ജാതകത്തില്‍ രാഹു-കേതുക്കളുടെ പ്രത്യേകസ്ഥിതിവിശേഷമാണ് കാലസര്‍പ്പയോഗത്തിന് കാരണം

''അഗ്രേരാഹുരധോകേതു സര്‍വ്വേമദ്ധ്യഗതാ ഗ്രഹാ
യോഗോയം കാലസര്‍പാഖ്യാം നൃപസ്യവിനാശനം''

ജാതകത്തില്‍ എല്ലാ ഗ്രഹങ്ങളും രാഹുവിനും കേതുവിനും മദ്ധ്യത്തില്‍ വരുന്നതിനെയാണ് കാലസര്‍പ്പയോഗം എന്നു പറയുന്നത്. എല്ലാ ഗ്രഹങ്ങളെയും രാഹു വിഴുങ്ങുന്നു എന്ന അര്‍ത്ഥത്തിലാണ് കാലസര്‍പ്പയോഗം എന്ന പേരുവന്നത്. ജാതകത്തില്‍ എത്രയൊക്കെ നല്ല യോഗങ്ങളുണ്ടെങ്കിലും അതിന്റെയൊക്കെ പ്രഭാവത്തെ ഇല്ലാതാക്കി സാമ്പത്തികവും കര്‍മ്മപരവുമായ പുരോഗതിക്ക് തടസ്സം സൃഷ്ടിച്ച് ലൗകിക ജീവിതത്തില്‍ ക്ലേശങ്ങള്‍ ഉളവാക്കി, ഒരു ചക്രവ്യൂഹത്തിലകപ്പെടുത്തുന്നതുപോലെ കാലമാകുന്ന സര്‍പ്പം ബന്ധിതനാക്കുന്ന ഒരു നീചയോഗമായാണ് കാളസര്‍പ്പ (കാലസര്‍പ്പ) യോഗത്തെ കരുതിവരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ജ്യോതിഷ പണ്ഡിതര്‍ക്കിടയില്‍ ചില വ്യത്യസങ്ങള്‍ ഉണ്ട്. എല്ലാ ഗുണഫലത്തെയും ഇല്ലാതാക്കുന്നതാണ് ഈ യോഗമെന്ന അഭിപ്രായം ആര്‍ക്കുംതന്നെയില്ല. രാഹു, കേതു എന്നിവ നീച ഗ്രഹങ്ങളാണെന്ന പൊതു ധാരണയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. കാലസര്‍പ്പയോഗത്തിന് മൂന്ന് വ്യവസ്ഥകളാണുള്ളത്. 1.രാഹു ആദ്യത്തെ 6 ഭാവങ്ങളിലൊന്നിലായിരിക്കണം 2.ലഗ്‌നവും ഏഴുഗ്രഹങ്ങളും രാഹുകേതുക്കളുടെ മദ്ധ്യത്തിലായിരിക്കണം. 3.രാഹുവിന്റെയോ കേതുവിന്റെയോ രാശിയില്‍ മറ്റൊരുഗ്രഹവും നില്‍ക്കരുത്. ഇങ്ങനെ വന്നാല്‍ കാലസര്‍പ്പയോഗം ഉള്ളതായി കണക്കാക്കാം. 

രാഹു-കേതുക്കള്‍ ഒന്നിനു നേരെ വിപരീതമായി മറ്റുഗ്രഹങ്ങളുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്നു. രാഹു ശിരസ്സും കേതു പുച്ഛവുമാണ്. ലഗ്‌നവും മറ്റു ഏഴു ഗ്രഹങ്ങളും ശിരസ്സിനും വാലിനുമിടയ്ക്ക് വരണം. രാഹുവും കേതുവും നില്‍ക്കുന്ന രാശിയില്‍ മറ്റ് ഗ്രഹങ്ങള്‍ നില്‍ക്കാതെ അതിനിടയിലുള്ള രാശികളിലാണ് മറ്റ് ഗ്രഹങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ ദോഷത്തിന്റെ കാഠിന്യം വര്‍ദ്ധിച്ചിരിക്കും. ഇതില്‍ തന്നെ ലഗ്‌നം രാഹുകേതുക്കള്‍ക്ക് പുറത്ത് വരികയാണെങ്കിലും രാഹുകേതുക്കളോട് മറ്റ് ഗ്രഹങ്ങള്‍ യോഗം ചെയ്താവും കാലസര്‍പ്പയോഗമായി കണക്കാക്കാമെന്ന അഭിപ്രായവും ഉണ്ട്. അഞ്ചുരാശികള്‍ ശുദ്ധങ്ങളായിരുന്നാല്‍ കാലസര്‍പ്പയോഗമായി എന്നാണ് പൊതു അഭിപ്രായം.

ഇക്കാര്യത്തില്‍ കൂടുതല്‍ നിരീക്ഷണവും ആവശ്യമാണ്. കാരണം കാലസര്‍പ്പയോഗത്തിന്റെ കാര്യത്തില്‍ പ്രശ്നമാര്‍ഗം, കൃഷ്ണീയം, ബൃഹത്ജാതകം, ബൃഹത്ജാതക പദ്ധതി, പരാശ്ശരഹോര, സാരാവലി, ഫലദീപിക മാനസാഗരി, ജാതകാഭരണം, ജാതകപാരിജാതം, ഉത്തരകലാമൃതം, ഭാവാര്‍ത്ഥ രത്‌നാകരം തുടങ്ങിയ ജ്യോതിഷഗ്രന്ഥങ്ങളിലൊന്നും കാലസര്‍പ്പയോഗത്തെക്കുറിച്ച് പരാമര്‍ശിച്ച് കാണുന്നില്ല എന്നതുതന്നെ കാരണം. 

എങ്കിലും ഇതിനെ പൂര്‍വജന്മാര്‍ജിത കര്‍മങ്ങളുടെ ഫലമായുണ്ടാകുന്നതാണെന്ന് കരുതുന്നു. 

''രാഹോസ്തുമിത്രാണി കവിജ്ഞമന്ദ
സൂര്യേന്ദു ഭൗമാഃ രിപവസ്സമോ ഗുരു'' (ചമത്കാര ചിന്താമണി)

മിത്രം- ശുക്രന്‍ , ബുധന്‍ , ശനി, ശത്രു- സൂര്യന്‍ , ചന്ദ്രന്‍ , കുജന്‍. സമന്‍ - ഗുരു  എന്നിങ്ങനെയാണ് കരുതുന്നത്. ഇത്പ്രകാരം ഗ്രഹങ്ങളുടെ ഈ അവസ്ഥകള്‍ പരിഗണിച്ച് രണ്ടുതരത്തിലുള്ള കാലസര്‍പയോഗമുണ്ട്. പൂര്‍ണ്ണകാല സര്‍പ്പയോഗം.  അര്‍ദ്ധകാലസര്‍പ്പയോഗം. ജാതകവശാല്‍ എല്ലാ ഗ്രഹങ്ങളും രാഹുകേതുമദ്ധ്യത്തില്‍ വരുന്നതിനെ പൂര്‍ണ്ണകാലസര്‍പ്പയോഗമെന്നും, ഏതെങ്കിലും ഒരു ഗ്രഹം രാഹുകേതുമദ്ധ്യത്തില്‍നിന്ന് പുറത്തുനിന്നാല്‍ അതിനെ അര്‍ദ്ധകാലസര്‍പ്പയോഗമെന്നും പറയുന്നു.

ഏറ്റവും അധികം ദോഷം ഉണ്ടാക്കുന്നത് അര്‍ദ്ധകാലസര്‍പ്പയോഗമാണ്. ഈ രണ്ട് യോഗത്തിലും കൂടി രാഹുവിന്റെ ഭാവസ്ഥിതി അനുസരിച്ച് കാലസര്‍പ്പയോഗം 12 വിധത്തിലാണ് ഉണ്ടാകുന്നത്. 

അനന്തകാലസര്‍പ്പയോഗം:  രാഹുലഗ്‌നത്തിലും കേതു ഏഴിലും മറ്റുഗ്രഹങ്ങള്‍ ഇവ രണ്ടിനുമിടയില്‍ വന്നുഭവിക്കുന്ന യോഗത്തെ അനന്തകാലസര്‍പ്പയോഗമെന്നു പറയുന്നു. ഈ യോഗം വിവാഹബന്ധത്തെ പ്രതികൂലമായി ബാധിക്കുകയോ, വിവാഹത്തെ വൈകിപ്പിക്കുകയോ ചെയ്യാം. എന്നാല്‍ ഈ യോഗമുള്ളവര്‍ പൊതുവേ വിശാലഹൃദയരും ധൈര്യശാലികളും സാഹസികരുമായിരിക്കും. സാഹിത്യം, മനഃശാസ്ത്രം, രാഷ്ട്രീയം എന്നിവയില്‍ പ്രശസ്തി ലഭിക്കും.

ഗുളിക കാലസര്‍പ്പയോഗം:  ലഗ്‌നാല്‍ രാഹു രണ്ടാം ഭാവത്തും കേതു എട്ടാം ഭാവത്തും വരികയും മറ്റുള്ള ഗ്രഹങ്ങള്‍ ഇതിന്റെ മദ്ധ്യത്തില്‍ വരികയും ചെയ്യുമ്പോഴാണ് ഗുളിക കാലസര്‍പ്പയോഗം സംഭവിക്കുക. ധനനഷ്ടം മാനഹാനി എന്നിവ ഫലം. അധികാരലബ്ധി,  ശാസ്ത്രങ്ങളില്‍ പ്രാവീണ്യം, സ്വതസിദ്ധമായ കഴിവില്‍ ഉയര്‍ച്ച, തന്ത്രികവിദ്യ എന്നിവയില്‍ മികവ് ലഭിക്കുമെന്നും പറയപ്പെടുന്നു.

വാസുകി കാലസര്‍പ്പയോഗം:  രാഹു മൂന്നാം ഭാവത്തും കേതു ഒന്‍പതാം ഭാവത്തും ആയിവന്ന് മറ്റുഗ്രഹങ്ങള്‍ ഇതിന് മദ്ധ്യത്തിലായിവരുന്ന യോഗത്തെ വാസുകി കാലസര്‍പ്പയോഗമെന്ന് പറയുന്നു. ഭാഗ്യഹീനമെങ്കിലും ആത്മീയ വളര്‍ചയുടെ കാലമാണിതെന്നാണ് പറയുന്നത്. രാഷ്ട്രീയം, പത്രപ്രവര്‍ത്തനം, വേദാന്തം ഇവയില്‍ പ്രശസ്തി, സുഖകരമായ വിവാഹജീവിതം എന്നിവയും ഫലം.

ശംഖപാല കാലസര്‍പ്പയോഗം:  രാഹു നാലാം ഭാവത്തും കേതു പത്താം ഭാവത്തിലുമായി മറ്റുഗ്രഹങ്ങള്‍ ഇതിന് മദ്ധ്യത്തില്‍ വരുന്നതിനെ ശംഖപദകാലസര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗമുള്ളവര്‍ക്ക് ബന്ധുബലവും സുഹൃദ്ബലവും കുറയും. ജോലി സ്ഥിരതയില്ലായ്മ, അന്യദേശവാസം അന്യഗൃഹവാസം എന്നിവ അനുഭവിക്കേണ്ടതായി വരും. 

പത്മകാലസലര്‍പ്പയോഗം:  രാഹു അഞ്ചാം ഭാവത്തും കേതു പതിനൊന്നാം ഭാവത്തും ആയി മറ്റുഗ്രഹങ്ങള്‍ ഇതിന് മധ്യത്തില്‍ വരുന്നതിനെ പത്മകാലസര്‍പ്പയോഗം എന്നു പറയുന്നു. വിദ്യാഭ്യാസ തടസം, പ്രേമനൈരാശ്യം, ധനനഷ്ടം, അല്പസന്താനം എന്നിവയാണ് ദോഷഫലം. 
ഇതൊക്കെയാണെങ്കിലും ഇക്കൂട്ടര്‍ കലാരംഗങ്ങളില്‍ ശോഭിക്കുവാന്‍ ഇടയുണ്ട്.

മഹാപത്മ കാലസര്‍പ്പയോഗം:  രാഹു ആറാം ഭാവത്തും കേതു 12-ാം ഭാവത്തുമായി വരുന്നതിനെയാണ് മഹാപത്മകാല സര്‍പ്പയോഗം എന്നു പറയുന്നു. അമ്മാവനുമായി സ്വരച്ചേര്‍ച്ച ഇല്ലാതെവരും. അമ്മാവന്‍ വഴി ദുഃഖമനുഭവിക്കും. എന്നാല്‍ ഇക്കൂട്ടര്‍ ജ്യോതിശ്ശാസ്ത്രം, രാഷ്ട്രീയം, വക്കീല്‍ ഉദ്യോഗം എന്നിവയില്‍ ശോഭിക്കും.

തക്ഷകകാലസര്‍പ്പയോഗം:  രാഹു ഏഴിലും കേതു ലഗ്‌നത്തിലും മറ്റെല്ലാ ഗ്രഹങ്ങളും ഇവയ്ക്ക് നടുവിലും ആയിവരുന്ന യോഗത്തെ തക്ഷക കാലസര്‍പ്പയോഗം എന്നു പറയുന്നു. വിവാഹത്തിന് തടസം, വിവാഹ ബന്ധത്തിലെ തകര്‍ച്ച, സ്ത്രീമൂലവും ചൂതാട്ടം തുടങ്ങിയ ദുഃശീലം മൂലവും ധനനഷ്ടം എന്നിവയാണ് ദോഷഫലങ്ങള്‍. എന്നാല്‍ സാഹിത്യം, പത്രപ്രവര്‍ത്തനം എന്നീ മേഖലകള്‍ ഇവര്‍ക്ക് ശോഭനീയമാണ്. 

കാര്‍ക്കോടക കാലസര്‍പ്പയോഗം:  രാഹു എട്ടിലും കേതു രണ്ടിലും മറ്റെല്ലാ ഗ്രഹങ്ങളും ഇതിനു മദ്ധ്യത്തിലുമായിവരുന്ന യോഗത്തെ കാര്‍ക്കോടക കാലസര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗമുള്ള ജാതകന് വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. വാക്ചാതുര്യമുണ്ടാകും. പക്ഷേ, മുന്‍കോപിയാകും. ചീത്ത കൂട്ടുകെട്ടുകളിലകപ്പെടും. പിതാവ് വഴി വന്നുചേരേണ്ട ധനാദി സമ്പത്തുകള്‍ക്ക് വിഘ്നം. എന്നാല്‍ ഇക്കൂട്ടര്‍ കുറ്റാന്വേഷണം, ഭൂഗര്‍ഭശാസ്ത്രം, താന്ത്രികം എന്നിവയില്‍ പ്രഗത്ഭരായി കാണാറുണ്ട്.

ശംഖചൂഢ കാലസര്‍പ്പയോഗം:  രാഹു ഒന്‍പതിലും കേതു മൂന്നിലും മറ്റെല്ലാ ഗ്രഹങ്ങളും ഇതിന് മധ്യത്തിലുമായിവരുന്ന യോഗത്തെ ശംഖചൂഢ കാലസര്‍പ്പയോഗം എന്നു പറയുന്നു. സഹോദരന്മാരില്‍നിന്നും പിതാവില്‍നിന്നും പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാകും. അസത്യവാദിയാകും എന്നിവയൊക്കെയാണ് ഫലമെങ്കിലും ലോകസഞ്ചാരം, യുദ്ധവൈദഗ്ധ്യം, സാഹിത്യപ്രവര്‍ത്തനം, സ്പോര്‍ട്സ് എന്നിവയില്‍ പ്രശസ്തി ലഭിക്കും.

ഘടക കാലസര്‍പ്പയോഗം:  രാഹു പത്തിലും കേതു നാലിലും മറ്റെല്ലാ ഗ്രഹങ്ങളും ഇതിന് മധ്യത്തിലുമായിവരുന്ന യോഗത്തെ ഘടക കാലസര്‍പ്പയോഗം അഥവാ പാതക കാളസര്‍പ്പയോഗം എന്നു പറയുന്നു. കുടുംബബന്ധങ്ങളില്‍ അകല്‍ച്ച, ശാരീരികസ്വാസ്ഥ്യം എന്നിവയുണ്ടാകാമെങ്കിലും രാഹുകേതുക്കള്‍ ബലവാന്മാരായ ശുഭദാതാക്കളാണെങ്കില്‍ രാഷ്ട്രീയരംഗത്ത് വളരെ വലിയ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുവാന്‍ യോഗമുണ്ടാകും. 

വിഷധരകാലസര്‍പ്പയോഗം:  രാഹു പതിനൊന്നിലും കേതു അഞ്ചിലും മറ്റെല്ലാഗ്രഹങ്ങളും ഇതിന് മധ്യത്തിലുമായി വരുന്ന യോഗത്തെ വിഷധരകാലസര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗം സംഭവിച്ചാല്‍ ജാതകന് ഒരിടത്തും സ്ഥിരമായി നിലകൊളളുവാന്‍ സാധിക്കുന്നതല്ല. എന്നാലോ രാഹുകേതുക്കളും മറ്റു ഗ്രഹങ്ങളും അനുകൂലമാണെങ്കില്‍ ഈ വ്യക്തിയുടെ ജീവിതം രാജതുല്യമായിരിക്കും.
 
ശേഷനാഗകാലസര്‍പ്പയോഗം:  രാഹു പന്ത്രണ്ടിലും കേതു ആറിലും മറ്റുള്ള ഗ്രഹങ്ങള്‍ ഇതിന് മദ്ധ്യത്തിലുമായിവരുന്ന യോഗത്തെ ശേഷനാഗകാല സര്‍പ്പയോഗം എന്നു പറയുന്നു. ഈ യോഗം പലവിധ ശാരീരിക അസ്വാസ്ഥ്യങ്ങളും പരാജയങ്ങളും ഉളവാക്കും. എങ്കിലും പില്‍ക്കാലത്ത് പ്രശസ്തി നല്‍കും. ജ്യോതിഷംപോലുള്ള ശാസ്ത്രങ്ങളില്‍ പാണ്ഡിത്യമുണ്ടാകും.

ജാതകത്തില്‍ കാലസര്‍പ്പയോഗമുള്ളവര്‍ പരിഹാരമായി രാഹുകേതു പൂജ കാളഹസ്തി ക്ഷേത്രത്തില്‍ (ആന്ധ്ര)ചെയ്യുന്നത് ഉചിതം. പാശുപത മന്ത്രം ജപിച്ച് ശിവന് ക്ഷീരധാര, ഇളനീര്‍ധാര, ജലധാര, ഭസ്മാഭിക്ഷേകം, കൂവളമാലചാര്‍ത്ത്, മൃത്യുഞ്ജയ പുഷ്പാഞ്ജലി മുതലായവ ചെയ്യുക. നാഗദൈവങ്ങള്‍ക്ക് പാട്ട്, സര്‍പ്പബലി, നൂറുംപാലും അഭിക്ഷേകം, പാല്‍പ്പായസം, കദളിപ്പഴ നിവേദ്യം, എന്നിവ ചെയ്യുക. നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ രാഹു-കേതു പൂജ ചെയ്യുന്നത് വിശിഷ്ടം. വിശേഷാല്‍ മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാര്‍ പരിഹാരകര്‍മ്മങ്ങള്‍ ചെയ്യുന്നത് ശുഭം എന്നു കാണുന്നു.

അതേസമയം വ്യക്തികള്‍ക്ക് മാത്രമല്ല രാജ്യങ്ങള്‍ക്കും ഭൂപ്രദേശങ്ങള്‍ക്കുമൊക്കെ കാലസര്‍പ്പയോഗം ബാധകമാണ്. മുന്‍കാലങ്ങളില്‍ 1979 മാര്‍ച്ച് 22 മുതല്‍ 1979 സെപ്തംബര്‍ 15 വരെയും 1980 മാര്‍ച്ച് 14 മുതല്‍ ജൂണ്‍ 28 വരെയും 1991 ഫെബ്രുവരി 1 മുതല്‍ 1991 ഏപ്രില്‍ 12വരെയും കാലസര്‍പ്പയോഗം സംഭവിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞുപോയത് (2017 ആഗസ്റ്റ് 21 മുതല്‍ 2018 ഫെബ്രുവരി 6 വരെ) കര്‍ക്കിടക-മകര കാലസര്‍പ്പയോഗമായിരുന്നു. 

യൂറോപ്പ്, ഹോളണ്ട്, സ്‌കോട്ട്ലന്റ്, ന്യൂസിലാന്റ്, സൗത്ത് ആഫ്രിക്ക, സ്വീഡന്‍, മൗറീഷ്യസ്, അറേബ്യ, റഷ്യ, പോളണ്ട്, ഫ്രാന്‍സ്, ഇറ്റലി, റോം, ബ്രിസ്റ്റാള്‍, ചിക്കാഗോ, ഡമാസ്‌കസ്, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളായിരുന്നു ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിച്ചത്. പ്രകൃതിക്ഷോഭം, ഭൂകമ്പങ്ങള്‍, സാമ്പത്തിക മാന്ദ്യം, ആഭ്യന്തരകലഹം, രാഷ്ട്രീയ അധികാരമാറ്റം, വരള്‍ച്ച, ട്രെയിന്‍, കപ്പല്‍, വിമാനാപകടങ്ങള്‍, ഭരണകര്‍ത്താക്കള്‍ക്ക് അധികാരനഷ്ടം തുടങ്ങിയവയാണ് ഇക്കഴിഞ്ഞുപോയ കാലസര്‍പ്പയോഗത്തിന്റെ പരിണിത ഫലങ്ങള്‍. ഭാവിയില്‍ 2035 മേയ് 29 മുതല്‍ 2035 ആഗസ്റ്റ് 6 വരെ സിംഹകുംഭ കാലസര്‍പ്പയോഗം സംഭവിക്കും.