ഓച്ചിറ: ഓച്ചിറ പരബ്രഹ്മം അച്ഛനും ശബരിമല അയ്യപ്പന്‍ മകനുമാണെന്നാണ് സങ്കല്പം. അച്ഛന്റെ അനുഗ്രഹം വാങ്ങാതെ ശബരീശന്റെ സന്നിധിയിലെത്തിയാല്‍ അയ്യപ്പന്‍ പ്രസാദിക്കില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെയാണ് വിദൂരദിക്കിലുള്ളവര്‍പോലും ശബരിമലയ്ക്കു പോകുന്നതിനുമുന്‍പ് പടിനിലത്തെത്തി പരദേവരുടെ അനുഗ്രഹം വാങ്ങുന്നത്.

ഓച്ചിറ പരബ്രഹ്മക്ഷേത്രവും ശബരിമലയും തമ്മില്‍ ഏറെ സമാനതകളുണ്ട്. രണ്ടു ക്ഷേത്രങ്ങളും സമത്വത്തില്‍ അധിഷ്ഠിതമാണ്. രണ്ടും പുണ്യക്ഷേത്രങ്ങള്‍. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ചരിത്രപ്രസിദ്ധവും. ജാതിമതഭേദമെന്യേ ഭക്തര്‍ക്ക് ഇരു ക്ഷേത്രങ്ങളിലും പ്രവേശിച്ച് പ്രാര്‍ഥിക്കാമെന്ന പ്രത്യേകതയുമുണ്ട്.

ശബരീശദര്‍ശനത്തിനായി പോകുന്ന എല്ലാ ഭക്തരും ഓച്ചിറയിലെത്തി പരബ്രഹ്മത്തെ വണങ്ങി പടനിലത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നാളികേരമുടച്ച് അനുഗ്രഹം വാങ്ങിയതിനുശേഷമാണ് അയ്യപ്പസന്നിധിയിലേക്ക് പോകുന്നത്. എല്ലാവരും കാണിക്ക അര്‍പ്പിച്ചതിനുശേഷം പടനിലത്തെ അന്തേവാസികള്‍ക്കും മറ്റ് യാചകര്‍ക്കും ഭിക്ഷയും നല്‍കാറുണ്ട്. ഗണപതി ആല്‍ത്തറ, കിഴക്കും പടിഞ്ഞാറും ആല്‍ത്തറകള്‍, ഒണ്ടിക്കാവ്, മഹാലക്ഷ്മി കോവില്‍, സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ശ്രീധര്‍മശാസ്താവിന്റെ ക്ഷേത്രം എന്നിവിടങ്ങളില്‍ വലംവെച്ച് ശരണംവിളിച്ചുതൊഴുത് പരബ്രഹ്മത്തിന്റെ അനുവാദവും വാങ്ങിയാണ് യാത്ര.

ഓണാട്ടുകരക്കാര്‍ ശബരിമലയില്‍ പോകുന്നതിനുള്ള വ്രതം നോറ്റുതുടങ്ങുന്നത് ഓച്ചിറയില്‍നിന്നാണ്. പടനിലത്തെത്തി സ്വാമിമാല വാങ്ങി ഗുരുഭൂതന്മാരുടെ അനുഗ്രഹത്തോടെ നാളികേരമുടച്ച് മാല ധരിച്ചതിനുശേഷമാണ് വ്രതം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മത്സ്യമാംസാദികള്‍ വെടിഞ്ഞ് ദിവസങ്ങളോളം വ്രതം നോറ്റതിനുശേഷമാണ് ശബരിമലയിലേക്കുള്ള യാത്ര. ശബരീശദര്‍ശനത്തിനുശേഷം തിരകെ സ്വാമിമാര്‍ പടനിലത്തെത്തി ദീപാരാധന കണ്ടുതൊഴുതതിനു ശേഷം ആചാരാനുഷ്ഠാനങ്ങളോടെ മാലയൂരി പരബ്രഹ്മത്തിനുതന്നെ സമര്‍പ്പിക്കും. അതിനുശേഷമാണ് സ്വാമിമാര്‍ സ്വഭവനങ്ങളിലേക്കു പോകുന്നത്. മാലയിട്ട് സ്വാമിമാരാകാനുള്ള ഭക്തരുടെ വലിയ തിരക്കാണ് വൃശ്ചികോത്സവനാളുകളില്‍ പടനിലത്ത് അനുഭവപ്പെടുന്നത്.