ആറന്‍മുള: പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍നിന്ന് ഏഴുമണിയോടെ രഥഘോഷയാത്ര പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണമേറ്റുവാങ്ങിയ ഘോഷയാത്ര രാത്രി ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ വിശ്രമിച്ചു. വെള്ളിയാഴ്ച ഇവിടെ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ വിശ്രമിക്കും. ശനിയാഴ്ച ഇവിടെനിന്ന് പുറപ്പെട്ട് പെരുനാട് അയ്യപ്പ ക്ഷേത്രത്തില്‍ വിശ്രമിക്കുന്ന രഥ ഘോഷയാത്ര ഞായറാഴ്ച ഉച്ചയോടെ പമ്പയില്‍ എത്തിച്ചേരും.

ഇവിടെനിന്ന് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ആചാരപൂര്‍വ്വം സ്വീകരിച്ച് പതിനെട്ടാംപടിക്കലെത്തിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്കഅങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തി സര്‍വ്വാഭരണഭൂഷിതനായ അയ്യപ്പന് മണ്ഡലപൂജ നടത്തുന്നതോടെ മണ്ഡലചടങ്ങുകള്‍ സമാപിക്കും.

ശരണമന്ത്രങ്ങളും കൃഷ്ണസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ അങ്കി ഘോഷയാത്രയെ യാത്രയയക്കാന്‍ മുന്‍ എം.എല്‍.എമാരായ എ. പദ്മകുമാര്‍, മാലേത്ത് സരളാദേവി, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍ തുടങ്ങി നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു.
 
തങ്കഅങ്കി സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ ദേവസ്വം ഉദ്യോഗസ്ഥരും പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പത്തനംതിട്ട എ. ആര്‍.ക്യാമ്പ് അസി.കമാന്‍ഡന്റ് വി. ശശിധരന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി സി. ഐ. ബി. അനില്‍, ആറന്‍മുള എസ്.ഐ.കെ. അജിത്കുമാര്‍, കോയിപ്രം എസ്. ഐ. ജി.പ്രൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സായുധ പോലീസ് സേന ഘോഷയാത്രയെ അനുഗമിച്ചു.