ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയില്‍നിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത്. ഇതനുസരിച്ച് പ്രാചീന ഭാരതത്തിലും നരസങ്കല്‍പം ഉരുകത്തിരിഞ്ഞു വന്നിരുന്നു.

പിതൃലോകത്തിന്റെ നാഥനായ കാലന്‍ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാര്‍ കൊണ്ടുവരുന്ന മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും അവരവര്‍ ചെയ്ത പാപപുണ്യങ്ങള്‍ക്കനുസരിച്ച് ശരിയായ ശിക്ഷ കല്‍പ്പിക്കുന്നുവെന്നാണ് ഹിന്ദുവിശ്വാസം. 
ചെയ്ത തെറ്റിന്റെ സ്വഭാവം അനുസരിച്ച് യമധര്‍മന്‍ വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് തെറ്റുചെയ്തവരെ അയയ്ക്കുന്നു. 

നരകങ്ങള്‍ എണ്ണത്തില്‍ ഇരുപത്തിയെട്ടാണു. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങള്‍ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്. വിഷ്ണുപുരാണത്തിലും നരകവര്‍ണ്ണനയുടെ അംശങ്ങള്‍ കാണാം. ചെയ്ത പാപത്തിനനുസരിച്ചുള്ള ശിക്ഷകള്‍ അനുഭവിക്കാനായി എത്തപ്പെടുന്ന 28 നരകങ്ങളാണ് ഹിന്ദുവിശ്വാസപ്രകാരമുള്ളത്.

ഇരുപത്തെട്ട് നരകങ്ങള്‍

താമിസ്രം, അന്ധതാമിസ്രം, രൗരവം, മഹാരൗരവം, കുംഭീപാകം, കാലസൂത്രം, അസിഃപത്രം, സൂകരമുഖം, അന്ധകൂപം, സന്ദംശം, തപ്തമൂര്‍ത്തി, ശാല്മിനി, വജ്രകണ്ടകശാലി, വൈതരണി, പൂയോദകം, പ്രാണനിരോധകം, വിശസനം, ലാലഭക്ഷം, സാരമേയാശനം, അവീചി, അയഃപാനം, ക്ഷാരകര്‍ദ്ദമം, രക്ഷോഭക്ഷം, ശൂലപ്രോതം, ദന്ദശൂകം, വടാരോധം, പര്യാവര്‍ത്തനം, സൂചിമുഖം തുടങ്ങിയവയാണ് 28 നരകങ്ങള്‍

താമിസ്രം

പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവര്‍ക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാര്‍ അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകര്‍മ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്

Hell
britishmuseum.org

രൗരവം

ജീവദ്രോഹം ചെയ്ത് ദാനകര്‍മ്മാദികളിലേര്‍പ്പെടാതെ ലുബ്ദനായി കഴിയുന്നവര്‍ക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാല്‍ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവര്‍ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. ഇവയിലും ക്രൂരമായപ്രവര്‍ത്തികള്‍ ചെയ്തവര്‍ക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കള്‍ (ക്രൂരസര്‍പ്പങ്ങള്‍) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

കുംഭീപാകം

നാല്‍ക്കാലികള്‍, പക്ഷികള്‍, പ്രാണികള്‍ മുതലായവയെ ഹിംസിക്കുന്നവര്‍ക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാര്‍ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവന്‍ പൊള്ളി വികൃതമാകുമ്പോള്‍ കൊടിലില്‍ കൊരുത്ത് പുറത്തെടുത്ത് ഉടല്‍ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്‌കര്‍മ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

കാലസൂത്രം

പിതൃക്കള്‍,ബ്രഹ്മജ്ഞാനമുള്ളവര്‍ എന്നിവരോട് ദ്രോഹം ചെയ്യുന്നവര്‍ക്കുള്ളതാണ് കാലസൂത്രനരകം. ഇതില്‍ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാര്‍ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയില്‍ അഗ്‌നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്‌കര്‍മ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയില്‍ തുടരേണ്ടി വരും

അസിഃപത്രം

സ്വധര്‍മ്മത്തെ ഉപേക്ഷിച്ച് പരധര്‍മ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യര്‍ക്കുള്ളതാണ് ഈ നരകം. ഈ നരകത്തില്‍ തള്ളുന്ന പാപികളെ യമകിങ്കരന്മാര്‍ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവര്‍ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോള്‍ ഭടന്മാര്‍ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്‍പിക്കും. അവര്‍ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാല്‍ ഇതു തന്നെ ആവര്‍ത്തിക്കും.

അന്ധകൂപം

കുംഭീപാകനരകത്തില്‍ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവര്‍ക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാര്‍ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റില്‍ (കൂപം  കിണര്‍) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും.

സന്ദംശം

സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവര്‍ക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കില്‍ മൃത്യുദൂതന്മാര്‍ ചുട്ടു പഴുത്ത കൊടില്‍ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയില്‍ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു.

ശാല്മിനി

കാമഭോഗത്തില്‍ മാത്രം മനസൂന്നി നടക്കുന്നവന്‍ വജ്രകണ്ഡകമായ ശാല്മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാല്‍ വിധേയനെ കൊമ്പുകളില്‍ കോര്‍ത്ത് മേല്‍പ്പോട്ടെറുഞ്ഞും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളാല്‍ ദംശനം നല്‍കുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങള്‍ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിലിടുന്നു.

വജ്രകണ്ടകശാലി

മൃഗങ്ങളുമായി പ്രകൃതി വിരുദ്ധ സംഭോഗത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കായുള്ള നരകമാണിത്. കൂര്‍ത്ത വജ്രായുധങ്ങള്‍ തറച്ച മൃഗങ്ങളുടെ ലോഹ രൂപങ്ങളെ ആശ്ലെഷിപ്പിക്കുന്നതാണ് ഇവിടുത്തെ രീതി

വൈതരണി

അധികാരം ദുരുപയോഗം ചെയ്യുന്ന ഭരണാധികാരികളെയും ദുര്‍മ്മാര്‍ഗ്ഗികളെയും ഇവിടേക്ക് തള്ളുന്നു. ഇതൊരു നദിയാണ്. മനുഷ്യ മലമൂത്രാദികള്‍, രക്തം, മുടി, എല്ലുകള്‍, മാംസം എന്നിങ്ങനെ എല്ലാവിധ മാലിന്യങ്ങളും നിറഞ്ഞ നദി. ഘോര മൃഗങ്ങളുടെ വാസസ്ഥലം കൂടിയാണത്. ഇവിടേക്ക് വന്നു വീഴുന്നതും മൃഗങ്ങള്‍ നാലു ഭാഗത്തുന്നും വന്നു ആക്രമിക്കും. നദിയിലെ മാലിന്യങ്ങള്‍ തിന്നും മൃഗദികളുടെ ആക്രമങ്ങള്‍ സഹിച്ചും കഴിയേണ്ടി വരുന്നു.

പൂയോദകം

ബ്രഹ്മജ്ഞാനമുള്ളവന്‍ ശൂദ്രസ്ത്രീയെ പ്രാപിച്ചാല്‍ അയാള്‍ക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുര്‍ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയന്‍ അതില്‍ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതില്‍ കഴിയേണ്ടിവരും.

പ്രാണനിരോധകം

ബ്രഹ്മജ്ഞാനമുള്ളവന്‍ നായാട്ട് നടത്തിയാല്‍ അയാള്‍ക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാത്രനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗര്‍ത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവര്‍ഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.

ലാലഭക്ഷം

ധര്‍മ്മപത്‌നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം. യുഗങ്ങളോളം ദുര്‍ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയന്‍ അതില്‍ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതില്‍ കഴിയേണ്ടിവരും.

സാരമേയാശനം

ഭക്ഷ്യ പാനീയങ്ങളില്‍ വിഷം ചേര്‍ക്കല്‍ നടത്തി ജീവജാലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുക, രാജ്യം നശിപ്പിക്കുക തുടങ്ങിയ വൈകൃതങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കയുള്ള നരകം. ശ്വാന മാംസം മാത്രമാണ് അവിടെ ഭക്ഷണം. ആയിരത്തിലധികം വരുന്ന ശ്വാനന്മാര്‍ ഒന്നിച്ചു ആക്രമിച്ചു കൂര്‍ത്ത പല്ലുകളാല്‍ ശരീരത്തിലെ മാംസം പുറത്തെടുക്കും

അവീചി

കള്ളസാക്ഷി പറയുന്നുള്ളവര്‍ക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാര്‍ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളില്‍ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

Hell
Credit- marconacher.blogspot.com

അയഃപാനം

ബ്രാഹ്മണന്‍ മദ്യസേവ ചെയ്താല്‍ അയാള്‍ക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാര്‍ വിധേയനെ ബലമായി ഉരുലിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.

ക്ഷാരകര്‍ദ്ദമം

സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവര്‍ക്കുള്ളതാണ് ക്ഷാരകര്‍ദ്ദമനരകം. ഇതു പ്രകാരം വിധേയനെ മൃത്യുദൂതന്മാര്‍ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയില്‍ തലകീഴായി കാലുകള്‍ മാത്രം വെളിയില്‍ വരുന്ന രീതിയില്‍ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി.

ശൂലപ്രോതം

വഞ്ചനകാട്ടുന്നവര്‍ക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാര്‍ വിധേയനെ ശൂലാഗ്രത്തില്‍ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങള്‍ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനില്‍ നിന്നും പ്രാണന്‍ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയന്‍ കഴിയേണ്ടി വരും