സംസ്‌കൃതത്തില്‍ തുളസി എന്നാല്‍ സാമ്യമില്ലാത്തത് എന്നാണര്‍ത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങള്‍ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നില്‍.
ഹിന്ദുമത വിശ്വാസികള്‍ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു. മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയില്‍ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം.
പുരാണത്തില്‍ തുളസി
സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധര്‍മധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ വിഷ്ണുവിന്റെ അംശമായ ശംഖചൂഢന്‍ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു. പത്‌നിയുടെ പാതിവ്രത്യം നശിച്ചാല്‍ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാല്‍ ദേവന്മാര്‍ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യര്‍ഥിച്ചു.
ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാന്‍ മുതിര്‍ന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു. തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോള്‍ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീര്‍ന്നുവെന്നും, തലമുടിയിഴകള്‍ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം.
മുടിയില്‍ ചൂടാമോ?
ഹൈന്ദവാചാര പ്രകാരം തുളസിക്കതിര്‍ പറിച്ച് തലയില്‍ ചൂടുന്നത് തെറ്റാണ്. വിഷ്ണു പാദത്തില്‍ എത്തിച്ചേരാനാണ് തുളസി എപ്പോഴും ആഗ്രഹിക്കുന്നത്. അതിനാല്‍ മഹാവിഷ്ണുവിന്റെ പാദത്തില്‍ അര്‍പ്പിക്കപ്പെടാനാണ് എപ്പോഴും ആഗ്രഹിക്കുക.
വിഷ്ണുചരണങ്ങളില്‍ അര്‍പ്പിതമായ ശേഷം മുടിയില്‍ ചൂടുന്നത് കുഴപ്പമില്ല എന്നാണ് ആചാര്യമതം. അതല്ല എങ്കില്‍, തുളസീശാപം ഉണ്ടാവുമെന്നും അതുവഴി ചൂടുന്ന ആളിന് ദോഷമുണ്ടാവുമെന്നുമാണ് വിശ്വാസം.
ഭാരതീയ ആചാരപ്രകാരം സ്ത്രീകള്‍ക്ക് തലയില്‍ ദശപുഷ്പം ചൂടാം. കയ്യോന്നി, നിലപ്പന, കറുക, മുയല്‍ച്ചെവി, പൂവാംകുറുന്തല, വിഷ്ണുക്രാന്തി, ചെറുള, തിരുതാളി, ഉഴിഞ്ഞ,മുക്കൂറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍.
തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസിയുടെ വിറകുകൊണ്ട് ദഹിപ്പിക്കുന്നവരുടെ ആത്മാവിന് പാപവിമുക്തിയുണ്ടായി വിഷ്ണുലോകത്തില്‍ സ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം. തുളസിത്തീ കൊണ്ട് വിഷ്ണുവിന് ഒരു വിളക്ക് വച്ചാല്‍ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടുമെന്നും തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാല്‍ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെന്നും പദ്മപുരാണം 24 മത്തെ അധ്യായത്തില്‍ പ്രസ്താവിക്കുന്നു.