കൊച്ചി നഗരത്തോട്‌ തൊട്ടുകിടക്കുന്ന ചിറ്റൂരിനെ എറണാകുളം ജില്ലയ്ക്ക്‌ പുറത്തുള്ളവർ ‘തെക്കൻ ചിറ്റൂർ’ എന്നാണ് പറയുക. കാരണം, പാലക്കാട് ജില്ലയിൽ വളരെ പ്രസിദ്ധമായ മറ്റൊരു ചിറ്റൂർ ഉണ്ടെന്നതു തന്നെ. അത് ഇപ്പോൾ ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി ആണ്, ‘വടക്കൻ ചിറ്റൂർ’ എന്നും പറയും. പണ്ട് രണ്ട് ചിറ്റൂരും കൊച്ചി രാജ്യത്തിൽ പെട്ടതായിരുന്നു.

ചേരാനല്ലൂർ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറേ അറ്റത്താണ് തെക്കൻ ചിറ്റൂർ കിടക്കുന്നത്... വടുതലയുടെ വടക്കുഭാഗത്ത്. കാടുകളും തോടുകളും നിറഞ്ഞ കൊച്ചുഗ്രാമമായിരുന്നു പണ്ട്. ഇപ്പോഴും പഴയ ഗ്രാമച്ഛായ പൂർണമായി വിട്ടുമാറിയിട്ടില്ല.

കേരളം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്ന കാലത്തുണ്ടായ പേരായിരിക്കണം ‘ചിറ്റൂർ’ എന്നത്. ‘ഊർ’ എന്നവസാനിക്കുന്ന മിക്ക സ്ഥലനാമങ്ങളുടേയും കാര്യം അങ്ങനെ തന്നെ. ‘ഊരിൽ’ അവസാനിക്കുന്ന ധാരാളം സ്ഥലപ്പേരുകളുണ്ട് ദക്ഷിണേന്ത്യയിൽ. ആന്ധ്രപ്രദേശിൽ ‘ചിറ്റൂർ ജില്ല’ ഉണ്ട്. തിരുപ്പതി ഈ ജില്ലയിലാണ്. ‘ചിറു’, ‘ഊര്’ എന്ന രണ്ട് തമിഴ് വാക്കുകൾ ചേർന്നതാണ് ചിറ്റൂർ. ‘ചെറിയ ഗ്രാമം’ എന്നാണ് നേരർത്ഥം. പിന്നീട് വികസിച്ച് വലിയ പട്ടണമായി തീർന്നാലും പേര് അങ്ങനെതന്നെ നിലനിൽക്കുമല്ലോ.

പെരിയ ഊര് പെരിയൂരും പേരൂരും ചിന്ന ഊര് ചിന്നൂരും ചെന്നൂരും പുതിയ ഊര് പുതുവൂരും പുതൂരും പുത്തൂരും പഴയ ഊര്‌ പഴയൂരും നല്ല ഊര് നല്ലൂരും നെല്ലിന്റെ ഊര് നെല്ലൂരും ആയിത്തീരുക സാധാരണമാണ്.

അടുത്ത് വലയൊരു ഊരുള്ളപ്പോഴാണ് ചെറിയ ഊരും ഉണ്ടാകാറ്. ഇവിടെ ചിറ്റൂരിനടുത്തുള്ള വലിയ ഊര് ‘ചേരാനല്ലൂർ’ ആകാനാണ് വഴി. ചേരാനല്ലൂർ പണ്ടേ പ്രസിദ്ധമായിരുന്നുതാനും. ‘കോകസന്ദേശ’ത്തിൽ (1400-നോടടുത്ത് രചിക്കപ്പെട്ടത്) പറയുന്നുണ്ട്. പെരുവഴിയോരത്ത്‌ സ്ഥിതിചെയ്യുന്ന ചേരാനല്ലൂരിനെപ്പറ്റി... പ്രതാപശാലികളായ കർത്താക്കന്മാരുടെ നാട്.

ചിറ്റൂരിന് ചുറ്റും പിഴല, കടമക്കുടി, മൂലമ്പിള്ളി, കോതാട്, ഇടയക്കുന്നം തുടങ്ങിയ ഊരുകളുള്ളതു കോണ്ട്‌ ആദ്യം ‘ചുറ്റൂര്’, (ചുറ്റും ഊര്) എന്നും പിന്നീട് ‘ചിറ്റൂര്’ എന്നും പേരുവന്നു എന്നൊരു വ്യാഖ്യാനവുമുണ്ട്. ഇത് ശരിയാവാനിടയില്ല.

കൊച്ചി രാജാവായിരുന്ന വീരകേരള വർമ ചിറ്റൂരപ്പനെ സ്തുതിച്ചുകൊണ്ടെഴുതിയ ‘ചിത്പുരേശ സ്തവം’ എന്ന കൃതിയിൽ ചിറ്റൂരിനെ ‘ചിത്പുരം’ ആക്കിയിട്ടുണ്ട്‌. (ഇതെഴുതിയത് വീരകേരള വർമയല്ല, അദ്ദേഹത്തിന്റെ സദസ്യനായിരുന്ന ചേരാനല്ലൂർ കൃഷ്ണൻ കർത്താവ് ആണെന്നാണ് ഉള്ളൂർ ‘കേരള സാഹിത്യ ചരിത്ര’ത്തിൽ സമർഥിക്കുന്നത്). ചിറ്റൂരിനെ സംസ്കൃതീകരിച്ച് ‘ചിത്പുരം’ ആക്കിയതാണണെന്ന്‌ വ്യക്തം... തൃക്കാക്കരയെ ശ്രീപാദപുരവും ഗുരുവായൂരിനെ ഗുരുപവനപുരിയും ആക്കിയതുപോലെ. (ബംഗാളിൽ മഹാകവി രവീന്ദ്രനാഥ ടാഗോർ ജനിച്ച ഗ്രാമത്തിന്റെ പേര് ‘ചിത്പുർ’ എന്നാണ്).

ചിറ്റൂരിനെ പ്രസിദ്ധമാക്കുന്നത് ഇവിടത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആണ്. ചിറ്റൂരമ്പലത്തിൽ ദർശനത്തിന് വരുന്നതിനായി കൊച്ചി രാജാവ് എറണാകുളത്തു നിന്ന്‌ നിർമിച്ച റോഡാണ് ഇന്നത്തെ ‘ചിറ്റൂർ റോഡ്.

ശ്രീകൃഷ്ണഭക്തനായ ഒരു ചേരാനല്ലൂർ കർത്താവാണ് ചിറ്റൂർ ക്ഷേത്രം നിർമിച്ചതെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ യിൽ പറയുന്നുണ്ട്. പന്ത്രണ്ടുകൊല്ലം ഗുരുവായൂരമ്പലത്തിൽ ഭജിച്ചു താമസിച്ചിരുന്ന ഇളമുറക്കാരനായ കർത്താവ്, കാരണവർ മരിച്ചപ്പോൾ തറവാട്ടിലേക്ക് താമസം മാറ്റാൻ നിർബന്ധിതനായി. വിഷണ്ണനായ അദ്ദേഹത്തിന് സ്വപ്നത്തിൽ ഗുരുവായൂരപ്പൻ പ്രത്യക്ഷപ്പെടുകയും ‘നാട്ടിൽ നീ ഒരു ക്ഷേത്രം നിർമിക്കൂ, എന്റെ സാന്നിധ്യം അവിടെയുണ്ടാകും’ എന്നരുളുകയും ചെയ്തു. ആ കർത്താവ് നിർമിച്ചതാണ് ചിറ്റൂർ ക്ഷേത്രം. പ്രതിഷ്ഠ നടത്തിയത് ചേന്നാസ് നമ്പൂതിരിപ്പാട് ആയിരുന്നു.

കർത്താവ്, തന്ത്രിക്ക് ദക്ഷിണ നൽകിയത് ഒരു പൊൻകിണ്ണം നിറയെ ‘വിൽക്കാശ്’ ആണ്. പണം ചൊരിഞ്ഞിട്ട് കിണ്ണം തിരികെ കൊണ്ടുപോന്നു. കർത്താവ് ചോദിച്ചുവത്രെ: ‘‘കാലക്രമേണ ഈ ക്ഷേത്രം ഗുരുവായൂരിനെ അതിശയിക്കും അല്ലേ...?’’ തന്ത്രി പറഞ്ഞു: ‘‘ഇല്ല, ഒരുപടി താഴെയായിരിക്കും. കാരണം, പൊൻകിണ്ണം മടക്കിയെടുത്തില്ലേ! കിണ്ണം സഹിതമായിരുന്നു ദക്ഷിണയെങ്കിൽ ഗുരുവായൂരിനെ അതിശയിക്കുമായിരുന്നു!’’

ചേരാനല്ലൂർ കർത്താക്കന്മാരുടെ കുല പരദേവതയാണ് ചിറ്റൂരപ്പൻ. ചിറ്റൂരമ്പലത്തിൽ ആനയെ എഴുന്നള്ളിക്കാറില്ല. കൃഷ്ണനെയും ബലരാമനേയും കൊല്ലാൻ കംസൻ അയച്ച ‘കുവലയാപീഢം’ എന്ന നാൽക്കൊമ്പൻ കൊലയാനയെ കൃഷ്ണൻ നിഗ്രഹിച്ചതുമായി ബന്ധപ്പെട്ട ഒരു വിശ്വാസമാണിതിന് പിന്നിൽ. ഇതേ കാരണത്താൽ തന്നെയാണ് തൃച്ചംബരം ക്ഷേത്രത്തിലും ആനയെഴുന്നള്ളിപ്പ് നടത്താത്തത്.

ചിറ്റൂർ ഉത്സവത്തിന് പണ്ട് ആറുദിവസവും കഥകളി ഉണ്ടായിരുന്നു... ഇപ്പോഴുമുണ്ട് അഞ്ചുദിവസത്തെ കളി. ചേരാനല്ലൂരുകാരനായ പ്രസിദ്ധ കഥകളിനടൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ആദ്യമായി കഥകളി കണ്ടതും ആദ്യവേഷം ആടിയതും ചിറ്റൂരമ്പലത്തിലാണ്.

പണ്ടൊരിക്കൽ ചിറ്റൂരമ്പലത്തിൽ കളിക്കാൻ ആലപ്പുഴയിൽ നിന്ന്‌ ബോട്ടിൽ കൊച്ചിയിലെത്തിയ ചമ്പക്കുളം പാച്ചുപിള്ള നടന്നു തളർന്ന്‌, രാത്രി വൈകി ചിറ്റൂരേക്കുള്ള കടത്തുകടവിലെത്തിയപ്പോൾ വഞ്ചിയൊന്നുമില്ല. പെട്ടെന്നൊരു വഞ്ചിയും വഞ്ചിക്കാരനുമെത്തി. അദ്ദേഹത്തെ ചിറ്റൂരിന് കടത്തിയത്രെ. കടത്തുകൂലി കൊടുക്കാൻ തിരിഞ്ഞുനോക്കിയപ്പോൾ വഞ്ചിയുമില്ല, വഞ്ചിക്കാരനുമില്ല. തന്നെ കളിവിളക്ക്‌ തെളിക്കുന്നതിനു മുമ്പ് ക്ഷേത്രത്തിലെത്തിച്ച വഞ്ചിക്കാരൻ ‘ചിറ്റൂരപ്പൻ’ തന്നെയാണെന്നും ‘ചമ്പക്കുളം’ ഒരു ലേഖനത്തിൽ അനുസ്മരിക്കുന്നു.

Content Highlight: Chittur Srikrishna Temple