' വിശ്വാസം എന്നത് ചെറിയൊരു വാക്കാണ് .  അത് വായിക്കാന്‍ ഒരു നിമിഷം മതി  .ചിന്തിക്കുവാന്‍ ഒരു മിനിറ്റും   മനസ്സിലാക്കുവാന്‍ ഒരു ദിവസവും മതിയാകും .പക്ഷെ അത് തെളിയിക്കുവാനും നേടിയെടുക്കുവാനും ഒരു ജീവിതംതന്നെ മതിയാകില്ല  '  എന്ന വാക്കുകള്‍ കടമെടുത്തുകൊണ്ട് ഞാന്‍ തുടങ്ങട്ടെ വിശ്വാസം എന്നത് എന്ത്, എങ്ങിനെയെന്നൊക്കെ ചോദിച്ചാല്‍ അതിനുത്തരം ഞാന്‍ ആഗ്രഹിക്കുന്നപോലെ,  എന്റെ രീതിക്കനുസരിച്ചു മറ്റൊരു വ്യക്തി പ്രവര്‍ത്തിക്കുക, അതു പോലെ തിരിച്ചും അല്ലെങ്കില്‍ നാം വിശ്വസിക്കുന്ന ശക്തിയില്‍ നിന്ന് നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു പ്രതീക്ഷിക്കുക.  ഇത്രേ വിശ്വാസത്തെപറ്റി എനിക്കു പറയാനറിയൂ. 

നാം ഈ ഭൂമിയില്‍ ജീവിക്കുന്നതു തന്നെ  ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ ?? ശ്വസിക്കുന്ന വായു മുതല്‍  കഴിക്കുന്ന ഭക്ഷണം , കുടിക്കുന്ന വെള്ളം വരെ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളിലും ഉണ്ടത്.  റോഡില്‍ വണ്ടി ഓടിക്കുമ്പോള്‍ മറ്റുള്ളവര്‍ എനിക്കൊരിക്കലും ഒരപകടം ഉണ്ടാക്കില്ല,  അവരെല്ലാം ഞാന്‍  വിചാരിക്കുന്ന പോലെ വണ്ടി ഓടിക്കുമെന്നുവരെ വിശ്വസിച്ചു കൊണ്ടാണ് നമ്മള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്.  ഇന്ന് നമുക്ക്  നമ്മളെത്തന്നെ വിശ്വാസമില്ലാത്ത ഒരു കാലമാണ്. മനുഷ്യന്‍ മനുഷ്യനെ മറന്നു പ്രവര്‍ത്തിക്കുന്നു. ശരീരവും , മനസ്സും  തന്റെ കാര്യസാധ്യത്തിനായി ആര്‍ക്കുമുന്നിലും അടിയറവെക്കുന്നു.  അങ്ങനെയുള്ള ലോകത്ത് വിശ്വാസത്തിനെല്ലാം എന്ത് സ്ഥാനം, എന്ത് പ്രസക്തി. ഈ സമയത്താണ് വിശ്വാസം എന്നത് എന്താണ് ,എങ്ങനെയാവണമെന്ന്  ഞാന്‍ നേരിട്ടനുഭവിച്ച , കണ്ട ഒരു സംഭവം ഇവിടെ എഴുതുന്നത് . അതിനെ ഒരു ജാതിയുടെയോ മതത്തിന്റെയോ നിറം കൊടുക്കണ്ടാ എന്നുള്ളതു കൊണ്ട് ഞാന്‍ സ്ഥലപ്പേരു ഇവിടെ ചേര്‍ക്കുന്നില്ല കാരണം ഇവിടെ വിശ്വാസമാണ് പ്രധാനം , അതാണ് നമ്മുടെ വിഷയം.

ഞാനും ഭാര്യയും ഞങ്ങളുടെ മാതാപിതാക്കളുമൊന്നിച്ചു ഒരു  തീര്‍ത്ഥാടനത്തിനു പോയി കൃത്യം പറഞ്ഞാല്‍ മൂന്നര വര്‍ഷം മുന്‍പ്, മകന്  6  മാസം പ്രായമുള്ളപ്പോള്‍. ഏഴു  വര്‍ഷത്തിനു ശേഷമാണ് ഞങ്ങള്‍ക്കു ഒരു കുട്ടിയുണ്ടാകുന്നത്. അതിനു ദൈവത്തിനു നന്ദി പറയാനായിരുന്നു ആ യാത്ര.   കുട്ടിയുണ്ടാവുമ്പോള്‍ ഏകദേശം 4000 പടികള്‍ താണ്ടി ദര്‍ശനത്തിനായി  വന്നുകൊള്ളാം എന്നായിരുന്നു നേര്‍ച്ച. പക്ഷെ ബാച്ചിലര്‍ ആയിരിക്കുന്ന  സമയത്തു നമ്മളില്‍ ഭൂരിഭാഗം പേരും ചിന്തിച്ചുപോകുന്ന ഒരു കാര്യമുണ്ടായിരുന്നു. 

കല്യാണം കഴിഞ്ഞു കുട്ടികളെല്ലാം ഉണ്ടാവുമ്പോള്‍ ഈ ദൈവത്തിനു നന്ദി പറയുന്നതെന്തിനാ എന്ന്. കുട്ടികളെ ദൈവം തരുന്നതാ, കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണ് എന്നിങ്ങനെ കേള്‍ക്കുന്ന സ്ഥിരം പല്ലവികള്‍.  അപ്പോഴൊക്കെ മിക്ക അവിവാഹിതരേപോലെ ഞാനും ആലോചിക്കുമായിരുന്നു ഇതില്‍ എന്താ ഈ ദൈവത്തിന്റെ റോള്‍ എന്ന്. 

വിവാഹേതരം ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ആരോഗ്യപരമായി പ്രത്യേകിച്ച് ഒരു കുറവില്ലായിരുന്നിട്ടും ഒരു കുട്ടിക്കു വേണ്ടി ഏഴു വര്‍ഷം  കാത്തിരിക്കേണ്ടി വന്നു.  അതും ഞങ്ങള്‍ക്കിനി കുട്ടികള്‍ ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് മനസ്സിനെ പാകപ്പെടുത്തിത്തുടങ്ങിയ ദിവസങ്ങളില്‍, ഒപ്പം ഉണ്ടെങ്കില്‍ ഞങ്ങളുടെ സ്വന്തം കുട്ടി മതി എന്നും ശാസ്ത്രത്തിന്റെ സഹായത്തോടെ ഒരു കുട്ടിയെ വേണ്ട എന്നും തീരുമാനിച്ച സമയത്ത് .അതുപോലെ തന്നെ പൂര്‍ണാരോഗ്യവാനായ ഒരു കുട്ടിയെ കിട്ടുന്നത് എന്റെയും ഭാര്യയുടേയും മാത്രം കഴിവല്ല എന്നും അങ്ങനെ  നമ്മുടെ പല ധാരണകളും തെറ്റിദ്ധാരണകളായിരുന്നു എന്നും അന്നെനിക്കു  മനസ്സിലായി. മനുഷ്യന്‍ ഇനി എന്തെല്ലാം കണ്ടുപിടിച്ചാലും നേടിയാലും ആ മനുഷ്യനെ ഉള്‍പ്പടെ ഈ കാണുന്നതും ,കാണാത്തതുമായ എല്ലാം സൃഷ്ടിച്ച  , ഇതെല്ലാം ഒരു നിമിഷം കൊണ്ടില്ലാതാക്കാന്‍ കഴിയുന്ന ഒരു ശക്തിയെ സ്തുതിച്ച നാളുകള്‍

അതിനെ ഓരോ രീതിയില്‍ മനുഷ്യന്‍ മാത്രം വിശ്വസിക്കുന്നു. ആ വിശ്വാസങ്ങളിലൊന്നിലേറി ഞാനും യാത്ര ചെയുന്നു ഇപ്പോള്‍ ഈ കഥയില്‍, ആ തീര്‍ത്ഥാടനയാത്രയില്‍. കയ്യില്‍ മകനെ എടുത്തു അവനെ താഴെ വെക്കാതെ വേണം പടികളും പരന്ന സ്ഥലങ്ങളും റോഡും ഒക്കെ ചേര്‍ന്ന 12 കിലോമീറ്ററിലധികം വരുന്ന ദൂരം ചെരുപ്പ് പോലും ധരിക്കാതെ നടന്നെത്തുവാന്‍. ഭാര്യക്ക് പ്രസവാനന്തരമുള്ള ക്ഷീണം ഉള്ളതിനാല്‍ കുട്ടിയേ ഇടക്കിടക്കേ എടുക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ .അച്ഛനമ്മമാര്‍ക്കാണെങ്കില്‍ പ്രായം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുട്ടിയുടേയും ഞങ്ങളുടേയും അത്യവശ്യ സാധനങ്ങള്‍ ഉള്ള ഏകദേശം ആറേഴു കിലോ വരുന്ന ബാഗും എന്റെ പിന്നില്‍ ഉണ്ടായിരുന്നു .മകന്റെ ഉറക്കം കളയാതിരിക്കാന്‍ അവന്‍ ഉണര്‍ന്ന ശേഷം ഏകദേശം എട്ടു മണിയോടെയാണ് ഞങ്ങള്‍ പടികള്‍ കേറാന്‍ തുടങ്ങിയത് . എത്രെയോ ആയിരം ഭക്തര്‍ എല്ലാ ദിവസവും സഫലമായതും അല്ലാത്തതുമായ ആഗ്രഹങ്ങള്‍ക്കും  ദുഃഖനിവാരണത്തിനുമൊക്കെയായി പടികള്‍ കയറുന്നു   .  

പ്രാര്‍ത്ഥനകളും മറ്റും ഉരുവിട്ടുകൊണ്ടു  നടന്നു പോകുന്ന ഭക്തര്‍ക്കൊപ്പം ഞങ്ങളും പതുക്കെ മുന്നോട്ടു നീങ്ങി . വെറുതെ നടക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള യാത്രയില്‍ നേര്‍ച്ചയായി  കാല്‍മുട്ടും കൈമുട്ടും ഊന്നി നടക്കുന്നവരേയും, കാല്‍മുട്ടില്‍  മാത്രം കേറുന്നവരേയും കണ്ടു . പിന്നെ ഓരോ പടിയിലും ഒന്നും രണ്ടും മൂന്നും തവണ തൊട്ടു തൊഴുതു മുന്നോട്ടു നീങ്ങുന്നവരേ കണ്ടപ്പോള്‍ മനസ്സില്‍ അവിശ്വസനീയതയുടെ കണക്കു കൂട്ടുകളായിരുന്നു. ഏകദേശം 4000 പടികള്‍, ഒരു പടിയില്‍ 3  തവണ വെച്ച് മുകളില്‍ എത്തും വരെ ഏകദേശം 12000 തവണ അവര്‍ കുനിയണം. സാധാരണ ഗതിയില്‍ മൊത്തം ജീവിതത്തില്‍ ഒരു മനുഷ്യന്‍  അത്രയും തവണ കുനിഞ്ഞെഴുനേല്‍ക്കുമോ ??. അതില്‍ ഭൂരിഭാഗം പേരേയും കണ്ടാല്‍ തന്നെയറിയാം, സാധാരണക്കാരില്‍ സാധാരണക്കാര്‍. കുറച്ചു പടികള്‍ കേറിക്കഴിഞ്ഞപ്പോള്‍ തന്നെ ക്ഷീണം ബാധിച്ചു തുടങ്ങിയ എനിക്ക് മുന്നോട്ടു നീങ്ങാനായി  ഊര്‍ജം പകരുന്നതായിരുന്നു ആ കാഴ്ചകള്‍.അങ്ങിനെ ഏകദേശം മൂന്നു മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിന്റെ മുക്കാല്‍ദൂരത്തോളം ഒരുവിധം  താണ്ടി.

അടുത്ത ഘട്ടം റോഡാണ് .സമയം ഏകദേശം 11 മണി ,  പൊള്ളുന്ന  വെയില്‍  , ചുട്ടുപഴുത്തിരിക്കുന്ന ടാര്‍ റോഡ് , കല്ലും കോണ്‍ക്രീറ്റും ഇട കലര്‍ന്നു വരുന്ന ഫുട്പാത്തിന്റെ അവസ്ഥയും മറിച്ചല്ല , ഇടക്കിടക്കു ഇരിക്കാനും നില്‍ക്കാനും നിര്‍മിച്ച ഷെഡുകള്‍ ഒഴിച്ചാല്‍ നടക്കാന്‍ പോയിട്ട് കാലുകുത്താന്‍ പോലും വയ്യാത്ത അവസ്ഥ .  ചെരുപ്പും ഷൂസുമൊക്കെ ധരിച്ചു മാത്രം പാകം വന്ന കാലുകള്‍ അന്നറിഞ്ഞു അതില്ലാതെ നടക്കുന്നവരുടെ ബുദ്ധിമുട്ട് .കിട്ടിയ സൗഭാഗ്യങ്ങളില്‍ ഏറ്റവും ചെറിയ ഒന്ന് ഇല്ലാതായപ്പോള്‍ തന്നെ മനസ്സിലായിത്തുടങ്ങി , പലവട്ടം നമ്മള്‍ അറിഞ്ഞിട്ടും  ഗൗനിക്കാതെ  പോകുന്ന ആ  സത്യം  ' നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്നു'. കാര്യം പറയാമല്ലോ നേര്‍ച്ചയാണെങ്കിലും എന്താണെങ്കിലും  ആ ഒരു സമയത്തു മോന്റെ കാര്യമായതുകൊണ്ടു മാത്രമാണ് ഞാനതു പാതിവഴി നിര്‍ത്താതിരുന്നത് അങ്ങനെ വല്ലതും നിര്‍ത്തിയാല്‍ മോന് ദോഷമാകുമോ എന്ന് പേടിച്ച്, അങ്ങനെയുമുള്ള ഒരു വിശ്വാസത്തിന്റെ പുറത്ത് മാത്രം. 

പക്ഷെ ഇപ്പോഴത്തെ അവസ്ഥ കടലിന്റെ നടുക്കുപ്പെട്ട പോലെയാണ്. പ്രാകിയും കരഞ്ഞും ഓടിയും നടന്നും എങ്ങിനെയോ ആ രണ്ടു മൂന്നു കിലോമീറ്ററുകള്‍ താണ്ടി ഞങ്ങള്‍ അവസാന ഘട്ടത്തിലെത്തി.  എനിക്കിങ്ങനെയെങ്ങില്‍ ഭാര്യക്ക് മറ്റൊരു തരത്തില്‍ ശാരീരികമായി വളരെ വയ്യാണ്ടായി, അച്ഛനമ്മമാരുടെ കാര്യമാണെങ്കില്‍ അതിലും കഷ്ടം . ഇനി മുന്നിലുള്ളത് യാത്രയുടെ അവസാന ഘട്ടം . കണ്ണില്‍ ഇരുട്ട് കേറുന്ന കാഴ്ചയായിരുന്നു അത് . കുത്തനെയുള്ള  500 ലേറെ  പടികള്‍ .നേരത്തെ സൂചിപ്പിച്ചപോലെ  ഏതു നിമിഷവും നിര്‍ത്താമായിരുന്ന ഈ യാത്ര തുടരുന്നതിനു ഒരേ ഒരു കാരണം എന്റെ കൈകളില്‍ കിടന്നുറങ്ങുന്ന പോന്നോമനയായിരുന്നു.

ആ ശ്രമം തുടങ്ങുന്നതിനു മുന്‍പ് ഞങ്ങള്‍ ഒരുമിച്ചു കുറച്ചു നേരം ഇരുന്നു. അടുത്ത ഘട്ടത്തിനു മുന്‍പ് ഈ ഒരു സമയത്തു മാത്രമേ എന്റെ കൈകള്‍ക്കും കാലുകള്‍ക്കും ഇനി വിശ്രമമുണ്ടാവുകയുള്ളു എന്നെനിക്കറിയാമായിരുന്നു.  കയ്യിലുണ്ടായിരുന്ന മകനെ ഭാര്യയുടെ കൈകളില്‍ ഏല്‍പിച്ച് ഒന്ന് ഫ്രഷാവാനായി ബാത്‌റൂമില്‍ പോയി. അതിനു ശേഷം ഓരോരുത്തരായി ഫ്രഷായി വന്നു. ങ്ങള്‍ അവസാനഘട്ടത്തെ പടികള്‍ കേറിത്തുടങ്ങുമ്പോള്‍ സമയം 12 മണി കഴിഞ്ഞിട്ടുണ്ടാകണം .ആ വെയിലും ചൂടും ക്ഷീണവുംഅത്ര പെട്ടെന്നു  മറക്കാന്‍ പറ്റില്ല ഞങ്ങള്‍ക്കാര്‍ക്കും പ്രത്യേകിച്ച് എനിക്ക് .  പിന്നീടങ്ങോട്ടുള്ള ഓരോ പടികളും ഏന്തി ഏന്തിയും, ഇടക്കല്‍പ്പം  ശക്തിയും ആവേശവുമൊക്കെ  സംഭരിച്ച് എങ്ങിനെയൊയൊക്കെ നടന്നു കേറിയ ഞാന്‍ അവസാന 500 പടികളുടെ  പാതിവഴിപോലും എത്തുന്നതിനുമുമ്പ് ശരീരത്തിലുണ്ടായിരുന്ന  അവസാന ശക്തിയും തീര്‍ന്നു  നിസ്സഹായനായി ഇരുന്നു.  

എന്റെ അവസ്ഥ  കണ്ട പലരും സഹായത്തിനായി വെള്ളവും മറ്റും ചോദിച്ച്  വന്നു .പിന്നെ പലരും കുട്ടിയെ എടുക്കാന്‍ തയ്യാറായി. പക്ഷെ അവരോടെല്ലാം നന്ദി പറയുന്നതിനോടൊപ്പം ഇത് നേര്‍ച്ചയാണെന്ന് പറഞ്ഞു മനസ്സിലാക്കി അവരുടെ യാത്ര തുടര്‍ന്നുകൊള്ളാന്‍ പറയേണ്ടി വന്നു 
ഈ സന്ദര്‍ഭത്തിലാണ് മനസ്സിന് പലപ്പോഴും ശരീത്തെ ജയിക്കാനും തോല്‍പ്പിക്കാനും കഴിയുമെന്നു തോന്നിപ്പിച്ച  ഈ കഥയുടെ കാരണമായ ആ സംഭവം നടക്കുന്നത് . മുട്ടിനു താഴെ വള്ളിപോലെ തൂങ്ങിക്കിടക്കുന്ന കാലുകളുമായി ഒരു ഇരുപത്തിയഞ്ചു മുപ്പതു വയസ്സ് തോന്നിക്കുന്ന ഒരാള്‍  പടികള്‍ കയറി വരുന്നു .പൂര്‍ണാരോഗ്യവാനായ ഒരാള്‍ക്കു പോലും ബുദ്ധിമുട്ടായ ഈ  യാത്ര ഇയാള്‍ക്കെങ്ങനെ സാധിക്കുന്നു എന്ന്  ആശ്ചര്യത്തോടെ ഞാന്‍ അയാളെത്തന്നെ നോക്കികൊണ്ടിരുന്നു . 

പിന്നെ അയാളുടെ ഓരോ ചുവടു വെപ്പിനുമൊപ്പമായി എന്റെ മനസ്സും ശരീരവും .മെല്ലെ മെല്ലെ അയാള്‍ പടികള്‍ കയറി  ഞാന്‍ ഇരിക്കുന്നതിന്റെ സമീപത്തുകൂടി എന്നെയും താണ്ടി യാത്ര തുടര്‍ന്നു . അയാളുടെ ബലഹീനമായ കാലുകള്‍ പടികളില്‍ അടിക്കുന്ന ശബ്ദം എന്റെ  കാതുകളില്‍ കേള്‍ക്കാമായിരുന്നു .ആ കാഴ്ച്ച ഒരു ചെറുനൊമ്പരം പോലെ എന്റെ തലക്കുള്ളില്‍ ഇന്നും തളം കെട്ടി നില്‍ക്കുന്നു  , ഒപ്പം ദൈവം  എന്തിനിങ്ങനെ ചെയ്യുന്നു എന്നൊരു ചോദ്യവും??   പക്ഷേ ആ സംഭവം  അന്നും പിന്നെയും എന്നിലുണ്ടാക്കിയ മാറ്റം പറഞ്ഞറിയിക്കാന്‍ വയ്യാ. ശരീത്തിന്റെ ക്ഷീണവും വേദനയുമൊക്കെ പതുക്കെ പതുക്കെ ഇല്ലാതായി .ഒരു  സാധാരണ ഒരു മനുഷ്യന് തോന്നുന്ന ' അപകര്‍ഷതാബോധം ' എന്നിലേക്ക് പടര്‍ന്നു കയറി. 


നേരെചൊവ്വേ നടക്കാന്‍ പോയിട്ട് നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത ഒരാള്‍  എന്നെ മറികടക്കുകയോ ,   മോശം  , നാണമില്ലേ നിനക്കിങ്ങനെ ഇരിക്കാന്‍ .....?? എഴുനേല്‍ക്കടാ ........ എന്നൊക്കെ  മനസ്സെന്നോട്ആക്രോശിച്ചു .ഞാന്‍ എഴുനേറ്റ് പതുക്കെ നടന്നു തുടങ്ങി . കുറച്ച് മുന്‍പ് വരെ തളര്‍ന്നു കിടന്ന എന്റെ ശരീരത്തിനും  കാലുകള്‍ക്കും  ഇനിയുള്ള യാത്രക്കു പ്രചോദനം  മുന്‍പിലായി ഇഴഞ്ഞു നീങ്ങുന്ന ഒരു മനുഷ്യ രൂപമായിരുന്നു  .എന്താ അല്ലേ.  വെറുതെ അല്ല പറയുന്നത് പ്രപഞ്ചത്തിലെ ഒരു സൃഷ്ടിയും പാഴാവില്ലെന്ന്.  ജീവച്ഛവമായി കിടക്കുന്ന ഒരു ശരീരം പോലും നമുക്ക് മഹത്തായ ഒരു സന്ദേശം നല്‍കും  ' നീ എത്ര ഭാഗ്യവാനാണെന്ന് . അതുപോലെ  നിന്റെ കഴിവിലും സൗന്ദര്യത്തിലുമൊന്നും നീ അഹങ്കരിക്കേണ്ടതില്ലാ,  ഏതു നിമിഷം നീയും ഇതുപോലെയാവാനേ ഉള്ളൂ എന്ന  വലിയ സന്ദേശം. പക്ഷേ അതിനെല്ലാം ഉപരിയായി ഈ കാഴ്ച എനിക്കു  നല്‍കിയത്  ' വിശ്വാസം  '  എന്നത് എന്തായിരിക്കണം , എങ്ങനെയായിരിക്കണം എന്നാണ് .  

എല്ലാമില്ലെങ്കില്‍പോലും മിക്കതുമുണ്ടായിട്ടും നമ്മള്‍  ജീവിതത്തില്‍ പലപ്പോഴും നിസ്സാരമായ കാര്യങ്ങള്‍ക്കായി  ദുഖിക്കുന്നു. ഉള്ളതിനെ കുറിച്ചോര്‍ത്തു  സന്തോഷിക്കാതെ ഇല്ലാത്തതിനെ പറ്റി  ചിന്തിച്ച് സമയം കളയുന്നു. പലതിനും ദൈവത്തിനേയും , സമയത്തെയും  ,മാതാപിതാക്കളേയും  എന്നുവേണ്ടാ കണ്ടതിനേയും കാണാതിനേയുമെല്ലാം പഴിക്കുന്നു.ഇവിടെ ഞാനും കുടുംബവും ഈ നേര്‍ച്ചക്കെത്തിയത് എന്റെ സൗഭാഗ്യങ്ങളില്‍ ഒന്നുകൂടി കൂടിയതിനാണു ,  ഇല്ലാത്ത ഒന്ന് കൂടി ലഭിച്ചതിന്,  ഞങ്ങളുടെ മകനെ.  എന്നിട്ടും ഒരു ഘട്ടത്തില്‍ ഈ നേര്‍ച്ച എനിക്കൊരു ബാദ്ധ്യതയായി പിന്തിരിയാന്‍ ആലോചിച്ചു. 

ഒരു പക്ഷെ എനിക്കെല്ലാം കിട്ടിയത് കൊണ്ടാകാം , ഉള്ളത് കൊണ്ടാകാമത്. എന്നാല്‍ ഈ നേര്‍ച്ച ചെയ്തതു കൊണ്ട് എനിക്കൊരു മാറ്റവും ഇനി സംഭവിക്കാന്‍പോകുന്നില്ല, ഇനി ഒന്നും നേടാനും  പോകുന്നില്ല  എന്നറിഞ്ഞിട്ടും  സാധാരണക്കാരില്‍ സാധാരണക്കാരനായ ആ വ്യക്തി എങ്ങിനെ , എന്തിന്  ഈ ആയിരക്കണക്കിന് പടികള്‍ തന്റെ സ്വാധീനമില്ലാത്ത കാലിന്റെ മുട്ടില്‍മേല്‍ ഇഴഞ്ഞു കയറി.  എനിക്കീ   ജന്മം നടക്കാന്‍പോയിട്ട്  സ്വയം നീണ്ടു നിവര്‍ന്നൊന്ന്  നില്‍ക്കാന്‍ പോലും പറ്റില്ല എന്നറിഞ്ഞിട്ടും എന്ത് വിശ്വാസത്തിന്റ്റെ പേരിലാണ്, ഏതു വിശ്വാസത്തിന്റ്റെ ബലത്തിലാണ് അയാള്‍ ആ നേര്‍ച്ച പൂര്‍ത്തീകരിച്ചിട്ടുണ്ടാവുക'  എനിക്കിങ്ങനെയെങ്ങിലും  നടക്കാന്‍ പറ്റുന്നുണ്ടല്ലോ, എന്നെ നീ കിടപ്പിലാക്കിയില്ലലോ'  എന്ന് തന്റെ  കുറവുകളെമറച്ച് തനിക്കു കിട്ടിയതെന്താണെങ്കിലും അതിനു  താന്‍ വിശ്വസിക്കുന്ന  ശക്തിയോടു നന്ദി പറയുന്ന  ആ വലിയ ചിന്ത  

നിസ്വാര്‍ത്ഥമായ ,  പരമോന്നതമായ  ആ വിശ്വാസം മനസ്സില്‍ ഉണ്ടെങ്കില്‍  മാത്രമേ ഒരാള്‍ക്ക് ഇങ്ങനെ ചിന്തിക്കാനും  പ്രവര്‍ത്തിക്കാനും സാധിക്കുകയുള്ളു . തിരിച്ചൊന്നും പ്രതീക്ഷിക്കാതെ  നീ   ചെയ്യേണ്ട കര്‍മ്മങ്ങള്‍  പൂര്‍ണ്ണമായി നിറവേറ്റുക . നിനക്കര്‍ഹതപ്പെട്ടത് നിന്നില്‍ വന്നു ചേരും എന്ന മഹത് തത്വം എന്നെ തിരിച്ചറിയിച്ച  കാലു വയ്യാത്ത  വ്യക്തിയുടെ സമര്‍പ്പണം .   ആ അചഞ്ചലമായ ഒന്നല്ലേ  ' വിശ്വാസം   '  അതെ അതുതന്നെയാണെല്ലാം .