ഗണപതി ക്ഷേത്രങ്ങളില്‍ നാളികേരം ഉടയ്ക്കുക എന്ന ചടങ്ങുണ്ട്. നാളികേരത്തെ മനുഷ്യന്റെ ശരീരത്തോടാണ് ഉപമിച്ചിട്ടുള്ളളത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാന്‍ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത്. അതിനാല്‍ തന്നെ നാളികേരം ഒരിക്കല്‍ പൊട്ടിയില്ലെങ്കില്‍ അതുതന്നെ വീണ്ടും എടുത്ത് ഉടയ്ക്കാന്‍ ശ്രമിക്കരുതെന്നാണ് വിശ്വാസം.
വീണ്ടും ഉടയ്ക്കാന്‍ മറ്റൊരു നാളികേരം തന്നെ ഉപയോഗിക്കണം. പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളില്‍ മാംസളമായ ഭാഗവും അതിന്റെ ഉള്ളില്‍ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട് ഉപമിക്കുന്നത്.
ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂര്‍ണമായും നമ്മെ സമര്‍പ്പിക്കുകയാണു ചെയ്യുന്നത്. മൂന്നുകണ്ണുള്ള നാളികേരം തന്നെ ഇതിനായി ഉപയോഗിക്കണം
ഗണങ്ങളുടെ അധിപനായ ഗണപതിക്ക് മുന്നില്‍ പൂര്‍ണ സമര്‍പ്പണം നടത്തുന്നവരുടെ സകല വിഘ്‌നങ്ങളും അകന്നുപോകുമെന്നാണ് വിശ്വാസം. നാളികേരം എറിഞ്ഞുടയ്ക്കാന്‍ ശക്തിയില്ലെന്നു സ്വയം തോന്നിയാല്‍ വേറൊരു വ്യക്തിവശം നാളികേരം നല്‍കി ഉടപ്പിക്കാം.
മംഗല്യതടസം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിക്കും സന്താനസൗഭാഗ്യത്തിനു മലയാലപ്പുഴ ക്ഷേത്രത്തിലെ ബാലഗണപതിക്കും നാളികേരം ഉടയ്ക്കുന്ന ആചാരം നിലവിലുണ്ട്.