മിഥുനം രാശിയിലെ ഏറ്റവും പ്രകാശമുള്ള രണ്ട് നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തില്‍ പുണര്‍തം എന്നറിയപ്പെടുന്നത്. പുനര്‍വസു എന്നും പുണര്‍പുസം എന്നും അറിയപ്പെടുന്നു. രാമന്‍ ജനിച്ചത് പുണര്‍തം നക്ഷത്രത്തിലാണെന്നാണ് വിശ്വാസം. രാശിചക്രത്തില്‍ എണ്‍പത് ഡിഗ്രി മുതല്‍ തൊണ്ണൂറ്റിമൂന്ന് ഡിഗ്രി 20 മിനിറ്റ് വരെ വ്യാപിച്ചു കിടക്കുന്നു.

ഈ നക്ഷത്രത്തില്‍ ജനിച്ചവരുടെ സാമാന്യ സ്വഭാവങ്ങള്‍ ഇവയൊക്കെയാണ്

പുണര്‍തത്തിന്റെ നക്ഷത്രാധിപന്‍ ഗുരുവാണ്. അതുകൊണ്ടു തന്നെ ഇവര്‍ ബുദ്ധിശാലികളും വിശാല മനസ്‌കരും സൗമ്യതയും ഉളളവരും ആയിരിക്കും

പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ അടിയുറച്ച ദൈവവിശ്വാസികളായിരിക്കും. പരമ്പരാഗത ആചാരങ്ങളും ശീലങ്ങളും പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഈ കൂട്ടരുടെ മനസും ചിന്തയും എപ്പോഴും സമതുലിതമായിരിക്കും. മാത്രമല്ല സാധാരണ ജീവിതം നയിക്കുമ്പോഴും ഉന്നതമായ ചിന്താഗതികള്‍ക്ക് ഉടമകളുമാണ്. നിയമവിരുദ്ധമോ അല്ലെങ്കില്‍ സദാചാരവിരുദ്ധമോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനെ ഇവര്‍ ഏപ്പോഴും എതിര്‍ക്കുന്നു. 

സമാധാനം, ആത്മാര്‍ത്ഥത, ഗൗരവം, സത്യസന്ധത, നീതി, സ്‌നേഹം ഇവയൊക്കെ പുണര്‍തം നക്ഷത്രക്കാരുടെ ഗുണങ്ങളാണ്. നയചാതുര്യത്തോടെ സംസാരിക്കാന്‍ കഴിയുന്ന ഇവര്‍ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരിക്കും. മറ്റുള്ളവരെ സാന്ത്വനിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് പ്രത്യേക ഗുണമാണ്.

എത്രതന്നെ പ്രതിസന്ധികള്‍ നേരിട്ടാലും ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിവും ഏകാഗ്രതയും അര്‍പ്പിക്കും. അധ്യാപനം, അഭിനയം, എഴുത്ത്, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ ഇവര്‍ക്ക് ശോഭിക്കാനാകും. മാതാപിതാക്കളേയും മുതിര്‍ന്നവരേയും വളരെ അധികം ബഹുമാനിക്കുന്ന പ്രകൃതമാണ് പുണര്‍തം നക്ഷത്രക്കാരുടേത്. 

ഇവര്‍ കാര്യങ്ങളെ ബുദ്ധിപൂര്‍വ്വം ഗ്രഹിച്ച്  എല്ലാവശവും ചിന്തിച്ച് പ്രവൃത്തിയില്‍ കൊണ്ടുവരുന്നവരാണ്. ഒരു കാര്യത്തിലും എടുത്തുചാട്ടം കാണിക്കുകയില്ല. വാക്ശക്തിയും വിചാരശക്തിയുമുളള ഇവരെ വാഗ്വാദത്തില്‍ എതിര്‍ത്തു തോല്പിക്കുക ബുദ്ധിമുട്ടാണ്. ഇവര്‍ ധനപരമായി ഇടത്തരക്കാരായിരിക്കും. ധനാധിപനായ ചന്ദ്രന്റെ  പന്ത്രണ്ടിലെ  സ്ഥിതി ഒരു കാരണമാണ്. 

പുത്രാനുകൂല്യം കുറവായിരിക്കും. പല വിഷയങ്ങളിലും ഇവര്‍ അറിവു നേടുമെങ്കിലും ഒന്നിലും പൂര്‍ണ്ണത നേടാന്‍ ഇവര്‍ക്കാകില്ല.  ആരോടും സ്ഥായിയായ സ്‌നേഹം കാണിക്കാറില്ല. പക്ഷേ ആരെയും പിണക്കുകയും ഇല്ല. മാതാവിനോട് വളരെ മമത കാണും. വിവാഹ ജീവിതത്തില്‍ പൂര്‍ണ്ണത അനുഭവപ്പെടാറില്ല. ആധാരം എഴുത്ത്, ഓഡിറ്റ്, ലേഖകന്‍, അധ്യാപനം, നിയമം ഇവയില്‍ ശോഭിക്കും. പുണര്‍തം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പുണ്യകാര്യങ്ങളില്‍ തല്പരരും അഹന്ത ഇല്ലാത്തവരും നല്ല സ്വഭാവവും ഗാര്‍ഹിക കാര്യങ്ങളില്‍ തല്പരരും ഭര്‍തൃസാമീപ്യത്തോടു കൂടിയവരും ആയിരിക്കും. 

ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. പക്ഷെ ആരോഗ്യത്തെപ്പറ്റി ആകുലപ്പെടുന്ന സ്വഭാവം ഉണ്ടാകും. ദിനചര്യകള്‍ പാലിക്കാനും ഔഷധങ്ങള്‍ യഥാസമയം കഴിക്കാനും പഥ്യം ആചരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. ബാല്യകാലം മെച്ചമായ ആരോഗ്യവും കുടുംബസുഖവും ഉണ്ടാവും. പത്ത്് വയസുമുതല്‍ ഇരുപത്തിനാല് വരെ ഗുണദോഷ സമ്മിശ്രഫലമാണ്. ഈ കാലത്ത് ആരോഗ്യക്കുറവ്, മനഃക്ലേശം, ധനനഷ്ടം, യാത്രാ ക്ലേശം, അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. 50 നു ശേഷം സന്തുഷ്ട കരമായ ജീവിതം നയിക്കും.

പുണര്‍തത്തിന്റെ നക്ഷത്ര ദേവത അദിതിയാണ്. യോനി-സ്ത്രീ , ഗണം-ദൈവം, മൃഗംപൂച്ച, പക്ഷി ചെമ്പോത്ത്, വൃക്ഷംമുള, ഭൂതംജലം. സൃഷ്ടി നക്ഷത്രം, ചരനക്ഷത്രം. ഊണ്‍നാളില്‍പ്പെട്ട നാളായതിനാല്‍ എല്ലാ ശുഭകാര്യങ്ങള്‍ക്കും നന്ന്. പൗഷ്ടിക ക്രിയകള്‍, ശാന്തി കര്‍മ്മങ്ങള്‍, വാസ്തു കര്‍മ്മങ്ങള്‍, കൃഷി, വിദ്യാരംഭം, വാഹനം, വാങ്ങല്‍ ഇവയ്‌ക്കെല്ലാം നല്ലതാണ്.

ഭാഗ്യ ദിനം: ബുധന്‍, വ്യാഴം

അനുകൂല തീയതി:  3,12,21,30

അനുകൂല നിറം:  നീല, ചുമപ്പ്, റോസ്

ഗുണകരമായ മാസം:  ചിങ്ങം, വൃശ്ചികം, ധനു, മീനം, മേടം

ഭാഗ്യ ദേവത:  ശ്രീരാമന്‍, വിഷ്ണു, മൂകാംബിക

ദോഷ ദശ:  ശുക്രന്‍, ചന്ദ്രന്‍, ശനി