ഭഗവാനും ഭക്തനും ഒരേ പേരിൽ അറിയപ്പെടുന്ന ദേവസ്ഥാനം ശബരിമല. കല്ലുംമുള്ളും ചവിട്ടി, കുന്നും മലയും പുഴയും കടന്ന്, പതിനെട്ടുപടി കയറി മുകളിലെത്തുമ്പോൾ കാണായിവരും, 'തത്ത്വമസി' എന്ന എഴുത്ത്. നീ തേടിവന്നതും നീയും ഒന്നു തന്നെ! ചെറിയൊരു പ്രദേശത്ത് ഇത്രയധികം ആളുകൾ വന്നുപോകുന്ന മറ്റൊരു തീർഥാടനമുണ്ടാവില്ല. അതും ഇന്ത്യയുടെ അഭിമാനമായ പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ. പ്രകൃതിയും ഭക്തിയും സമന്വയിക്കുന്നതായിരുന്നു പണ്ട് ശബരിമല തീർഥാടനം.  ഭക്തരുടെ എണ്ണത്തിൽ വർധനയുണ്ടായപ്പോൾ മുതൽ ശബരിമലയും പമ്പയും മലിനമാകാൻ തുടങ്ങി. ഒരു ഘട്ടത്തിൽ, ക്ഷേത്രപരിസരവും ശരണവഴികളും. എവിടെയും മാലിന്യം ശരണംവിളിയേക്കാൾ കവിഞ്ഞു. പമ്പാനദിയിലെ ഇത്തിരിവെള്ളം നിറയെ ജീർണവസ്തുക്കൾ, തീർഥാടകരുടെ വസ്ത്രങ്ങൾ, മനുഷ്യവിസർജ്യം... 

പക്ഷേ,  ഇന്ന്  ആ സ്ഥിതി മാറി. സന്നിധാനവും പമ്പയും തുടർച്ചയായി ശുചീകരിക്കപ്പെടുന്നു. അതിനപ്പുറം,  ശുചീകരണം മറ്റാരുടെയോ ജോലിയാണ് എന്ന മനോഭാവത്തിൽ നിന്ന് എല്ലാവരുടേയും ചുമതലയാണ്  എന്ന നിലയിലേക്ക് മാറുന്നു. ദർശനത്തിനും ഔദ്യോഗിക കൃത്യനിർവഹണത്തിനുമെത്തുന്ന ഉന്നതോദ്യോഗസ്ഥരും ന്യായാധിപരും നാടറിഞ്ഞ കലാകാരന്മാരും എന്നുവേണ്ട എല്ലാ തുറയിലുമുള്ള ആളുകൾ ഈ 'ശുദ്ധികലശ'ത്തിൽ പങ്കാളികളാകുന്നു. ശബരിമലയെയും പമ്പയെയും മാലിന്യത്തിൽ നിന്ന് രക്ഷിക്കാൻ എന്തു ചെയ്യും എന്നറിയാതെ അധികൃതർ അന്തം വിട്ട കാലത്തിനു വിട.  അതിന് നന്ദി പറയേണ്ടത് 'പുണ്യം പൂങ്കാവനം' എന്ന മഹത്തായ ശുദ്ധീകരണ യത്‌നത്തോടാണ്. അതിന്റെ ഉപജ്ഞാതാവും ഇപ്പോഴും തന്റെ വ്രതമായി അതിന്റെ മേൽനോട്ടച്ചുമതല വഹിക്കുന്ന മധ്യമേഖല ഐ.ജി.  പി.വിജയനോടാണ്.

ശബരിമലയിലെത്തുന്നവരെല്ലാം  അയ്യപ്പന്മാരാണ്. അതുകൊണ്ടു തന്നെ അയ്യപ്പന്മാരിരിക്കുന്ന സ്ഥലം ശുദ്ധമായിരിക്കണം. 'മാലിന്യ മുക്ത ശബരിമല' എന്ന ആശയം മുന്നോട്ടു വച്ചതും പ്രാവർത്തികമാക്കിയതും വിജയനാണ്. ഈ യത്‌നം തുടങ്ങി ആറു വർഷം പിന്നിടുമ്പോൾ കോടതികളുടെയും ഭരണാധികാരികളുടെയും ജനകോടികളുടെയും അംഗീകാരം 'പുണ്യം പൂങ്കാവന'വും വിജയനും നേടിക്കഴിഞ്ഞിരിക്കുന്നു. ഈയിടെ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ പരാമർശവും അംഗീകാരവും കൂടി ലഭിച്ചതോടെ  രാജ്യമൊട്ടാകെ ഈ യത്‌നം ശ്രദ്ധനേടുകയും മാതൃയാവുകയും ചെയ്തു. ശബരിമലയിൽ നിന്നു തുടങ്ങിയ ഈ മാലിന്യമുക്തയജ്ഞം ഇപ്പോൾ അയ്യപ്പഭക്തർ കെട്ടുനിറയ്ക്കുന്ന മറ്റു ക്ഷേത്രങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. ശബരിമലയിൽ ചെന്നിട്ടല്ല, അങ്ങോട്ടുപോകാൻ തുടങ്ങും മുമ്പു തന്നെ ശുചിത്വത്തെക്കുറിച്ച് ആലോചിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. 

നിശ്ചയദാർഢ്യത്തിന്റെ  വിജയം

2011-ൽ ശബരിമല സ്പെഷ്യൽ ഓഫീസറായി ചുമതലയേൽക്കുമ്പോഴാണ്  വിജയൻ പുണ്യം പൂങ്കാവനത്തിന് തുടക്കം കുറിച്ചത്. സന്നിധാനത്തും പമ്പയിലും ശരണവഴികളിലും മാലിന്യം കുന്നുകൂടിയപ്പോൾ അവ നീക്കം ചെയ്യുന്നതോടൊപ്പം എങ്ങനെ അവിടേക്കു വരുന്ന  മാലിന്യങ്ങളുടെ അളവ് കുറയ്ക്കാം എന്നുകൂടി അദ്ദേഹം ചിന്തിച്ചു. പ്രസംഗമല്ല, പ്രവർത്തനമാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞു.   മാലിന്യ  നിർമാർജനത്തിന് നിയോഗിച്ചിരുന്ന തൊഴിലാളികൾക്കൊപ്പം, ശബരിമലയിൽ ജോലിക്കെത്തുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർ, പോലീസുകാർ, അയ്യപ്പസേവാസംഘം, അയ്യപ്പ സേവാ സമാജം, ശബരിമല സാനിറ്റേഷൻ സൊസൈറ്റി എന്നിവയിലെ പ്രവർത്തകർ  തുടങ്ങിയവരെയൊക്കെ ഇതിൽ പങ്കാളികളാക്കാൻ തീരുമാനിച്ചു. ഈ യത്‌നത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊടുത്തപ്പോൾ ഉദ്യോഗസ്ഥരടക്കം ധാരാളം പേർ പങ്കാളികളായി. അതു കണ്ട് മറ്റുള്ളവരുമെത്തി. കണ്ടും കേട്ടും ഇതൊരു വലിയ മാലിന്യനിർമാർജന യത്‌നമായി, യജ്ഞമായി, മാറി.  

ഒരുതരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും ശബരിമലയിലും പമ്പയിലും ഉപേക്ഷിക്കരുതെന്നും തീർഥാടനം പൂർത്തിയാകുമ്പോൾ അധികം വരുന്ന സാധനങ്ങളൊന്നും അവിടെ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോകണമെന്നും തീർഥാടകർക്കു നൽകിയ നിർദേശം വലിയ മാറ്റമാണുണ്ടാക്കിയത്. അതോടെ തീർഥാടനത്തിന്റെ ഭാഗമായി ശുചീകരണവും ഭക്തന്റെ കടമയായി. ഹൈക്കോടതി ആറു വിധിന്യായങ്ങളിലാണ് ഈ മഹായത്‌നത്തെ മുക്തകണ്ഠം പ്രശംസിച്ചത്. സർക്കാരിനോടും ദേവസ്വത്തോടും പോലീസിനോടും ഭക്തരോടും അതിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ നീതിപീഠം ആവശ്യപ്പെടുകയും ചെയ്തു. ശബരിമല തന്ത്രിമാരും മേൽശാന്തിമാരും ന്യായാധിപരും രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും മാധ്യമപ്രവർത്തകരുമൊക്കെ പല ഘട്ടങ്ങളിലായി ഈ പദ്ധതിയുമായി സഹകരിച്ചു. 

‘‘ഒരു വർഷം ശരാശരി 150 ലക്ഷത്തിൽപരം ഭക്തർ ശബരിമലയിൽ എത്തുന്നു എന്നാണ് കണക്ക്. അതിൽ ഭൂരിപക്ഷവും എത്തുന്നത് രണ്ടുമാസത്തെ മണ്ഡല,മകരവിളക്കു കാലത്താണ്. ഇതിൽ ഒരു അയ്യപ്പൻ ഭക്ഷണത്തിന്റെയും വഴിപാടിന്റെയും മറ്റു സാധനങ്ങളുടെയും വെറും 500 ഗ്രാം അവശിഷ്ടം ശബരിമലയിൽ ഉപേക്ഷിച്ചാൽത്തന്നെ ഉണ്ടാകുന്ന ആകെ മാലിന്യത്തിന്റെ അളവ് ഊഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാൽ അതാണ് ആത്മജ്ഞാനത്തിന്റെ പൂങ്കാവനമായ ശബരിമല വർഷങ്ങളായി അനുഭവിക്കുന്നത്’’, ഐ. ജി. വിജയൻ വിശദീകരിക്കുന്നു. 

ശബരിമലയെ കീഴടക്കുന്ന മാലിന്യത്തിന്റെ മുക്കാലും പ്ലാസ്റ്റിക്കാണെന്ന തിരിച്ചറിവ് ശരിക്കും ഞെട്ടിക്കുന്നതാണ്. അത് ശബരീശന്റെ പൂങ്കാവനത്തിലെ ജീവജാലങ്ങളെ കൊന്നൊടുക്കുക മാത്രമല്ല,പ്രകൃതിയെ ഇനി തിരിച്ചുകിട്ടാത്തവണ്ണം നശിപ്പിച്ചുകൊണ്ടുമിരിക്കുന്നു. ഇപ്പോൾ, ഇവിടെ ഇതു തടഞ്ഞില്ലെങ്കിൽ നമ്മുടെ കണ്ണിന്റെ മുന്നിൽ ശബരിമല നശിക്കും -അദ്ദേഹം നയം വ്യക്തമാക്കുകയാണ്.  ‘ഭക്തിക്കൊപ്പം ചേരേണ്ടതാണ് വൃത്തി. യഥാർഥ ഭക്തിയുള്ളിടത്ത് വൃത്തിയുമുണ്ടാകും. ഈശ്വര ചൈതന്യമുണ്ടെന്നു നാം വിശ്വസിക്കുന്ന ഒരിടത്ത് ഒരിക്കലും മാലിന്യമുപേക്ഷിക്കാൻ നമുക്ക് കഴിയില്ല. മാത്രമല്ല, ഈ തീർഥാടനത്തിൽ എല്ലാവരും അയ്യപ്പന്മാരാണ്. നമ്മുടെ മാലിന്യം ദേവചൈതന്യമുള്ള മറ്റൊരു വ്യക്തിയെക്കൊണ്ട് എടുപ്പിക്കുന്നത് ശരിയാണോ? മനസ്സിനും ശരീരത്തിനും വ്രതശുദ്ധി വന്ന അയ്യപ്പൻ നടക്കുന്ന വഴികളിൽ മാലിന്യമല്ല, നന്മയുടെ വിത്തുകളാണ് പാകിയിട്ടുപോകേണ്ടത്.’ 

ഒാരോ അയ്യപ്പനും ചോദിക്കേണ്ട മൂന്നു ചോദ്യങ്ങളും ഐ ജി വിജയൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. 1. ഒാരോ അണുവിലും ദേവചൈതന്യം തുടിക്കുന്ന പൂങ്കാവനം മലിനമാക്കാൻ സ്വയം അയ്യപ്പനായി മാറിയ ഒരാൾക്കു് കഴിയുമോ? 2. തന്നെപ്പോലെ തന്നെ ദൈവസാന്നിധ്യമുൾക്കൊള്ളുന്ന മറ്റൊരു അയ്യപ്പനെക്കൊണ്ട് തന്റെ ഉച്ഛിഷ്ടം വാരിക്കുന്നത് ശരിയാണോ? 3. സർവവ്യാപിയും സർവജ്ഞാനിയുമായ ഭഗവാൻ എല്ലാം കാണുകയും അറിയുകയും ചെയ്യുമെങ്കിൽ അയ്യപ്പന്മാരുടെ ഓരോ പ്രവൃത്തിയും കാണില്ലേ? ഈ ചോദ്യങ്ങളുടെ ഉത്തരത്തിലൂടെയാകണം അയ്യപ്പസവിധത്തിലേക്കുള്ള അടുത്ത യാത്ര. കാരണം, ഇത് കാലം ആവശ്യപ്പെടുന്നതാണ്.  ഈ ചോദ്യങ്ങൾക്കൊപ്പം പുണ്യം പൂങ്കാവനം പദ്ധതി നിർദേശിക്കുന്ന 'സപ്തകർമ'ങ്ങൾ  ഏതെന്നു അറിയണം. 

  1. അയ്യപ്പന്റെ പൂങ്കാവനത്തിലെത്തുന്ന ഒാരോ അയ്യപ്പനും പൂങ്കാവനത്തിന്റെ പരിശുദ്ധിയേയും നിലനിൽപിനേയും ബാധിക്കുന്ന ഒരു വസ്തുവും, പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടവരുന്നില്ല എന്ന് സ്വയം ഉറപ്പുവരുത്തുക. 
  2. തീർഥാടനത്തിൽ അവശേഷിക്കുന്ന വസ്തുക്കൾ ശബരീവനത്തിൽ വലിച്ചെറിയാതെ ഒപ്പം തിരികെ കൊണ്ടുപോവുക. 
  3. ശബരിമലയിലെത്തുന്ന ഒാരോ അയ്യപ്പനും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സന്നിധാനവും പരിസരവും വൃത്തിയാക്കാൻ സന്നദ്ധസേവനം ചെയ്ത് യഥാർഥ അയ്യപ്പസേവയിൽ പങ്കാളികളാവുക.
  4. പുണ്യനദിയായ പമ്പയെ പാപനാശിനിയായി കാത്തുസൂക്ഷിക്കുക. പമ്പയിൽ കുളിക്കുമ്പോൾ എണ്ണയും സോപ്പും ഉപയോഗിക്കരുത്. വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കരുത്. 
  5. ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ അവ വൃത്തിയാക്കി സൂക്ഷിക്കുക. തീർഥാടനപാതയിൽ മലമൂത്രവിസർജനം നടത്താതിരിക്കുക. 
  6. കഠിനമായ വ്രതനിഷ്ഠയോടെയാണ് ഒാരോ അയ്യപ്പനും മലചവിട്ടുന്നത്. അതുകൊണ്ടുതന്നെ ഭഗവത്‌സന്നിധിയിലെത്താൻ എല്ലാവർക്കും ഒരേ അവകാശമാണ്. അനാവശ്യമായി തിക്കുംതിരക്കുമുണ്ടാക്കാതെ വരിയിൽ ഊഴം  കാത്തുനിൽക്കുക. 
  7. ഈ നിർദേശങ്ങൾ എല്ലാ ഭക്തരിലുമെത്തിക്കുകയും തങ്ങളാലാവുന്ന വിധത്തിൽ  പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുക. 

പുണ്യം പൂങ്കാവനം മറ്റിടങ്ങളിലേക്കും

സന്നിധാനത്തോ പമ്പാതീരത്തോ മാത്രം വച്ച് ബോധവത്കരണം നടത്തി പുണ്യം പൂങ്കാവനമെന്ന യത്‌നം പരിപൂർണവിജയത്തിലെത്തിക്കുക പ്രയാസകരമാണ്. അയ്യപ്പന്മാർ മാലയിടുന്ന,ശരണം വിളിക്കുന്ന,കെട്ടുനിറയ്ക്കുന്ന ക്ഷേത്രങ്ങളിലോ ഭജനമഠങ്ങളിലോ വച്ചുതന്നെ ശബരിമല തീർഥാടനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും സപ്തകർമത്തെക്കുറിച്ചും  അയ്യപ്പന്മാരെ ബോധവത്കരിക്കുകയാവും കൂടുതൽ ഫലപ്രദമാവുക. അതു ബോധ്യപ്പെട്ടതുകൊണ്ട് പുണ്യം പൂങ്കാവനം കേന്ദ്രങ്ങൾ, കേരളത്തിനകത്തും പുറത്തുമുള്ള ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും ആരംഭിക്കുകയാണ് വിജയനും സംഘവും.