ശബരിമല: നാല്പത്തൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനമായി. തങ്കയങ്കി ചാര്‍ത്തി ചൊവ്വാഴ്ച മണ്ഡലപൂജ നടന്നു. വൈകീട്ട് ദീപാരാധനയ്ക്കുശേഷം രാത്രി പതിനൊന്നുമണിയോടെ ശബരിമലനട അടച്ചു. ഇനി മകരവിളക്കുപൂജയ്ക്കായി 30-നു വൈകീട്ട് അഞ്ചിനു നടതുറക്കും. ജനുവരി 14-നാണ് മകരവിളക്ക്.

തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര തിങ്കളാഴ്ച വൈകീട്ട് 6.20-ന് സന്നിധാനത്തെത്തി. തുടര്‍ന്ന് അങ്കിചാര്‍ത്തി ദീപാരാധന നടന്നു. ഭക്തസഹസ്രങ്ങളാണ് തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാനും മണ്ഡലപൂജ തൊഴാനുമായി സന്നിധാനത്തെത്തിയത്.

തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എ.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ്.സിരിജഗന്‍, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ദേവസ്വം കമ്മിഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മണ്ഡലപൂജാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ശബരിമലയിലെത്തി.