം ലഭിക്കും.

ഫലഭൂമി മാത്രമായ സ്വർഗത്തിന്റെ ഗുണഗണങ്ങൾ മുദ്‌ഗലനെ ആശ്രയിച്ചില്ല. സുഖദുഃഖങ്ങളോട്‌ നിർമമത്വം പുലർത്തുന്ന മുദ്‌ഗലൻ സ്വർഗവാസത്തെ നിരസിച്ചുകൊണ്ട്‌ കർമഭൂമിയിൽ നിൽക്കാനാണ്‌ തീരുമാനിച്ചത്‌. ഭൂമിയിലെ ജീവിതം സുഖദുഃഖ സമിശ്രമാണ്‌. പക്ഷേ,  ക്ഷിതിവാസത്തിൽ സുഖദുഃഖദ്വന്ദ്വനിർമുക്തനായി കർമം ചെയ്യുന്നവനെ ഇതൊന്നും ബാധിക്കില്ല. സുഖത്തിൽ കാംക്ഷയില്ലാത്തവന്‌ സ്വർഗം കൊണ്ട്‌ പ്രയോജനമില്ല. മാത്രമല്ല സുഖദുഃഖങ്ങളെ അതിജീവിച്ചവൻ നിർഭയനുമായിരിക്കും. അവന്‌ മാത്രമേ ബ്രഹ്മം അഭയമാകൂ. ഭയമില്ലാത്ത അവസ്ഥയാണ്‌ ബ്രഹ്മാനുഭൂതി. തന്റെ ലക്ഷ്യം ഈ അഭയാവസ്ഥയാണെന്നും അതുകൊണ്ട്‌ സ്വർഗവാസസുഖം താൻ കാംക്ഷിക്കുന്നില്ല എന്നും മുദ്‌ഗലൻ സ്വർഗദൂതനോട്‌ പറഞ്ഞു.

മുപ്പത്തിമൂവായിരം യോജന മേൽപ്പരപ്പുള്ള മേരുപർവത പ്രദേശമാണ്‌ സ്വർഗം. അവിടെയാണ്‌ മുപ്പത്തിമുക്കോടി ദേവകളുടെവാസം. പക്ഷേ, ഈ മേരുപർവത പ്രദേശവും ഒരു സ്ഥലകാലസംയുക്തം മാത്രമാണ്‌. സ്ഥലകാല വൈരുധ്യങ്ങളായ വൃദ്ധിക്ഷയങ്ങൾ അവിടെയും അനുഭവിക്കേണ്ടിവരും. ഭോഗസമൃദ്ധിയിൽ ആകൃഷ്ടരാകുന്നവരെ മാത്രമേ സ്വർഗവാസം ആകർഷിക്കുകയുള്ളൂ. ജനിമൃതികൾക്കതീതമായ സത്യസാക്ഷാത്‌കാരത്തിന്‌ ശ്രമിക്കുന്നവനെ സംബന്ധിച്ചിടത്തോളം ഇന്ദ്രപദവിതന്നെ തുച്ഛമായ ഒന്നാണെന്നാണ്‌ മുദ്‌ഗലന്റെ കഥ നമ്മെ ഓർമിപ്പിക്കുന്നത്‌. രാജ്യവും രാജ്യഭോഗവും നഷ്ടപ്പെട്ടതുകൊണ്ടുള്ള വിഷാദം സഹിക്കാൻ കഴിയാതെ കരൾ നൊന്തിരിക്കുന്ന ഒരു രാജാവിനോടാണ്‌ വിഹിതമായ ആഹാരം പോലും നിർമമനായി ദാനം ചെയ്തുകൊണ്ട്‌ കർമഭൂമിയിൽ ഉറച്ചുനിന്നുകൊണ്ട്‌ കാലാകാലങ്ങളിൽ വർഷമുണ്ടാകട്ടെ എന്നും ഭൂമിധനധാന്യസമൃദ്ധമാകട്ടെ എന്നും സർവചരാചരങ്ങൾക്കും ശാന്തി ലഭിക്കട്ടെ എന്നും പ്രാർഥിക്കുന്ന അന്നം പെറുക്കിയായ ഒരു ബ്രാഹ്മണന്റെ കഥ പറഞ്ഞുകൊടുക്കുന്നത്‌ എന്നും ഓർക്കണം.

മുദ്‌ഗലന്റെ കഥാകഥനത്തിലൂടെ ശോകത്തെ ത്യജിക്കാനാണ്‌ വ്യാസൻ യുധിഷ്ഠിരനെ ഉപദേശിക്കുന്നത്‌. സുഖദുഃഖദ്വന്ദ്വത്തെ ത്യജിച്ചാലേ ശോകത്തെ ത്യജിക്കാൻ കഴിയൂ. ഇന്ദ്രിയ മനസ്സുകളെ നിയന്ത്രിച്ചാൽ മാത്രമേ സുഖദുഃഖത്യാഗം സാധിക്കുകയുള്ളൂ. ഇന്ദ്രിയമനസ്സുകളെ നിയന്ത്രിക്കുന്നതാണ്‌ ആത്മനിയന്ത്രണം. ആത്മനിയന്ത്രണമുള്ളവനാണ്‌ നിർമമനായി കർമം ചെയ്യുന്നത്‌. നിർമമായ കർമാനുഷ്ഠാനമാണ്‌ നിഷ്കാകകർമം. നിഷ്കാമകർമം ചെയ്യാത്തവന്‌ ഒരിക്കലും ശോകവിമുക്തി ഉണ്ടാകില്ല.

Content Highlights: Mahabharatha vicharngal, Mahabharatham Mugdhalan the man who sacrifice heaven 

PRINT
EMAIL
COMMENT

 

Related Articles

കൗശികബ്രാഹ്മണയുക്തിയും ഇറച്ചിവെട്ടുകാരന്റെ ധര്‍മ പാഠവും
Spirituality |
 
  • Tags :
    • Mahabharatha vicharngal
More from this section
image
ബലിപെരുന്നാൾ ഇന്ന്‌; ത്യാഗത്തിന്റെ ദിനം
Shiva
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം- നിര്‍വാണ ശതകം
Ulanadu SriKrishnaswami Temple
ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ഉറി വഴിപാടും
bali
കര്‍ക്കിടക വാവിന്റെ പ്രത്യേകത
ആർത്തവം ആഘോഷമാക്കുന്ന കാമാഖ്യക്ഷേത്രം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.