Ranny
വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടന്ന്
ശബരിമലദര്ശനത്തിന് പോകുന്ന
വിഷ്ണുദാസ് സ്വാമി

വാഹനാപകടത്തില്‍പെട്ട് ഇടതുകാല്‍ മുറിച്ചുമാറ്റിയെങ്കിലും ഇരിങ്ങാലക്കുടയില്‍ നിന്ന് വിഷ്ണുദാസ് സ്വാമി ശബരിമലദര്‍ശനത്തിനെത്തുന്നത് നടന്നുതന്നെ. 15 വര്‍ഷമായി വോക്കിങ് സ്റ്റിക്ക് ഉപയോഗിച്ചാണ് ഇരിങ്ങാലക്കുടയില്‍ നിന്ന് അയ്യനെ കാണാനെത്തുന്നത്. ഇരുന്നൂറിലധികം കിലോമീറ്ററുകള്‍ ഊന്നുവടികളുടെ സഹായത്താല്‍ താണ്ടുന്നു.

ഈ 63കാരന്‍ ഒമ്പതാം വയസ് മുതല്‍ തുടര്‍ച്ചയായി ശബരിമലയില്‍ എത്തുന്നു. 54-ാം വര്‍ഷമാണിത്. മണ്ഡലമകരവിളക്കുകാലത്ത് നടന്നെത്തും. കൂടാതെ എല്ലാ മാസവും ബസില്‍ എത്തി ദര്‍ശനം നടത്താറുമുണ്ടെന്ന് ഭക്തന്‍ പറയുന്നു. തുലാമാസം മൂന്നിന് പുറപ്പെട്ടു. വഴിയോരത്തെ എല്ലാ ആരാധനാലയങ്ങളിലും ദര്‍ശനം നടത്തിയാണ് ശബരിമലയാത്രയെന്നും റാന്നിയിലെത്തിയ അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഒറ്റയ്ക്കാണ് യാത്ര. വെള്ളിയാഴ്ച എരുമേലിയിലാണ് വിശ്രമമെന്നും സ്വാമി പറഞ്ഞു. 1992 ഏപ്രിലില്‍ വിഷ്ണുദാസ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി ഇടിച്ചുണ്ടായ അപകടത്തിലാണ് കാല്‍ നഷ്ടമായത്. തിരുവനന്തപുരം കൈതമുക്ക് സ്വദേശിയാണെങ്കിലും താമസം ഇരിങ്ങാലക്കുടയിലാണ്. അവിടെ താംബൂല ജ്യോതിഷാലയം നടത്തിവരുന്നു.