ഞ്ഞുപൊഴിയുന്ന ബത്‌ലഹേം താഴ്‌വര, അത്തിക്കായകള്‍ പഴുക്കുകയും മുന്തിരിവള്ളികള്‍ പൂത്ത് സുഗന്ധം പരക്കുകയും ചെയ്യുന്ന ഗ്രാമങ്ങള്‍, മൂറിന്‍ മലകളും കുന്തിരിക്കക്കുന്നുകളും പരിമളപര്‍വ്വതങ്ങളും...സോളമന്‍ ചക്രവര്‍ത്തി കവിതകുറിച്ച ദേവഭൂമി. അവിടെ 'ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ത്ത്, അതിരാവിലെ എഴുന്നേറ്റ്, മുന്തിരിവള്ളികള്‍ തളിര്‍ത്തോ, മാതളനാരകം പൂത്തോ' എന്നോ നോക്കാന്‍ ഒരു മോഹനിദ്രയിലെന്നോണം കൊതിച്ചിരുന്നു.
ദൈവത്തിന്റെ മകന്‍ മനുഷ്യശിശുവായി പിറന്നു വീണ മണ്ണാണത്.

2
യേശുനാഥനെ അമലോല്‍ഭവയായ
മേരി ദിവ്യഗര്‍ഭം ധരിച്ച
ചര്‍ച്ച് ഓഫ് അനന്‍സിയേഷനിലെ
ഒരു തീര്‍ഥാടക:
പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍
ഗബ്രിയേല്‍ മാലാഖയും മേരിയും.
മാലാഖയുടെ കൈകളില്‍
കാണുന്ന വെളുത്ത ലില്ലി പൂക്കള്‍,
കന്യാമറിയത്തിന്റെ വിശുദ്ധിയെ ദ്യോതിപ്പിക്കുന്നു

ഉണ്ണിയേശു മുട്ടിലിഴഞ്ഞും പിച്ചവെച്ചും വളര്‍ന്ന ഭൂമി, വളര്‍ത്തച്ഛനായ ജോസഫിനെ ആശാരിപ്പണിയില്‍ സഹായിച്ച പണിശാല, ഓളങ്ങള്‍ക്കു മീതെ നടക്കുകയും കടലിനേയും കാറ്റിനേയും ശാസിക്കുകയും ചെയ്ത അതേ ഗലീലിക്കടല്‍, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോഷിപ്പിച്ച പുല്‍മേട്, ജറുസലേം നഗരം...എത്ര ശ്രമിച്ചിട്ടും പറിച്ചെറിയാനാവാത്തൊരു അതിമോഹമായി വിശുദ്ധനാട്. യേശു എന്ന യുവ വിപ്ലവകാരിയുടെ പാദസ്പര്‍ശം ഏറ്റുവാങ്ങിയ പൂഴിമണ്ണിനെപോലും പ്രണയിക്കുന്ന കാമിനിയായി ഞാന്‍. 

ടൂര്‍പാക്കേജുകളുടെ പെരുമഴയുമായി വ്യത്യസ്ത ഗ്രൂപ്പുകള്‍ രംഗത്തെത്തിയത് കണ്ടപ്പോഴാണ് മോഹത്തിന് ചിറക് മുളച്ചത്. ആള്‍ക്കൂട്ടത്തില്‍ തനിയെ ഒരു യാത്ര പോയാലോ? പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ജോര്‍ദാന്‍-പാലസ്തീന്‍-ഇസ്രായേല്‍-സിനായ്-ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് യാത്ര. ഹജ്ജു കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രമായി ജറുസലേം മാറിക്കഴിഞ്ഞു. വിശുദ്ധനാട് സന്ദര്‍ശനത്തിന് നോമ്പ് നോക്കേണ്ട, സമയകാല ഭേദവുമില്ല. മാനസിക-സാമ്പത്തിക മുന്നൊരുക്കങ്ങള്‍ മാത്രമേ വേണ്ടൂ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍..

26 വയസ്സുകാര്‍ മുതല്‍ 74 പിന്നിട്ടവര്‍ വരെ സംഘത്തിലുണ്ട്. രാവിലെ 10.30ന് എമിറേറ്റ്‌സിന്റെ ഫ്‌ളൈറ്റില്‍ ദുബായിലേക്ക് പറന്നു. 2.15ന് ദുബായിലെത്തി. 3.40ന് അടുത്ത ഫ്‌ളൈറ്റില്‍ അമ്മാനിലേക്ക്. ഇന്ത്യന്‍ സമയം 7മണിയോടെ ജോര്‍ദാനിലെത്തി. സ്റ്റാര്‍ ഹോട്ടലിലെ ഡബിള്‍റൂമില്‍ എനിക്കൊപ്പം രണ്ട് വനിതകള്‍. അധ്യാപികയും ബസ്‌ക്യാമ്മ (വൈദികന്റെ ഭാര്യ)യുമായ വത്സമ്മയും ചേച്ചി കുഞ്ഞമ്മയും. 

പിറ്റേന്ന് രാവിലെ 5.30ന് കുളിച്ചൊരുങ്ങി. ജോര്‍ദാനില്‍ സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങളെല്ലാം കണ്ടശേഷം അടുത്ത നഗരത്തിലേക്ക്. ആദ്യം മദാമ്പ സിറ്റിയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സന്ദര്‍ശിച്ച ശേഷം പ്രസിദ്ധമായ 'നെബോസ് പോള്‍സെന്ററി'ലേക്ക്.  ചെറിയ മൊസൈക്ക് കഷ്ണങ്ങള്‍ പശകൊണ്ട് ഒട്ടിച്ച് മനോഹരമായ ചിത്രങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന സുന്ദരിമാര്‍. 'തീ' വിലയായതിനാല്‍ വാങ്ങാനായില്ല. പക്ഷെ ഇഷ്ടം പോലെ ഫോട്ടോയെടുത്ത് തൃപ്തിപ്പെട്ടു. നഗ്നസുന്ദരിമാരുടെയും രതിചിത്രങ്ങളുടേയും കലാശേഖരം തന്നെയുണ്ടിവിടെ.

പഴയനിയമത്തിലെ ഒട്ടേറെ പ്രധാന സ്ഥലങ്ങള്‍ ഈ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഇസ്രായേല്‍ ജനത 40 വര്‍ഷം അലഞ്ഞ മരുഭൂമിയ്ക്ക് നടുവിലൂടെയാണ് സഞ്ചരിക്കുക. മോശയെ (മോസസ്) അടക്കിയതെന്ന് വിശ്വസിക്കുന്ന 'നെബോ' പര്‍വ്വതം ഇവിടെയാണ്. ഫറോവയുടെ അടിമത്വത്തില്‍ നിന്ന് ഇസ്രായേല്‍ ജനതയെ വിടുവിക്കാന്‍ നിയുക്തനായ പ്രവാചകന്‍. പക്ഷെ കാത്തിരുന്ന കനാന്‍ ദേശത്തേക്ക് കടക്കാന്‍ ദൈവം മോശയ്ക്ക് അനുമതി നിഷേധിച്ചു. പകരം നൊബോ പര്‍വ്വതത്തിന്റെ മീതെകയറി നിന്ന് നാലുപാടും നോക്കിക്കാണാന്‍ മാത്രം അനുവദിച്ചു.

നെബോ പര്‍വ്വതത്തിന്റെ അഗ്രത്ത് കയറി നില്‍ക്കുമ്പോള്‍ പഴയ നിയമത്തിലെ സംഭവങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. നോക്കെത്താ ദൂരത്തോളം താഴ്‌വാരം പരന്നു കിടന്നു. ഇസ്രായേലുകാര്‍ മരുഭൂമിയിലൂടെ സഞ്ചരിച്ചപ്പോള്‍ ദാഹിച്ചു വലഞ്ഞു. അപ്പോള്‍ ഒരു പാറയില്‍ നിന്ന് ദൈവം വെള്ളം പുറപ്പെടുവിച്ചു ആ പാറയും പരിസരവും നെബോ പര്‍വ്വതത്തില്‍ നിന്നാല്‍ കാണാം. ഇന്നും അവിടെ വറ്റാത്ത ജലസ്രോതസ്സ് ഉണ്ടത്രെ.

പ്രസിദ്ധമായ നസ്രേത്ത് നഗരത്തിലേക്ക് ബസ്സ് പ്രവേശിക്കുകയാണ്. മനസ്സ് തുള്ളിത്തുളുമ്പി. യേശുവിന്റെ അമ്മ പാര്‍ത്ത നഗരം. മാലാഖ പ്രത്യക്ഷപ്പെട്ട് 'നീ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും, അവന് യേശു എന്ന് പേര്‍ വിളിക്കണം' എന്ന് അരുളപ്പാട് നല്‍കിയ വീട് അവിടെയാണ്. ആ വീടിന്റെ മുറികള്‍ നിലനിര്‍ത്തി മീതെ പള്ളി പണിതിട്ടുണ്ട്. 'മംഗളവാര്‍ത്താപ്പള്ളി' യെന്നാണ് ആ വീടിപ്പോള്‍ അറിയപ്പെടുന്നത്. പള്ളിയ്ക്കുള്ളിലൂടെ ആ ഉള്‍മുറിയ്ക്ക് തൊട്ടു ചേര്‍ന്ന് നിന്ന് ഞാനും ധ്യാനത്തില്‍ മുഴുകി. 

അടുത്ത യാത്രകള്‍, യേശുവിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകള്‍ സംഭവിച്ച സ്ഥലങ്ങളിലേക്കായിരുന്നു. ഗലീലിക്കടലിലൂടെ ബോട്ടുയാത്ര. യേശു ശാന്തമാക്കിയ തിരമാലകള്‍ അപ്പോഴും സൗമ്യമായിരുന്നു. ബോട്ട് പുറപ്പെടും മുമ്പ് ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തി, ഒപ്പം 'ജനഗണമന'യും. കടല്‍ എന്നു വിളിക്കുമെങ്കിലും ഇതൊരു തടാകമാണ്.

ഗെന്നേസരത്ത്, തിബത്വാസ് കടല്‍, കിന്നേരെത്ത് എന്നൊക്കെ വിളിപ്പേരുണ്ട്. ഈ കടലിലൂടെ ബോട്ടില്‍ യാത്ര ചെയ്ത് തിരികെ എത്തിയാല്‍ 'പീറ്റര്‍ ഫിഷ്' കൂട്ടി ചോറുണ്ണാം. ഗലീലിക്കടലിലാണ് പത്രോസും കൂട്ടരും മീന്‍പിടിച്ചിരുന്നത്. യേശു ഉയര്‍ത്തെഴുന്നേറ്റ ശേഷം തിബത്വാസ് കടല്‍ക്കരയില്‍ ശിഷ്യര്‍ക്കായി തീക്കനലില്‍ പാകപ്പെടുത്തിയ മീനും അപ്പവും തയ്യാറാക്കി പ്രാതലൊരുക്കിയെന്ന് ബൈബിളിലുണ്ട് (ഖീവി 21) അതിന്റെ പശ്ചാത്തലത്തിലാണ് ലഞ്ച്. പത്രോസിന്റെ പേരുള്ള മീന്‍കൂട്ടിയുള്ള ഊണ്.

3
ബത്‌ലഹേമില്‍ യേശുനാഥന്‍ ജനിച്ചസ്ഥലത്തിനു മീതെ പണിത 
ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയുടെ ഉള്‍വശം

ബത്‌ലേഹം അപ്പോഴേക്കും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. മൂന്നു രാവുകളില്‍ ഒരേ ഹോട്ടലില്‍ അന്തിയുറങ്ങി, പകല്‍ മുഴുവന്‍ യാത്രകള്‍. ഒലീവ് തോട്ടങ്ങളില്‍ നിന്ന് കായകള്‍ പെറുക്കി ഓര്‍മക്കായി സൂക്ഷിച്ചു വെച്ചു. യേശുവിന്റെ കുരിശ് ഒലീവ് തടിയിലാണുണ്ടാക്കിയത്. എവിടെ നോക്കിയാലും നിറയെ കായ്ച്ചു കിടക്കുന്ന ഒലീവ് വൃക്ഷങ്ങള്‍. ക്രിസ്തു ജനിച്ച പുണ്യയിടം. 

യേശു പിറന്ന സ്ഥലം കണ്ടു നമസ്‌ക്കരിക്കാന്‍ തിടുക്കമായി. ഇതിനു മീതെ പള്ളിപണിതിട്ടുണ്ട്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരാധന കഴിഞ്ഞിട്ടുവേണം പള്ളിക്കുള്ളിലൂടെ കയറി അവിടെ പ്രവേശിക്കാന്‍. നാലുമണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നു. നിലം പറ്റെ വീണു കിടന്നാലെ യേശു പിറന്നു വീണ സ്ഥലത്തൊന്ന് തൊടാനാവു. വഴിയമ്പലത്തില്‍ പോലും ഇടം കിട്ടാതിരുന്നപ്പോള്‍ മറിയം യേശു കുഞ്ഞിനു ജന്‍മം നല്‍കിയ ഇത്തിരി മണ്ണില്‍ തൊട്ട് നമസ്‌ക്കരിക്കാന്‍ വിദേശീയരുള്‍പ്പടെ തിക്കിതിരക്കി. തൊട്ടപ്പുറത്തായി പശുത്തൊട്ടി. ഉണ്ണിയേശുവിനെ ശീലകള്‍കൊണ്ട് പൊതിഞ്ഞ് മാറ്റിക്കിടത്തിയ പുല്‍ത്തൊട്ടിയുടെ സ്ഥാനം.

5

 

ടൗണ്‍ ഓഫ് ജീസസ് എന്നറിയപ്പെടുന്ന കഫര്‍ത്തഹുമിലാണ് ക്രിസ്തു ഏറെ അത്ഭുതങ്ങള്‍ ചെയ്തത്. സുപ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തിയ മല, ഒലീവ് മല താഴ്‌വാരം, ലാസറിനെ ഉയിര്‍പ്പിച്ച കല്ലറ, യൂദാസ് ഗുരുവിനെ ഒറ്റിക്കൊടുത്ത സ്ഥലം. അന്ത്യത്താഴ മുറി, യേശുവിനെ വിസ്തരിച്ച സ്ഥലം, കുരിശ് മരണം വരിച്ച തലയോടിടം, ഉയര്‍ത്തെഴുന്നേറ്റ കല്ലറ, സ്വര്‍ഗ്ഗാരോഹണം ചെയ്ത ഉയര്‍ന്ന മല... കാഴ്ച്ചയുടെയും പ്രാര്‍ത്ഥനയുടേയും അനുഭവങ്ങളായി മാറിയെ എത്രയെത്ര സ്ഥലങ്ങള്‍, കണ്ണീരിന്റെയും ഏറ്റുപറച്ചിലുകളുടെയും അനുതാപത്തിന്റെയും നിമിഷങ്ങള്‍.

5
പഴയ യരുശലേമിലുള്ള വിശുദ്ധ തലയോടിടത്തിലെ ഫയര്‍ സെറിമണി. 
യേശുവിനെ കുരിശേറ്റിയ ഗോല്‍ഗോത്തയിലെ (കാല്‍വരി) ഈ പള്ളി. 
ചര്‍ച്ച് ഓഫ് ഹോളി സപ്പള്‍ക്കര്‍, ചര്‍ച്ച് ഓഫ് ദ റിസറക്ഷന്‍ എന്നൊക്കെ
ഈ ദേവാലയത്തെ വിശേഷിപ്പിക്കുന്നു

കുരിശുമരണം നടന്ന തലയോടിടം എന്ന കുന്നിന് തലയോട്ടിയുടെ അടയാളം ശേഷിക്കുന്നുണ്ടായിരുന്നു. ഇതിന് തൊട്ടുമാറി താഴെയായി കല്ലറ. അരിമാത്യയിലെ ജോസഫ് എന്ന യഹൂദപ്രമാണിയുടെ തോട്ടത്തിലായിരുന്നു യേശുവിന്റെ കല്ലറ. റോമന്‍ ഭരണ മുദ്ര പതിപ്പിച്ച കല്ലറയില്‍ നിന്ന് മൂന്നാം നാള്‍ യേശു ഉയര്‍ത്തെണീറ്റു. സന്ദര്‍ശകര്‍ക്ക് കല്ലറയ്ക്കുള്ളില്‍ കയറാം. യേശുവിന്റെ ശരീരം വെച്ചിരുന്ന പ്രത്യേക സ്ഥലം തൊട്ടടുത്തായി നമ്മള്‍ക്കു കാണാം. ബൈബിളിലെ പ്രത്യേക വചനം അതിനടുത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. ദൂതന്‍ ശിഷ്യരോടു പറഞ്ഞ വാക്കുകള്‍. ' അവന്‍ ഉയര്‍ത്തെഴുന്നേറ്റു; അവന്‍ ഇവിടെയില്ല'. മരണത്തെ ദൈവപുത്രന്‍ അതിജീവിച്ച ആ വിശുദ്ധസ്ഥലത്ത് പ്രാര്‍ത്ഥനയോടെ, പ്രത്യാശയോടെ ആയിരങ്ങള്‍ തൊട്ടു നമസ്‌ക്കരിക്കുന്ന കാഴ്ച്ച.

ഈ തോട്ടത്തിലൊരുക്കിയ ഇരിപ്പിടങ്ങളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകാം. യേശുവിന്റെ അന്ത്യത്താഴ വേളയില്‍ അപ്പവും വീഞ്ഞും ശിഷ്യര്‍ക്ക് പങ്കിട്ടു നല്‍കിയ സ്മരണ പുതുക്കി 'ഹോളി കമ്മ്യൂണിയന്‍' (വിശുദ്ധ സംസര്‍ഗ്ഗം) നടത്താറുണ്ട്. ദൈവപുത്രന്റെ പീഡാനുഭവ വേള. അതില്‍ പങ്കെടുക്കാനായത് മഹാഭാഗ്യം. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളിലൂടെയാണ് തുടര്‍ന്നുള്ള യാത്ര. പ്രവാചകനായ മോശ ഇസ്രായേല്‍ ജനതയെ 40 വര്‍ഷം നയിച്ച മരുഭൂമി, ഫറോവന്റെ സൈന്യത്തില്‍ നിന്നും അവരെ രക്ഷിക്കാന്‍ ദൈവം രണ്ടാക്കി പകുത്ത ചെങ്കടല്‍, മോശ ദൈവസാന്നിധ്യം  കണ്ട മുള്‍പടര്‍പ്പ്, ദൈവത്തിന്റെ പര്‍വതം എന്നറിയപ്പെടുന്ന ഹോരേബ്, ചാവുകടല്‍ എന്നിങ്ങനെ പഴയനിയമത്തിലെ ഒട്ടേറെ സ്ഥലങ്ങള്‍ കാണാനുണ്ട്.

ചാവുകടലിലെ കുളി എടുത്തു പറയേണ്ട ഒരനുഭവമാണ്. നീന്തലറിയാത്തവര്‍ ചാടിയാലും മുങ്ങിത്താഴില്ല. ആ ധൈര്യത്തില്‍ ഞാനും ചാടി. കടലിലെ ചെളിവാരി മുഖത്തും ദേഹത്തും പൂശി സണ്‍ബാത്ത് നടത്തുന്ന വിദേശികള്‍ക്കൊപ്പം ഞങ്ങളും കൂടി. ഈ ചെളി നിറയെ ധാതു ലവണങ്ങളാണ്. യഹോവ തീയും ഗന്ധകവും ആകാശത്തു നിന്നു വര്‍ഷിച്ച് സോദോം- ഗൊമോറയെ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍  അവ ചെന്ന് നിപതിച്ചതിനാലാണ് ധാതുലവണങ്ങളാല്‍ ഈ കടല്‍ സമ്പുഷ്ടമായതെന്ന് കഥ.

4
യെരുശലേമിലെ ചര്‍ച്ച് ഓഫ് ഹോളി സപ്പള്‍ക്കറില്‍ 
പ്രാര്‍ഥിക്കുന്ന കന്യാസ്ത്രീ

യാത്രയുടെ അവസാന ഘട്ടത്തിലാണ് മിസ്രയിം അഥവാ  ഈജിപ്തിലേക്കുള്ള പ്രവേശനം. പിരമിഡുകളുടെ നാട്ടില്‍ കുഞ്ഞുയേശുവുമായി അചഛനമ്മമാര്‍ ഹെരോദ് രാജാവിനെ ഭയന്ന് ഒളിച്ചു താമസിച്ച സ്ഥലം ഇവിടെ കാണാം. ഫറോവയുടെ രാജധാനിയില്‍ വളര്‍ന്ന് ഇസ്രായേല്‍ ജനതയുടെ രക്ഷകനായ മോശയുടെ ഇടം. 

കിയോസ് രാജാവിന്റെയും മകന്റെയും കൊച്ചു മകന്റെയും പിരമിഡുകള്‍ സ്ഥിതി ചെയ്യുന്ന താഴ്‌വരയില്‍ നട്ടുച്ചവെയിലില്‍  ഞങ്ങള്‍ എത്തി. ചുട്ടുപഴുത്ത അന്തരീക്ഷം അസ്വസ്ഥതയുണ്ടാക്കി. പിരമിഡിനോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഞാന്‍ ഒരു കടുകുമണിയായി. 153 മീറ്റര്‍ ഉയരവും അടിഭാഗത്തിന് 5 ഹെക്റ്റര്‍ വിസ്താരവും. 

1
വിശുദ്ധ പത്രോസിന്റെ 
പേരിലുള്ള പീറ്റര്‍ ഫിഷ്

കേരളത്തിലെ ചില നഗരങ്ങളുടെ ഓര്‍മ്മകളാണ് ഈജിപ്ത് നല്‍കിയത്. വഴിയോരങ്ങളില്‍ കൂനകൂടിയ ചപ്പുചവറുകള്‍, കെട്ടിക്കിടക്കുന്ന ചെളിവെള്ളം, വൃത്തിയില്ലാത്ത നിരത്തുകള്‍, പഴകി നിറം മങ്ങിയ ഫ്‌ളാറ്റുകളും, ഉണങ്ങാനിട്ട വസ്ത്രങ്ങള്‍ പാറിപ്പറക്കുന്നു, ഓട്ടോറിക്ഷയും ഫിയറ്റ് കാറും തലങ്ങും വിലങ്ങും ഓടുന്ന റോഡുകള്‍.

സായാഹ്നമായി.  ഞങ്ങള്‍ നൈല്‍നദിക്കരയില്‍ എത്തി. ആ ദിവസത്തിലെ അത്താഴം ജീവിതത്തിലൊരിക്കലും മറക്കാനാകില്ല. നീലനദിയിലൂടെ ഒഴുകുന്ന ഒരു യാനത്തിലായിരുന്നു ഡിന്നര്‍. നൈല്‍ ക്രൂസ്. ഒപ്പം ബെല്ലി ഡാന്‍സിന്റെ അകമ്പടിയും. ഞങ്ങളെ കൂടാതെ ധാരാളം വിദേശികളും തദ്ദേശീയരുമുണ്ടായിരുന്നു. താളാത്മകമായി ചുവടുകള്‍ വെച്ച് ഒരു കുള്ളനും പിന്നാലെ ഏഴടി പൊക്കക്കാരനും എത്തി. മേല്‍വസ്ത്രങ്ങള്‍ ചുഴറ്റിയും ഊരിയെറിഞ്ഞും കാണികളെ രസിപ്പിക്കുന്ന പ്രകടനം. കാത്തിരുന്ന ബെല്ലി ഡാന്‍സ് ഇതാണോ..? ഖേദത്തോടെ ചിന്തിച്ചിരിക്കെ.. ഓ.. അവളെത്തിപ്പോയി. 

ഷോപ്പിങ്ങില്‍ ശ്രദ്ധിയ്ക്കാന്‍
  • വഴിെച്ചലവിനുളള പണം ഡോളറാക്കി  മാറ്റിെയടുക്കുേമ്പാള്‍  ചെറിയ തുകയാക്കി കുറച്ച് കരുതിെവക്കണം.
  • ഷോപ്പായാലും വഴിേയാരമായാലും നന്നായി വിലേപശി വാങ്ങുക.
  • കാനായിെല വൈന്‍, ഒലീവ് ഒായില്‍, ഒലീവ് തടിയില്‍ തീര്‍ത്ത കുരിശ്, കൊന്ത, കൗതുക വസ്തുക്കള്‍, തടിയിലും മറ്റുമുള്ള ആഭരണങ്ങള്‍, ഇ്രസാേയലിെല വിളക്ക്, ചാവുകടലിെല ധാതുക്കള്‍  കൊണ്ടുണ്ടാക്കിയ 
  • സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, ഇൗന്തപ്പഴം, ഷോളുകള്‍, വിശുദ്ധനാടിെനപ്പറ്റിയുള്ള പുസ്തകങ്ങള്‍, ചി്രതങ്ങള്‍ അതാതു സ്ഥലങ്ങെള ഒാര്‍മ്മിപ്പിക്കുന്ന സുവനീറുകള്‍ എന്നിവെയാെക്ക വാങ്ങാം.
  •  മടക്കയാത്രയില്‍ ദുബായ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീഷോപ്പുകളില്‍ നിന്നും ഷോപ്പിങ്ങ് നടത്താം
 
മിന്നല്‍പിണര്‍ പോലെ, രക്തവര്‍ണ്ണത്തിലുള്ള ഇത്തിരിപ്പോന്ന വസ്ത്രത്തില്‍ ഒളിപ്പിച്ച അഴകളവുകളുമായി. സ്ത്രീകള്‍ അസൂയയോടെ ആ മേനിവടിവില്‍ നോക്കിയിരുന്നു. ഭാര്യമാര്‍ കൂടെയുളളതിനാലാവാം പുരുഷന്‍മാര്‍ വലിയ താല്‍പര്യം പുറത്തു കാണിച്ചില്ല. ജ്വലിക്കുന്ന യുവത്വത്തിന് ആരാധകര്‍ പെരുകിത്തുടങ്ങി. സന്ദര്‍ശകര്‍ പലരും ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ തിരക്കുകൂട്ടി. ബോട്ട് ഇതിനിടെ തീരം വിട്ടു. നൈല്‍ നദിക്കരയിലെ കൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങളിലേയും ബഹുനിലകെട്ടിടങ്ങളിലേയും ദീപപ്രഭ നദിയില്‍ പ്രതിബിംബങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു നക്ഷത്രത്തെരുവിലൂടെ ഒഴുകിനീങ്ങുന്ന സുഖം. ഇതിനിടയിലെപ്പോഴോ നര്‍ത്തകി അണിയറയിലേക്കു മടങ്ങിക്കഴിഞ്ഞിരുന്നു.

രാത്രി ഉറക്കം ഫറോവയുടെ നാട്ടിലാണ്. കെയ്‌റോ വിമാനത്താവളത്തില്‍ നിന്ന് പിറ്റേന്ന് മടക്കം.  സ്വപ്‌നത്തിലെന്നോണമുള്ള ചില രാപ്പകലുകള്‍ ഇതാ അവസാനിക്കുന്നു. വീണ്ടും വരാന്‍ നിര്‍ബന്ധിക്കുന്ന എന്തോ എന്ന് അവശേഷിക്കുന്നു. അതെന്താണ്..?

 2012 സെപ്തംബര്‍ ലക്കം യാത്രയില്‍ പ്രസിദ്ധീകരിച്ചത്. യാത്ര വാങ്ങിക്കാം