ശബരിമല: ദിവസങ്ങളോളം വ്രതമെടുത്ത് ഇഷ്ടദേവനെ കാണാനെത്തുന്ന അയ്യപ്പന്മാര്‍ക്ക് സന്നിധാനത്തും പമ്പയിലും പോലീസിന്റെ പീഡനവും. മണ്ഡലകാലം കഴിഞ്ഞ് നട 26ന് അടയ്ക്കുന്നതിനാല്‍ സന്നിധാനത്ത് വന്‍തിരക്കാണ്. കുടിവെള്ളംപോലുമില്ലാതെ പന്ത്രണ്ടുമണിക്കൂര്‍വരെ കാത്തുനിന്നാണ് പലരും അയ്യപ്പനെ ദര്‍ശിക്കുന്നത്.

ഈ തിരക്കിനിടയിലാണ്, വരിതെറ്റിക്കുന്നു എന്നൊക്കെയുള്ള കാരണത്താല്‍ ചില പോലീസുകാര്‍ അയ്യപ്പന്മാരെ മര്‍ദിക്കുന്നതും അപമര്യാദയോടെയുള്ള വാക്കുകളുപയോഗിക്കുന്നതും. സന്നിധാനത്തെ അഭൂതപൂര്‍വമായ തിരക്കു നിയന്ത്രിക്കുന്നതിനും ശബരിമല വൃത്തിയായി സൂക്ഷിക്കുന്നതിനുമൊക്കെ പോലീസേന സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നുണ്ട്. ഇതൊക്കെ വൃഥാവിലാക്കും വിധമാണ് ചില പോലീസുകാരുടെ പെരുമാറ്റം.

ചൊവ്വാഴ്ച ഉച്ചയ്ക്കു വരിതെറ്റിക്കുന്നതായാരോപിച്ച് കൊച്ചുമാളികപ്പുറത്തിനെയടക്കം തള്ളിമാറ്റുന്ന പോലീസിനെയാണ് പമ്പയില്‍ കണ്ടത്. രാവിലെ മറുനാട്ടില്‍നിന്നു വന്ന അയ്യപ്പനെ പോലീസ് മര്‍ദിച്ചെന്ന പരാതിയുമുണ്ടായി. രാത്രിയാകട്ടെ, കര്‍ണാടകയിലെ കോലാര്‍ ജില്ലയിലുള്ള കേസംപള്ളി സ്വദേശി ജഗദീഷ് റെഡ്ഡി എന്ന അയ്യപ്പനും തന്നെ പോലീസ് മര്‍ദിച്ചതായി മാധ്യമപ്രവര്‍ത്തകരോട് പരാതിപ്പെട്ടു. സന്നിധാനം ആശുപത്രിയില്‍ ചികിത്സതേടിയ ഇദ്ദേഹത്തിന്റെ പുറത്തു മര്‍ദനമേറ്റ പാടുള്ളതായി മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ്കുമാറും സ്ഥിരീകരിച്ചു.

മണ്ഡലകാലത്തിന്റെ തുടക്കംമുതല്‍ ചില പോലീസുകാര്‍ക്കെതിരെ ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുന്ന രീതിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതായും പരാതിയുയര്‍ന്നു. ദേവസ്വം ജീവനക്കാരും ആക്ഷേപമുന്നയിച്ചു. ഇക്കാര്യത്തില്‍ പോലീസേന തെറ്റുതിരുത്തണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു.

സേനയുടെ പ്രതിച്ഛായ മോശമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍.വിജയകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ഇതുവരെയില്ലാത്ത തിരക്കായിരുന്നു. അതിനിടയില്‍ ചിലര്‍ അങ്ങനെ പ്രവര്‍ത്തിച്ചെങ്കില്‍ തെറ്റുതന്നെയാണ്. പോലീസിന്റെ മൊത്തത്തിലുള്ള നല്ല പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്ന ചിലരുടെ രീതി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.