ശബരിമല: ദക്ഷിണേന്ത്യയില്‍നിന്ന് മുഴുവനായി ഭക്തരെത്തുന്ന സന്നിധാനത്തില്‍ അക്ഷരാര്‍ഥത്തില്‍ ഡിജിറ്റല്‍ രംഗത്തേക്ക് കുതിക്കുന്ന ഇന്നത്തെ ഇന്ത്യയിലെ വൈരുദ്ധ്യം ദര്‍ശിക്കാം. പണമിടപാടുകള്‍ മൊബൈല്‍ഫോണ്‍ വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴിയും ഭണ്ഡാരത്തില്‍ കാണിക്കയിടുന്നതടക്കം ഡിജിറ്റലായ കാഴ്ച ഒരു ഭാഗത്ത്. മൊബൈല്‍ഫോണ്‍ സാക്ഷരത പോലുമില്ലാത്തവരുടെ വിഷമതകളുടെ ദൃശ്യം മറുവശത്ത്.

ദേവസ്വം ബോര്‍ഡിന്റെ മുഖ്യ ബാങ്കായ ധനലക്ഷ്മി ബാങ്കില്‍ 15-20 ശതമാനം വരെ ഇടപാട് ഡിജിറ്റലായിത്തീര്‍ന്നിട്ടുണ്ട്. അപ്പോഴും കൂട്ടംതെറ്റിയ അയ്യപ്പന്മാരെ കണ്ടെത്താന്‍, മൊബൈല്‍ ഫോണുകളില്ലാത്തവരുള്‍പ്പെടെ വന്ന് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്ന എണ്ണം ദിനംപ്രതി 2500 മുതല്‍ 3000 വരെയാണ്.

നോട്ടുക്ഷാമം രൂക്ഷമായ സമയത്താണ് ശബരിമല മണ്ഡലകാലം തുടങ്ങിയത്. ഇതുവഴി നടവരുമാനം കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. ഇത് മറികടക്കുന്നതിന് പ്രസാദം വിതരണം ചെയ്യുന്ന അഞ്ചിടങ്ങളില്‍ പണമിടപാട് യന്ത്രങ്ങള്‍ സ്ഥാപിച്ചു. ഇപ്പോള്‍ പ്രസാദം വാങ്ങാനെത്തുന്നവരില്‍ 1520 ശതമാനം പേര്‍ കാര്‍ഡുകളാണ് നല്‍കുന്നത്.

100 കോടി രൂപയുടെ വില്പനയില്‍ 15 കോടി ഇബാങ്കിങ് ആകുമ്പോള്‍ അത്രയും തുക എണ്ണിത്തിട്ടപ്പെടുത്താനും പെട്ടികളിലാക്കാനും തൃശ്ശൂരിലുള്ള ബാങ്കിന്റെ ആസ്ഥാനത്ത് കൊണ്ടുപോകാനുമുള്‍പ്പെടെയുള്ള ചെലവുകളും മനുഷ്യാധ്വാനവും കുറയുകയാണെന്ന് ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.ശ്രീകുമാര്‍ പറയുന്നു.

സോപാനത്ത് സ്ഥാപിച്ച ഇകാണിക്ക ഭക്തര്‍ സ്വീകരിച്ചതും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഇകാണിക്കയില്‍ ഇടാനുദ്ദേശിക്കുന്ന തുക പണമിടപാട് യന്ത്രത്തിലൂടെ കൈമാറിയ ശേഷം അതിന്റെ രശീതിയാണ് ഭണ്ഡാരത്തില്‍ ഇടുന്നത്. പുതുതലമുറ അയ്യപ്പന്മാര്‍ ആ രീതി അംഗീകരിച്ചിട്ടുണ്ട്.

ഇങ്ങനെ ഒരുവശത്ത് ഡിജിറ്റല്‍ മുന്നേറ്റം നടക്കുമ്പോള്‍ ദേവസ്വത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസിലുള്ള വിളിച്ചുപറയല്‍ കേന്ദ്രത്തിലെത്തുന്ന അയ്യപ്പന്മാരുടെ തിരക്കിനും കുറവില്ല. കൂട്ടംതെറ്റിയ മാളികപ്പുറങ്ങളെയും മണികണ്ഠന്മാരെയും മറ്റു സ്വാമിമാരെയും കണ്ടെത്താന്‍ വിളിച്ചുപറയുന്നവരാണധികവും.

മൊബൈല്‍ ഫോണില്ലാത്തവരാണിങ്ങനെയുള്ളവരിലേറെ. അതേസമയം ശബരിമലയെന്ന പുണ്യഭൂമിയില്‍ തങ്ങളുടെയും ഗുരുസ്വാമിമാരുടെയും പേര് മുഴങ്ങിക്കേള്‍ക്കാന്‍ ഈ സംവിധാനം ഉപയോഗിക്കുന്ന മറുനാട്ടുകാരായ സ്വാമിമാരുമുണ്ട്. അവര്‍ക്കിങ്ങനെ പേര് കേള്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷമാണ് പ്രധാനം.