രണ മന്ത്രങ്ങളുമായി കാലം കറുപ്പുടുത്ത വൃശ്ചിക പുലരി. കോട്ടയം റെയില്‍വേ സ്റ്റേഷന് മുന്നില്‍ പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി വരി വരിയായി നില്‍ക്കുന്നു. പത്ത് മിനുറ്റ് കാത്തിരുന്നപ്പേഴേക്കും ചൂളം വിളിച്ചെത്തിയ ഉത്തരേന്ത്യന്‍ തീവണ്ടിയില്‍ നിന്നും കറുപ്പുടുത്ത സ്വാമിമാര്‍ പുഴ പോലെ പുറത്തേക്കൊഴുകി. നിറയെ ഇരുമുടിക്കെട്ടുമായി ശബരിയിലേക്കുള്ള യാത്രാവഴിയില്‍ മലയാള മണ്ണിനെ തൊട്ട് കുട്ടികളും മുതിര്‍ന്നവരുമായുള്ള ഒട്ടേറെ സംഘങ്ങള്‍. നാലോളം പമ്പ ബോര്‍ഡ് വെച്ച ബസ്സുകള്‍ മിനുറ്റുകള്‍ കൊണ്ട് തന്നെ സീറ്റ് ഫുള്‍.

ഹിന്ദിയും തെലുങ്കും തമിഴുമൊക്കയായി തീര്‍ത്ഥാടകരുടെ കലപിലകള്‍ക്കിടയില്‍ കോട്ടയമെന്ന അക്ഷര നഗരത്തെ നെടുകെ മുറിച്ച് ബസ്സ് ഹൈറേഞ്ചിലേക്ക് ലക്ഷ്യം വെച്ചു. നഗരത്തിന്റെ കാഴ്ചകളെ പിന്നോട്ട് പായിച്ച് കവുങ്ങിന്റെയും ഇട തൂര്‍ന്ന് വളര്‍ന്ന റബ്ബര്‍ തോട്ടങ്ങളെയും മറി കടന്ന് മുന്നോട്ട്. അതിരാവിലെയുള്ള തണുത്ത് കാറ്റ് ബസ്സിനുള്ളിലേക്ക് ഇരച്ചെത്തിയതോടെ അതുവരെയും മുറിഞ്ഞു പോയ ഉറക്കത്തിലേക്ക് തീര്‍ഥാടകരിലധികവും വീണുപോയിരിക്കുന്നു. സമതലങ്ങളെയെല്ലാം പിന്നിട്ട് പൊന്‍കുന്നം കഴിഞ്ഞ് ചെറുതും വലുതുമായ കയറ്റങ്ങളും വളവുകളും പിന്നിട്ട് വാഹനം കിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. മുന്നിലും പിന്നിലുമായി കാറിലും ബസ്സിലും മറ്റു വാഹനങ്ങളുമായി തീര്‍തഥാടകരുടെ വാഹനങ്ങള്‍ കുതിച്ചും കിതച്ചും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. 

പേട്ട തുള്ളാന്‍ എരുമേലി

റോഡിന്റെ ഇരു വശങ്ങളിലായി വാഹനം നിര്‍ത്തി ഭക്ഷണം പാകം ചെയ്യുന്നവരുടെ നീണ്ട കാഴ്ചകള്‍. സ്വാമി മാരെ മാടി വിളിക്കുന്ന അനേകം ഭോജശാലകള്‍ വെറെയും വഴിയിലൊക്കെ ധാരാളമായുണ്ട്.  ഇവിടൊയൊന്നും പിടികൊടുക്കാതെ എരുമേലിയെ ആദ്യ ലക്ഷ്യമാക്കി ആക്‌സിലേറ്ററില്‍ മത്സരിച്ച് കാല്‍ക്കൊടുത്ത് ഡ്രൈവര്‍ ആവശം കൂട്ടി. അപായ സൂചകങ്ങളുള്ള വലിയ ഇറക്കങ്ങളും വലിയ വളവുകളെയുമെല്ലാം അനായാസം പിന്തള്ളി എരുമേലിയിലെ നടപന്തലിന് മുന്നിലേക്ക് കെ.എസ്.ആര്‍.ടി.സി ഓടിക്കിതച്ച് നിന്നപ്പോള്‍ പേട്ട തുള്ളലിന്റെ ശബ്ദകോലാഹലങ്ങളും തുളച്ചെത്തി.മുഖത്തൊക്കെ ഛായം പൂശി പാലയിലകള്‍ തലയില്‍ കെട്ടി ദോലക്കിന്റെയും തുകല്‍ വാദ്യങ്ങളുടെയും അകമ്പടിയോടെ പേട്ട തുള്ളുന്ന സംഘങ്ങള്‍ നഗരം കീഴടക്കിയിരിക്കുന്നു. നാസിക്ക് ഡ്രമ്മിന്റെ താളഘോഷത്തോടെ തുള്ളല്‍ കേമമാക്കുന്നവരും ഇടയിലുണ്ട്. എരുമേലിക്ക് ഇത് പുതുമയല്ല കാഴ്ചയല്ല. 

Sabarimalaഎത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതലെ ശബരിമല സീസണില്‍ രാവും പകലുമില്ലാതെ പേട്ട തുള്ളലിന്റെ താളങ്ങള്‍ ഈ നഗരത്തിന്റെ താരാട്ടും ഉണര്‍ത്തുപാട്ടുമാണ്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം അടങ്ങുന്ന കന്നിസ്വാമിമാര്‍ക്കൊപ്പം എരുമേലിയെ വലം വെച്ച് നീങ്ങുന്ന സ്വാമിമാര്‍ക്കിടയിലൂടെ യാതൊരു അലോസരങ്ങളുമില്ലാതെ  ഗ്രാമവാസികളും ജീവിതം ശീലിച്ചിരിക്കുന്നു. ആതിഥേയരെ പോലെ ഇവിടെ വരുന്ന സ്വാമിമാര്‍ക്കെല്ലാം ആവശ്യത്തിന് സൗകര്യം നല്‍കാനും എരുമേലി മത്സരിക്കുന്നു. ജാലക കാഴ്ചകളിലൂടെ എരുമേലിയുടെ കാഴ്ചകളെല്ലാം കൗതുകത്തോടെ നോക്കിയിരുന്നപ്പോഴേക്കും വാഹനം വീണ്ടും മുരണ്ടു തുടങ്ങി. കൂറ്റന്‍ വളവുകളെ പിന്നിട്ട് മലനിരകളിലേക്കുള്ള യാത്രയാണിനി. പേട്ട തുള്ളാന്‍ കാല്‍ഭാഗത്തോളം സ്വാമിമാര്‍ ഇറങ്ങിയതോടെ പമ്പയിലേക്കുള്ള യാത്രയില്‍ കുറെ സീറ്റുകള്‍ കാലിയാണ്. ഹൈറേഞ്ചിലേക്ക് വാഹനം പടി പടിയായി കയറാന്‍ തുടങ്ങിയതോടെ വഴിയരികിലെ കാഴ്ചളെല്ലാം മാറിതുടങ്ങിയിരിക്കുന്നു. വലിയ വീടുകള്‍ ചുരുങ്ങി കര്‍ഷകരുടെ വീടും അതിനോട് ചേര്‍ന്ന തൊഴുത്തുമെല്ലാം ഗ്രാമങ്ങളുടെ തനിമയിലേക്ക് ക്ഷണിക്കുന്നു. കാര്‍ഷിക സമൃദ്ധമായ ചുററുപാടുകളുമെല്ലാം കടന്ന് ഒരു മണിക്കൂറോളം വീണ്ടും യാത്ര പിന്നിട്ടപ്പോള്‍ കാടിന്റെ സാമിപ്യമായി. കൂറ്റന്‍ മലനിരകളുടെ അരികുപറ്റി പാതകള്‍ വലിയ വളവുകളും കയറ്റങ്ങളുമായി നീണ്ടു നീണ്ടു പോകുന്നു. ഇതിനെയെല്ലാം വിഴുങ്ങി വാഹനങ്ങള്‍ പാഞ്ഞടുത്തു വരുന്നു. എതിര്‍ ദിശയില്‍ നിന്നും താഴ് വാരത്തേക്ക് അതേപോലെ തന്നെ ഒഴുക്കുണ്ട്. 

പമ്പ ഒരു മോക്ഷ ഗംഗ

കൂറ്റന്‍ മരങ്ങള്‍ ഇരു വശങ്ങളിലും തണല്‍ വിരിക്കുന്ന കാടിനുള്ളിലൂടെ ശബരിമലയിലേക്കുള്ള ബസ്സ് യാത്ര പമ്പയില്‍ അവസാനിക്കാന്‍ ഇനി മിനുറ്റുകള്‍ മാത്രം ബാക്കി. സ്വാകാര്യ വാഹനങ്ങള്‍ മിക്കതും നിലയ്ക്കല്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ വന്നു ട്രിപ്പ് അവസാനിപ്പിച്ചു. അവിടെ നിന്നും ഇനി അവര്‍ക്കെല്ലാം കെ.എസ്.ആര്‍.ടി. സി ബസ്സില്‍ കയറി വേണം പമ്പയിലെത്താന്‍. ആനവണ്ടികള്‍ നിര നിരയായി  നിരങ്ങി നീങ്ങുമ്പോള്‍ വഴിയെല്ലാം ശരണ മന്ത്രങ്ങളില്‍ മുഖരിതം. ഒടുവില്‍ വലിയൊരു ഇറക്കം പിന്നിട്ടപ്പോള്‍  ജനപ്രവാഹത്തിനു നടുവില്‍ ഒരു വര പോലെ പുണ്യ പമ്പ മുന്നില്‍ തെളിഞ്ഞു. മോക്ഷം തേടിയുള്ള യാത്രയില്‍ പമ്പയില്‍ സ്‌നാനം ചെയ്യുന്നവരുടെ അഭൂത പൂര്‍വ്വമായ തിരക്ക്. കുളിച്ചു തോര്‍ത്തി ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് മല കയറാന്‍ നടപന്തലില്‍ ഊഴം കാത്തിരിക്കുന്നവരുടെ നീണ്ട നിര. കറുപ്പണിഞ്ഞ പമ്പയുടെ തീരത്ത് നിന്നും ശബരീശ സന്നിധിയിലേക്ക് വലിയ കയറ്റങ്ങളുമായി നീലിമലയും ശരം കുത്തിയുമെല്ലാം കയറാനുള്ള തയ്യാറെടുപ്പിലാണ് സ്വാമിമാരെല്ലാം.

Pambaഉച്ചത്തില്‍ ശരണം മുഴക്കി. ഗണപതി അമ്പലത്തെ വലംവെച്ച് നഗ്ന പാദരായി അനേകം പേര്‍. പമ്പയയില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ച് മലയാത്രക്കിറങ്ങിയവരും അക്കൂട്ടത്തിലുണ്ട്. കോടമഞ്ഞ് പുതയുന്ന മലനിരകള്‍ക്ക് മുകളിലേക്ക് ആദ്യ കയറ്റത്തെ ആവേശത്തെ പിന്നിലാക്കിയവര്‍ പോലും തളര്‍ന്നു തുടങ്ങിയിരിക്കുന്നു. നാല് കിലോമീറ്ററോളം ചെങ്കുത്തായ കയറ്റങ്ങള്‍ പിന്നെയും മുന്നിലായുണ്ട്. വൃത പുണ്യത്തിന്റെ നിറവില്‍ അതികഠിനമായ പാതയും കാലിന് മെത്തയാക്കി മലമുകളിലേക്കുള്ളവരുടെ യാത്രകള്‍. കുട്ടികളും വയോധികരുമെല്ലാം ഈ വഴികളിലുണ്ട്. ഇടവിട്ടുള്ള വിശ്രമ കേന്ദ്രങ്ങളില്‍ ഇരുന്നും ദാഹമകറ്റിയുമുള്ള മലകയറ്റം. ആദ്യ മലയുടെ നെറുകയില്‍ ശരംകുത്തിയിലെത്തുമ്പോള്‍ നട്ടുച്ച. അപ്പാച്ചിമേടില്‍ അപ്പമെറിഞ്ഞും ശരംകുത്തിയില്‍ നേര്‍ച്ചയായി ശരം കുത്തിവെച്ചും വിസ്മയങ്ങളുടെ ശബരിമലയിലേക്ക് കാല്‍ കുത്താന്‍ സമയമായിരിക്കുന്നു. അത്യധികം വലിയ കയറ്റങ്ങളെ പിന്നിട്ടപ്പോള്‍ നിരന്നു കണ്ട പന്തലില്‍ അല്‍പ്പനേരം വിശ്രമത്തിനെടുത്തു.

sabarimalaപിന്നെ നേരിട്ട് ശബരീപീഠത്തെ പിന്നിട്ട് മരക്കൂട്ടത്തേക്ക്. മല കയറുന്നവരുടെയും തിരിച്ചിറങ്ങുന്നവരുടെയും സംഗമസ്ഥലമാണ് മരക്കൂട്ടം. ഡോളിയില്‍  അവശരായ തീര്‍ഥാടകരെ എടുത്തുകൊണ്ടുവരുന്ന സംഘങ്ങള്‍ മലകയറുകയും ഇറങ്ങുകയും ചെയ്യുന്ന കാഴ്ച. അതി കഠിനമായ കയറ്റത്തെയും വെല്ലുവിളിച്ച് ഇവര്‍ നടത്തുന്ന പമ്പ സന്നിധാനം ഡോളി സര്‍വീസ് ഒരേ സമയം ആശ്ചര്യവുമാണ്.  ഇവിടെ നിന്നും രണ്ടു തരം ക്യവിലേക്ക് സ്വാമിമാരെ തിരിച്ചു വിടുന്നതിന് പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ടു പോകുന്ന സ്വാമി മാരുടെ നീണ്ട വരികള്‍ ഇവിടെ നിന്നും തുടങ്ങുകയായി. 

കാഴ്ചകളുടെ സന്നിധാനം

ഏറെ കാത്തിരിപ്പിനുശേഷം ഊഴമെത്തിയപ്പോള്‍ തൊട്ടു മുന്നില്‍ സന്നിധാനം കാഴ്ചയിലേക്ക് തെളിഞ്ഞു. നീലിമയാര്‍ന്ന മലനിരകള്‍ക്ക് നടുവില്‍ ദീപപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന സന്നിധാനം. പ്രകൃതി നല്‍കിയ പച്ചില ചാര്‍ത്തുകള്‍ക്ക് നടുവില്‍ അയ്യപ്പ സന്നിധി. വിസ്മയങ്ങളുടെ ചെപ്പാണത്. പതിനെട്ട് പടികയറി സോപാനത്തെ അയ്യപ്പ സന്നിധിയിലേക്ക് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിക്കൊണ്ടിരിക്കുന്നു. പടിക്ക് താഴെ തേങ്ങയടിച്ച് ഇരുമുടിക്കെട്ടുമായി പതിനെട്ട് പടിയും തൊട്ട് കയറാന്‍ തിരക്കോട് തിരക്ക്. സേവനസന്നദ്ധരായി അനകേം പോലീസുകാരും പടികയറാന്‍ തീര്‍ഥാടകരെ സഹായികുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്ര സന്നിധിയില്‍ സ്വര്‍ണ്ണമണിഞ്ഞ് കൊടിമരവും ശ്രീകോവിലും. ഭഗവാനെ ഒരു നോക്കുകാണാന്‍ തിരക്കുക്കൂട്ടുന്നവര്‍ക്കിടയില്‍ സായുധ സേനാംഗങ്ങളും സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാനുണ്ട്. കോണ്ക്രീറ്റ് മന്ദിരങ്ങളും വലിയ പന്തലുകളുമെല്ലാം ക്ഷേത്രത്തെ വലയം ചെയ്യുമ്പോഴും തണുത്തകാറ്റും കോടമഞ്ഞും ശബരിമലയെ കുളിരണിയിക്കുകയാണ്. അണമുറിയാതെ തീര്‍ഥാടകര്‍ പ്രവഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ആഴിയില്‍ നിന്നും നെയ്യും തേങ്ങയുടെയും കത്തുന്ന മണം പ്രദേശമാകെ പരന്നിരിക്കുന്നു. അങ്ങ് ദൂരെ കിഴക്കന്‍ ചക്രവാളത്തില്‍ പൊന്നമ്പലമേട്. ഇവിടെയാണ് മകര വിളക്ക് തെളിയിക്കുന്നത്. 

sabarimalaമണ്ഡല മകരവിളക്ക് കാലം തുടങ്ങുമ്പോഴേക്കും ഇവിടേക്ക് ലക്ഷക്കണക്കിന് തീര്‍ഥാകടകരാണ് വന്നെത്തുന്നത്. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടക കേന്ദ്രമായി ശബരിമല വളര്‍ന്നിരിക്കുന്നു.തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമെല്ലമാണ് ധാരാലം പേരുളളത്. നാല്‍പ്പതിയെ#ാന്ന് ദിവസത്തെ വൃതം തികച്ചെത്തുന്നവരും നാല്‍പ്പതിലേറെ മലകയറിയവരൊക്കെ തീര്‍ഥാടകര്‍ക്കിടയിലുണ്ട്. നെയ്യഭിഷേകം നടത്താനും മറ്റും ഒരു രാത്രി നടപന്തിലിലും മരച്ചുവട്ടിലുമെല്ലാം വിരിവെച്ചു കാത്തുകഴിയുന്നവരെ കൊണ്ട് രാത്രികാലങ്ങളില്‍ സന്നിധാനം നിറഞ്ഞു കവിയുന്നു. രാത്രി പതിനെ#ാന്നോടെ ഹരിവരാസനത്തോടെ നടയടച്ചുകഴിഞ്ഞാല്‍ പുലര്‍ച്ചെ മൂന്നിന് നടതുറക്കുന്നതരുവരെയും ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി  കാത്തിരിക്കുന്നവരും ഏറെയുണ്ട്. ഐതീഹ്യങ്ങള്‍ ഇഴപിരിയുന്ന ഭസ്മക്കുളവും ഉരക്കുഴിയും സമീപത്തായുണ്ട്. ഗോശാലയും അന്നദാന പുരയുമുണ്ട്. മാളികപ്പുറത്ത് ദേവിയുടെ ക്ഷേത്രവും അരികിലായുണ്ട്. പുണ്യ സ്‌നാനത്തിന് പേരുകേട്ടതാണ് ഉരക്കുഴി. ഒരാള്‍ക്ക് മത്രം ഇറങ്ങി നിന്ന് കുളിക്കാന്‍ കഴിയുന്ന പാറയിടുക്കിലെ ഒരു കുഴിയാണ് ഇവിടുത്തെ പ്രത്യേകത. വറ്റാതെ ഒഴുകുന്ന തീര്‍ത്ഥം മോക്ഷത്തിന്റെ മറ്റൊരു കവാടം കൂടിയാണ്. 
ശബരീ വനത്തിലെ അതിഥികള്‍

Periyar sabarivanamപെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ ജൈവ കലവറയാണ് ശബരീവനം. നട്ടുച്ചയിലും സൂര്യപ്രകാശം ഒരു തരിയും അരിച്ചിറങ്ങാത്ത കാടുകള്‍ ഇവിടെ കാണാം. കടുവകള്‍ മുതല്‍ സൂഷ്മ ജീവജാലങ്ങള്‍ വരെ കാടിന്റെ അതിഥികളാണ്. കാട്ടാനകളും കരടിയും ഉരഗവര്‍ഗ്ഗങ്ങളും അനേകമുണ്ട്. ആകാശത്തേക്ക് നൂലുപോലെ നീണ്ടുപോയ വന്‍ മരങ്ങള്‍ ഈ കാടിന്റെ മാത്രം വിസ്മയമാണ്. ഇടുക്കി ജില്ലയ്ക്ക് അതിരിടുന്ന പുല്‍മേടുകള്‍ തുടങ്ങി നിലയ്ക്കല്‍ വരെ നീളുന്ന നിത്യ ഹരിത വനത്തിലൂടെയുള്ള സഞ്ചാരം തന്നെ പ്രകൃതിയിലേക്കുള്ള ഒരു തീര്‍ഥാടനമാണ്. മലയണ്ണാനും കരിങ്കുരങ്ങും പച്ചില പാമ്പുകളും കാട്ടുകോഴികളുമെല്ലാം വഴിയരികിലെ പതിവുകാഴ്ചയാണ്. കരിങ്കുരങ്ങുകളുടെ ഇത്രയും വലിയ ആവാസ മേഖല കേരളത്തില്‍ മറ്റെവിടെയുമില്ല. അടിക്കാടുകള്‍ സമൃദ്ധമായുള്ള നിബിഢ വനങ്ങളാണ് എവിടെയുമുള്ളത്. കാടിനുള്ളിലൂടെ മൂന്ന് വഴികളാണ് സന്നിധാനത്തേക്കുള്ളത്. നിറയെ പടവുകളുള്ള കരിമല വഴിയും പുതുതായി ട്രാക്ടര്‍ ഗതാഗതത്തിനും മറ്റും നിര്‍മ്മിച്ച സ്വാമി അയ്യപ്പന്‍ റോഡ് വഴിയും പുല്‍മേടിറങ്ങിയും ശബരിമലയിലെത്താം.

കാല്‍ നടയാത്ര തന്നെയാണ് ആശ്രയം. പുല്‍മേടുവഴിയാണെങ്കില്‍ എട്ടു കിലോമീറ്റോറേളം കാല്‍ നടയാത്ര വേണ്ടി വരും. കാട്ടാനകളും മറ്റുമുള്ളതിനാല്‍ സംഘം ചേര്‍ന്നുള്ള യാത്ര മാത്രമാണ് ഇതുവഴി അനുവദിക്കുക. ഉച്ചതിരിഞ്ഞ് ഇതുവഴിയുള്ള തിരിച്ചു പോക്കിനും നിയന്ത്രണമുണ്ട്. സ്റ്റെപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് സ്വാമി അയ്യപ്പന്‍ റോഡിന്റെ നിര്‍മ്മിതി.കരിമല കയറാന്‍ പ്രയാസമുള്ളവര്‍ക്ക് ഈ മാര്‍ഗ്ഗം സ്വീകരിക്കാം. അരകിലേമീറ്ററോളം ദൂരം കൂടുതലുണ്ടെങ്കിലും കുത്തനെയുള്ള പടികള്‍ ഇല്ലാത്തത് ആശ്വാസമാണ്. തിരക്കുള്ള സമയങ്ങളില്‍ ഇതുവഴിയുള്ള മലകയറ്റം തടയാറുണ്ട്. മലയിറങ്ങുന്നവര്‍ക്ക് സൗകര്യം ഒരുക്കാന്‍ വേണ്ടിയാണിത്. മടക്ക യാത്ര പമ്പയിലെത്തുമ്പോഴേക്കും വീണ്ടുമൊരു പുലരിയായി. കോടമഞ്ഞു പുതയുന്ന താഴ് വാരത്ത് പമ്പാനദി തലേന്ന് പെയ്ത മഴയില്‍ ആര്‍ത്തലച്ച് ഒഴുകുന്നു. പുണ്യ പമ്പയില്‍ സ്‌നാനം ചെയ്യുന്നവരും മലകയറാന്‍ തിരിക്ക് കൂട്ടുന്നവരുടെയുമെല്ലാം തിരക്കിനിടയിലൂടെ മടക്കയാത്രികരും നടന്നകലുന്നു.