ലോകത്തിന് മുഴുവനും നാശകാരിയായിരുന്ന മഹിഷിയെ മണികണ്ഠന്‍ നിഗ്രഹിച്ചു. മഹിഷിയില്‍ നിന്ന് ഉത്ഭൂതമായ ദേവീചൈതന്യം അയ്യപ്പനെ വലയം പ്രാപിച്ചു. ധര്‍മച്യുതിയില്‍ നിന്നും തിന്മകളില്‍ നിന്നും ലോകത്തെ രക്ഷിച്ച അയ്യപ്പന്‍, തന്നെ സ്വീകരിക്കണമെന്ന് ദേവി അഭ്യര്‍ത്ഥിച്ചു. പക്ഷേ നൈഷ്ഠിക ബ്രഹ്മചാരിയായി ദൃഢപ്രതിജ്ഞ ചെയ്തിരിക്കുന്ന അയ്യപ്പസ്വാമ, ദേവിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

ലോക ഹിതത്തിനായി, ലോക രക്ഷയ്ക്കായി കുടികൊള്ളുന്ന അയ്യപ്പനെ ദര്‍ശിക്കാനായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നു. കന്നി അയ്യപ്പന്‍മാര്‍ ഇല്ലാതെ വന്നാല്‍, അന്ന് വിവാഹം കഴിക്കണം എന്ന വ്യവസ്ഥയുമായി മാളികപ്പുറത്തമ്മയും തപസ്വിനിയയി അയ്യപ്പനെ കാത്തിരിക്കുന്നു.

ലോകഹിതത്തിനായി നൈഷ്ഠിക ബ്രഹ്മചാരിയായി കഴിയുന്ന അയ്യപ്പനെ കാണാന്‍ ഓരോ വര്‍ഷവും കന്നി അയ്യപ്പന്മാര്‍ ആയിരക്കണക്കിന് കൂടിവരുന്നു എന്നത് കൗതുകകരമായ സത്യം.

ഭക്തര്‍ക്ക് അമ്മയായി, രക്ഷകയായി വരദാനമേകുന്ന ശക്തിസ്വരൂപിണിയാണ് മാളികപ്പുറത്തമ്മ. വിദ്യയേകുന്ന സരസ്വതിയും ധനമേകുന്ന ലക്ഷ്മിയും ശത്രുസംഹാരം ചെയ്യുന്ന ഭദ്രകാളിയും ഇതേ ശക്തിതന്നെ. എല്ലാ ദുഖങ്ങളും അകറ്റി ഭക്തന് ഐശ്വര്യ സുഖഭോഗങ്ങളും പരമപദമായ മോഷവും നല്‍കുന്ന ദുര്‍ഗാഭഗവതിയും പരാശക്തിയുമാണ് മാളികപ്പുറത്തമ്മ.

(മാതൃഭൂമി 2016ല്‍ പുറത്തിറക്കിയ ശബരിമല സപ്ലിമെന്റ് ശരണകീർത്തനത്തിൽ നിന്ന്)