ഭാരതീയ ജ്യോതിഷത്തിലെ ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പതിനൊന്നാമത്തേതാണ് പൂരം. സംസ്‌കൃതത്തില്‍ പൂര്‍വ ഫാല്‍ഗുനി (ആദ്യ ചുവപ്പന്‍) എന്നറിയപ്പെടുന്നു. രാശി ചക്രത്തില്‍  133ഡിഗ്രി 20 മിനിറ്റു മുതല്‍ 146ഡിഗ്രി 40 മിനിറ്റു വരെ വ്യാപിച്ചു കിടക്കുന്നു. ശുക്രനാണ് ഈ നാളിന്റെ അധിപന്‍. പൂരം പുരുഷന്‍മാര്‍ക്ക് അനുകൂലമായ നാളാണെന്നാണ് വിശ്വാസം. 

മനുഷ്യ ഗണം, യോനി-സ്ത്രീ , ഭൂതം-ജലം, പക്ഷി-ചകോരം, മൃഗം- എലി.

എന്നിരിക്കലും ഇതൊരു സ്ത്രീ നക്ഷത്രവുമാണ്. അതിനാല്‍ പൗരുഷവും സ്ത്രൈണതയും ചേര്‍ന്ന പ്രകൃതമായിരിക്കും ഇവരുടേത്. അതായത്. ധീരന്മാരായിരിക്കുമ്പോള്‍ തന്നെ ഇവര്‍ ലോല ഹൃദയരുമായിരിക്കുമെന്നര്‍ത്ഥം. ആരോഗ്യവും ആകര്‍ഷണീയമായ ശരീരവും കൊണ്ട് അനുഗൃഹീതരായിക്കും. പൂരം നക്ഷത്രക്കാര്‍ പൊതുവെ ഗൗരവ പ്രകൃതിക്കാരായിരിക്കും. ഹിതകരമായി സംസാരിക്കുന്നവരും സാമര്‍ത്ഥ്യമുള്ളവരും സഞ്ചാരികളും ധൈര്യമുണ്ടെന്ന് ഭാവിക്കുകയും ഉള്ളില്‍ പേടിയുള്ളവരും ആയി ഭവിക്കും. 

ഇവര്‍ വളരെയധികം ഓര്‍മ്മശക്തിയുള്ളവരാണ്. സംഭാഷണ മാധുര്യം കൊണ്ട് ആരെയും വശത്താക്കും. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കുറവായിരിക്കും. ചെറുപ്പം മുതലേ ഏത് വിഷയത്തിലാണ് താല്പര്യമെന്ന് ഇവര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കും. സത്യസന്ധരും വിവേകികളുമായ ഇവര്‍ ജീവിതത്തില്‍ വിജയശ്രീലാളിതരായിരിക്കും. സ്ത്രീകള്‍ മധുരമായി സംസാരിക്കും. കലകളിലും ശാസ്ത്രങ്ങളിലും താല്പര്യം പ്രദര്‍ശിപ്പിക്കും. നല്ല സന്താനങ്ങളോട് കൂടിയവരും ആയിരിക്കും.

സേവ ചെയ്യാനോ മറ്റുള്ളവരുടെ ഉത്തരവ് കാത്തുനില്‍ക്കാനോ ഇവര്‍ ഒരിക്കലും സന്നദ്ധരായെന്നു വരില്ല. യജമാനപ്രീതി സമ്പാദിക്കാന്‍ ഇവര്‍ അസമര്‍ത്ഥരായതു കൊണ്ടുതന്നെ ഇവര്‍ക്ക് അടിക്കടി കാര്യവിഘ്നങ്ങളും പരാജയങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ഇവരുടെ അതിയായ അഭിമാന ബോധവും അതിരറ്റ സ്വാതന്ത്രേ്യച്ഛയുമാണ് അതിന് കാരണം.

മൃഗരാജനായ സിംഹം പ്രതീകമായുളള ചിങ്ങം രാശിയിലാണ് പൂരം നക്ഷത്രക്കാരുടെ ജനനം. രാശ്യാധിപനായ സൂര്യന്റെ  തേജസ്സും നക്ഷത്രാധിപനായ ശുക്രന്റെ സൗന്ദര്യവും ആകര്‍ഷണീയതയും ഇവരില്‍ കാണാം. ചിങ്ങത്തിന്റെ അധിപതിയായ സൂര്യന് പിതൃകാരകത്വം ഉളളതിനാല്‍ ഇവര്‍ സന്താനങ്ങളോട് അതിരറ്റ സ്‌നേഹ വാത്സല്യവും മാതൃസഹജമായ മമതയും കാണിക്കും. അതിന്റെ കാരണം  ശുക്രന്റെ നക്ഷത്രാധിപത്യമാണ്. ഏതു തരത്തിലുളള തടസ്സവും  തട്ടി നീക്കി ഇവര്‍ മുന്നേറും. ഒരു കാര്യത്തിലും പിന്നില്‍ നില്‍ക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നില്ല. തന്റെ കഴിവിനെ മറ്റുളളവര്‍ അംഗീകരിക്കണമെന്നാഗ്രഹിക്കുന്നവരാണ്. 

ജാതകത്തില്‍ സൂര്യനും, ശുക്രനും ബലമുണ്ടെങ്കില്‍ രാഷ്ട്രീയം, പൊതു മേഖലാരംഗങ്ങളില്‍ ശോഭിക്കും. മറ്റുളളവരോട് വളരെ സഹാനുഭൂതിയോടെ പെരുമാറുവാനും നല്ല വാക്കുകളാല്‍ ആള്‍ക്കാരെ സ്വാധീനിക്കാനും കഴിയും. പരാശ്രയ ശീലം ഇവര്‍ക്ക് ഒട്ടുമേയില്ല. സ്വന്തം കുടുംബത്തെ സംരക്ഷിക്കുവാനും സ്വന്തം ആവശ്യങ്ങള്‍ക്കും മറ്റുളളവരുടെ മുന്‍പില്‍ കൈനീട്ടുവാന്‍ ഇവര്‍ക്കാവില്ല. സിംഹം സ്വയം ഇരതേടുകയാണു പതിവ്. എതിരാളിയുടെ നീക്കങ്ങളെ നല്ല വണ്ണം വിലയിരുത്താനും തക്കസമയത്ത് അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും ഇവര്‍ക്കു കഴിയും.

ഇതൊരു രജ്ജു നക്ഷത്രമാണ്. ആകയാല്‍ മകയിരം, അവിട്ടം, പൂരം, ഭരണി, അനിഴം, ഉത്തൃട്ടാതി, ചിത്തിര നക്ഷത്രക്കാരുമാ യുളള വിവാഹം ഗുണകരമല്ല. വേധ നക്ഷത്രം  ഉത്തൃട്ടാതിയാണ്. ചന്ദ്രന്‍, രാഹു, ശനി എന്നീ ദശാകാലങ്ങള്‍ ഗുണകരമല്ലാത്തതിനാല്‍ ഈ കാലങ്ങളില്‍ ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ഗുണകരമാണ്. 12 വയസ്സു വരെ കാലം പൊതുവേ അനുകൂലമായിരിക്കും. 12 മുതല്‍ 18 വരെ ഗുണ ദോഷ സമ്മിശ്രഫലമായിരിക്കും. 20 ഉം, 30 ഉം പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. 51 വരെ ഗുണദോഷ സമ്മിശ്രഫലം ശേഷം ജീവിതം പൊതുവേ ഗുണകരമായിരിക്കും.

മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി എന്നീ ദേവതകളെ ഭജിക്കുക. യക്ഷിക്ക് വഴിപാടുകളും നടത്തുക. ജന്മനക്ഷത്രത്തില്‍ ലക്ഷ്മി പൂജയോ ശുക്രപ്രീതികരമായ കര്‍മ്മങ്ങളോ അനുഷ്ഠിക്കുക. ഞായറാഴ്ച ആദിത്യപൂജ ശിവക്ഷേത്ര ദര്‍ശനം ഇവ ഗുണകരമാണ്.

ഓം ആര്യമ്‌ണേനമഃ എന്നു ജപിക്കുന്നത് ഉത്തമം