ജ്യോതിഷത്തില്‍ ഉത്തരഫാല്‍ഗുനി എന്നറിയപ്പെടുന്ന ജ്യോതിഷ നക്ഷത്രമാണ് ഉത്രം നക്ഷത്രം. ആദ്യകാല്‍ഭാഗം ചിങ്ങരാശിയിലും അവസാനമുക്കാല്‍ഭാഗം കന്നിരാശിയിലും ആയാണ് കാണുന്നത്. 

ഉത്രം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ദേഹസൗന്ദര്യം, സുഖം, വിദ്യ എന്നീ ഗുണങ്ങളുണ്ടായിരിക്കും. വിദ്യാഭ്യാസം സിദ്ധിച്ചാല്‍ അതുവഴി ധാരാളം ധനം സമ്പാദിക്കും. എല്ലാര്‍ക്കും ഇഷ്ടപ്പെടുന്ന സ്വഭാവമായിരിക്കും. പൊതുവേ വലിയ അഭിമാനിയും സൗന്ദര്യബോധാമുള്ളവരും ആയിരിക്കും. സാഹിത്യാദി കലകളിലുള്ള താല്പര്യം മൂലം മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. 

ഇവര്‍ക്ക് ആവശ്യാനുസൃതമായ ക്ഷമയോ സഹനശക്തിയോ ഇല്ലാത്തവരാണ്. ഒരിക്കല്‍ ദേഷ്യം വന്നാല്‍ ഇവരെ തണുപ്പിക്കാന്‍ വളരെ പ്രയാസമായിരിക്കും. എന്നാല്‍ തെറ്റ് മനസ്സിലാക്കുമ്പോള്‍ കാലം തന്നെ വൈകിപ്പോകും. ആരംഭത്തില്‍ എളിയ നിലയിലും, ക്രമേണ പഠിച്ചും പ്രവര്‍ത്തിച്ചും ജീവിതത്തില്‍ ഉയര്‍ന്ന നിലയിലുമെത്തിച്ചേരും. ആണിന് ക്ഷമാശീലം കൂടുതലും പെണ്ണിന് ക്ഷമാശീലം പൊതുവേ കുറവുമായി കണ്ടുവരുന്നു. 

സ്വന്തം തെറ്റ് സമ്മതിക്കാത്തവരാണിവര്‍. ചെയ്തത് തെറ്റാണ് എന്ന് മനസ്സിലായാല്‍ പോലും ഇവര്‍ ചെയ്തത് തെറ്റെന്ന് സമ്മതിക്കാന്‍ ഇവര്‍ക്ക് പ്രയാസമായിരിക്കും. സ്വതന്ത്ര ചിന്താഗതിക്കാരാണിവര്‍. ശരിയായ രീതിയില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിവുള്ളവരാണിവര്‍. ചതി ഇഷ്ടപ്പെടാത്തവരും ചതിക്കാത്തവരുമാണിവര്‍. തൊഴിലില്‍ തിളങ്ങുന്നവരാണിവര്‍, ഒപ്പം സമൂഹത്തിനിടയിലും. സ്വന്തം ബന്ധുക്കളേക്കാള്‍ മറ്റുളളവരോട് ആത്മാര്‍ത്ഥത കാണിക്കുന്നവരാണിവര്‍. 

ബിസിനസ്സിലും വിവാഹസംബന്ധമായ കാര്യങ്ങളിലും മറ്റുള്ളവര്‍ക്ക് ആശ്രയമായി വര്‍ത്തിക്കും. ഉത്തരവാദിത്വമേറ്റെടുത്ത് വിജയത്തിലെത്തിക്കുവാന്‍ അത്യദ്ധ്വാനം ചെയ്യുന്നതും സാധാരണമാണ്. ഇവര്‍ കുടുംബത്തിലെ പ്രമാണിയും ജനസമ്മതരുമായിരിക്കും. എല്ലാരോടും സ്‌നേഹപൂര്‍വ്വം മാന്യമായി പെരുമാറും. ധനവും സുഖവും അനുഭവയോഗ്യമാകും.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശത്രുക്കളെ ജയിക്കുന്നവരും സുന്ദരിയും നല്ല സന്താനങ്ങളുള്ളവളുമായിരിക്കും. നയശീലരും, വ്യവഹാര പ്രിയരും ശാസ്ത്ര താല്പര്യമുളളവരും മറ്റുള്ളവരോട്  ഇഷ്ടം തോന്നുന്ന രീതിയില്‍ സംസാരിക്കുന്നവളും സല്‍കര്‍മ്മം ചെയ്ത് പുണ്യം നേടുന്നവളും കൃതജ്ഞതയുളളവളുമായിരിക്കും. ഇവര്‍ ശാന്തരായിരിക്കും. സമാധാനകാംക്ഷികളായ ഇവര്‍ നല്ല വാക്കുകള്‍ ഇഷ്ടപ്പെടുന്നു. കഴിവതും ആരോടും ശത്രുത പുലര്‍ത്താന്‍ ഇഷ്ടപ്പെടാത്തവരായിരിക്കും.  എന്നാല്‍ പിണങ്ങിയാല്‍ ഇണങ്ങാത്തവരായിരിക്കും. ഭര്‍ത്താവില്‍ നിന്നും സന്താനങ്ങളില്‍ നിന്നും ഇവര്‍ക്ക് ഭാഗ്യാനുഭവങ്ങളും ലഭിക്കും. 

ഉത്രം നക്ഷത്രക്കാര്‍ ഗണിതശാസ്ത്രം, സയന്‍സ് എന്നിവയില്‍ കേമരായിരിക്കും. അധ്യാപകര്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ശോഭിക്കും. പ്രൊഫസര്‍, ഹോസ്പിറ്റല്‍ ജോലി എന്നിവയും നന്നായിരിക്കും. ചൊവ്വ, ബുധ, വ്യാഴ ദശകളില്‍ ഉത്രം നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. ഞായറും ഉത്രവും ഒന്നിച്ച് വരുന്ന ദിവസം സൂര്യദേവനെ ഭജിക്കുന്നത് അത്യുത്തമം ആയി ഭവിക്കും

സന്താനനാശമുണ്ടാക്കുന്ന 'കുക്ഷിവേധദോഷം' ഉള്ളതിനാല്‍ പൂരുരുട്ടാതി നക്ഷത്രവുമായി വിവാഹബന്ധം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ 'സന്താനഗോപാലാര്‍ച്ചന', 'പുരുഷസൂക്തപുഷ്പാഞ്ജലി' എന്നിവ ഒരു വൈഷ്ണവ ക്ഷേത്രത്തില്‍ ചെയ്ത് പ്രാര്‍ത്ഥിക്കണം. ചുവപ്പ്, പച്ച, കാവി നിറങ്ങള്‍ ഉത്രം നക്ഷത്രത്തിന് അനുകൂലമാകുന്നു. നക്ഷത്രദേവത 'ഭഗന്‍'. ഭഗദേവതാമന്ത്രം നിത്യവും ജപിക്കുന്നത് അത്യുത്തമം ആകുന്നു.

മുതുകു വേദന, തലവേദന, ബോധക്ഷയം, രക്തക്കുറവ് രക്തസമ്മര്‍ദ്ദം, രക്തം കട്ട പിടിക്കല്‍ എന്നിവ. ചെറുകുടല്‍, ലിവര്‍ എന്നിവയെ ബാധിക്കുന്ന രോഗം. ഉദര രോഗം, നീര് എന്നിവ ഉത്രം നക്ഷത്രക്കാര്‍ക്കുണ്ടാകാനാണ് സാധ്യത. 

നിത്യവും 'ഓം ഭഗായ നമഃ എന്ന മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ഉത്രത്തിന്റെ ഭാഗ്യസംഖ്യ - 1, ഉപാസനാമൂര്‍ത്തി - ശ്രീധര്‍മ്മശാസ്താവ്, ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം - 'ത്രിപുരസുന്ദരീയന്ത്രം'