കോഴഞ്ചേരി: ശബരിമല അയ്യപ്പന് മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വ്യാഴാഴ്ച ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. തിരുവിതാംകൂര്‍ രാജപ്രമുഖനായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ ശബരിമലനടയ്ക്കല്‍ സമര്‍പ്പിച്ചതാണ് 451 പവന്‍ തൂക്കംവരുന്ന തങ്കയങ്കി. ആറന്മുള ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന അങ്കി ശബരിമലയ്ക്കു പുറപ്പെടുംമുമ്പ് പുലര്‍ച്ചെ അഞ്ചുമുതല്‍ ഭക്തജനദര്‍ശനത്തിനായി ആനക്കൊട്ടിലില്‍ തുറന്നുവയ്ക്കും.

ഏഴിന് അങ്കി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സജ്ജമാക്കിനിര്‍ത്തിയിരിക്കുന്ന രഥത്തില്‍ പ്രവേശിപ്പിച്ച് ശബരിമലയ്ക്കു പുറപ്പെടും. വിവിധ ക്ഷേത്രങ്ങളിലെയും ഹൈന്ദവസംഘടനകളുടെയും സ്വീകരണമേറ്റുവാങ്ങി ഘോഷയാത്ര വ്യാഴാഴ്ച ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ വിശ്രമിക്കും. വെള്ളിയാഴ്ച ഇവിടെനിന്നു പുറപ്പെടുന്ന ഘോഷയാത്ര കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ വിശ്രമിക്കും. ഇവിടെനിന്നു ശനിയാഴ്ച പുലര്‍ച്ചെ പുറപ്പെടുന്ന ഘോഷയാത്ര വൈകീട്ട് പെരുനാട് അയ്യപ്പക്ഷേത്രത്തില്‍ വിശ്രമിക്കും.

ഞായറാഴ്ച രാവിലെ ഇവിടെനിന്നു പുറപ്പെടുന്ന ഘോഷയാത്ര ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും. പമ്പയില്‍നിന്നു തങ്കയങ്കി വഹിച്ചുകൊണ്ടുള്ള സംഘത്തെ ശരംകുത്തിയില്‍വച്ച് ദേവസ്വം ഉദ്യോഗസ്ഥര്‍ ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തെത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പനുചാര്‍ത്തി ദീപാരാധന നടത്തും. തിങ്കളാഴ്ച ഉച്ചയ്ക്കു മണ്ഡലപൂജയ്ക്ക് അങ്കി അയ്യനുചാര്‍ത്തി പൂജ നടക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.

ആറന്മുളയില്‍നിന്നു പുറപ്പെടുന്ന ഘോഷയാത്രയെ ദേവസ്വം സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍.രാജീവ്കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ ദേവസ്വം ജീവനക്കാരും അകമ്പടി സേവിക്കും. പത്തനംതിട്ട എ.ആര്‍.ക്യാമ്പ് അസി. കമാന്‍ഡന്റ് ശശിധരന്‍ സ്‌പെഷ്യല്‍ ഓഫീസറായ പോലീസ്സേനയില്‍ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സംവിധാനവുമായി ഇരുനൂറുപേരടങ്ങുന്ന സായുധസേന സന്നിധാനംവരെ ഘോഷയാത്രയെ അനുഗമിക്കും.