കയിരം ദേവഗണ നക്ഷത്രമാണ്. പാര്‍വ്വതി ദേവിയുടെ ജന്മനക്ഷത്രമെന്നറിയപ്പെടുന്നു. രാശി ചക്രത്തില്‍ അന്‍പത്തിമൂന്ന് ഡിഗ്രി നാല്‍പത് മിനിറ്റ് മുതല്‍ അറുപത്തിയാറ് ഡിഗ്രി നാല്‍പത് മിനിറ്റുവരെ രാശി ചക്രത്തില്‍ വ്യാപിച്ചു കിടക്കുന്ന മകയിരം നക്ഷത്ര ജാതര്‍ രണ്ടു രീതിയിലുളള സ്വഭാവ വിശേഷങ്ങള്‍ ഉളളവരായിരിക്കും. ആദ്യ മുപ്പത് നാഴികയ്ക്കകം ജനിച്ചവര്‍ ഇടവക്കൂറുകാരും മുപ്പത് നാഴിക മുതല്‍ അറുപത് നാഴിക വരെ ജനിച്ചവര്‍ മിഥുക്കൂറുകാരും ആണ്. 

ഈ നാളില്‍ ജനിച്ചവര്‍ക്ക് സത്യസന്ധതയും ഉത്സാഹവും ചഞ്ചലമനസ്സും വലിയ ധനവും സുഖാധിക്യവും പ്രത്യേകതകളാണ്. ഇടവകൂറിലും മിഥുനകൂറിലുമുളള രണ്ടു വിഭാഗങ്ങള്‍ക്കും നക്ഷത്രാധിപനായ കുജന്റെ വിശേഷതകള്‍ കാണാം. ഇടവകൂറില്‍ ശുക്രന്റെ ഗുണവിശേഷതകളും മിഥുനക്കൂറുകാരില്‍ ബുധന്റെ സവിശേഷ, സ്വഭാവവും കൂടി കാണും. 

ഈ നക്ഷത്ര ജാതര്‍ക്ക് ബാല്യത്തില്‍ ക്ലേശങ്ങള്‍ കൂടുതലായി കാണാം. ഇവര്‍ ശുദ്ധ മനസ്ഥിതിയുളളവരാകയാല്‍  ആളുകളെ ഉളളു തുറന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് അബദ്ധങ്ങളും ചതിവുകളും പറ്റും. മകയിരം നക്ഷത്രജാതര്‍ ബുദ്ധിയും സൗന്ദര്യവും ആത്മാര്‍ത്ഥതയും ഉളളവരായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍  ഇവര്‍ക്കു ചെയ്തു തീര്‍ക്കുവാന്‍ കഴിയും. ജീവിതത്തില്‍ ആദ്യഭാഗം ക്ലേശവും മധ്യഭാഗവും അന്ത്യഭാഗവും സുഖവും അനുഭവത്തില്‍ വരും. സ്വന്തം പരിശ്രമത്താല്‍ ഉന്നതിയിലെത്തും. നല്ല സംഭാഷണത്താല്‍ ആരേയും വശത്താക്കാന്‍ കഴിയുമെങ്കിലും മുന്‍കോപം സൗഹൃദത്തെ നശിപ്പിക്കും. സുഖഭോഗത്തിലും ആഡംബരത്തിനും ഭ്രമമുളള ഇവര്‍ വലിയ ചിലവുകാരായിരിക്കും.

സ്വന്തം ഉദ്ദേശ്യങ്ങളെ സംഭാഷണചാതുര്യം കൊണ്ട് മൂടിവെക്കാന്‍ അത്ഭുതാവഹമായ കഴിവുണ്ടാകും. സ്വതവേ മാതൃഭക്തരായിരിക്കും. ഈശ്വരഭക്തിയും ബന്ധുസ്‌നേഹവും ഉണ്ടായിരിക്കും. മോടിയുള്ള വീട് ഉണ്ടാകും. സ്വന്തം പരിശ്രമം കൊണ്ട് സാമ്പത്തികോന്നതി പ്രാപിക്കുന്നവരാണ് മിക്ക മകയിരം നക്ഷത്രക്കാരും. കാര്യം സാധിക്കാനായി എന്തും ചെയ്തുകളയും എന്ന ന്യൂനതയുണ്ട്. പ്രേമകാര്യങ്ങളില്‍ വേണ്ടത്ര സ്ഥൈര്യം പാലിക്കില്ല. മിക്കപ്പോഴും വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ സംസാരിക്കുന്നത് ശത്രുക്കളെ ക്ഷണിച്ചുവരുത്തും.

ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയാവാനുളള സാധ്യതയുളളതിനാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  ജാതകത്തില്‍ ബുധന് ബലമുണ്ടെങ്കില്‍ കണക്ക്, എന്‍ജിനീയറിംഗ് വിഷയങ്ങളില്‍ ശോഭിക്കും.  പുത്രാനുകൂല്യം ഈ നക്ഷത്ര ജാതര്‍ക്ക് കുറഞ്ഞിരിക്കും. ചഞ്ചലസ്വഭാവം കാണിക്കും. അധ്യാപക വൃത്തിയില്‍ ശോഭിക്കും. വിവാഹ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെടും. പങ്കാളിയുടെ അനാരോഗ്യം മൂലം ക്ലേശമുണ്ടാവും.

മകയിരം നക്ഷത്രക്കാര്‍ ശുക്ര, ബുധ, വ്യാഴദശകളില്‍ ദോഷപരിഹാരം ചെയ്യണം. ചൊവ്വയും മകയിരവും ഒത്തുവരുന്ന ദിവസം വ്രതമെടുക്കണം. അനുജന്മനക്ഷത്രങ്ങളായ ചിത്തിര, അവിട്ടം എന്നിവയിലും ജന്മനക്ഷത്രദിവസങ്ങളിലും ഭദ്രകാളീഭജനം, മുരുകഭജനം എന്നിവ നടത്തണം. ചൊവ്വയെയും ചൊവ്വയുടെ അധിദേവതകളായ മുരുകനെയും ഭദ്രകാളിയെയും പ്രീതിപ്പെടുത്തണം.

വേധദോഷങ്ങളില്‍ ഏറ്റവും ദോഷമുള്ളതും മരണകാരണവുമാകാവുന്ന ശിരോവേധദോഷമുള്ളതിനാല്‍ ചിത്തിരയുമായും അവിട്ടവുമായും മകയിരവുമായി വിവാഹം പാടില്ല. അറിവില്ലായ്മയോ എടുത്തുചാട്ടമോ കൊണ്ട് ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ശിവക്ഷേത്രത്തില്‍ ആയൂഷ്യസൂക്തപുഷ്പാഞ്ജലിയും ആധികാരികമായി തയ്യാറാക്കിയ മഹാമൃത്യുഞ്ജയയന്ത്രധാരണവും നടത്തണം. ആയൂഷ്യസൂക്തപുഷ്പാഞ്ജലി നക്ഷത്രദിവസം പ്രഭാതത്തില്‍ മൂന്നാവര്‍ത്തി, ഉത്തമനും സാത്വികനും വിശ്വസ്തനുമായ ഒരു കര്‍മ്മിയെക്കൊണ്ട് ചെയ്യിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.

മകയിരത്തിന്റെ ഭാഗ്യസഖ്യ- ഒമ്പതാണ്, ഉപാസനാമൂര്‍ത്തി-മഹാലക്ഷ്മിയും. ചുവപ്പ് നിറം മകയിരത്തിന് അനുകൂലമാണ്. നക്ഷത്രദേവത ചന്ദ്രനാണ്. നിത്യവും ചന്ദ്രമന്ത്രജപം ഉത്തമം ആയിരിക്കും. ചന്ദ്രമന്ത്രം: ' ഓം ചന്ദ്രമസേ നമ:'