കോഴിക്കോട്: മൂന്ന് മണിക്കൂര്‍, മൂന്ന് വ്യത്യസ്ത വാദ്യോപകരണങ്ങള്‍, ഒരു ഒന്നാം സ്ഥാനം ഉള്‍പ്പെടെ മൂന്ന് എ ഗ്രേഡുകള്‍. സംസ്ഥാന കലോത്സവത്തില്‍ മൂന്നാം ദിനം വേദികളില്‍ ഓടി നടന്ന് മത്സരിച്ച് സനന്ദ്‌രാജ് നേടിയത് ഒരു ഒന്നാം സ്ഥാനം ഉള്‍പ്പെടെ മൂന്ന് എ ഗ്രേഡുകള്‍.

ചിത്രം: പി പ്രമോദ് കുമാര്‍ഹൈ സ്‌കൂള്‍ വിഭാഗം മൃദംഗം, തബല, ചെണ്ട തായമ്പക എന്നീ ഇനങ്ങളിലാണ് സനന്ദ്‌രാജ് മത്സരിച്ചത്. ചെണ്ടയും മൃദംഗവും രാവിലെ ഒന്‍പതിനും തബല ഉച്ചയ്ക്ക് പന്ത്രണ്ടിനുമായിരുന്നു.

വേദി ഒന്‍പതില്‍ ആദ്യം മൃദംഗത്തില്‍ മത്സരിച്ച സനന്ദ് അതേസമയത്ത് വേദി അഞ്ചില്‍ നടന്നുകൊണ്ടിരുന്ന ചെണ്ട തായമ്പകയ്‌ക്കെത്തി. തായമ്പക കഴിഞ്ഞ ഉടനെ തബല മത്സരത്തിനായി വീണ്ടും വേദി ഒമ്പതിലേക്ക്.

ചെണ്ട തായമ്പകയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ സനന്ദിന് മൃദംഗത്തിനും തബലയ്ക്കും എ ഗ്രേഡ് ലഭിച്ചു. തലേന്ന് നടന്ന പഞ്ചവാദ്യം ഗ്രൂപ്പ് ഇനത്തിലും സനന്ദിന് എഗ്രേഡുണ്ട്.

ഓടി നടന്ന് വ്യത്യസ്ത വാദ്യങ്ങളില്‍ മത്സരിച്ചത് തന്റെ പ്രകടനത്തെ സാരമായി ബാധിച്ചെന്ന് സനന്ദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സനന്ദിന് ചെണ്ട തായമ്പകയ്ക്ക് ഒന്നാം സ്ഥാനത്തിന് പുറമേ തബലയ്ക്ക് രണ്ടാം സ്ഥാനവും ഉണ്ടായിരുന്നു.

മൃദംഗവും തബലയും ചെണ്ടയും തികച്ചും വ്യത്യസ്ത സമ്പ്രദായങ്ങളിലുള്ള വാദ്യോപകരണങ്ങളാണ്. മൃദംഗം കര്‍ണാട്ടിക്കും തബല ഹിന്ദുസ്ഥാനിയുമാണ്. ചെണ്ട വ്യത്യസ്ത കാലങ്ങളില്‍ കൊട്ടിക്കയറേണ്ട വാദ്യവും.

തികച്ചും വ്യത്യസ്തമായ ഈ വാദ്യോപകരണങ്ങള്‍ ഇടവേളയില്ലാതെ മാറി മാറി കൊട്ടേണ്ടിവന്നതാണ് ഇത്തവണത്തെ പ്രകടനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴെയായിപ്പോയതെന്ന് സനന്ദിന്റെ അച്ഛന്‍ രാജു പറഞ്ഞു.

കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് സനന്ദ്‌രാജ്. 12 വര്‍ഷമായി ചെണ്ട തായമ്പകയും പത്ത് വര്‍ഷമായി മൃദംഗവും തബലയും സനന്ദ് പരിശീലിക്കുന്നു. കലാമണ്ഡലം ശിവദാസാണ് ചെണ്ടയില്‍ സനന്ദിന്റെ ഗുരു. പ്രൊഫസര്‍ പാറശാല രവിയാണ് മൃദംഗത്തില്‍ ഗുരു.

തൃത്താല കേശവ പൊതുവാള്‍ സ്മാരക അഖില കേരള തായമ്പക മത്സരത്തില്‍ നാല് വര്‍ഷമായി ഗോള്‍ഡ് മെഡല്‍ ജേതാവാണ് സനന്ദ്. കഴിഞ്ഞ വര്‍ഷത്തെ യുവവാദ്യ കലാകാരനുള്ള തൃപ്പൂണിത്തുറ രാജീവ് വര്‍മ സ്മാരക അവാര്‍ഡും സനന്ദിനായിരുന്നു.