രാശിചക്രത്തിലെ പത്താമത്തെ രാശിയും ചര രാശിയും അവസാന ഭൂമി രാശിയും സ്ത്രീ രാശിയുമായ മകരത്തിന്റെ അധിപന്‍ ശനിയാണ്. ജീവിതത്തില്‍ ശനിയെപ്പറ്റി ഓര്‍മ്മിക്കാത്തഒരാളും ഉണ്ടാകുമെന്നു തോന്നുന്നില്ല. എപ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് കണ്ടകനെയോ, ഏഴരയെയോ, അഷ്ഠമനെയോ, ദശയെയോ ഒക്കെപ്പറഞ്ഞ് ശനി എപ്പോഴും നമ്മുടെ കൂടെത്തന്നെ കാണും. ആചാര്യമ്മാര്‍ പറയുന്നത് ഭാഗ്യം തരാനും നിര്‍ഭാഗ്യം തരാനും ശനി മുമ്പില്‍ തന്നെ കാണുമെന്നാണ്. അതിനാല്‍ കൂടുതലായും ശനിയെ കരുതിപ്പോരുന്നത് കഷ്ഠത, മരണം, അസുഖങ്ങള്‍, അടിമവേല, ചതി, വഞ്ചന, സന്യാസം, അപകീര്‍ത്തി, കറുപ്പ് നിറം, ശാസ്താവ്, അശുഭ കര്‍മ്മങ്ങള്‍, കടം, തടവ്, കേസ്സുകള്‍, വഴക്ക്, ദീര്‍ഘായുസ്സ്, മത്സരം, ജപ്തിതുടങ്ങിയവയുടെ കാരകനായിട്ടാണ്. പുരാണത്തില്‍ ശനി സൂര്യപുത്രനായിട്ടാണ് അറിയപ്പെടുന്നത്.

ശനിക്കും ചൊവ്വക്കൂം സ്വാധീനമുള്ള, വ്യാഴത്തിന് സ്വാധീനം കുറഞ്ഞ, ക്രൗര്യവും സൗമ്യതയും കൂടിക്കലര്‍ന്ന ഒരു പ്രത്യേക രാശിസ്വരൂപവും കൂടെയാണ് നമുക്ക് മകരം രാശിക്കാരെ കാണിച്ചു തരുന്നത്. ഇവരുടെ ആകൃതിയെപ്പറ്റി ആചാര്യമ്മാര്‍ പറയുന്നത് പൊതുവേ വലിയ പൊക്കം ഉണ്ടാകില്ല, നീണ്ട മൂക്ക്, നീണ്ട താടി, കറുത്ത തലമുടി, കീഴ് ഭാഗം ശോഷിച്ചതായിരിക്കും, സുന്ദരമായ നേത്രങ്ങളും ലൈഗീംക അവയവങ്ങളും, ഒതുങ്ങിയ അരക്കെട്ട് തുടങ്ങിയവയാണ്. ഈ രാശിക്കാര്‍ പൊതുവേ സ്ഥിരസ്വഭാവം വച്ചു പുലര്‍ത്തുന്നവരാണ്. സ്വതന്ത്ര ചിന്താഗതിക്കാരായഇക്കൂട്ടര്‍ ആത്മവിശ്വാസം, നല്ല മനശക്തി, ഒട്ടും തന്നെ ബഹളം കാണിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരുമാണ്. കഠിനപ്രയത്നം, പ്രായോഗിക ബുദ്ധി, ആരോട് എങ്ങനെ പെരുമാറണമെന്ന അറിവ്, ആത്മാര്‍ത്ഥത തുടങ്ങിയവ സ്വഭാവങ്ങള്‍ ഇവരുടെ പ്രത്യേകതകളാണ്.

കൂടാതെ അമിത വികാര പ്രകടനങ്ങള്‍ക്കൊന്നും ഇവരെ കിട്ടില്ല. ഏതൊരു വലിയപ്രോജക്റ്റിന്റെയും പിന്നില്‍, അത് ഭംഗിയായി തീര്‍ക്കുന്ന കാര്യത്തില്‍, മകരം രാശിക്കാരെ കാണാന്‍ സാധിക്കും. ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഇവര്‍ മിടുക്കരാണ്, സ്വന്തം തീരുമാനങ്ങളെ വിമര്‍ശന ബുദ്ധിയോടെ അപഗ്രഥിച്ചതിനു ശേഷം മാത്രം നടപ്പാക്കാന്‍ താത്പര്യം കാട്ടുന്ന ഇവര്‍ അതുകൊണ്ടു തന്നെ മറ്റുള്ളവരില്‍ നിന്നും ഏതു കാര്യത്തിനും അച്ചടക്കം വേണമെന്നു നിര്‍ബ്ബദ്ധിക്കുകയും ചെയ്യും. വിജയം മാത്രം മുന്നില്‍ കാണുന്നതുകൊണ്ട് വളരെ നിശ്ശബ്ദമായി പ്രതിബന്ധങ്ങളെ തട്ടി നീക്കി മുമ്പോട്ടു പോകാനും ഇവര്‍ മിടുക്കരാണ്.  ഉറച്ച തീരുമാനങ്ങളും ഉയര്‍ന്ന ലക്ഷ്യവും വച്ചു പുലര്‍ത്തുന്ന ഇവര്‍ ആ ലക്ഷ്യം നേടുന്നതിനു വേണ്ടി എത്ര പണിയെടുക്കുന്നതിനും തയ്യാറാവും. മേലധികാരികളെ ബഹുമാനിക്കുന്നതിനും അവരുടെ പ്രശംസ നേടുന്നതിലും ഇവര്‍ എപ്പോഴും വിജയിക്കാറുണ്ട്. ഇവരുടെ കുടുംബ സ്നേഹവും എടുത്തുപറയേണ്ട സവിശേഷതയാണ്. 


വാത പ്രകൃതക്കാരായ മകരം രാശി കാലപുരുഷന്റെ കാല്‍ മുട്ടുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍ ഇവര്‍ക്ക് വാതം, കാലില്‍ മുറിവുകള്‍, അപകടം എന്നിവ എപ്പോഴെങ്കിലും വരാന്‍ സാധ്യതയുണ്ട്. കൂടാതെ ത്വക് രോഗം, കുഷ്ഠം, പാണ്ഡു, ദഹനക്കേട്, ആലസ്യം, മനോദുഃഖം, ദന്തരോഗം, നാഡീരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളും ഇവരെ ശല്യപ്പെടുത്തിയേക്കും. വിഷാദരോഗം, സംസാരശേഷിയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവ വരികയാണെങ്കില്‍ മാറാന്‍ പ്രയാസമായതുകൊണ്ട് തുടക്കത്തില്‍ത്തന്നെ ചികിത്സിക്കണം. 

മകരം രാശിക്കാര്‍ക്ക് ശനി, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലങ്ങള്‍ പൊതുവേ ഗുണകരമായിരിക്കും. ഇവര്‍ ശനീശ്വരന്‍, ലക്ഷ്മി / ദുര്‍ഗ്ഗ ദേവി, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ തുടങ്ങിയ ദേവതകളെ ഭജിക്കുന്നതും, നീലപ്പട്ട്, കൂവളപ്പൂവ്, എള്ള്, നീലക്കല്ല് എന്നിവ ദാനം ചെയ്യുന്നതും, ശനിയാഴച വ്രതം എടുക്കുന്നതും ശുഭഫലപ്രാപ്തിക്ക് ഉത്തമമാകുന്നു. മകരം രാശിക്കാരുടെ ഇഷ്ഠ ദിവസം ശനിയാഴചയും, ഭാഗ്യ ദിവസം ബുധനാഴചയും ഉത്തമം. വിശേഷദിവസങ്ങളിലും, പൂജ തുടങ്ങിയ അവസരങ്ങളിലും നീല, കറുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ മകരം രാശിക്കാരുടെ ഇഷ്ഠ നമ്പര്‍ എട്ട് ആകുന്നു. ഭാഗ്യ രത്നങ്ങളായ ഇന്ദ്രനീലം, വജ്രം, മരതകം എന്നിവ ധരിക്കുന്നതും ശുഭഫലപ്രാപ്തിക്ക് ഉത്തമമായിരിക്കും. കൂടുതല്‍ വിശദമായി വായിക്കാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: Makaram rashi Astrology predictions